വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ ആത്മീയത? അതുണ്ടായിരിക്കാൻ ഒരു മതത്തിന്റെ ഭാഗമായിരിക്കണോ?

എന്താണ്‌ ആത്മീയത? അതുണ്ടായിരിക്കാൻ ഒരു മതത്തിന്റെ ഭാഗമായിരിക്കണോ?

ബൈബിളിന്റെ ഉത്തരം

 ബൈബിളിൽ പറയുന്ന ആത്മീയത ദൈവത്തെ സന്തോഷിപ്പിക്കാനും ദൈവം ചിന്തിക്കുന്ന വിധത്തിൽ ചിന്തിക്കാനും ഉള്ള ഒരാളുടെ അതിയായ ആഗ്രഹവും മനസ്സൊരുക്കവും ആണെന്നു പറയാൻ കഴിയും. ആത്മീയതയുള്ള ഒരാൾ ദൈവത്തിന്റെ നിലവാരങ്ങൾക്കും പരിശുദ്ധാത്മാവിന്റെ വഴിനയിക്കലിനും ചേർച്ചയിൽ ജീവിക്കാൻ നന്നായി ശ്രമിക്കും. aറോമർ 8:5; എഫെസ്യർ 5:1.

 ബൈബിളിൽ ആത്മീയതയില്ലാത്ത ഒരു വ്യക്തിയെക്കുറിച്ച്‌ പറയുന്ന കാര്യങ്ങളിൽനിന്ന്‌ ആത്മീയത എന്താണെന്നു മനസ്സിലാക്കാൻ പറ്റും. ആത്മീയതയുള്ള ഒരാളിൽനിന്ന്‌ വ്യത്യസ്‌തമായി “ജഡികമനുഷ്യൻ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ,” അഥവാ ദൈവം പഠിപ്പിക്കുന്ന കാര്യങ്ങൾ “സ്വീകരിക്കുന്നില്ല.” (1 കൊരിന്ത്യർ 2:14-16) ആത്മീയമനുഷ്യരിൽനിന്ന്‌ വ്യത്യസ്‌തമായി ജഡികമനുഷ്യർക്കിടയിൽ “അസൂയയും കലഹവും” ഉണ്ടാകുന്നു. അവർ ദാനശീലരും സമാധാനം ഉണ്ടാക്കുന്നവരും അല്ല. (1 കൊരിന്ത്യർ 3:1-3) പരദൂഷണം പറയുന്നവരെയും ഉറ്റ സുഹൃത്തുക്കളെ തമ്മിലടിപ്പിക്കുന്നവരെയും “ആത്മീയത ഇല്ലാത്തവരും മൃഗീയരും” എന്നാണു വിളിക്കുന്നത്‌.—യൂദ 19; സുഭാഷിതങ്ങൾ 16:28. b

ഈ ലേഖനത്തിൽ

 ആത്മീയത എവിടെനിന്നാണ്‌ വരുന്നത്‌?

 ദൈവത്തിന്റെ ഛായയിൽ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട്‌ ആത്മീയതയുള്ളവരായിരിക്കാനുള്ള കഴിവ്‌ നമുക്കുണ്ട്‌. (ഉൽപത്തി 1:27) അതുകൊണ്ട്‌ കാണാനോ തൊടാനോ കഴിയാത്ത കാര്യങ്ങളെ മിക്കവരും വിലമതിക്കുകയും അതിനെക്കുറിച്ച്‌ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നതിൽ അതിശയിക്കാനില്ല.

 ദൈവമായ യഹോവയുടെ c ഗുണങ്ങൾ കാണിക്കാനുള്ള കഴിവ്‌ ജന്മനാ നമുക്കുണ്ട്‌. അതുകൊണ്ടാണ്‌, പക്ഷപാതം കാണിക്കാതിരിക്കാനും സമാധാനം, കരുണ പോലുള്ള ഗുണങ്ങളുള്ളവരായിരിക്കാനും നമുക്ക്‌ കഴിയുന്നത്‌. (യാക്കോബ്‌ 3:17) അതുമാത്രമല്ല, തന്റെ കല്‌പനകൾ അനുസരിക്കാൻ ശ്രമിക്കുന്നവരുടെ ആത്മീയത ദൈവം ശക്തമാക്കുകയും ചെയ്യും.—പ്രവൃത്തികൾ 5:32.

 ആത്മീയത പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

 ആത്മീയത “ജീവനും സമാധാനവും” തരുന്നു. (റോമർ 8:6) ദൈവം തരുന്ന അമൂല്യമായ സമ്മാനങ്ങളാണ്‌ ഇത്‌.

  •   ജീവൻ: ആത്മീയതയുള്ളവർക്ക്‌ നിത്യജീവൻ നൽകുമെന്ന്‌ ദൈവം ഉറപ്പുകൊടുക്കുന്നു.—യോഹന്നാൻ 17:3; ഗലാത്യർ 6:8.

  •   സമാധാനം: ഇതു ദൈവവുമായുള്ള സമാധാനമാണ്‌. ഭൗതികാവശ്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നവർ ദൈവത്തിന്റെ ശത്രുക്കളാണ്‌. (റോമർ 8:7) ആത്മീയത വളർത്തിയെടുക്കുന്നവർക്കു ദൈവം “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” നൽകും. (ഫിലിപ്പിയർ 4:6, 7) ആ സമാധാനം ജീവിതത്തിൽ സന്തോഷമുള്ളവരായിരിക്കാൻ അവരെ സഹായിക്കും.—മത്തായി 5:3.

 എനിക്ക്‌ എങ്ങനെ ആത്മീയത വളർത്താം?

  •   ദൈവത്തിന്റെ കല്‌പനകൾ പഠിക്കുക, അനുസരിക്കുക. ബൈബിൾ വായിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ അതു ചെയ്യാം. “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി” ആളുകൾ എഴുതിയ ദൈവത്തിന്റെ ചിന്തകളാണ്‌ അതിലുള്ളത്‌. (2 പത്രോസ്‌ 1:21) ബൈബിളിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ “ദൈവാത്മാവോടെയും സത്യത്തോടെയും” ദൈവത്തെ ആരാധിക്കാൻ അതായത്‌, പരിശുദ്ധാത്മാവിന്റെ വഴിനയിക്കലിനും ദൈവത്തിന്റെ ഇഷ്ടത്തിനും ചേർച്ചയിൽ ആരാധിക്കാൻ, നിങ്ങളെ സഹായിക്കും.—യോഹന്നാൻ 4:24.

  •   ദൈവത്തിന്റെ സഹായത്തിനുവേണ്ടി പ്രാർഥിക്കുക. (ലൂക്കോസ്‌ 11:13) ഒരു ആത്മീയവ്യക്തിക്കുവേണ്ട ഗുണങ്ങൾ വളർത്താൻ ദൈവം നിങ്ങളെ സഹായിക്കും. (ഗലാത്യർ 5:22, 23) ജീവിതത്തിലെ പ്രശ്‌നങ്ങളെ മറികടക്കാനുള്ള ജ്ഞാനവും പ്രാർഥനയിലൂടെ നിങ്ങൾക്കു കിട്ടും.—യാക്കോബ്‌ 1:5.

  •   ആത്മീയതയുള്ളവരെ കൂട്ടുകാരാക്കുക. നിങ്ങളുടെ ആത്മീയത കൂട്ടാൻ വേണ്ട പ്രോത്സാഹനം അവർ തരും. (റോമർ 1:11, 12) എന്നാൽ ദൈവത്തിന്റെ ചിന്തകൾക്കു വിപരീതമായി ചിന്തിക്കുന്നവരെ കൂട്ടുകാരാക്കിയാൽ അതു നിങ്ങളുടെ ആത്മീയത തകർക്കും.—യാക്കോബ്‌ 4:4.

 ആത്മീയതയുണ്ടായിരിക്കാൻ ഒരു മതത്തിലായിരിക്കണോ?

 വെറുതേ ഒരു മതത്തിന്റെ ഭാഗമാണെന്നു കരുതി ഒരാൾക്ക്‌ ആത്മീയതയുണ്ടെന്നു പറയാൻ പറ്റില്ല. ബൈബിൾ പറയുന്നു: “താൻ ഭക്തനാണെന്ന്‌ കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്‌; അയാളുടെ ആരാധനകൊണ്ട്‌ ഒരു പ്രയോജനവുമില്ല.”—യാക്കോബ്‌ 1:26, അടിക്കുറിപ്പ്‌.

 ബൈബിൾ സൂചിപ്പിക്കുന്നത്‌ ആത്മീയതയുള്ളവർ ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ ദൈവത്തെ ആരാധിക്കും എന്നാണ്‌. ‘ആത്മാവ്‌ ഒന്നേയുള്ളൂ,’ അത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ആണെന്ന്‌ അവർ അംഗീകരിക്കുന്നു. ‘ഒരു ശരീരംപോലെ’ ദൈവത്തെ ആരാധിക്കാൻ, അതായത്‌ “സമാധാനബന്ധം കാത്തുകൊണ്ട്‌ ആത്മാവിനാലുള്ള ഐക്യം” നിലനിറുത്തുന്ന ഒരു സംഘടിതകൂട്ടമായി ദൈവത്തെ ആരാധിക്കാൻ, ആ ആത്മാവ്‌ അവരെ പ്രേരിപ്പിക്കുന്നു.—എഫെസ്യർ 4:1-4.

 ആത്മീയതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ

 തെറ്റിദ്ധാരണ: ഒരാളെ സംതൃപ്‌തനോ ഏറ്റവും മെച്ചപ്പെട്ട വ്യക്തിയോ ആക്കുന്നതെന്തും ആത്മീയതയിൽ ഉൾപ്പെടുന്നതാണ്‌.

 വസ്‌തുത: ദൈവത്തിന്റെ ചിന്തകൾക്കു ചേർച്ചയിലുള്ള ഒരു ജീവിതരീതിയെയാണു ബൈബിളിൽ ആത്മീയത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അല്ലാതെ ദൈവത്തിന്റെ സഹായമില്ലാതെ ജീവിതം സഫലമാക്കാൻ ശ്രമിക്കുന്നതല്ല. യഹോവയാണു സ്രഷ്ടാവ്‌ എന്ന്‌ മനസ്സിലാക്കിക്കൊണ്ടും യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ടും ആണ്‌ ആത്മീയതയുള്ളവർ ജീവിതം സഫലമാക്കുന്നത്‌.—സങ്കീർത്തനം 100:3.

 തെറ്റിദ്ധാരണ: എല്ലാ സുഖങ്ങളും വേണ്ടെന്നുവെച്ചുകൊണ്ടോ സ്വയം വേദനിപ്പിച്ചുകൊണ്ടോ ഒരാൾക്ക്‌ ആത്മീയത വളർത്തിയെടുക്കാം.

 വസ്‌തുത: സ്വയം വേദനിപ്പിക്കുന്നത്‌ ‘സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഭക്തിപ്രകടനമാണ്‌,’ ഒരുതരം ജഡികചിന്താഗതി. (കൊലോസ്യർ 2:18, 23) ബൈബിൾ പറയുന്നതനുസരിച്ച്‌ ഒരു ആത്മീയജീവിതം നിങ്ങൾക്ക്‌ സന്തോഷമാണു തരേണ്ടത്‌, വേദനയല്ല.—സുഭാഷിതങ്ങൾ 10:22.

 തെറ്റിദ്ധാരണ: ഭൂതവിദ്യയോ മരിച്ചവരുടെ ആത്മാക്കളുമായുള്ള സംസാരമോ ഉൾപ്പെടെ ആത്മമണ്ഡലവുമായി സമ്പർക്കത്തിൽ വരുന്നതെന്തും ആത്മീയതയിൽ ഉൾപ്പെടുന്നതാണ്‌.

 വസ്‌തുത: ഭൂതവിദ്യയെന്നു പറഞ്ഞാൽ ദൈവത്തിന്റെ എതിരാളികളായ ആത്മജീവികളുമായുള്ള ആശയവിനിമയമാണ്‌. അതിൽപ്പെടുന്ന ഒരു കാര്യംതന്നെയാണു മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാമെന്നുള്ള വിശ്വാസം. പക്ഷേ ബൈബിൾ പഠിപ്പിക്കുന്നത്‌ മരിച്ചവർ ഒന്നും അറിയുന്നില്ല എന്നാണ്‌. (സഭാപ്രസംഗകൻ 9:5) ഭൂതവിദ്യ ദൈവത്തെ ദേഷ്യംപിടിപ്പിക്കും. അതു ചെയ്യുന്ന ഒരാൾക്ക്‌ ആത്മീയതയുള്ള ഒരാളാകാൻ കഴിയില്ല.—ലേവ്യ 20:6; ആവർത്തനം 18:11, 12.

 തെറ്റിദ്ധാരണ: എല്ലാ ജീവികൾക്കും സഹജമായി ആത്മീയതയുണ്ട്‌.

 വസ്‌തുത: ദൈവത്തിന്റെ എല്ലാ സൃഷ്ടികളും ദൈവത്തിനു മഹത്ത്വം കൊടുക്കുന്നുണ്ട്‌. (സങ്കീർത്തനം 145:10; റോമർ 1:20) എന്നാൽ ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കു മാത്രമേ ആത്മീയത വളർത്തിയെടുക്കാൻ കഴിയൂ. പക്ഷേ മറ്റു ജീവികൾ സഹജജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്‌. അവയ്‌ക്കു ദൈവത്തിന്റെ സുഹൃത്താകാൻ കഴിയില്ല. സ്വന്തം ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനാണ്‌ അവ ഓരോ കാര്യങ്ങളും ചെയ്യുന്നത്‌. (2 പത്രോസ്‌ 2:12) അതുകൊണ്ടാണു ബൈബിളിൽ ആത്മീയതയെ മൃഗങ്ങളുടെ ചിന്തകൾക്കും സ്വഭാവങ്ങൾക്കും നേർവിപരീതമായി പറഞ്ഞിരിക്കുന്നത്‌.—യാക്കോബ്‌ 3:15; യൂദ 19.

a ബൈബിളിൽ “ആത്മാവ്‌” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കിന്റെ അടിസ്ഥാന അർഥം “ശ്വാസം” എന്നാണ്‌. മനുഷ്യർക്കു കാണാനാകാത്തതും ചലനത്തിലൂടെ ശക്തിയുടെ തെളിവ്‌ നൽകുന്നതും ആയ കാര്യങ്ങളെയും ഇതിന്‌ അർഥമാക്കാനാകും. ബൈബിളിൽ ദൈവത്തെയാണ്‌ ഏറ്റവും ഉന്നതനായ ആത്മവ്യക്തിയായി വിശേഷിപ്പിക്കുന്നത്‌. ആത്മീയതയുള്ള ഒരാൾ ദൈവത്തിന്റെ ഇഷ്ടത്തിനും പരിശുദ്ധാത്മാവിന്റെ വഴിനയിക്കലിനും ചേർച്ചയിലാണു തീരുമാനങ്ങളെടുക്കുന്നത്‌.

b ബൈബിളിൽ “ജഡിക” മനുഷ്യർ എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത്‌ തങ്ങളുടെ ശാരീരികമോ ഭൗതികമോ ആയ ആവശ്യങ്ങൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ആളുകളെയാണ്‌. ദൈവികനിലവാരങ്ങൾ അനുസരിച്ചല്ല അങ്ങനെയുള്ള ആളുകൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്‌.

c ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.