വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടു​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടു​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

 യഹോ​വ​യു​ടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടു​ക്കാ​ത്ത​തി​ന്റെ കാരണങ്ങൾ ഇവയാണ്‌:

  1.   ദൈവ​ത്തോ​ടു​ള്ള അനുസ​ര​ണം. ദൈവ​ത്തി​ന്റെ ദാസന്മാർ ‘അവരുടെ വാളു​ക​ൾ കലപ്പകളാ​ക്കു​മെ​ന്നും’ അവർ ഇനി ‘യുദ്ധം ചെയ്യാൻ പരിശീലിക്കുകയില്ലെന്നും’ ബൈബിൾ പറയുന്നു.—യശയ്യ 2:4.

  2.   യേശു​വി​നോ​ടു​ള്ള അനുസ​ര​ണം. “വാൾ ഉറയിൽ ഇടു​ക; വാൾ എടു​ക്കു​ന്ന​വ​രെല്ലാം വാളിന്‌ ഇരയാകും” എന്ന്‌ അപ്പോ​സ്‌ത​ല​നാ​യ പത്രോ​സി​നോട്‌ യേശു പറഞ്ഞു. (മത്തായി 26:52) തന്റെ ശിഷ്യന്മാർ യുദ്ധത്തി​നാ​യി ആയുധം എടുക്കു​ക​യി​ല്ലെന്ന്‌ യേശു അങ്ങനെ സൂചി​പ്പി​ച്ചു.

     രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പ​ക്ഷ​രാ​യി​രു​ന്നു​കൊണ്ട്‌ ‘ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്ക​രുത്‌’ എന്ന യേശു​വി​ന്റെ കല്‌പന ശിഷ്യന്മാർ അനുസ​രി​ക്കു​ന്നു. (യോഹന്നാൻ 17:16) അവർ സൈനിക നടപടികൾക്കെതിരെ ശബ്ദമുയർത്തുകയോ സായുധസേനയിൽ പ്രവർത്തിക്കാൻ തീരു​മാ​നി​ക്കു​ന്ന​വ​രു​ടെ സ്വാതന്ത്ര്യത്തിൽ കൈക​ട​ത്തു​ക​യോ ചെയ്യു​ന്നി​ല്ല.

  3.   സഹമനു​ഷ്യ​രോ​ടു​ള്ള സ്‌നേഹം. “തമ്മിൽത്തമ്മിൽ സ്‌നേ​ഹി​ക്ക​ണം” എന്ന്‌ യേശു ശിഷ്യ​ന്മാ​രോ​ടു കല്‌പി​ച്ചു. (യോഹന്നാൻ 13:34, 35) അങ്ങനെ, അവർ തങ്ങളുടെ സഹോദരീസഹോദരന്മാർക്കെതിരെ ഒരിക്ക​ലും യുദ്ധം ചെയ്യു​ക​യി​ല്ലാ​ത്ത ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമാ​യി​ത്തീ​രു​ന്നു.—1 യോഹന്നാൻ 3:10-12.

  4.   ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക. മതവും യുദ്ധവും സർവവിജ്ഞാനകോശം (Encyclopedia of Religion and War) പറയുന്നു: “യേശു​വി​ന്റെ ആദ്യകാല ശിഷ്യന്മാർ യുദ്ധങ്ങളിൽനിന്നും സൈനികസേവനത്തിൽനിന്നും വിട്ടു​നി​ന്നു.” അങ്ങനെ​യു​ള്ള കാര്യങ്ങളിൽ ഉൾപ്പെടുന്നത്‌, “യേശു പഠിപ്പിച്ച സ്‌നേ​ഹ​ത്തി​ന്റെ മാർഗത്തിനും ശത്രു​ക്ക​ളെ സ്‌നേഹിക്കാൻ നല്‌കിയ ഉദ്‌ബോ​ധ​ന​ത്തി​നും കടകവി​രു​ദ്ധ​മാ​യി​രി​ക്കു​മാ​യി​രു​ന്നു” എന്നും ഈ ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു. അതു​പോ​ലെ, “ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കു​ന്ന​തും ഒരു പടയാ​ളി​യാ​യി​രി​ക്കു​ന്ന​തും തമ്മിൽ പൊരു​ത്ത​പ്പെ​ടു​ക​യി​ല്ലെന്ന്‌” ജർമൻ ദൈവ​ശാ​സ്‌ത്ര​ജ്ഞ​നാ​യ പീറ്റർ മീൻഹോൾട്ട്‌ യേശു​വി​ന്റെ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​ക​ളെക്കു​റിച്ച്‌ പറഞ്ഞു.

സമൂഹ​ത്തിന്‌ നല്‌കുന്ന സംഭാവനകൾ

 സമൂഹ​ത്തിന്‌ വളരെ ഗുണം ചെയ്യു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. മാത്രമല്ല, ദേശത്തി​ന്റെ സുരക്ഷ​യ്‌ക്ക്‌ അവർ ഒരുത​ര​ത്തി​ലും ഭീഷണി​യും അല്ല. പിൻവരുന്ന ബൈബിൾകല്‌പനകൾക്ക്‌ ചേർച്ചയിൽ ഞങ്ങൾ ഗവൺമെന്റുകളുടെ അധികാ​ര​ത്തെ മാനി​ക്കു​ന്നു:

  •   “എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്‌പെ​ട്ടി​രി​ക്ക​ട്ടെ.”—റോമർ 13:1.

  •   “സീസർക്കുള്ളതു സീസർക്കും ദൈവ​ത്തി​നു​ള്ള​തു ദൈവ​ത്തി​നും കൊടു​ക്കു​ക.”—മത്തായി 22:21.

 അതു​കൊണ്ട്‌, ഞങ്ങൾ നിയമങ്ങൾ അനുസ​രി​ക്കു​ന്നു, നികുതികൾ കൊടു​ക്കു​ന്നു, സാമൂ​ഹ്യ​ക്ഷേ​മം മുൻനിറുത്തി ഗവൺമെന്റുകൾ സ്വീക​രി​ക്കു​ന്ന നടപടി​ക​ളോട്‌ സഹകരി​ക്കു​ക​യും ചെയ്യുന്നു.