വിവരങ്ങള്‍ കാണിക്കുക

ദശാം​ശ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

ദശാം​ശ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 ആരാധ​ന​യെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർ അവരുടെ വാർഷി​ക​വ​രു​മാ​ന​ത്തി​ന്റെ പത്തി​ലൊന്ന്‌ അഥവാ ദശാംശം a സംഭാ​വ​ന​യാ​യി കൊടു​ക്കാൻ ദൈവം കല്‌പി​ച്ചി​രു​ന്നു. ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: “വർഷം​തോ​റും നിങ്ങളു​ടെ നിലത്തെ എല്ലാ വിളവു​ക​ളു​ടെ​യും പത്തി​ലൊ​ന്നു (“ദശാംശം,” പി.ഒ.സി) നിങ്ങൾ നിർബ​ന്ധ​മാ​യും നൽകണം.”—ആവർത്തനം 14:22.

 ദശാംശം കൊടു​ക്കാ​നുള്ള കല്‌പന മോശ​യു​ടെ നിയമ​ത്തി​ന്റെ ഭാഗമാണ്‌. ദൈവം പുരാതന ഇസ്രാ​യേൽ ജനത്തിനു നൽകിയ നിയമ​സം​ഹി​ത​യാ​ണു മോശ​യു​ടെ നിയമം. ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമ​ത്തി​ന്റെ കീഴിലല്ല. അതു​കൊ​ണ്ടു​തന്നെ അവർ ദശാംശം കൊടു​ക്കേണ്ട ആവശ്യ​മില്ല. (കൊ​ലോ​സ്യർ 2:13, 14) എങ്കിലും ഓരോ ക്രിസ്‌ത്യാ​നി​കൾക്കും സംഭാ​വ​നകൾ കൊടു​ക്കാ​നാ​കും. ബൈബിൾ പറയു​ന്നത്‌, “ഓരോ​രു​ത്ത​രും ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തു​പോ​ലെ ചെയ്യട്ടെ. മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യോ നിർബ​ന്ധ​ത്താ​ലോ അരുത്‌. സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌” എന്നാണ്‌.—2 കൊരി​ന്ത്യർ 9:7.

 ദശാംശം “പഴയ നിയമ​ത്തിൽ”

 “പഴയ നിയമം” എന്ന്‌ അറിയ​പ്പെ​ടുന്ന ബൈബി​ളി​ന്റെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ദശാംശം എന്ന പദം പല പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. മോശ​യി​ലൂ​ടെ ഇസ്രാ​യേൽ ജനത്തിന്‌ നിയമ​സം​ഹിത (മോശ​യു​ടെ നിയമം) കൊടു​ത്ത​തി​നു ശേഷമുള്ള കാലഘ​ട്ട​ത്തി​ലാണ്‌ ഈ പദം കൂടു​ത​ലാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ അതിനു മുമ്പും രണ്ടു പ്രാവ​ശ്യം ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

മോശ​യു​ടെ നിയമ​ത്തി​നു മുമ്പ്‌

 ദശാംശം കൊടു​ത്ത​താ​യി ബൈബിൾ പറയുന്ന ആദ്യത്തെ വ്യക്തി അബ്രാം (അബ്രാ​ഹാം) ആണ്‌. (ഉൽപത്തി 14:18-20; എബ്രായർ 7:4) ശാലേ​മി​ലെ രാജാ​വും പുരോ​ഹി​ത​നും ആയിരുന്ന മൽക്കീ​സേ​ദെ​ക്കിന്‌ അബ്രാം ഒരിക്കൽ ദശാംശം നൽകി​യ​താ​യി ബൈബിൾ പറയുന്നു. പിന്നീട്‌ അബ്രാ​ഹാ​മോ അദ്ദേഹ​ത്തി​ന്റെ മക്കളോ ദശാംശം കൊടു​ത്ത​താ​യി ബൈബി​ളിൽ എവി​ടെ​യും പറയു​ന്നില്ല.

 ദശാംശം കൊടുത്ത രണ്ടാമത്തെ വ്യക്തി അബ്രാ​ഹാ​മി​ന്റെ കൊച്ചു​മ​ക​നായ യാക്കോ​ബാണ്‌. ദൈവം തന്നെ അനു​ഗ്ര​ഹി​ച്ചാൽ തനിക്കു ലഭിക്കുന്ന “എല്ലാത്തി​ന്റെ​യും പത്തി​ലൊ​ന്നു” ദൈവ​ത്തി​നു​തന്നെ തിരി​ച്ചു​കൊ​ടു​ക്കാ​മെന്നു യാക്കോബ്‌ വാക്കു കൊടു​ക്കു​ന്നു. (ഉൽപത്തി 28:20-22) ചില ബൈബിൾപ​ണ്ഡി​ത​ന്മാർ പറയു​ന്ന​ത​നു​സ​രിച്ച്‌, യാക്കോബ്‌ മൃഗബ​ലി​ക​ളി​ലൂ​ടെ​യാ​യി​രി​ക്കാം ദശാംശം കൊടു​ത്തത്‌. യാക്കോബ്‌ തന്റെ വാക്കു പാലിച്ചു, ദൈവ​ത്തി​നു ദശാംശം കൊടു​ത്തു. എന്നാൽ തന്റെ കുടും​ബാം​ഗങ്ങൾ ആ രീതി തുടരണം എന്നു യാക്കോബ്‌ ആവശ്യ​പ്പെ​ട്ടില്ല.

മോശ​യു​ടെ നിയമ​ത്തിൽ

 പുരാതന ഇസ്രാ​യേ​ലി​ലെ ആരാധ​നാ​പ​ര​മായ ആവശ്യ​ങ്ങളെ പിന്തു​ണ​യ്‌ക്കാ​നാ​യി ദശാംശം കൊടു​ക്കാൻ മോശ​യു​ടെ നിയമ​ത്തിൽ ആവശ്യ​പ്പെ​ട്ടി​രു​ന്നു.

  •   മുഴുവൻ സമയം ആരാധ​ന​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന പുരോ​ഹി​ത​ന്മാർ ഉൾപ്പെ​ടെ​യുള്ള ലേവ്യർക്ക്‌, സ്വന്തമാ​യി കൃഷി ചെയ്യാൻ സ്ഥലങ്ങളു​ണ്ടാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ അവർക്കു ദശാംശം കൊടു​ത്തി​രു​ന്നു. (സംഖ്യ 18:20, 21) ജനങ്ങളിൽനിന്ന്‌ പുരോ​ഹി​ത​ര​ല്ലാത്ത ലേവ്യർക്കു ദശാംശം കിട്ടു​മാ​യി​രു​ന്നു. അവർക്കു ലഭിച്ച “പത്തി​ലൊ​ന്നി​ന്റെ, പത്തി​ലൊ​ന്നു” അവർ പുരോ​ഹി​ത​ന്മാർക്കു കൊടു​ക്കു​മാ​യി​രു​ന്നു.—സംഖ്യ 18:26-29.

  •   വർഷം​തോ​റും മറ്റൊരു ദശാം​ശം​കൂ​ടെ ജനം കൊടു​ക്ക​ണ​മാ​യി​രു​ന്നു. അതു ലേവ്യർക്കും അല്ലാത്ത​വർക്കും വേണ്ടി​യു​ള്ള​താ​യി​രു​ന്നു. (ആവർത്തനം 14:22, 23) ഈ ദശാംശം സാധാ​ര​ണ​യാ​യി ഇസ്രാ​യേ​ല്യ​കു​ടും​ബങ്ങൾ വാർഷി​കാ​ഘോ​ഷ​ങ്ങൾക്കു​വേണ്ടി മാറ്റി​വെ​ക്കു​ന്ന​താണ്‌. എന്നാൽ ചില പ്രത്യേക വർഷങ്ങ​ളിൽ പാവ​പ്പെ​ട്ട​വരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി അതു ഉപയോ​ഗി​ച്ചി​രു​ന്നു.—ആവർത്തനം 14:28, 29; 26:12.

 ദശാംശം എങ്ങനെ​യാണ്‌ കണക്കു​കൂ​ട്ടി​യി​രു​ന്നത്‌? വാർഷി​ക​മാ​യി ഇസ്രാ​യേ​ല്യർക്കു കിട്ടുന്ന വിളവി​ന്റെ പത്തി​ലൊന്ന്‌ അവർ മാറ്റി​വെ​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ 27:30) വിളവ്‌ കൊടു​ക്കാ​തെ അതു പണമായി നൽകാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ വിളവി​ന്റെ വിലയും അതിന്റെ അഞ്ചി​ലൊ​ന്നും​കൂ​ടെ കൊടു​ക്കണം. (ലേവ്യ 27:31) അതു​പോ​ലെ​തന്നെ ‘കന്നുകാ​ലി​ക​ളി​ലെ​യും ആട്ടിൻപ​റ്റ​ത്തി​ലെ​യും പത്തി​ലൊ​ന്നും’ കൊടു​ക്കാൻ ദൈവം അവരോ​ടു കല്‌പി​ച്ചി​രു​ന്നു.—ലേവ്യ 27:32.

 ഏതു മൃഗ​ത്തെ​യാ​ണു ദശാം​ശ​മാ​യി കൊടു​ക്കേ​ണ്ട​തെന്ന്‌ ഇസ്രാ​യേ​ല്യർ എങ്ങനെ​യാ​ണു തീരു​മാ​നി​ച്ചി​രു​ന്നത്‌? തൊഴു​ത്തിൽനിന്ന്‌ പുറത്തു​വ​രുന്ന ഓരോ പത്താമത്തെ കന്നുകാ​ലി​യെ​യും ആടി​നെ​യും അവർ ദശാം​ശ​മാ​യി കൊടു​ക്ക​ണ​മാ​യി​രു​ന്നു. ആ മൃഗങ്ങളെ പരി​ശോ​ധി​ക്കാ​നോ അതിനു പകരം മറ്റൊ​ന്നി​നെ കൊടു​ക്കാ​നോ അല്ലെങ്കിൽ അവയ്‌ക്കു പകരം ദശാം​ശ​മാ​യി പണം കൊടു​ക്കാ​നോ പാടി​ല്ലാ​യി​രു​ന്നു. (ലേവ്യ 27:32, 33) എന്നാൽ വാർഷി​കാ​ഘോ​ഷ​ത്തി​നു​വേ​ണ്ടി​യുള്ള രണ്ടാമത്തെ തരം ദശാംശം പണമായി നൽകാ​വു​ന്ന​താണ്‌. ദൂരെ​നിന്ന്‌ വരുന്ന ഇസ്രാ​യേ​ല്യർക്ക്‌ ഇതു വളരെ സൗകര്യ​മാ​കു​മാ​യി​രു​ന്നു.—ആവർത്തനം 14:25, 26.

 ഇസ്രാ​യേ​ല്യർ എപ്പോ​ഴാ​ണു ദശാംശം കൊടു​ക്കു​ന്നത്‌? ഓരോ വർഷവും അവർ ദശാംശം കൊടു​ക്ക​ണ​മാ​യി​രു​ന്നു. (ആവർത്തനം 14:22) എന്നാൽ എല്ലാ ഏഴാമത്തെ വർഷത്തി​ലും ഒരു വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഏഴാമത്തെ വർഷം വിശ്ര​മ​ത്തി​ന്റെ വർഷം അഥവാ ശബത്തു​വർഷം ആയതു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ കൃഷി ചെയ്‌തി​രു​ന്നില്ല. (ലേവ്യ 25:4, 5) ഈ പ്രത്യേക സാഹച​ര്യം പരിഗ​ണിച്ച്‌ ആ വർഷം ദശാംശം വാങ്ങി​യി​രു​ന്നില്ല. കൂടാതെ, മൂന്നും ആറും വർഷങ്ങ​ളിൽ ഇസ്രാ​യേ​ല്യർ മാറ്റി​വെ​ക്കുന്ന രണ്ടാമത്തെ ദശാംശം പാവ​പ്പെ​ട്ട​വർക്കും ലേവ്യർക്കും കൊടു​ക്കു​മാ​യി​രു​ന്നു.—ആവർത്തനം 14:28, 29.

 ദശാംശം കൊടു​ത്തി​ല്ലെ​ങ്കി​ലുള്ള പിഴ എന്തായി​രു​ന്നു? ദശാംശം കൊടു​ക്കാ​ത്തവർ എന്തെങ്കി​ലും പിഴയ​ട​ക്ക​ണ​മെന്നു മോശ​യു​ടെ നിയമ​ത്തിൽ പറയു​ന്നില്ല. അവർ സ്വമന​സ്സാ​ലെ ദശാംശം കൊടു​ക്ക​ണ​മാ​യി​രു​ന്നു. അതിനു ശേഷം അതെക്കു​റിച്ച്‌ അവർ ദൈവ​ത്തോ​ടു പറയു​ക​യും ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​നു​വേണ്ടി അപേക്ഷി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. (ആവർത്തനം 26:12-15) ദശാംശം കൊടു​ക്കാ​തി​രി​ക്കു​ന്നതു ദൈവം മോഷ​ണ​മാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌.—മലാഖി 3:8, 9.

 ദശാംശം ഒരു അധിക​ഭാ​ര​മാ​യി​രു​ന്നോ? അല്ല. ദശാംശം കൊടു​ത്താൽ ഇസ്രാ​യേൽ ജനത്തെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​മെ​ന്നും അവർക്ക്‌ ഒന്നിനും കുറവു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ദൈവം ഉറപ്പു​കൊ​ടു​ത്തി​രു​ന്നു. (മലാഖി 3:10) എന്നാൽ ദശാംശം കൊടു​ക്കാൻ ജനം മടികാ​ണി​ച്ച​പ്പോൾ അവർ ദുരിതം അനുഭ​വി​ച്ചു. അവർക്ക്‌ ദൈവ​ത്തി​ന്റെ അനു​ഗ്രഹം നഷ്ടമാ​കു​ക​യും ചെയ്‌തു. കാരണം അവരെ ആരാധ​നാ​കാ​ര്യ​ങ്ങ​ളിൽ സഹായി​ക്കാൻ നിയോ​ഗി​ച്ചി​രുന്ന ലേവ്യർക്കും പുരോ​ഹി​തർക്കും പുറത്തു​പോ​യി ജോലി ചെയ്യേ​ണ്ടി​വന്നു. അതുമൂ​ലം അവരുടെ സേവന​ത്തിൽനിന്ന്‌ ഇസ്രാ​യേ​ല്യർക്കു പ്രയോ​ജനം നേടാൻ കഴിയാ​തെ പോകു​ക​യും ചെയ്‌തു.—നെഹമ്യ 13:10; മലാഖി 3:7.

 ദശാംശം “പുതിയ നിയമ​ത്തിൽ”

 യേശു ഭൂമി​യിൽ മനുഷ്യ​നാ​യി ജീവി​ച്ചി​രുന്ന കാലത്തും ദൈവ​ത്തി​ന്റെ ആരാധകർ ദശാംശം കൊടു​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ യേശു​വി​ന്റെ മരണ​ത്തോ​ടെ ഈ രീതിക്കു മാറ്റം വന്നു.

യേശു​വി​ന്റെ കാലത്ത്‌

 “പുതിയ നിയമം” എന്ന്‌ അറിയ​പ്പെ​ടുന്ന ബൈബി​ളി​ന്റെ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ ഇസ്രാ​യേ​ല്യർ ദശാംശം കൊടു​ത്ത​താ​യി പറയുന്നു, അതായത്‌ യേശു ഭൂമി​യിൽ ജീവി​ച്ചി​രുന്ന കാലത്ത്‌. ദശാംശം കൊടു​ക്കാ​നുള്ള കടപ്പാട്‌ ഇസ്രാ​യേ​ല്യർക്കുണ്ട്‌ എന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. കണിശ​മാ​യി ദശാംശം കൊടു​ക്കു​ക​യും എന്നാൽ അതേസ​മയം “ന്യായം, കരുണ, വിശ്വ​സ്‌തത എന്നിങ്ങനെ നിയമ​ത്തി​ലെ പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ” അവഗണി​ക്കു​ക​യും ചെയ്‌തി​രുന്ന മതനേ​താ​ക്ക​ന്മാ​രെ യേശു കുറ്റം വിധിച്ചു.—മത്തായി 23:23.

യേശു​വി​ന്റെ മരണത്തി​നു ശേഷം

 യേശു​വി​ന്റെ മരണത്തി​നു ശേഷം ദശാംശം കൊടു​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. കാരണം യേശു​വി​ന്റെ ത്യാഗ​പൂർണ​മായ ബലിമ​രണം മോശ​യു​ടെ നിയമം അസാധു​വാ​ക്കി. അതിലൂ​ടെ ‘ദശാംശം വാങ്ങണ​മെന്ന നിയമ​ത്തി​ലെ കല്‌പ​ന​യും’ അസാധു​വാ​യി.—എബ്രായർ 7:5, 18; എഫെസ്യർ 2:13-15; കൊ​ലോ​സ്യർ 2:13, 14.

a “വരുമാ​ന​ത്തി​ന്റെ പത്തി​ലൊന്ന്‌ ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നു​വേണ്ടി ഒരാൾ മാറ്റി​വെ​ക്കു​ന്നു.” ഇതി​നെ​യാ​ണു ദശാംശം എന്നു പറയു​ന്നത്‌. “മതപര​മായ ആവശ്യ​ത്തി​നു​വേ​ണ്ടി​യാ​ണു മിക്ക​പ്പോ​ഴും ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ദശാംശം ഉപയോ​ഗി​ക്കു​ന്നത്‌.”—ഹാർപ്പർ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌), പേജ്‌ 765.