വിവരങ്ങള്‍ കാണിക്കുക

ആത്മാർപ്പണത്തിന്റെ മാതൃകകൾ—ഗയാന

ആത്മാർപ്പണത്തിന്റെ മാതൃകകൾ—ഗയാന

 “ആവശ്യം അധികമുള്ളിടത്ത്‌ പോയി പ്രവർത്തിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ!” ഇത്‌ യു.എസിൽനിന്ന്‌ ആവശ്യം അധികമുള്ള ഗയാന എന്ന പ്രദേശത്ത്‌ പ്രവർത്തിക്കാൻ പോയ ജോഷുവയുടെ വാക്കുകളാണ്‌. തെക്കേ അമേരിക്കൻ രാജ്യമായ a ഇവിടെ സുവിശേഷപ്രവർത്തനത്തിനു പറ്റിയ വിളനിലമാണ്‌. ഇവിടെ പ്രവർത്തിക്കുന്ന പലരുടെയും അഭിപ്രായം ജോഷുവ പറഞ്ഞതുപോലെതന്നെയാണ്‌. ഇവരുടെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം കാര്യങ്ങൾ പഠിക്കാം? മറ്റൊരു നാട്ടിൽ പോയി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ സഹോദരങ്ങളുടെ അനുഭവം നിങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കുമോ?

അവരെ പ്രചോദിപ്പിച്ചത്‌

ലൈനൽ

 ഗയാനയിലേക്കു പോകുന്നതിനു മുമ്പ്‌ ലൈനൽ സഹോദരൻ തന്റെ സ്വന്തം നാടായ യു.എസിലെ അധികമാരും പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽപ്പോയി പ്രവർത്തിച്ചിരുന്നു. അദ്ദേഹം പറയുന്നു: “ഞങ്ങൾ 20 പേരെ പടിഞ്ഞാറൻ വെർജിനിയയിലെ ഒരു ഉൾപ്രദേശത്ത്‌ നിയമിച്ചു. രണ്ടാഴ്‌ചത്തെ ആ സുവിശേഷപ്രവർത്തനവും കൂട്ടുകാരോടൊപ്പമുള്ള കൂട്ടായ്‌മയും എന്റെ ജീവിതം മാറ്റിമറിച്ചു. എന്റെ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാനുള്ള തീരുമാനം കൂടുതൽ ശക്തമായി.”

ഗാത്തും എറിക്കയും

 ഗാത്ത്‌, എറിക്ക ദമ്പതികൾ ആവശ്യം അധികമുള്ള ഒരു വിദേശരാജ്യത്ത്‌ പോയി പ്രവർത്തിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിച്ചിരുന്നു. ഒടുവിൽ അവർ ഗയാനയിലേക്കു പോകാൻ തീരുമാനിച്ചു. അതിനെക്കുറിച്ച്‌ എറിക്ക പറയുന്നു. “അങ്ങോട്ട്‌ പോയ ഒരു ദമ്പതികളെ ഞങ്ങൾക്ക്‌ അറിയാം. അവരുടെ ഉത്സാഹവും പ്രവർത്തനത്തോടുള്ള സ്‌നേഹവും കണ്ടപ്പോൾ ഞങ്ങൾക്കും അങ്ങോട്ട്‌ പോകണമെന്നു തോന്നി.” “പ്രിയപ്പെട്ട നിയമനം” എന്ന്‌ അവർ വിളിക്കുന്ന ആ നിയമനത്തിൽ സന്തോഷകരമായ മൂന്നു വർഷങ്ങൾ അവർ ചെലവിട്ടു. ഗാത്ത്‌ പറയുന്നു: “വിദേശനിയമനം ഞങ്ങൾ ഒന്നു രുചിച്ചുനോക്കി. അത്‌ മനോഹരമായിരുന്നു.” അദ്ദേഹവും ഭാര്യയും പിന്നീട്‌ ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുത്തു. ഇപ്പോൾ അവർ ബൊളീവിയയിൽ പ്രവർത്തിക്കുന്നു.

മറ്റൊരു നാട്ടിൽ പ്രവർത്തിക്കുന്നവർക്ക്‌ ബൈബിളിനെക്കുറിച്ച്‌ നന്നായി സംസാരിക്കാനുള്ള അവസരങ്ങളുണ്ട്‌

അവർ ഒരുങ്ങിയത്‌

 ലളിതമായ ജീവിതം നയിക്കാനാണ്‌ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌. (എബ്രായർ 13:5) എന്നാൽ ജീവിതത്തിൽ വലിയ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ്‌ അതിന്റെ ചെലവ്‌ കണക്കുകൂട്ടി നോക്കണമെന്നും ബൈബിൾ ഓർമിപ്പിക്കുന്നു. (ലൂക്കോസ്‌ 14:26-33) ഒരു വിദേശരാജ്യത്തേക്കു മാറിത്താമസിക്കുന്ന സാഹചര്യത്തിലും ഇക്കാര്യങ്ങൾ കണക്കിലെടുക്കണം. ഗാത്ത്‌ പറയുന്നു: “ഗയാനയിലേക്കു പോകുന്നതിനു മുമ്പേ ഞാനും എറിക്കയും ജീവിതം ലളിതമാക്കണമായിരുന്നു. അതിനുവേണ്ടി ഞങ്ങൾ ബിസിനെസ്സ്‌ വിട്ടു, വീട്‌ വിറ്റു. ഞങ്ങൾക്കുണ്ടായിരുന്ന ഉപയോഗം ഇല്ലാത്ത സാധനങ്ങളും വിറ്റു. അതിനൊക്കെ കുറച്ച്‌ വർഷമെടുത്തെങ്കിലും ഗയാനയിൽ സേവിക്കാനുള്ള ആഗ്രഹം മങ്ങിപ്പോകാതെയിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. അതിനായി ഞങ്ങൾ വർഷംതോറും ആ രാജ്യത്തേക്കു പോകുമായിരുന്നു.”

പോളും സിനെദയും

 ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വരുമാനമാണ്‌. ആവശ്യം അധികമുള്ള വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചില സഹോദരങ്ങൾ, അവിടത്തെ നിയമം അനുവദിക്കുകയാണെങ്കിൽ അവിടെത്തന്നെ ജോലി ചെയ്യാറുണ്ട്‌. ഇനി നാട്ടിലെ ജോലി വിടാതെതന്നെ അതു കമ്പ്യൂട്ടറിലൂടെ ചെയ്യുന്നവരുമുണ്ട്‌. ചിലർ അവരുടെ സ്വന്തം നാട്ടിൽ പോയി കുറച്ച്‌ നാൾ ജോലി ചെയ്‌തിട്ട്‌ വരും. പോൾ, സിനെദ ദമ്പതികൾ അതിനൊരു ഉദാഹരണമാണ്‌. ജോലി ചെയ്യാനായി വർഷത്തിലൊരിക്കൽ അവർ അയർലൻഡിലേക്കു പോകുമായിരുന്നു. ഇങ്ങനെ അവർ 18 വർഷം പൂർത്തിയാക്കി. മകൾ ജനിച്ചതിനു ശേഷമുള്ള ഏഴു വർഷവും ഇതിൽപ്പെടും.

ക്രിസ്റ്റഫറും ലോറിസയും

 സങ്കീർത്തനം 37:5 പറയുന്നു: “നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ; ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.” ആവശ്യം അധികമുള്ള ഒരു പ്രദേശത്ത്‌ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കണമേ എന്ന്‌ യു.എസിലുള്ള ക്രിസ്റ്റഫറും ലോറിസയും നിരന്തരം പ്രാർഥിക്കുമായിരുന്നു. കൂടാതെ, കുടുംബാരാധനയുടെ സമയത്ത്‌, പുതിയ ഒരു സ്ഥലത്തേക്കു മാറുന്നതിന്റെ ഗുണവും ദോഷവും വിലയിരുത്തി, അത്‌ എഴുതിവെക്കുകയും ചെയ്‌തു. ഭാഷ പ്രശ്‌നമാകാതിരിക്കാൻ ഇംഗ്ലീഷ്‌ ഔദ്യോഗിക ഭാഷയായ ഗയാന എന്ന സ്ഥലം തിരഞ്ഞെടുത്തു.

 അടുത്തതായി അവർ സുഭാഷിതങ്ങൾ 15:22-ലെ വാക്കുകൾക്ക്‌ ചേർച്ചയിൽ പ്രവർത്തിച്ചു. “കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു; എന്നാൽ അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.” ഗയാനയിലെ b പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ചിലേക്ക്‌ അവർ ഒരു കത്ത്‌ എഴുതി. ഗയാനയിൽ പ്രവർത്തിക്കാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ചും അവരുടെ ചുറ്റുപ്പാടിനെക്കുറിച്ചും ഒക്കെ വിശദീകരിച്ചിരുന്നു. അതോടൊപ്പം അവിടത്തെ ഹോസ്‌പിറ്റൽ സംവിധാനങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പ്രാദേശിക രീതികളെക്കുറിച്ചും എല്ലാം അവർ അന്വേഷിച്ചു. അതിനെല്ലാം ബ്രാഞ്ചോഫീസ്‌ ഉത്തരം കൊടുത്തു. കൂടാതെ, അവർ പോകാൻ ഉദ്ദേശിക്കുന്ന പ്രദേശത്തെ സഭയിലെ മൂപ്പന്മാരുടെ സംഘത്തെ ബന്ധപ്പെടാനുള്ള സഹായങ്ങളും ബ്രാഞ്ച്‌ നൽകി.

 നേരത്തെ പറഞ്ഞ ലൈനൽ ഇപ്പോൾ ഗയാനയിൽ സഞ്ചാര മേൽവിചാരകനാണ്‌. അങ്ങോട്ട്‌ പോകുന്നതിനു മുമ്പ്‌ സുഭാഷിതങ്ങൾ 15:22-ലെ തത്ത്വത്തിനു ചേർച്ചയിൽ അദ്ദേഹം പ്രവർത്തിച്ചു. “അവിടെ സേവിക്കാൻ ആവശ്യമായ പണം കൂട്ടിവെക്കുന്നതോടൊപ്പം മുമ്പ്‌ വിദേശരാജ്യത്ത്‌ പ്രവർത്തിച്ചിട്ടുള്ള സഹോദരങ്ങളോടു ഞാൻ സംസാരിച്ചു. കുടുംബാംഗങ്ങളോടും സഭയിലെ മൂപ്പന്മാരോടും സഞ്ചാര മേൽവിചാരകനോടും ഞാൻ ഈ വിഷയം ചർച്ച ചെയ്‌തു. ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കുന്നതിനെക്കുറിച്ച്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിരിക്കുന്ന വിവരങ്ങൾ മുഴുവനുംതന്നെ ഞാനിരുന്ന്‌ വായിച്ചു.”

ജോസഫും ക്രിസ്റ്റിനയും

 വിദേശരാജ്യത്ത്‌ പോയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പലരും ആദ്യംതന്നെ അവിടം സന്ദർശിക്കുന്നു. ദമ്പതികളായ ജോസഫും ക്രിസ്റ്റിനയും പറയുന്നു: “ഞങ്ങൾ ആദ്യം ഗയാനയിലേക്കു പോയി മൂന്നു മാസം അവിടെ താമസിച്ചു. ആ സ്ഥലവും ചുറ്റുപാടും ആയി പരിചയപ്പെടാൻ അതുതന്നെ ധാരാളമായിരുന്നു. എന്നിട്ട്‌ ഞങ്ങൾ വീട്ടിലേക്കു പോയി കാര്യങ്ങളൊക്കെ ശരിയാക്കിയിട്ട്‌ സാധനങ്ങളുമായി ഗയാനയിലേക്കു പോന്നു.”

അവർ എങ്ങനെ ഇണങ്ങിച്ചേർന്നു?

ജോഷുവ

 മറ്റൊരു നാട്ടിൽ പ്രവർത്തിക്കുന്നവർക്കു ദൈവസേവനത്തിൽ വിജയിക്കാൻ ആത്മത്യാഗമനോഭാവവും പ്രാദേശിക സാഹചര്യങ്ങളോടും രീതികളോടും ഇണങ്ങിച്ചേരാനുള്ള മനസ്സും വേണം. ഉദാഹരണത്തിന്‌, തണുപ്പുള്ള പ്രദേശങ്ങളിൽനിന്ന്‌ ഉഷ്‌ണമേഖലാപ്രദേശത്ത്‌ വന്ന്‌ താമസിക്കുന്ന സഹോദരങ്ങൾക്ക്‌ അവിടെയുള്ള പല തരം പ്രാണികൾ ഒരു ബുദ്ധിമുട്ടാകാറുണ്ട്‌. മുമ്പ്‌ പറഞ്ഞ ജോഷുവ പറയുന്നു: “ഇത്രയും പ്രാണികളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഗയാനയിലെ പ്രാണികൾക്ക്‌ ഒക്കെ എന്തൊരു വലുപ്പമാ! പിന്നെപ്പിന്നെ എനിക്ക്‌ അത്‌ പരിചയമായി. ഈ പ്രാണികളെ പരമാവധി കുറയ്‌ക്കാൻ വീട്‌ എപ്പോഴും വൃത്തിയാക്കിയിടണം, പാത്രങ്ങൾ സമയാസമയം കഴുകണം, അപ്പപ്പോൾ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൊണ്ടുപോയി കളയണം.”

 ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കുമ്പോൾ അവിടത്തെ ജീവിതവുമായി ഇണങ്ങിച്ചേരുന്നതിന്റെ ഭാഗമായി പരിചയമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കേണ്ടിവരും, അതു പാകം ചെയ്യേണ്ട വിധവും പഠിക്കേണ്ടിവരും. ജോഷുവ ഓർക്കുന്നു: “ചില ഭക്ഷണസാധനങ്ങൾ എങ്ങനെയാണു പാചകം ചെയ്യേണ്ടതെന്നു പറഞ്ഞുതരാമോ എന്നു ഞാനും എന്റെ കൂട്ടുകാരനും അവിടത്തെ സഹോദരീസഹോദരന്മാരോടു ചോദിക്കാറുണ്ട്‌. ഒരു പുതിയ വിഭവം ഉണ്ടാക്കാൻ പഠിച്ചാൽ ഞങ്ങൾ അത്‌ ഉണ്ടാക്കി സഭയിലെ സഹോദരങ്ങൾക്കു കൊടുക്കും. സഹോദരങ്ങളെ അടുത്ത്‌ അറിയാനും അവരുമായി സൗഹൃദബന്ധം വളർത്താനും കഴിയുന്ന നല്ലൊരു വഴിയാണ്‌ ഇത്‌.”

പോളും കാത്ത്‌ലിനും

 പ്രാദേശികരീതികളെക്കുറിച്ച്‌ പോളും കാത്ത്‌ലിനും പറയുന്നത്‌ ഇങ്ങനെയാണ്‌: “ഇവിടുത്തെ ആളുകൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വസ്‌ത്രധാരണത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ഞങ്ങൾ പഠിക്കേണ്ടിയിരുന്നു. അതൊക്കെ ഞങ്ങൾക്കു പുതിയ അനുഭവങ്ങളായിരുന്നു. ബൈബിൾതത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ വേണ്ട മാറ്റം വരുത്താൻ ഞങ്ങൾ താഴ്‌മയോടെ പഠിക്കണമായിരുന്നു. പ്രദേശത്തെ രീതികളുമായി ഇണങ്ങിച്ചേർന്നപ്പോൾ സഭയുമായുള്ള അടുപ്പം കൂടി, ശുശ്രൂഷ ഞങ്ങൾക്കു കൂടുതൽ എളുപ്പമായി.”

അവർക്കു ലഭിച്ച പ്രയോജനം

 മറ്റു പലർക്കും ഉള്ള അതേ അനുഭവങ്ങളാണു ജോസഫിനും ക്രിസ്റ്റിനയ്‌ക്കും പറയാനുള്ളത്‌: “തടസ്സങ്ങളെയും ബുദ്ധിമുട്ടുകളെയും കടത്തിവെട്ടുന്നതായിരുന്നു ഞങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങൾ. അതുവരെ പരിചയിച്ച സുഖാന്തരീക്ഷത്തിന്റെ പുറന്തോട്‌ പൊട്ടിച്ച്‌ പുറത്തേക്കു വന്നത്‌ ഞങ്ങളുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകാൻ ഒരുപാട്‌ സഹായിച്ചു. മുമ്പ്‌ ഞങ്ങൾ പ്രാധാന്യമുള്ളതായി കണ്ടിരുന്ന പലതും ഇപ്പോൾ ഞങ്ങൾക്കു പ്രാധാന്യമുള്ളതല്ല. ഞങ്ങൾക്കുണ്ടായ ഓരോ അനുഭവവും യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരാമാവധി ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിച്ചു. അതു ഞങ്ങൾക്കു ശരിക്കും സംതൃപ്‌തി നൽകി.”

 മുമ്പ്‌ പറഞ്ഞ എറിക്ക പറയുന്നു: “ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിച്ചപ്പോഴാണ്‌ യഹോവയിൽ മുഴുവനായും ആശ്രയിക്കുക എന്നു പറഞ്ഞാൽ എന്താണെന്ന്‌ എനിക്കും ഭർത്താവിനും ശരിക്കും മനസ്സിലായത്‌. മുമ്പ്‌ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധത്തിൽ യഹോവയുടെ കൈ ഞങ്ങൾ കണ്ടു. അതുപോലെ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ തമ്മിൽത്തമ്മിൽ പങ്കുവെച്ചപ്പോൾ ഞങ്ങളുടെ വിവാഹജീവിതത്തിന്റെ ഇഴയടുപ്പവും കൂടി.”

a 2005-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകത്തിൽ ഗയാനയിലെ പ്രവർത്തനങ്ങളെക്കുറിച്ച്‌ കാണാം.

b ട്രിനിഡാഡ്‌-ടൊബാഗൊ ബ്രാഞ്ചാണ്‌ ഇവിടുത്തെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നത്‌.