വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 9

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?

1. സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​ത​ത്തിന്‌ ഇണകൾ വിവാ​ഹി​ത​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

കുടും​ബങ്ങൾ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ സന്തോ​ഷ​വാർത്ത​യു​ടെ ഉറവായ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോവ സന്തോ​ഷ​മുള്ള ദൈവ​മാണ്‌. (1 തിമൊ​ഥെ​യൊസ്‌ 1:11) വിവാ​ഹ​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തി​യത്‌ യഹോ​വ​യാണ്‌. ഇണകൾ നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​കു​ന്നതു കുടും​ബ​ത്തി​ന്റെ സന്തോ​ഷ​ത്തിന്‌ അത്യാ​വ​ശ്യ​മാണ്‌; കാരണം, കുട്ടി​കളെ വളർത്താ​നുള്ള സുരക്ഷി​ത​മായ ഒരു അന്തരീക്ഷം അതു നൽകുന്നു. വിവാഹം രജിസ്റ്റർ ചെയ്യു​ന്നതു സംബന്ധിച്ച പ്രാ​ദേ​ശിക നിയമങ്ങൾ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ക്കണം.​—ലൂക്കോസ്‌ 2:1, 4, 5 വായി​ക്കുക.

വിവാ​ഹ​ത്തെ ദൈവം എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? അതു സ്‌ത്രീ​യും പുരു​ഷ​നും തമ്മിലുള്ള നിലനിൽക്കുന്ന ഒരു ബന്ധമാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. ഭാര്യ​യും ഭർത്താ​വും പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. (എബ്രായർ 13:4) വിവാ​ഹ​മോ​ചനം അല്ലെങ്കിൽ ഉപേക്ഷണം ദൈവം വെറു​ക്കു​ന്നു. (മലാഖി 2:16) എന്നാൽ ഇണ വ്യഭി​ചാ​രം ചെയ്യു​ന്നെ​ങ്കിൽ വിവാ​ഹ​മോ​ചനം നേടാ​നും വീണ്ടും കല്യാണം കഴിക്കാ​നും ദൈവം ക്രിസ്‌ത്യാ​നി​കളെ അനുവ​ദി​ക്കു​ന്നു.​—മത്തായി 19:3-6, 9 വായി​ക്കുക.

2. ഭാര്യ​യും ഭർത്താ​വും പരസ്‌പരം എങ്ങനെ ഇടപെ​ടണം?

ദാമ്പത്യ​ത്തിൽ പരസ്‌പരം പൂരക​മാ​യി​രി​ക്കാ​നാണ്‌ യഹോവ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടി​ച്ചത്‌. (ഉൽപത്തി 2:18) കുടും​ബ​ത്തി​ന്റെ തലയാ​യ​തു​കൊണ്ട്‌ ഭർത്താവ്‌ കുടും​ബ​ത്തി​നു​വേണ്ടി സാമ്പത്തി​ക​മാ​യി കരുതാ​നും കുടും​ബാം​ഗ​ങ്ങളെ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാ​നും നേതൃ​ത്വ​മെ​ടു​ക്കണം. സ്വന്തം ഇഷ്ടങ്ങൾ വേ​ണ്ടെ​ന്നു​വെ​ച്ചു​കൊ​ണ്ടു​പോ​ലും ഭാര്യയെ സ്‌നേ​ഹി​ക്കാൻ ഭർത്താവ്‌ തയ്യാറാ​കണം. ദമ്പതികൾ പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും വേണം. എല്ലാ ഭാര്യ​മാ​രും ഭർത്താ​ക്ക​ന്മാ​രും അപൂർണ​രാണ്‌. അതു​കൊണ്ട്‌ അന്യോ​ന്യം ക്ഷമിക്കാൻ പഠിക്കു​ന്നതു കുടും​ബ​ജീ​വി​തം സന്തോ​ഷ​ക​ര​മാ​ക്കാ​നുള്ള ഒരു മാർഗ​മാണ്‌.​—എഫെസ്യർ 4:31, 32; 5:22-25, 33; 1 പത്രോസ്‌ 3:7 വായി​ക്കുക.

3. ദാമ്പത്യം സന്തോ​ഷ​ക​ര​മ​ല്ലെന്ന കാരണ​ത്താൽ ഇണയെ ഉപേക്ഷി​ക്കാ​മോ?

നിങ്ങൾക്കും ഇണയ്‌ക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉണ്ടായാ​ലും പരസ്‌പരം സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടുക. (1 കൊരി​ന്ത്യർ 13:4, 5) വിവാ​ഹ​ജീ​വി​ത​ത്തി​ലെ നിസ്സാര പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു​വേണ്ടി വേർപി​രി​യു​ന്ന​തി​നെ ദൈവ​വ​ചനം അംഗീ​ക​രി​ക്കു​ന്നില്ല.​—1 കൊരി​ന്ത്യർ 7:10-13 വായി​ക്കുക.

4. കുട്ടി​കളേ, ദൈവം നിങ്ങളിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌?

നിങ്ങൾ സന്തുഷ്ട​രാ​യി​രി​ക്കണം, അതാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. നിങ്ങളു​ടെ ചെറു​പ്പ​കാ​ലം നന്നായി ആസ്വദി​ക്കാൻ സഹായി​ക്കുന്ന ഏറ്റവും നല്ല ഉപദേ​ശ​മാ​ണു ദൈവം തരുന്നത്‌. മാതാ​പി​താ​ക്ക​ളു​ടെ അറിവിൽനി​ന്നും അനുഭ​വ​പ​രി​ച​യ​ത്തിൽനി​ന്നും നിങ്ങൾ പ്രയോ​ജനം നേടാൻ ദൈവം ആഗ്രഹി​ക്കു​ന്നു. (കൊ​ലോ​സ്യർ 3:20) നിങ്ങൾ സ്രഷ്ടാ​വായ ദൈവ​ത്തി​ന്റെ​യും പുത്ര​ന്റെ​യും ഇഷ്ടം ചെയ്യു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കാ​നും യഹോവ ഇച്ഛിക്കു​ന്നു.​—സഭാ​പ്ര​സം​ഗകൻ 11:9–12:1; മത്തായി 19:13-15; 21:15, 16 വായി​ക്കുക.

5. മാതാ​പി​താ​ക്കളേ, മക്കളുടെ സന്തോ​ഷ​ത്തി​നു​വേണ്ടി നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

മക്കൾക്ക്‌ ആഹാര​വും വസ്‌ത്ര​വും താമസ​സൗ​ക​ര്യ​വും കൊടു​ക്കാൻ നിങ്ങൾ നന്നായി അധ്വാ​നി​ക്കേ​ണ്ട​തുണ്ട്‌. (1 തിമൊ​ഥെ​യൊസ്‌ 5:8) എന്നാൽ അവരുടെ സന്തോ​ഷ​ത്തിന്‌ അതു മാത്രം പോരാ; ദൈവത്തെ സ്‌നേ​ഹി​ക്കാ​നും ദൈവ​ത്തിൽനിന്ന്‌ പഠിക്കാ​നും നിങ്ങൾ അവരെ പരിശീ​ലി​പ്പി​ക്കണം. (എഫെസ്യർ 6:4) നിങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നതു കാണു​മ്പോൾ ആ നല്ല മാതൃക കുട്ടി​കളെ ആഴമായി സ്വാധീ​നി​ക്കാൻ ഇടയുണ്ട്‌. ദൈവ​വ​ചനം ഉപയോ​ഗിച്ച്‌ നിങ്ങൾ മക്കളെ പരിശീ​ലി​പ്പി​ക്കു​ന്നെ​ങ്കിൽ അത്‌ അവരുടെ ചിന്താ​രീ​തി​യെ ശരിയായ വിധത്തിൽ രൂപ​പ്പെ​ടു​ത്തും.​—ആവർത്തനം 6:4-7; സുഭാ​ഷി​തങ്ങൾ 22:6 വായി​ക്കുക.

നിങ്ങളു​ടെ പ്രോ​ത്സാ​ഹ​ന​വും അഭിന​ന്ദ​ന​വും കുട്ടിക്ക്‌ ആവശ്യ​മാണ്‌; ഒപ്പം തിരു​ത്ത​ലും ശിക്ഷണ​വും. അത്തരം പരിശീ​ലനം അവരുടെ സന്തോഷം ഇല്ലാതാ​ക്കുന്ന തെറ്റായ ശീലങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തിൽനിന്ന്‌ അവരെ സംരക്ഷി​ക്കും. (സുഭാ​ഷി​തങ്ങൾ 22:15) എന്നാൽ, ശിക്ഷണം ഒരിക്ക​ലും പരുഷ​മോ ക്രൂര​മോ ആയിരി​ക്ക​രുത്‌.​—കൊ​ലോ​സ്യർ 3:21 വായി​ക്കുക.

മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും പ്രയോ​ജനം ചെയ്യുന്ന നിരവധി പുസ്‌ത​കങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നുണ്ട്‌. ബൈബി​ളി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താണ്‌ അവ.​—സങ്കീർത്തനം 19:7, 11 വായി​ക്കുക.