വിവരങ്ങള്‍ കാണിക്കുക

നമ്മുടെ മരണസ​മ​യം മുൻകൂ​ട്ടി നിശ്ചയി​ച്ചി​ട്ടു​ണ്ടോ?

നമ്മുടെ മരണസ​മ​യം മുൻകൂ​ട്ടി നിശ്ചയി​ച്ചി​ട്ടു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഇല്ല. ആരും മരിക്കാൻ മുൻകൂ​ട്ടി ഒരു സമയം നിശ്ചയി​ച്ചി​ട്ടി​ല്ല. വിധി​വി​ശ്വാ​സ​ത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു പകരം “അപ്രതീ​ക്ഷി​ത​സം​ഭ​വങ്ങ”ളാണ്‌ മിക്ക​പ്പോ​ഴും മരണത്തിന്‌ കാരണ​മെന്ന്‌ ബൈബിൾ പറയുന്നു.—സഭാ​പ്ര​സം​ഗ​കൻ 9:11.

“മരിക്കാൻ ഒരു സമയം” ഉണ്ടെന്ന്‌ ബൈബിൾ പറയു​ന്നി​ല്ലേ?

 ഉണ്ട്‌. “ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം. നടാൻ ഒരു സമയം, നട്ടതു പറിച്ചു​ക​ള​യാൻ ഒരു സമയം” എന്നു സഭാ​പ്ര​സം​ഗ​കൻ 3:2 പറയുന്നു. ‘ജീവി​ത​മാ​കു​ന്ന ചക്രത്തിൽ’ സാധാ​ര​ണ​യാ​യി സംഭവി​ക്കു​ന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ബൈബിൾ ഇവിടെ പറയു​ന്ന​തെന്ന്‌ ഈ വാക്യ​ത്തി​ന്റെ സന്ദർഭം വ്യക്തമാ​ക്കു​ന്നു. (സഭാ​പ്ര​സം​ഗ​കൻ 3:1-8) ഒരു നിശ്ചി​ത​സ​മ​യത്ത്‌ വിത്ത്‌ നടാൻ ഒരു കർഷകനെ ദൈവം നിർബ​ന്ധി​ക്കാ​ത്ത​തു​പോ​ലെ നമ്മൾ മരിക്കുന്ന സമയവും നേരത്തേ തീരു​മാ​നി​ച്ചു​വെ​ക്കു​ന്നില്ല. എന്നാൽ നമ്മുടെ സ്രഷ്ടാ​വി​നെ അവഗണി​ക്കു​ന്ന അളവോ​ളം ജീവി​ത​ത്തി​ലെ അനുദി​ന​കാ​ര്യ​ങ്ങ​ളിൽ മുഴു​കി​യി​രി​ക്കു​ന്നത്‌ നമ്മൾ ഒഴിവാ​ക്ക​ണം എന്നതാണ്‌ ഈ വാക്യ​ത്തി​ലെ ആശയം.—സഭാ​പ്ര​സം​ഗ​കൻ 3:11; 12:1, 13.

ജീവി​ത​ദൈർഘ്യം വർധി​പ്പി​ക്കാ​നാ​കും

 ജീവി​ത​ത്തിൽ ഒട്ടേറെ അനിശ്ചി​ത​ത്വ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ കൂടുതൽ കാലം ജീവി​ച്ചി​രി​ക്കാ​നാ​കും. “ബുദ്ധി​യു​ള്ള​വ​ന്റെ ഉപദേശം ജീവന്റെ ഉറവാണ്‌; അതു മരണത്തി​ന്റെ കുടു​ക്കു​ക​ളിൽനിന്ന്‌ ഒരുവനെ രക്ഷിക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​ത​ങ്ങൾ 13:14) അതു​പോ​ലെ ദൈവ​ത്തി​ന്റെ കല്‌പ​ന​കൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ “ദീർഘാ​യു​സ്സോ​ടി​രി​ക്കാൻ” കഴിയു​മെന്ന്‌ മോശ ഇസ്രാ​യേ​ല്യ​രോട്‌ പറഞ്ഞു. (ആവർത്തനം 6:2) എന്നാൽ മോശ​വും ബുദ്ധി​ശൂ​ന്യ​വും ആയ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു​കൊണ്ട്‌ ജീവി​ത​ദൈർഘ്യം അനാവ​ശ്യ​മാ​യി കുറയ്‌ക്കാ​നും നമുക്കാ​കും.—സഭാ​പ്ര​സം​ഗ​കൻ 7:17.

 എന്നാൽ എത്രതന്നെ ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ത്താ​ലും ജാഗ്ര​ത​യോ​ടെ​യി​രു​ന്നാ​ലും നമുക്ക്‌ മരണത്തിൽനിന്ന്‌ രക്ഷപെ​ടാ​നാ​കി​ല്ല. (റോമർ 5:12) പക്ഷേ, ഈ അവസ്ഥയ്‌ക്ക്‌ ഒരു മാറ്റം വരും. കാരണം, “മേലാൽ മരണം ഉണ്ടായി​രി​ക്കി​ല്ല” എന്നാണ്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യു​ന്നത്‌!—വെളി​പാട്‌ 21:4.