വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജോലി പോയോ? . . . മുന്നോ​ട്ടു​പോ​കാൻ ചില നിർദേ​ശങ്ങൾ

ജോലി പോയോ? . . . മുന്നോ​ട്ടു​പോ​കാൻ ചില നിർദേ​ശങ്ങൾ

 ജോലി പോയാൽ ആവശ്യ​ത്തി​നു പണമു​ണ്ടാ​കി​ല്ലെന്നു മാത്രമല്ല നിങ്ങൾക്ക്‌ ആകെ ടെൻഷ​നും വിഷമ​വും ഒക്കെയാ​യി​രി​ക്കും. ബൈബിൾ നൽകുന്ന ഈ നിർദേ​ശങ്ങൾ മുന്നോ​ട്ടു​പോ​കാൻ നിങ്ങളെ സഹായി​ക്കും.

  •   മനസ്സി​ലു​ള്ളതു മറ്റുള്ള​വ​രോ​ടു പറയുക.

     ബൈബിൾ പറയു​ന്നത്‌: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു.”സുഭാ​ഷി​തങ്ങൾ 17:17.

     തൊഴിൽ നഷ്ടമാ​യാൽ നിങ്ങൾക്ക്‌ ആകെ ദേഷ്യ​വും സങ്കടവും ഒക്കെ തോന്നി​യേ​ക്കാം. എന്താണ്‌ ഇനി ചെയ്യേ​ണ്ട​തെന്ന്‌ അറിയാത്ത ഒരു അവസ്ഥ! നിങ്ങൾ ഒരു പരാജ​യ​മാ​ണെ​ന്നു​പോ​ലും തോന്നി​പ്പോ​യേ​ക്കാം. ഈ വിഷമ​ങ്ങ​ളൊ​ക്കെ നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളോ​ടും അടുത്ത കൂട്ടു​കാ​രോ​ടും പറയുക. അവർക്കു നിങ്ങളു​ടെ കൂടെ നിൽക്കാൻ കഴിയും. മാത്രമല്ല മുന്നോ​ട്ടു​പോ​കാൻ ആവശ്യ​മായ ചില നല്ല ഉപദേ​ശ​ങ്ങ​ളും അവർ തന്നേക്കാം.

  •   വല്ലാതെ ടെൻഷ​ന​ടി​ക്കേണ്ടാ.

     ബൈബിൾ പറയു​ന്നത്‌: “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ.”—മത്തായി 6:34.

     മുന്നോ​ട്ടു പ്ലാൻ ചെയ്യാൻ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നുണ്ട്‌. (സുഭാ​ഷി​തങ്ങൾ 21:5) എന്നാൽ ഭാവി​യെ​ക്കു​റിച്ച്‌ ഓർത്ത്‌ ഒരുപാട്‌ ടെൻഷൻ അടി​ക്കേ​ണ്ടെ​ന്നും ബൈബിൾ പറയു​ന്നുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ നമ്മൾ ടെൻഷ​ന​ടി​ക്കുന്ന പല കാര്യ​ങ്ങ​ളും അങ്ങനെ​തന്നെ സംഭവി​ക്ക​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ ഇന്ന്‌ എന്ത്‌ ചെയ്യാൻ പറ്റു​മെന്നു ചിന്തി​ക്കു​ന്ന​താ​ണു കൂടുതൽ നല്ലത്‌.

     നിങ്ങളു​ടെ ഇപ്പോ​ഴത്തെ ടെൻഷൻ കുറയ്‌ക്കാൻ സഹായി​ക്കുന്ന പല നിർദേ​ശ​ങ്ങ​ളും ഇനിയും ബൈബി​ളി​ലുണ്ട്‌. കൂടുതൽ അറിയാൻ “ടെൻഷനെ എങ്ങനെ നേരി​ടാം?” എന്ന ലേഖനം വായി​ക്കുക.

  •   പണം ചെലവാ​ക്കു​മ്പോൾ ശ്രദ്ധി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “സമൃദ്ധി​യിൽ കഴിയാ​നോ ദാരി​ദ്ര്യ​ത്തിൽ കഴിയാ​നോ . . . എനിക്ക്‌ അറിയാം.”—ഫിലി​പ്പി​യർ 4:12.

     സാഹച​ര്യ​ങ്ങൾ മാറു​മ്പോൾ നിങ്ങളും മാറണം. എന്നു പറഞ്ഞാൽ, മുമ്പ്‌ ചെലവാ​ക്കി​യ​തു​പോ​ലെ​തന്നെ ഇപ്പോ​ഴും പണം ചെലവാ​ക്കാ​തെ കൈയിൽ ഉള്ളതു​വെച്ച്‌ ജീവി​ക്കാൻ ശ്രമി​ക്കുക. അനാവ​ശ്യ​മാ​യി കടവും വരുത്തി​വെ​ക്ക​രുത്‌.—സുഭാ​ഷി​തങ്ങൾ 22:7.

     ഇപ്പോ​ഴു​ള്ള​തു​വെച്ച്‌ എങ്ങനെ ജീവി​ക്കാ​നാ​കു​മെന്ന്‌ അറിയാൻ “വരവ്‌ കുറയു​മ്പോൾ; ചെലവും കുറയ്‌ക്കാം” എന്ന ലേഖനം കാണുക.

  •   സമയം വെറുതേ കളയരുത്‌.

     ബൈബിൾ പറയു​ന്നത്‌: “എപ്പോ​ഴും ജ്ഞാന​ത്തോ​ടെ പെരു​മാ​റുക. സമയം എറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—കൊ​ലോ​സ്യർ 4:5.

     ജോലിക്ക്‌ പോയി​രു​ന്ന​പ്പോ​ഴത്തെ അത്ര തിരക്ക്‌ നിങ്ങൾക്ക്‌ ഇപ്പോൾ ഇല്ലായി​രി​ക്കും. എങ്കിലും ഓരോ ദിവസ​വും സമയം എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്ന കാര്യ​ത്തിൽ ഒരു ചിട്ട വേണം. അങ്ങനെ​യാ​കു​മ്പോൾ തുടർന്നും നല്ലൊരു ജീവി​ത​രീ​തി നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കും, സമയം വെറുതെ കളഞ്ഞെന്ന നിരാ​ശ​യും തോന്നില്ല.

  •   എന്തു ജോലി ചെയ്യാ​നും തയ്യാറാ​യി​രി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “കഠിനാ​ധ്വാ​നം ചെയ്‌താൽ പ്രയോ​ജനം ലഭിക്കും.”—സുഭാ​ഷി​തങ്ങൾ 14:23.

     മുമ്പ്‌ ചെയ്‌ത ജോലി​ത​ന്നെയേ ഇനിയും ചെയ്യൂ എന്നു വാശി​പി​ടി​ക്ക​രുത്‌. കിട്ടുന്ന ജോലി സ്വീക​രി​ക്കാൻ മനസ്സ്‌ കാണി​ക്കുക; അത്‌ അത്ര ഉഗ്രൻ ജോലി​യോ അതിന്‌ മുമ്പത്തെ അത്ര ശമ്പളമോ ഒന്നുമി​ല്ല​ങ്കി​ലും.

  •   ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകു​ന്നേ​രം​വരെ നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌; ഇതാണോ അതാണോ സഫലമാ​കുക . . . എന്നു നിനക്ക്‌ അറിയി​ല്ല​ല്ലോ.”—സഭാ​പ്ര​സം​ഗകൻ 11:6.

     ഒരു ജോലി കണ്ടെത്താൻ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക. ഒരു ജോലി​ക്കു​വേണ്ടി നോക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന കാര്യം എല്ലാവ​രോ​ടും പറയുക. അതെക്കു​റിച്ച്‌ നിങ്ങളു​ടെ ബന്ധുക്ക​ളോ​ടും അയൽക്കാ​രോ​ടും നിങ്ങൾക്ക്‌ അറിയാ​വു​ന്ന​വ​രോ​ടും നിങ്ങളു​ടെ​കൂ​ടെ മുമ്പ്‌ ജോലി ചെയ്‌തി​രു​ന്ന​വ​രോ​ടും ഒക്കെ സംസാ​രി​ക്കുക. അതു​പോ​ലെ എംപ്ലോ​യ്‌മെന്റ്‌ ഏജൻസി​ക​ളിൽ അന്വേ​ഷി​ക്കുക, ജോലി​ക്കാ​രെ ആവശ്യ​മു​ണ്ടെന്നു പറയുന്ന പരസ്യ​ങ്ങ​ളും കമ്പനി​ക​ളു​ടെ വെബ്‌​സൈ​റ്റിൽ കൊടു​ത്തി​രി​ക്കുന്ന ജോലി ഒഴിവു​ക​ളും നോക്കുക. പലയി​ടത്ത്‌ അപേക്ഷകൾ സമർപ്പി​ക്കു​ക​യും ഒരുപാട്‌ ഇന്റർവ്യൂ​ക​ളിൽ പങ്കെടു​ക്കു​ക​യും ചെയ്‌താ​ലേ എന്തെങ്കി​ലും ഒരു ജോലി കിട്ടു​ക​യു​ള്ളൂ എന്ന കാര്യ​വും മനസ്സിൽപ്പി​ടി​ക്കണം.