ടെൻഷനെ വരുതിയിലാക്കാൻ!
ടെൻഷനെ എങ്ങനെ നേരിടാം?
ടെൻഷനെ തോൽപ്പിക്കണോ? എങ്കിൽ നിങ്ങൾ ചില കാര്യങ്ങളിൽ ശ്രദ്ധിക്കണം. അതിൽ നിങ്ങളുടെ ആരോഗ്യവും, മറ്റുള്ളവരോടുള്ള ഇടപെടലുകളും ഉൾപ്പെടും. ഇനി, നിങ്ങൾ ഇന്നു വളരെ പ്രാധാന്യമുള്ളതായി കാണുന്ന ലക്ഷ്യങ്ങളെയും മുൻഗണനകളെയും കുറിച്ച് ഒന്നു മാറി ചിന്തിക്കേണ്ടതായും വന്നേക്കാം. ടെൻഷൻ നേരിടാനും അതു കുറയ്ക്കാനും കഴിയുന്ന ചില പ്രായോഗികനിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.
‘ഇന്ന്, ഇന്നത്തെ ഉത്കണ്ഠ മതി’
“അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ.”—മത്തായി 6:34.
അർഥം: ഉത്കണ്ഠകൾ നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നാളത്തെ കാര്യങ്ങളെക്കുറിച്ചുകൂടെ ചിന്തിച്ച് ഇന്നത്തെ ഉത്കണ്ഠ വർധിപ്പിക്കേണ്ടതില്ല. ഇന്ന്, ഇന്നത്തെ ഉത്കണ്ഠ മതി.
-
സമ്മർദങ്ങൾ ഉത്കണ്ഠ വർധിപ്പിക്കുന്നു. അതുകൊണ്ട് ചില സത്യങ്ങൾ മനസ്സിൽപ്പിടിക്കുക: ഒന്ന്, ചില സമ്മർദങ്ങൾ ഒഴിവാക്കാൻ പറ്റാത്തവയാണ്. അവയെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നാൽ ടെൻഷൻ വെറുതെ കൂടുകയേ ഉള്ളൂ. രണ്ട്, മിക്കപ്പോഴും നിങ്ങൾ ഭയക്കുന്നതുപോലെ ഒന്നും സംഭവിക്കണമെന്നുമില്ല.
ന്യായമായ പ്രതീക്ഷകൾ വെക്കുക
‘എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ന്യായബോധമുള്ളതാണ്.’—യാക്കോബ് 3:17, അടിക്കുറിപ്പ്.
അർഥം: അതിനീതിമാനാകരുത്. നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും അതിരുകവിഞ്ഞ പ്രതീക്ഷകൾ വെക്കരുത്.
-
താഴ്മ കാണിക്കുക. ന്യായമായ പ്രതീക്ഷകളേ വെക്കാവൂ. നിങ്ങൾക്കും മറ്റുള്ളവർക്കും പലതിലും പരിമിതികൾ ഉണ്ടെന്ന് അംഗീകരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ടെൻഷൻ കുറയും. കാര്യങ്ങളെല്ലാം വളരെ ഭംഗിയായി മുന്നോട്ടു പോകും. നർമ്മബോധം കാത്തുസൂക്ഷിക്കുക. ചില അബദ്ധങ്ങൾ സംഭവിക്കുമ്പോൾ അതിനെ തമാശയായി കാണുക. അപ്പോൾ ടെൻഷൻ കുറയ്ക്കാനും നിങ്ങളുടെ ഉന്മേഷം വർധിപ്പിക്കാനും കഴിയും.
ടെൻഷന്റെ കാരണം മനസ്സിലാക്കുക
“വകതിരിവുള്ളവൻ ശാന്തത പാലിക്കും.” —സുഭാഷിതങ്ങൾ 17:27.
അർഥം: നിഷേധവികാരങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾക്കു നന്നായി ചിന്തിക്കാൻ പറ്റാതെ വരും. അതുകൊണ്ട് ശാന്തമായിരിക്കാൻ ശ്രദ്ധിക്കണം.
-
നിങ്ങളെ ടെൻഷനടിപ്പിക്കുന്ന കാര്യങ്ങൾ എന്താണ്? അപ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഈ കാര്യങ്ങൾ ആദ്യം തിരിച്ചറിയണം. ഉദാഹരണത്തിന്, ടെൻഷൻ വരുമ്പോഴുണ്ടാകുന്ന നിങ്ങളുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റരീതികൾ ഇവയെക്കുറിച്ചൊക്കെ ഒരു പുസ്തകത്തിൽ എഴുതിവെക്കാം. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ കുറച്ചുകൂടി നന്നായി സമ്മർദത്തെ നേരിടാനാകും. കൂടാതെ, ടെൻഷൻ പിടിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ചിന്തിക്കാം. അത് ബുദ്ധിമുട്ടാണെങ്കിൽ അതു നമ്മളിൽ ഏൽപ്പിക്കുന്ന ആഘാതം പരമാവധി കുറയ്ക്കാനെങ്കിലും ശ്രമിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾക്കു ചെയ്യാനുള്ള കാര്യങ്ങൾ കുറെക്കൂടെ കാര്യക്ഷമമായ രീതിയിൽ ചെയ്യാനാകുമോ? സമയം കുറച്ചുകൂടി മെച്ചമായി ഉപയോഗിക്കാൻ കഴിയുമോ?
-
നിങ്ങൾ കാര്യങ്ങൾ കാണുന്ന വിധം മാറ്റുക. നിങ്ങളെ ടെൻഷടിപ്പിക്കുന്ന ഒരു സംഗതി മറ്റുള്ളവർക്ക് ഉണ്ടാകുമ്പോൾ അത് അവരെ ടെൻഷനടിപ്പിച്ചേക്കണമെന്നില്ല. കാരണം കാര്യങ്ങളെ മറ്റൊരു വിധത്തിൽ കാണാൻ അവർക്കു കഴിയുന്നു. ഇനി പറയുന്ന മൂന്നു നിർദേശങ്ങൾ ശ്രദ്ധിക്കൂ.
-
കുറ്റം വിധിക്കാൻ തിടുക്കം കൂട്ടാതിരിക്കാം. ഉദാഹരണത്തിന്, നിങ്ങൾ ക്യൂവിൽ നിൽക്കുമ്പോൾ പിന്നിലുള്ള ഒരാൾ വരിതെറ്റിച്ച് മുന്നിലേക്കു കയറുന്നു എന്നു വിചാരിക്കുക. ‘അയാൾ ചെയ്തതു ശരിയായില്ലല്ലോ’ എന്നു ചിന്തിച്ചാൽ നിങ്ങൾക്കു ടെൻഷനാകും. എന്നാൽ ഇങ്ങനെ ചിന്തിച്ചാലോ? ‘അദ്ദേഹത്തിന് എന്തെങ്കിലും അത്യാവശ്യം കാണും.’ ഇപ്പോൾ നിങ്ങൾക്കു വിഷമം തോന്നില്ല.
-
പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കാം. ഡോക്ടറെ കാണാനോ വണ്ടി കിട്ടാനോ കാത്തുനിൽക്കേണ്ടിവരുന്നെങ്കിലോ? എങ്കിൽ ആ സമയം എന്തെങ്കിലും വായിക്കാനോ മെയിൽ അയയ്ക്കുന്നതുപോലുള്ള ജോലികൾ ചെയ്യാനോ ഉപയോഗിക്കാം.
-
സാഹചര്യത്തിന്റെ ‘മുഴുവൻ ചിത്രം’ മനസ്സിൽ കാണാം. ‘ഇന്നത്തെ എന്റെ പ്രശ്നം നാളെയും അടുത്ത ആഴ്ചയും ഒരു വലിയ പ്രശ്നമായിത്തന്നെ തുടരുമോ?’ ‘എന്റെ പ്രശ്നങ്ങൾ, അവ ഗുരുതരമാണോ? അതോ നീണ്ടുനിൽക്കാത്ത ചെറിയ പ്രശ്നങ്ങളാണോ?’ ഇങ്ങനെ ചിന്തിച്ച് നിങ്ങളുടെ പ്രശ്നങ്ങളെ വേർതിരിക്കുക.
-
ചിട്ടയോടെ കാര്യങ്ങൾ ചെയ്യുക
“എല്ലാം മാന്യമായും ചിട്ടയോടെയും നടക്കട്ടെ.”—1 കൊരിന്ത്യർ 14:40.
അർഥം: ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വേണം.
-
ജീവിതത്തിൽ കുറച്ചെങ്കിലും ചിട്ട വേണമെന്നു നമ്മൾ എല്ലാവരും ആഗ്രഹിക്കും. പലതും ‘പിന്നെ ചെയ്യാം, പിന്നെ ചെയ്യാം’ എന്നു മാറ്റിവെക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ അലങ്കോലപ്പെടും, നിങ്ങളുടെ ടെൻഷൻ കൂടും, ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റും നീളും. നിങ്ങൾക്കു പരീക്ഷിക്കാവുന്ന രണ്ടു കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
-
നടപ്പിലാക്കാൻ പറ്റുന്ന പട്ടികയുണ്ടാക്കി അതിനോടു പറ്റിനിൽക്കുക.
-
നീട്ടിവെക്കാനുള്ള ഏതൊരു പ്രവണതയെയും തിരിച്ചറിയുക, വേണ്ട മാറ്റങ്ങൾ വരുത്തുക.
-
സമനിലയുള്ള ജീവിതം നയിക്കുക
“ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത് ഒരുപിടി വിശ്രമമാണ്.” —സഭാപ്രസംഗകൻ 4:6.
അർഥം: ‘ജോലി ജോലി’ എന്ന ഒറ്റ വിചാരത്തിൽ നടക്കുന്നവർ ‘ഇരുകൈ നിറയെ അധ്വാനിക്കുന്നത്’ വെള്ളത്തിൽ വരയ്ക്കുന്ന വരപോലെ ആയേക്കാം. കാരണം, അവർ സമ്പാദിച്ച കാര്യങ്ങൾ അനുഭവിക്കാനുള്ള സമയമോ ആരോഗ്യമോ ചിലപ്പോൾ അവർക്ക് ഉണ്ടാകണമെന്നില്ല.
-
ജോലിയെക്കുറിച്ചും കാശിനെക്കുറിച്ചും ഒരു യാഥാർഥ്യബോധം ഉണ്ടായിരിക്കുക. കൂടുതൽ കാശ് കിട്ടുമ്പോൾ ടെൻഷൻ കുറയുകയോ കൂടുതൽ സന്തോഷം കിട്ടുകയോ ചെയ്യണമെന്നില്ല. മറിച്ചായിരിക്കാം ചിലപ്പോൾ സംഭവിക്കുന്നത്. “ധനികന്റെ സമൃദ്ധി അവന്റെ ഉറക്കം കെടുത്തുന്നു” എന്ന് സഭാപ്രസംഗകൻ 5:12 പറയുന്നു. അതുകൊണ്ട് ഉള്ള വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ പഠിക്കാം.
-
വിശ്രമിക്കാൻ സമയം കണ്ടെത്തുക. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ടെൻഷൻ കുറയും. എന്നാൽ ടിവി കാണുന്നതുപോലെയുളള ആയാസരഹിതമായ വിനോദങ്ങൾ ഗുണം ചെയ്തേക്കില്ല.
-
സാങ്കേതികവിദ്യയെ അതിന്റെ സ്ഥാനത്ത് നിർത്തുക. എപ്പോഴും സമൂഹമാധ്യമങ്ങളിൽ പരതുന്നതും മെയിലുകളോ സന്ദേശങ്ങളോ വന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതും ഒഴിവാക്കുക. ജോലിയിൽ അല്ലാത്ത സമയത്ത് ജോലിയോടു ബന്ധപ്പെട്ട മെയിലുകൾ കഴിവതും നോക്കാതിരിക്കുക.
ആരോഗ്യം നോക്കുക
“കായികപരിശീലനം അൽപ്പപ്രയോജനമുള്ളതാണ്.”—1 തിമൊഥെയൊസ് 4:8.
അർഥം: ക്രമമായ വ്യായാമം നല്ല ആരോഗ്യം തരും.
-
ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക. ശാരീരികാധ്വാനം നിങ്ങൾക്കു കൂടുതൽ ഉന്മേഷം തരും. ടെൻഷൻ നേരിടാൻ നിങ്ങളുടെ ശരീരം കൂടുതൽ സജ്ജമാകും. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക. ചില നേരം ഭക്ഷണം കഴിക്കാതിരിക്കുന്ന രീതി മാറ്റുക. ആവശ്യത്തിനു വിശ്രമം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.
-
ടെൻഷനു “മറുമരുന്നായി” പുകവലിയെയോ മയക്കുമരുന്നിനെയോ മദ്യത്തിനെയോ ആശ്രയിക്കാതിരിക്കുക. ഇവയുടെ ഉപയോഗം നിങ്ങളുടെ ടെൻഷൻ കൂട്ടുകയേ ഉള്ളൂ. നിങ്ങളുടെ ഉള്ള ആരോഗ്യവും പണവും നഷ്ടപ്പെടാനേ അത് ഇടയാക്കൂ.
-
നിങ്ങൾക്ക് ടെൻഷൻ കൂടിക്കൂടി വരുകയാണെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടണം. അതിൽ ഒട്ടും മടി വിചാരിക്കേണ്ട കാര്യമില്ല.
മുൻഗണനകൾ വെക്കുക
‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
അർഥം: ശരിയായ മുൻഗണനകൾ വെക്കുക.
-
പ്രാധാന്യം അനുസരിച്ച് ജോലികൾ ചിട്ടപ്പെടുത്തുക. ഇത്, ആദ്യം ചെയ്യേണ്ട ജോലി ഏതാണെന്നു തിട്ടപ്പെടുത്താനും പ്രധാനപ്പെട്ട ജോലിക്കു നല്ല ശ്രദ്ധ കൊടുക്കാനും സഹായിക്കും. കൂടാതെ, മറ്റാർക്കെങ്കിലും ജോലി ഏൽപ്പിച്ചുകൊടുക്കണോ, ചില ജോലികൾ നീട്ടിവെക്കണോ അതോ ഒഴിവാക്കണോ എന്നൊക്കെ തീരുമാനിക്കാനും ഇതു നിങ്ങളെ സഹായിക്കും.
-
നിങ്ങൾ സമയം എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഒരാഴ്ചത്തേക്ക് എഴുതിവെക്കുക. എന്നിട്ട് സമയം ഉപയോഗിക്കുന്ന കാര്യത്തിൽ എങ്ങനെ മെച്ചപ്പെടാം എന്നു ചിന്തിക്കുക. സമയം എത്രമാത്രം നിങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാൻ പറ്റുമോ അത്രയും നിങ്ങളുടെ സമ്മർദം കുറയും.
-
വിശ്രമിക്കാൻ അല്പം സമയം മാറ്റിവെക്കുക. ചെറിയ ഒരു ഇടവേളയ്ക്കുപോലും നിങ്ങളുടെ ടെൻഷൻ കുറയ്ക്കാനും പുത്തൻ ഉണർവ് സമ്മാനിക്കാനും കഴിയും.
സഹായം സ്വീകരിക്കുക
“മനുഷ്യന്റെ ഹൃദയത്തിലെ ഉത്കണ്ഠ അവനെ തളർത്തിക്കളയുന്നു; എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്ക്കുന്നു.”—സുഭാഷിതങ്ങൾ 12:25.
അർഥം: ദയയോടും അനുകമ്പയോടും കൂടെയുള്ള വാക്കുകൾക്കു നിങ്ങളെ ബലപ്പെടുത്താനാകും.
-
നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളോടു സംസാരിക്കുക. വിശ്വസ്തനായ ഒരു കൂട്ടുകാരനു നിങ്ങൾ നേരിടുന്ന പ്രശ്നത്തെ മെച്ചമായി കൈകാര്യം ചെയ്യാനോ ആ പ്രശ്നം പരിഹരിക്കാനുള്ള വഴി പറഞ്ഞുതരാനോ കഴിഞ്ഞേക്കും. അങ്ങനെ മനസ്സിന്റെ ഭാരം ഒന്ന് ഇറക്കിവെക്കുന്നതു നിങ്ങളെ കൂടുതൽ ആശ്വസിപ്പിക്കും.
-
സഹായം ചോദിക്കുക. ചെയ്തുതീർക്കാനുള്ള ജോലി മറ്റൊരാൾക്ക് ഏൽപ്പിച്ചുകൊടുക്കാനാകുമോ? അല്ലെങ്കിൽ സഹായത്തിന് ആരെയെങ്കിലും വിളിക്കാനാകുമോ?
-
സഹജോലിക്കാരനാണു നിങ്ങളെ ടെൻഷൻ പിടിപ്പിക്കുന്നതെങ്കിലോ? സാഹചര്യം മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാം. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ പെരുമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു ദയയോടും നയത്തോടും കൂടെ അദ്ദേഹത്തെ അറിയിക്കുക. (സുഭാഷിതങ്ങൾ 17:27) അതു പരാജയപ്പെട്ടാൽ അദ്ദേഹവുമായി സമയം ചെലവഴിക്കുന്നത് കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?
ദൈവത്തിന്റെ സഹായം സ്വീകരിക്കുക
“ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
അർഥം: ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവയെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം മനുഷ്യനു വേണം, ദൈവവുമായുള്ള ബന്ധം. സന്തോഷമുള്ളവരായിരിക്കാൻ ദൈവവുമായുള്ള ബന്ധം ആവശ്യമാണെന്നു മനസ്സിലാക്കുകയും അതു ശക്തമാക്കാനുള്ള വഴികൾ തേടുകയും വേണം.
-
പ്രാർഥന വലിയൊരു സഹായമാണ്. ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും തന്റെ മേൽ ഇടാൻ’ ദൈവം നിങ്ങളെ ക്ഷണിക്കുന്നു. (1 പത്രോസ് 5:7) പ്രാർഥിക്കുന്നതും നല്ല കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതും നിങ്ങൾക്കു മനസ്സമാധാനം തരും.—ഫിലിപ്പിയർ 4:6, 7.
-
ദൈവത്തോട് അടുക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് വായിക്കുക. ഈ മാസികയിൽ പറഞ്ഞിരിക്കുന്ന തത്ത്വങ്ങളെല്ലാം ബൈബിളിലുള്ളതാണ്. അതു ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാക്കും, “ജ്ഞാനവും ചിന്താശേഷിയും” വർധിപ്പിക്കും. (സുഭാഷിതങ്ങൾ 3:21) ബൈബിൾ വായിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാനാകുമോ? അങ്ങനെയെങ്കിൽ സുഭാഷിതങ്ങളുടെ പുസ്തകംതൊട്ട് വായിക്കുന്നതു നിങ്ങൾക്കു നല്ലൊരു തുടക്കം തരും.