വിവരങ്ങള്‍ കാണിക്കുക

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—ബൾഗേ​റിയ

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—ബൾഗേ​റിയ

 ബൾഗേ​റി​യ​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​ത്തെ​യും ദൈവ​വ​ച​ന​മായ ബൈബി​ളി​നെ​യും കുറി​ച്ചുള്ള സത്യം ആളുകളെ പഠിപ്പി​ക്കു​ന്ന​തിൽ തിര​ക്കോ​ടെ പങ്കെടു​ക്കു​ന്നു. അവരെ സഹായി​ക്കു​ന്ന​തിന്‌ നൂറു​ക​ണ​ക്കിന്‌ സാക്ഷി​ക​ളാണ്‌ 2000 മുതൽ മറ്റു ദേശങ്ങ​ളിൽനിന്ന്‌ ബൾഗേ​റി​യ​യി​ലേക്കു വന്ന്‌ താമസി​ച്ചി​രി​ക്കു​ന്നത്‌. ഇങ്ങനെ പ്രസം​ഗ​വേ​ല​യ്‌ക്കു​വേണ്ടി ഒരു വിദേ​ശ​രാ​ജ്യ​ത്തേക്ക്‌ മാറി​ത്താ​മ​സി​ക്കു​മ്പോൾ എന്തെല്ലാം ബുദ്ധി​മു​ട്ടു​കൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം? അതിനു​വേണ്ടി ചെയ്യുന്ന ശ്രമങ്ങ​ളൊ​ന്നും വെറു​തെ​യ​ല്ലെന്നു പറയാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ബൾഗേ​റി​യ​യി​ലേക്കു മാറി​ത്താ​മ​സിച്ച ചിലർ അതെക്കു​റിച്ച്‌ എന്താണ്‌ പറയു​ന്ന​തെന്നു നോക്കാം.

ലക്ഷ്യം വെക്കുന്നു

 മുമ്പ്‌ ഇംഗ്ലണ്ടിൽ താമസി​ച്ചി​രുന്ന ഡാരൻ പറയു​ന്നത്‌ ഇതാണ്‌: “ആവശ്യം അധിക​മുള്ള ഒരു വിദേ​ശ​രാ​ജ്യത്ത്‌ പോയി സേവി​ക്കുക എന്നതാ​യി​രു​ന്നു ആദ്യം​മു​തലേ ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ വിവാ​ഹ​ശേഷം ഡോണും ഞാനും റഷ്യൻഭാ​ഷ​ക്കാ​രെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നാ​യി ലണ്ടനി​ലേക്കു താമസം മാറി. വിദേ​ശ​ത്തേക്കു മാറു​ന്ന​തി​നെ​ക്കു​റിച്ച്‌ പലതവണ ആലോ​ചി​ച്ചെ​ങ്കി​ലും പലപല കാരണ​ങ്ങൾകൊണ്ട്‌ അതു നടന്നില്ല. ഇനി ഞങ്ങളുടെ ആ ആഗ്രഹം നടക്കില്ല എന്നു​പോ​ലും ഞങ്ങൾക്കു തോന്നി. പക്ഷേ ഞങ്ങളുടെ സാഹച​ര്യ​ത്തി​നു മാറ്റം വന്നെന്നും വീണ്ടും ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നാ​കു​മെ​ന്നും ഞങ്ങളുടെ ഒരു സുഹൃത്ത്‌ പറഞ്ഞു.” അപ്പോൾമു​തൽ ഡാരനും ഡോണും ആവശ്യം കൂടു​ത​ലുള്ള ഏതു രാജ്യ​ത്തേക്കു മാറാൻ കഴിയു​മെന്നു ചിന്തിച്ചു. അങ്ങനെ 2011-ൽ അവർ ബൾഗേ​റി​യ​യി​ലേക്കു താമസം മാറി.

ഡാരനും ഡോണും

 മറ്റു രാജ്യ​ങ്ങ​ളി​ലേക്കു മാറി​ത്താ​മ​സി​ച്ച​വ​രു​ടെ നല്ല അനുഭ​വങ്ങൾ വിദേ​ശത്ത്‌ പോയി സേവി​ക്കാൻ ലക്ഷ്യമി​ല്ലാ​തി​രുന്ന ചില​രെ​പ്പോ​ലും പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഭർത്താവ്‌ ലൂക്ക​യോ​ടൊ​പ്പം ഇറ്റലി​യിൽ താമസി​ച്ചു​കൊ​ണ്ടി​രുന്ന ജേഡ പറയുന്നു. “തെക്കെ അമേരി​ക്ക​യി​ലും ആഫ്രി​ക്ക​യി​ലും തീക്ഷ്‌ണ​ത​യോ​ടെ സേവി​ച്ചു​കൊ​ണ്ടി​രുന്ന സഹോ​ദ​രി​മാ​രെ ഞാൻ പരിച​യ​പ്പെട്ടു. അവരുടെ സന്തോ​ഷ​വും നല്ല അനുഭ​വ​ങ്ങ​ളും ഒക്കെ എന്നെ ശരിക്കും ചിന്തി​പ്പി​ച്ചു. ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ ചില മാറ്റങ്ങൾ വരുത്താൻ അത്‌ എന്നെ സഹായി​ച്ചു.”

ലൂക്കയും ജേഡയും

 2015-ൽ തോമ​സും വെറോ​ണി​ക്ക​യും ചെക്‌ റിപ്പബ്ലി​ക്കിൽനിന്ന്‌ ബൾഗേ​റി​യ​യി​ലേക്കു താമസം മാറ്റി. അവരോ​ടൊ​പ്പം മക്കളായ ക്ലാരയും മത്തിയാ​സും ഉണ്ടായി​രു​ന്നു. അവി​ടേക്കു മാറി​ത്താ​മ​സി​ക്കാൻ അവരെ പ്രചോ​ദി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? തോമസ്‌ പറയുന്നു: “ദൂരേക്കു മാറി​ത്താ​മ​സിച്ച ഞങ്ങളുടെ ബന്ധുക്ക​ളെ​യും സഹോ​ദ​ര​ങ്ങ​ളെ​യും കുറിച്ച്‌ ഞങ്ങൾ ചിന്തിച്ചു. അവർക്കു ലഭിച്ച നല്ല അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങൾ വീട്ടിൽ സംസാ​രി​ച്ചു. അവർ ആസ്വദി​ക്കുന്ന സന്തോ​ഷ​മാണ്‌ ഞങ്ങളെ​യും അതിനു പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌.” ഈ കുടും​ബം ഇപ്പോൾ ബൾഗേ​റി​യ​യി​ലെ മൊണ്ടാന നഗരത്തിൽ സന്തോ​ഷ​ത്തോ​ടെ പ്രസം​ഗ​വേല ചെയ്യുന്നു.

ക്ലാര, തോമസ്‌, വെറോ​ണിക്ക, മത്തിയാസ്‌

 ബൾഗേ​റി​യ​യി​ലേക്കു മാറി​ത്താ​മ​സിച്ച മറ്റൊരു സാക്ഷി​യാണ്‌ ലിന്റ. അവർ പറയുന്നു: “കുറെ വർഷങ്ങൾക്കു മുമ്പ്‌ ഞാൻ ഇക്വ​ഡോർ സന്ദർശി​ച്ചു. അപ്പോൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി അങ്ങോട്ട്‌ മാറി​ത്താ​മ​സിച്ച ചിലരെ ഞാൻ പരിച​യ​പ്പെട്ടു. എന്നെങ്കി​ലും ഒരിക്കൽ എനിക്കും ആവശ്യം അധിക​മുള്ള സ്ഥലത്ത്‌ പോയി സേവി​ക്കാൻ കഴിയു​മ​ല്ലോ എന്നു ഞാൻ ചിന്തിച്ചു.” ഫിൻലൻഡിൽനി​ന്നുള്ള ദമ്പതി​ക​ളാണ്‌ പേട്രി​യ​യും നാഥി​യ​യും. മറ്റുള്ള​വ​രു​ടെ നല്ല മാതൃക അവരെ ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ച്ചു. ആ ദമ്പതികൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നു​വേണ്ടി മാറി​ത്താ​മ​സിച്ച അനുഭ​വ​സ​മ്പ​ന്ന​രായ ചില പ്രചാ​രകർ ഞങ്ങളുടെ സഭയി​ലു​ണ്ടാ​യി​രു​ന്നു. സേവന​ത്തിൽ ചെലവ​ഴിച്ച ആ വർഷങ്ങ​ളെ​പ്പറ്റി അവർ എപ്പോ​ഴും വളരെ ഉത്സാഹ​ത്തോ​ടെ​യാണ്‌ സംസാ​രി​ച്ചി​രു​ന്നത്‌. ജീവി​ത​ത്തി​ലെ ഏറ്റവും നല്ല കാലമാ​യി​രു​ന്നു അതെന്ന്‌ അവർ പറയു​മാ​യി​രു​ന്നു.”

ലിന്റ

പേട്രി​യ​യും നാഥി​യ​യും

മുൻകൂ​ട്ടി പ്ലാൻ ചെയ്യുന്നു

 വിദേ​ശത്ത്‌ പോയി സേവി​ക്കാൻ മുന്നമേ നന്നായി പ്ലാൻ ചെയ്യേ​ണ്ടത്‌ പ്രധാ​ന​മാണ്‌. (ലൂക്കോസ്‌ 14:28-30) ബെൽജി​യ​ത്തിൽനി​ന്നുള്ള നെലെ പറയുന്നു: “മറ്റൊരു രാജ്യത്ത്‌ പോയി പ്രസം​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾമു​തലേ ഞാൻ അതെക്കു​റിച്ച്‌ പ്രാർഥി​ച്ചു. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ആ വിഷയ​ത്തെ​ക്കു​റി​ച്ചുള്ള ലേഖന​ങ്ങ​ളും കണ്ടെത്തി. ആ ലേഖനങ്ങൾ പഠിച്ച​പ്പോൾ മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു​വേണ്ടി ഞാൻ എന്തൊക്കെ ചെയ്യണ​മെന്ന്‌ എനിക്കു മനസ്സി​ലാ​യി.”

നെലെ (വലത്ത്‌)

 പോള​ണ്ടിൽനി​ന്നുള്ള ക്രിസ്റ്റ​നും ഇർമി​ന​യും ഇപ്പോൾ ഒൻപതു വർഷത്തി​ലേ​റെ​യാ​യി ബൾഗേ​റി​യ​യിൽ താമസി​ക്കു​ന്നു. അങ്ങോട്ട്‌ മാറി​ത്താ​മ​സി​ക്കാൻ അവരെ എന്താണു സഹായി​ച്ചത്‌? പോള​ണ്ടിൽവെ​ച്ചു​തന്നെ അവർ ഒരു ബൾഗേ​റി​യൻ ഭാഷാ​ഗ്രൂ​പ്പി​നൊ​പ്പം പ്രവർത്തി​ച്ചി​രു​ന്നു. ബൾഗേ​റി​യൻ ഭാഷ പഠിക്കാൻ ആ ഗ്രൂപ്പി​ലെ സഹോ​ദ​രങ്ങൾ അവരെ ശരിക്കും സഹായി​ച്ചു. ക്രിസ്റ്റ​നും ഇർമി​ന​യും പറയു​ന്നത്‌ ഇതാണ്‌: “നമ്മൾ നമ്മളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ തീർച്ച​യാ​യും നമുക്കു​വേണ്ടി കരുതും. അത്‌ അനുഭ​വി​ച്ച​റി​യേണ്ട ഒന്നുത​ന്നെ​യാണ്‌. “ഇതാ ഞാൻ, എന്നെ അയച്ചാ​ലും” എന്നു നിങ്ങൾ മനസ്സോ​ടെ യഹോ​വ​യോ​ടു പറയു​ന്നെ​ങ്കിൽ ഒരിക്ക​ലും ചെയ്യാൻ കഴിയി​ല്ലെന്നു നിങ്ങൾ വിചാ​രിച്ച കാര്യ​ങ്ങൾപോ​ലും ചെയ്യാ​നാ​കും.—യശയ്യ 6:8.

ക്രിസ്റ്റ​നും ഇർമി​ന​യും

 സ്വിറ്റ്‌സർലൻഡിൽനി​ന്നുള്ള ദമ്പതി​ക​ളായ റെറ്റോ​യു​ടെ​യും കൊർണേ​ലി​യ​യു​ടെ​യും കാര്യം നോക്കാം. മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു​വേണ്ടി അവർ മുന്ന​മേ​തന്നെ തങ്ങളുടെ ജീവിതം ലളിത​മാ​ക്കി. തങ്ങൾക്കാ​വ​ശ്യ​മായ പണം സ്വരു​ക്കൂ​ട്ടാ​നും അത്‌ അവരെ സഹായി​ച്ചു. അവർ ഇങ്ങനെ പറയുന്നു: “ബൾഗേ​റി​യ​യി​ലേക്കു താമസം മാറു​ന്ന​തിന്‌ ഒരു വർഷം മുമ്പ്‌ ഞങ്ങൾ അവിടെ പോയി​രു​ന്നു. അവിടത്തെ ജീവിതം എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ ഒരാഴ്‌ച ഞങ്ങൾ അവിടെ ചെലവ​ഴി​ച്ചു. വർഷങ്ങ​ളാ​യി മിഷന​റി​വേ​ല​യിൽ ഏർപ്പെ​ട്ടി​രുന്ന ഒരു ദമ്പതി​കളെ ഞങ്ങൾ അവി​ടെ​വെച്ച്‌ കണ്ടുമു​ട്ടി. അവർ തന്ന പല നിർദേ​ശ​ങ്ങ​ളും ഞങ്ങൾക്കു ശരിക്കും പ്രയോ​ജ​ന​മാ​യി​രു​ന്നു.” റെറ്റോ​യും കൊർണേ​ലി​യ​യും ആ നിർദേ​ശങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി. അവർ ഇപ്പോൾ 20 വർഷത്തി​ലേ​റെ​യാ​യി ബൾഗേ​റി​യ​യിൽ സേവി​ക്കു​ന്നു.

റെറ്റോ​യും കൊർണേ​ലി​യ​യും മക്കളായ ലൂക്ക​യോ​ടും യാന്നി​ക്കി​നോ​ടും ഒപ്പം

ബുദ്ധി​മു​ട്ടു​കൾ തരണം ചെയ്യുന്നു

 ഒരു വിദേ​ശ​രാ​ജ്യ​ത്തേക്കു താമസം മാറു​ന്ന​വർക്ക്‌ അവിടത്തെ പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടേ​ണ്ടി​വ​രും. അതിൽ പല ബുദ്ധി​മു​ട്ടു​ക​ളും ഉൾപ്പെ​ട്ടേ​ക്കാം. (പ്രവൃ​ത്തി​കൾ 16:9, 10; 1 കൊരി​ന്ത്യർ 9:19-23) പുതിയ ഒരു ഭാഷ പഠിക്ക​ണ​മെ​ന്നു​ള്ള​താണ്‌ അവരിൽ പലരും നേരി​ടുന്ന ഒരു പ്രധാന പ്രശ്‌നം. മുമ്പ്‌ കണ്ട ലൂക്ക പറയുന്നു: “മീറ്റി​ങ്ങു​ക​ളിൽ സ്വന്തം വാക്കു​ക​ളിൽ ഉത്തരം പറയു​ന്നത്‌ ഞങ്ങൾ എപ്പോ​ഴും ആസ്വദി​ച്ചി​രു​ന്നു. പക്ഷേ ബൾഗേ​റി​യ​യിൽ വന്നപ്പോൾ കുറച്ച്‌ കാല​ത്തേക്കു ഞങ്ങൾക്ക്‌ അങ്ങനെ​യൊ​ന്നും പറ്റിയി​രു​ന്നില്ല. ആ ഭാഷയിൽ ചെറിയ ഒരു ഉത്തരം പറയാൻപോ​ലും ഞാനും ഭാര്യ​യും ശരിക്കും കഷ്ടപ്പെട്ടു. കുട്ടികൾ പറയു​ന്ന​പോ​ലത്തെ ഉത്തരങ്ങ​ളാ​യി​രു​ന്നു ഞങ്ങളും പറഞ്ഞി​രു​ന്നത്‌. സത്യം പറഞ്ഞാൽ ഞങ്ങളെ​ക്കാൾ നല്ല ഉത്തരം ആ സഭയിലെ കുട്ടികൾ പറയു​മാ​യി​രു​ന്നു.”

 ജർമനി​യിൽനി​ന്നുള്ള റാവിൽ പറയുന്നു: “ഈ ഭാഷ പഠി​ച്ചെ​ടു​ക്കാൻ അൽപ്പം പ്രയാ​സ​മാണ്‌. പക്ഷേ ഞാൻ ഇങ്ങനെ ചിന്തി​ക്കു​മാ​യി​രു​ന്നു. ഭാഷ പഠിക്കു​മ്പോൾ ചില തെറ്റു​ക​ളൊ​ക്കെ പറ്റും. അതെക്കു​റിച്ച്‌ ഓർത്ത്‌ വിഷമി​ക്കാ​തെ അതിനെ ഒരു തമാശ​യാ​യി കാണണം. ഈ ബുദ്ധി​മു​ട്ടു​ക​ളെ​യൊ​ക്കെ ഞാൻ വലിയ ഒരു പ്രശ്‌ന​മാ​യി കാണു​ന്നില്ല. ദൈവ​സേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോൾ ഇതൊക്കെ സ്വാഭാ​വി​ക​മാണ്‌.”

റാവി​ലും ലില്ലി​യും

 മുമ്പ്‌ പറഞ്ഞ ലിന്റ ഇങ്ങനെ പറയുന്നു: “ഭാഷ പഠിക്കുന്ന കാര്യ​ത്തിൽ ഞാൻ പൊതു​വേ പുറ​കോ​ട്ടാ. ബൾഗേ​റി​യൻഭാ​ഷ​യാ​ണെ​ങ്കിൽ പഠിക്കാ​നൊട്ട്‌ എളുപ്പ​വു​മല്ല. ഇതൊക്കെ ഇട്ടിട്ട്‌ പോയാ​ലോ എന്നു ഞാൻ പലതവണ ചിന്തിച്ചു. പലപ്പോ​ഴും മറ്റുള്ളവർ പറയു​ന്നത്‌ നമുക്കും, നമ്മൾ പറയു​ന്നത്‌ അവർക്കും മനസ്സി​ലാ​കാ​തെ വരു​മ്പോൾ ആകെ​യൊ​രു ഒറ്റപ്പെടൽ തോന്നും. എങ്കിലും യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം ശക്തമാ​ക്കി​നി​റു​ത്താൻ ഞാൻ എല്ലാം സ്വീഡിഷ്‌ ഭാഷയിൽത്തന്നെ പഠിക്കു​മാ​യി​രു​ന്നു. എന്നാൽ അവസാനം സഹോ​ദ​ര​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ ഞാൻ ബൾഗേ​റി​യൻഭാഷ പഠി​ച്ചെ​ടു​ത്തു.”

 ചിലർക്കു തങ്ങളുടെ ബന്ധുക്ക​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും ഒക്കെ വിട്ട്‌ വീട്ടിൽനിന്ന്‌ മാറി​നിൽക്കു​ന്നത്‌ വളരെ പ്രയാ​സ​മുള്ള കാര്യ​മാണ്‌. ഭർത്താവ്‌ യാനി​സി​നൊ​പ്പം ബൾഗേ​റി​യ​യി​ലേക്കു താമസം മാറിയ ഇവ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “തുടക്ക​ത്തിൽ എനിക്കു വലിയ ഏകാന്തത അനുഭ​വ​പ്പെട്ടു. അതു​കൊണ്ട്‌ ഞങ്ങൾ കൂടെ​ക്കൂ​ടെ നാട്ടി​ലുള്ള ബന്ധുക്ക​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും വിളി​ക്കു​മാ​യി​രു​ന്നു. ഇവിടെ പുതിയ കൂട്ടു​കാ​രെ​യു​ണ്ടാ​ക്കാ​നും ശ്രമിച്ചു.”

യാനി​സും ഇവയും

 ഇനി, സ്വിറ്റ്‌സർലൻഡിൽനിന്ന്‌ അങ്ങോട്ട്‌ മാറി​ത്താ​മ​സിച്ച റോബർട്ടും ലിയാ​ന​യും മറ്റു ചില വെല്ലു​വി​ളി​ക​ളാ​ണു നേരി​ട്ടത്‌. അവർ ഇങ്ങനെ പറഞ്ഞു: “അവിടത്തെ ഭാഷയും സംസ്‌കാ​ര​വും ഞങ്ങൾക്ക്‌ വലി​യൊ​രു വെല്ലു​വി​ളി​യാ​യി​രു​ന്നു. അതു മാത്രമല്ല, അവിടത്തെ കൊടും​ത​ണു​പ്പി​നോ​ടും ഞങ്ങൾക്കു മല്ലിട​ണ​മാ​യി​രു​ന്നു.” എങ്കിലും സന്തോ​ഷ​മുള്ള ഒരു മനസ്സും നല്ല നർമ​ബോ​ധ​വും ഉണ്ടായി​രു​ന്നതു കഴിഞ്ഞ 14 വർഷം ബൾഗേ​റി​യ​യിൽ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കാൻ ഈ ദമ്പതി​കളെ സഹായി​ച്ചു.

റോബർട്ടും ലിയാ​ന​യും

കിട്ടിയ അനു​ഗ്ര​ഹ​ങ്ങൾ

 ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്നത്‌ ഒരാൾക്കെ​ടു​ക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരു​മാ​ന​മാ​ണെന്ന്‌ ലില്ലിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി. ലില്ലി പറയുന്നു: “മുമ്പ്‌ നാട്ടി​ലാ​യി​രു​ന്ന​പ്പോൾ ഉള്ളതി​നെ​ക്കാൾ അധികം എനിക്ക്‌ ഇപ്പോൾ യഹോ​വയെ അടുത്ത​റി​യാൻ കഴിയു​ന്നുണ്ട്‌. യഹോ​വ​യു​ടെ സഹായം പല വിധങ്ങ​ളിൽ ഞാൻ അനുഭ​വി​ച്ച​റി​യു​ന്നു. ഇപ്പോൾ എനിക്കു മറ്റുള്ള​വരെ കൂടുതൽ സഹായി​ക്കാൻ കഴിയു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമുണ്ട്‌. അത്‌ എനിക്കു സന്തോ​ഷ​വും സംതൃ​പ്‌തി​യും തരുന്നു.” അവരുടെ ഭർത്താവ്‌ റാവി​ലും അതി​നോ​ടു യോജി​ക്കു​ന്നു. അദ്ദേഹം പറയുന്നു: “ഇതാണ്‌ ഏറ്റവും നല്ല ജീവിതം. പല രാജ്യ​ങ്ങ​ളിൽനി​ന്നുള്ള തീക്ഷ്‌ണ​ത​യുള്ള ക്രിസ്‌ത്യാ​നി​കളെ അടുത്ത​റി​യാ​നുള്ള ഒരു നല്ല അവസര​മാണ്‌ ഇത്‌. മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​ലുള്ള അവരുടെ അനുഭ​വ​പ​രി​ച​യ​ത്തിൽനി​ന്നും എനിക്ക്‌ ഒരുപാട്‌ പഠിക്കാൻ സാധിച്ചു.”

 ഇന്ന്‌ അനേകം സഹോ​ദ​ര​ങ്ങ​ളും മനസ്സോ​ടെ തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്ന​തു​കൊണ്ട്‌ ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ഭൂലോ​ക​ത്തെ​ങ്ങും’ പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു. (മത്തായി 24:14) മറ്റുള്ള​വരെ സഹായി​ക്കാൻ സ്വമന​സ്സാ​ലെ ബൾഗേ​റി​യ​യി​ലേക്കു മാറി​ത്താ​മ​സി​ച്ച​വർക്ക്‌ യഹോവ എങ്ങനെ​യാ​ണു തങ്ങളുടെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​ന്ന​തെ​ന്നും തങ്ങളുടെ പദ്ധതി​ക​ളെ​ല്ലാം വിജയി​പ്പി​ച്ച​തെ​ന്നും കാണാൻ സാധിച്ചു.—സങ്കീർത്തനം 20:1-4.