വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“കുറ്റകൃ​ത്യ​വും പണത്തോ​ടുള്ള സ്‌നേ​ഹ​വും എനിക്കു വേദന മാത്രമേ നൽകി​യു​ള്ളൂ”

“കുറ്റകൃ​ത്യ​വും പണത്തോ​ടുള്ള സ്‌നേ​ഹ​വും എനിക്കു വേദന മാത്രമേ നൽകി​യു​ള്ളൂ”
  • ജനനം: 1974

  • രാജ്യം: അൽബേ​നി​യ

  • ചരിത്രം: മോഷ്ടാവ്‌, മയക്കു​മ​രു​ന്നു വ്യാപാ​രി, ജയിൽപു​ള്ളി

മുൻകാ​ല​ജീ​വി​തം

 അൽബേ​നി​യ​യു​ടെ തലസ്ഥാ​ന​മായ ടിറാ​ന​യി​ലാണ്‌ ഞാൻ ജനിച്ചത്‌. ഞങ്ങളു​ടേത്‌ ഒരു പാവപ്പെട്ട കുടും​ബ​മാ​യി​രു​ന്നു. എന്റെ പപ്പ നല്ല സത്യസ​ന്ധ​നും കഠിനാ​ധ്വാ​നി​യും ആയിരു​ന്നു. പപ്പ കുടും​ബ​ത്തി​നു​വേണ്ടി മണിക്കൂ​റു​കൾ ജോലി ചെയ്യു​മാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾക്കു കഷ്ടിച്ചു ജീവി​ച്ചു​പോ​കാ​നു​ള്ള​തു​പോ​ലും കിട്ടി​യി​രു​ന്നില്ല. ദാരി​ദ്ര്യ​ത്തി​ന്റെ കയ്‌പ്പ​റി​ഞ്ഞാണ്‌ ഞാൻ വളർന്നത്‌. എന്റെ കുട്ടി​ക്കാ​ലത്ത്‌ മിക്ക​പ്പോ​ഴും ഇടാൻ ഒരു ചെരു​പ്പോ ആവശ്യ​ത്തി​നു ഭക്ഷണമോ ഒന്നും ഉണ്ടായി​രു​ന്നില്ല.

 തീരെ ചെറു​താ​യി​രു​ന്ന​പ്പോൾത്തന്നെ ഞാൻ മോഷ്ടി​ക്കാൻ തുടങ്ങി. ഞാൻ ചിന്തി​ച്ചത്‌ അത്‌ എന്റെ കുടും​ബ​ത്തിന്‌ ഒരു സഹായ​മാ​കു​മ​ല്ലോ എന്നാണ്‌. പക്ഷേ, കുറച്ച്‌ കഴിഞ്ഞ​പ്പോൾ എന്നെ പോലീസ്‌ പിടിച്ചു. അങ്ങനെ, 1988-ൽ എനിക്കു 14 വയസ്സു​ള്ള​പ്പോൾ എന്നെ ഒരു ദുർഗു​ണ​പ​രി​ഹാര പാഠശാ​ല​യിൽ ആക്കി. അവിടെ ആയിരുന്ന രണ്ടു വർഷം​കൊണ്ട്‌ ഞാൻ വെൽഡിങ്‌ പഠിച്ചു. ഇനി ഒരിക്ക​ലും മോഷ്ടി​ക്കില്ല എന്നു തീരു​മാ​നി​ച്ചാണ്‌ ഞാൻ അവി​ടെ​നിന്ന്‌ പുറത്തു​വ​ന്നത്‌. പക്ഷേ, എനിക്ക്‌ ഒരു ജോലി കണ്ടെത്താൻ പറ്റിയില്ല. അൽബേ​നി​യ​യിൽ രാഷ്‌ട്രീ​യ​പ്ര​ശ്‌നങ്ങൾ രൂക്ഷമാ​യി​രു​ന്ന​തു​കൊണ്ട്‌ തൊഴി​ലി​ല്ലായ്‌മ വളരെ കൂടു​ത​ലാ​യി​രു​ന്നു. ജോലി കിട്ടാ​ത്ത​തിൽ മനസ്സു​മ​ടുത്ത്‌, ഞാൻ പിന്നെ​യും പഴയ കൂട്ടു​കാ​രു​ടെ​കൂ​ടെ​ക്കൂ​ടി മോഷ്ടി​ക്കാൻ തുടങ്ങി. ഇത്തവണ​യും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. എന്നെയും കൂട്ടു​കാ​രെ​യും മൂന്നു വർഷ​ത്തേക്കു ജയിലിൽ അടച്ചു.

 ജയിലിൽനിന്ന്‌ വന്നശേ​ഷ​വും ഞാൻ കുറ്റകൃ​ത്യ​ങ്ങൾ ചെയ്യു​ന്ന​തി​ലേ​ക്കു​തന്നെ തിരിഞ്ഞു. അൽബേ​നിയ സാമ്പത്തി​ക​മാ​യി തകർന്നി​രു​ന്ന​തു​കൊണ്ട്‌ രാജ്യം മൊത്ത​ത്തിൽ കുഴഞ്ഞു​മ​റിഞ്ഞ ഒരു സ്ഥിതി​യി​ലാ​യി​രു​ന്നു. ആ സമയത്ത്‌, നിയമ​വി​രു​ദ്ധ​മായ പല കാര്യ​ങ്ങ​ളും ചെയ്‌തു​കൊണ്ട്‌ ഞാൻ ഒരുപാ​ടു പണം ഉണ്ടാക്കി. ഒരിക്കൽ ഞങ്ങളുടെ സംഘം ആയുധ​ങ്ങ​ളു​മാ​യി കൊള്ള​യ​ടി​ക്കാൻ പോയി. അവി​ടെ​വെച്ച്‌ എന്റെ കൂടെ​യു​ണ്ടാ​യി​രുന്ന രണ്ടു പേരെ പോലീസ്‌ പിടിച്ചു. എന്നെ പിടിച്ച്‌ കഴിഞ്ഞാൽ കുറെ​ക്കാ​ലം ജയിലിൽ കഴി​യേ​ണ്ടി​വ​രും എന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ഞാൻ മറ്റൊരു രാജ്യ​ത്തേക്ക്‌ ഓടി​പ്പോ​യി. അപ്പോൾ എന്റെകൂ​ടെ ഭാര്യ ജുലി​ന്റ​യും കൈക്കു​ഞ്ഞാ​യി​രുന്ന ഞങ്ങളുടെ മോനും ഉണ്ടായി​രു​ന്നു.

 അങ്ങനെ അവസാനം ഞങ്ങൾ ഇംഗ്ലണ്ടിൽ എത്തി. ഭാര്യ​യോ​ടും മകനോ​ടും ഒപ്പം പുതി​യൊ​രു ജീവിതം തുടങ്ങണം എന്നായി​രു​ന്നു എന്റെ മനസ്സിലെ ആഗ്രഹം. എങ്കിലും, എന്റെ ഉള്ളിൽ ആഴത്തിൽ വേരു​പി​ടി​ച്ചി​രുന്ന മോശം ശീലങ്ങൾ മാറ്റാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഞാൻ വീണ്ടും കുറ്റകൃ​ത്യ​ങ്ങൾ ചെയ്യാൻ തുടങ്ങി. ഇത്തവണ വൻതോ​തി​ലുള്ള മയക്കു​മ​രു​ന്നു വ്യാപാ​ര​മാ​യി​രു​ന്നു. അങ്ങനെ ധാരാളം പണം എന്റെ കൈക​ളി​ലൂ​ടെ ഒഴുകി.

 എന്റെ മയക്കു​മ​രു​ന്നു ബിസി​നെ​സ്സി​നെ​ക്കു​റിച്ച്‌ ജുലി​ന്റ​യ്‌ക്ക്‌ എന്താണു തോന്നി​യ​തെ​ന്നോ? അവൾതന്നെ അതു പറയട്ടെ: “അൽബേ​നി​യ​യിൽ വളർന്ന ഞാൻ ദാരി​ദ്ര്യം ഇല്ലാത്ത ഒരു ജീവി​ത​മാണ്‌ സ്വപ്‌നം കണ്ടത്‌. പണമു​ണ്ടെ​ങ്കിൽ എല്ലാമാ​യി എന്നായി​രു​ന്നു എന്റെ ചിന്ത. ജീവിതം മെച്ച​പ്പെ​ടു​ത്താ​നാ​യി എന്തു ചെയ്യാ​നും ഞാൻ ഒരുക്ക​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ആർട്ടൻ പണമു​ണ്ടാ​ക്കാ​നാ​യി നുണ പറഞ്ഞാ​ലും കക്കാൻ പോയാ​ലും മയക്കു​മ​രുന്ന്‌ വിറ്റാ​ലും അതൊ​ന്നും എനി​ക്കൊ​രു കുഴപ്പ​മ​ല്ലാ​യി​രു​ന്നു. ശരിക്കും ഞാൻ അതി​നൊ​ക്കെ കൂട്ടു​നി​ന്നു.”

“ആർട്ടൻ പണമു​ണ്ടാ​ക്കാ​നാ​യി നുണ പറഞ്ഞാ​ലും കക്കാൻ പോയാ​ലും മയക്കു​മ​രുന്ന്‌ വിറ്റാ​ലും അതൊ​ന്നും എനി​ക്കൊ​രു കുഴപ്പ​മ​ല്ലാ​യി​രു​ന്നു.”—ജുലിന്റ

 എന്നാൽ 2002-ൽ ഞങ്ങളുടെ ജീവിതം മാറി​മ​റി​ഞ്ഞു. ഞങ്ങളുടെ സ്വപ്‌ന​ങ്ങ​ളും ഒരുപാട്‌ പണം ഉണ്ടാക്കാ​നാ​യി ഞങ്ങൾ ഇട്ട പദ്ധതി​ക​ളും എല്ലാം തകർന്നു. വലിയ തോതിൽ മയക്കു​മ​രുന്ന്‌ കടത്തു​ന്ന​തി​നി​ടെ എന്നെ പോലീസ്‌ പിടിച്ചു. ഞാൻ വീണ്ടും ജയില​ഴി​കൾക്കു​ള്ളിൽ ആയി.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

 ബൈബിൾ എന്റെ ജീവി​തത്തെ സ്വാധീ​നി​ക്കാൻ തുടങ്ങി​യത്‌ ഞാൻപോ​ലും അറിഞ്ഞി​രു​ന്നില്ല. 2000-ത്തിൽത്തന്നെ ജുലിന്റ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻതു​ട​ങ്ങി​യി​രു​ന്നു. ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യു​ന്നത്‌ ബോറാ​യി​ട്ടാണ്‌ എനിക്കു തോന്നി​യത്‌. പക്ഷേ ജുലി​ന്റ​യ്‌ക്ക്‌ അത്‌ ഇഷ്ടമാ​യി​രു​ന്നു. അവൾ പറയുന്നു: “മതപര​മായ കാര്യ​ങ്ങ​ളോ​ടു താത്‌പ​ര്യ​മുള്ള ഒരു കുടും​ബ​ത്തി​ലാണ്‌ ഞാൻ വളർന്നു​വ​ന്നത്‌. അതു​കൊണ്ട്‌ എനിക്ക്‌ ബൈബി​ളി​നോട്‌ ഇഷ്ടവും ആദരവും ഉണ്ടായി​രു​ന്നു. എന്താണ്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ ഞാൻ ആഗ്രഹി​ച്ചു. സാക്ഷി​ക​ളു​ടെ കൂടെ​യുള്ള ബൈബിൾപ​ഠനം നല്ല രസമാ​യി​രു​ന്നു. ബൈബിൾ പഠിപ്പി​ക്കുന്ന പല കാര്യ​ങ്ങ​ളും ശരിയാ​ണ​ല്ലോ എന്ന്‌ എനിക്കു തോന്നി. അതൊക്കെ മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ ജീവി​ത​ത്തിൽ ചില മാറ്റങ്ങ​ളൊ​ക്കെ വരുത്തി. പക്ഷേ കാശു​ണ്ടാ​ക്കാ​നുള്ള എന്റെ ആഗ്രഹ​ത്തി​നു കുറ​വൊ​ന്നും വന്നില്ല, 2002-ൽ ആർട്ടനെ അറസ്റ്റ്‌ ചെയ്യു​ന്ന​തു​വരെ. ആ സംഭവം എന്റെ ജീവിതം ആകെ മാറ്റി​മ​റി​ച്ചു. പണത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നതു ശരിയാ​ണ​ല്ലോ എന്ന്‌ അപ്പോൾ ഞാൻ ചിന്തി​ക്കാൻതു​ടങ്ങി. ഞങ്ങൾ പണമു​ണ്ടാ​ക്കാൻ പരക്കം​പാ​യു​ക​യാ​യി​രു​ന്നു. പക്ഷേ അത്‌ ഒരു സന്തോ​ഷ​വും തന്നില്ല. ദൈവം പറയുന്ന എല്ലാ കാര്യ​ങ്ങ​ളും അനുസ​രി​ക്ക​ണ​മെന്ന്‌ അങ്ങനെ എനിക്കു മനസ്സി​ലാ​യി.”

 2004-ൽ ജയിലിൽനിന്ന്‌ പുറത്തു​വന്ന ഉടനെ ഞാൻ വീണ്ടും മയക്കു​മ​രുന്ന്‌ ബിസി​നെസ്സ്‌ തുടങ്ങാൻനോ​ക്കി. പക്ഷേ ജുലിന്റ ആകെ മാറി​യി​രു​ന്നു. അവളാണ്‌ എന്റെ കണ്ണ്‌ തുറപ്പി​ച്ചത്‌. ജുലിന്റ എന്താണ്‌ പറഞ്ഞ​തെ​ന്നോ? “എനിക്ക്‌ ഇനി ഇങ്ങനെ ഉണ്ടാക്കുന്ന കാശ്‌ വേണ്ടാ. എന്റെ ഭർത്താ​വി​നെ മതി. എന്റെ മക്കൾക്ക്‌ അവരുടെ അച്ഛനെ വേണം.” ഞാൻ ആകെ ഞെട്ടി​പ്പോ​യി. എങ്കിലും അവൾ പറഞ്ഞതാ​യി​രു​ന്നു ശരി. വർഷങ്ങ​ളാ​യി എനിക്ക്‌ കുടും​ബ​ത്തോ​ടൊ​പ്പം ആയിരി​ക്കാൻ പറ്റിയി​ട്ടില്ല. ഏതു വിധത്തി​ലും പണമു​ണ്ടാ​ക്കാ​നുള്ള ഓട്ടം എന്നെ എന്തെല്ലാം പ്രശ്‌ന​ങ്ങ​ളി​ലാണ്‌ കൊ​ണ്ടെ​ച്ചാ​ടി​ച്ച​തെ​ന്നും ഞാൻ ഓർത്തു. പഴയ കൂട്ടു​കെ​ട്ടൊ​ക്കെ വിടാൻ ഞാൻ തീരു​മാ​നി​ച്ചു. എനിക്ക്‌ ഇനി ഒരു പുതിയ മനുഷ്യ​നാ​കണം!

 ശരിക്കും എന്റെ ജീവി​ത​ത്തിൽ ഒരു മാറ്റം വന്നതു ഭാര്യ​യും മക്കളു​മൊത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മീറ്റി​ങ്ങി​നു പോയ​പ്പോ​ഴാണ്‌. അവിടെ കണ്ട ആളുകൾക്ക്‌ എന്തൊരു സ്‌നേ​ഹ​വും ആത്മാർഥ​ത​യും ആയിരു​ന്നു! അത്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടു. അങ്ങനെ ഞാൻ ബൈബിൾ പഠിക്കാൻതു​ടങ്ങി.

ഒരുപാട്‌ പണമു​ണ്ടെ​ങ്കിൽ സന്തോഷം ഉണ്ടായി​രി​ക്കും എന്നാണ്‌ ഞാൻ മുമ്പ്‌ ചിന്തി​ച്ചി​രു​ന്നത്‌

 “പണസ്‌നേഹം എല്ലാ തരം ദോഷ​ങ്ങ​ളു​ടെ​യും ഒരു അടിസ്ഥാ​ന​കാ​ര​ണ​മാണ്‌. ഈ സ്‌നേ​ഹ​ത്തി​നു വഴി​പ്പെ​ട്ടിട്ട്‌ ചിലർ . . . പലപല വേദന​ക​ളാൽ തങ്ങളെ ആസകലം കുത്തി​മു​റി​പ്പെ​ടു​ത്താൻ ഇടയാ​യി​രി​ക്കു​ന്നു” എന്ന്‌ ഞാൻ ബൈബി​ളിൽനിന്ന്‌ പഠിച്ചു. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) ഈ തിരു​വെ​ഴുത്ത്‌ എത്ര സത്യമാ​ണെന്ന്‌ ഞാൻ സ്വന്തം ജീവി​ത​ത്തിൽ അനുഭ​വി​ച്ച​റി​ഞ്ഞ​താണ്‌. ഞാൻ ചെയ്‌ത മോശ​മായ കാര്യ​ങ്ങ​ളു​ടെ പരിണ​ത​ഫ​ലങ്ങൾ എനിക്കും എന്റെ കുടും​ബ​ത്തി​നും അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അതെക്കു​റി​ച്ചൊ​ക്കെ ഓർത്ത​പ്പോൾ എനിക്കു വലിയ ദുഃഖം തോന്നി. (ഗലാത്യർ 6:7) യഹോ​വ​യും മകനായ യേശു​ക്രി​സ്‌തു​വും നമ്മളോ​ടു കാണിച്ച സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്താൻതു​ടങ്ങി. ഞാൻ എന്നെക്കു​റി​ച്ചു​തന്നെ ചിന്തി​ക്കു​ന്ന​തി​നു പകരം മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ശ്രമിച്ചു. അങ്ങനെ എനിക്ക്‌ കുടും​ബ​ത്തോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ക്കാ​നും കഴിഞ്ഞു.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

 ബൈബി​ളി​ന്റെ ഈ ബുദ്ധി​യു​പ​ദേശം എനിക്ക്‌ ഒരുപാട്‌ പ്രയോ​ജനം ചെയ്‌തു: “നിങ്ങളു​ടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക.” (എബ്രായർ 13:5) എനിക്കി​പ്പോൾ മനസ്സമാ​ധാ​ന​വും ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യും ഉണ്ട്‌. മുമ്പൊ​രി​ക്ക​ലും എനിക്ക്‌ ഇത്രയും സന്തോഷം ഉണ്ടായി​ട്ടില്ല. ബൈബിൾ പഠിച്ചത്‌ ഞങ്ങളുടെ കുടും​ബ​ത്തി​നും വളരെ പ്രയോ​ജനം ചെയ്‌തു. ഞാനും ജുലി​ന്റ​യും നല്ലൊരു വിവാ​ഹ​ജീ​വി​തം ആസ്വദി​ക്കു​ന്നു. എന്റെ മക്കൾക്ക്‌ ഞാൻ ഇപ്പോൾ നല്ലൊരു പിതാ​വാണ്‌.

 ഒരുപാട്‌ പണമു​ണ്ടെ​ങ്കിൽ സന്തോഷം ഉണ്ടായി​രി​ക്കും എന്നാണ്‌ ഞാൻ മുമ്പ്‌ ചിന്തി​ച്ചി​രു​ന്നത്‌. പക്ഷേ കുറ്റകൃ​ത്യ​വും പണത്തോ​ടുള്ള സ്‌നേ​ഹ​വും എനിക്ക്‌ വേദന മാത്രമേ നൽകി​യു​ള്ളൂ. ഞങ്ങൾക്ക്‌ ഇപ്പോൾ ഒരുപാട്‌ പണമൊ​ന്നു​മില്ല. പക്ഷേ അതി​നെ​ക്കാ​ളെ​ല്ലാം വിലപ്പെട്ട ഒന്ന്‌ ഞങ്ങൾക്ക്‌ കണ്ടെത്താൻ കഴിഞ്ഞു—യഹോ​വ​യു​മാ​യുള്ള സൗഹൃദം! കുടും​ബം ഒത്തൊ​രു​മിച്ച്‌ യഹോ​വയെ ആരാധി​ക്കു​മ്പോൾ ഞങ്ങൾക്ക്‌ ശരിക്കും സന്തോഷം കിട്ടുന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷ​നിൽ എന്റെ കുടും​ബ​ത്തോ​ടൊ​പ്പം