വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | വിവാ​ഹ​ജീ​വി​തം

വർഷങ്ങൾ നീണ്ട വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്ക​ണോ?

വർഷങ്ങൾ നീണ്ട വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്ക​ണോ?

 1990-നും 2015-നും ഇടയിൽ, ഐക്യ​നാ​ടു​ക​ളിൽ 50 വയസ്സും അതിനു മുകളി​ലും ഉള്ള ആളുകൾക്കി​ട​യി​ലെ വിവാ​ഹ​മോ​ച​ന​നി​രക്ക്‌ ഇരട്ടി​യാ​യി. 65 വയസ്സിനു മുകളി​ലു​ള്ള​വ​രു​ടേത്‌ മൂന്നി​ര​ട്ടി​യാ​യി. പ്രായ​മാ​യ​വർക്കി​ട​യിൽ വർധി​ച്ചു​വ​രുന്ന വിവാ​ഹ​മോ​ച​ന​ത്തിന്‌ ഗവേഷകർ “ഗ്രേ ഡിവോ​ഴ്‌സ്‌” എന്നു പേരിട്ടു. ഇത്തരം വിവാ​ഹ​മോ​ച​ന​ത്തി​നു പിന്നിലെ കാരണം എന്താണ്‌? നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തത്തെ അതു ബാധി​ക്കാ​തി​രി​ക്കാൻ എന്തു ചെയ്യാം?

ഈ ലേഖന​ത്തിൽ

 ഗ്രേ ഡിവോ​ഴ്‌സി​നു പിന്നിലെ കാരണങ്ങൾ എന്തൊ​ക്കെ​യാണ്‌?

  •    പലപ്പോ​ഴും പ്രായ​മായ ദമ്പതി​കൾക്കി​ട​യി​ലെ വിവാ​ഹ​മോ​ച​ന​ത്തി​നു കാരണം കാലങ്ങൾകൊണ്ട്‌ അവർക്കി​ട​യിൽ ഉണ്ടാകുന്ന അകൽച്ച​യാണ്‌. സമയം കടന്നു​പോ​കവെ, ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌ വ്യത്യസ്‌ത ഇഷ്ടാനി​ഷ്ടങ്ങൾ ഉണ്ടാകു​ന്നു. അങ്ങനെ അവർ രണ്ടു പേരും ഒരു​പോ​ലെ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ കുറയു​ന്നു. അല്ലെങ്കിൽ കുട്ടികൾ വീടു വിട്ട്‌ പോയി​ക്ക​ഴി​യു​മ്പോൾ ദമ്പതികൾ ഒരു കാര്യം മനസ്സി​ലാ​ക്കി​യേ​ക്കാം: ഇത്രയും കാലം തങ്ങൾ ജീവി​ച്ചി​രു​ന്നത്‌ മാതാ​പി​താ​ക്ക​ളാ​യി മാത്ര​മാണ്‌, ഭാര്യാ​ഭർത്താ​ക്ക​ന്മാ​രാ​യി ജീവി​ക്കേ​ണ്ടത്‌ എങ്ങനെ​യെ​ന്നു​പോ​ലും തങ്ങൾ മറന്നു​പോ​യി എന്ന്‌.

  •    ഓരോ ഇണയും അവനവന്റെ ആവശ്യ​ങ്ങൾക്കാ​ണു പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌ എന്നതാണ്‌ ഇയ്യടുത്ത പതിറ്റാ​ണ്ടു​ക​ളിൽ ദാമ്പത്യ​ത്തെ​ക്കു​റിച്ച്‌ നല്ല ധാരണ​യു​ണ്ടെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ചിലരു​ടെ വാദം. ‘എന്റെ വിവാ​ഹ​ജീ​വി​തം എനിക്ക്‌ സന്തോഷം തരുന്നു​ണ്ടോ?,’ ‘എന്നെ നല്ലൊരു വ്യക്തി​യാ​ക്കു​ന്നു​ണ്ടോ?,’ ‘എന്റെ ഇണ എന്നെ സ്‌നേ​ഹി​ക്കു​ന്ന​താ​യി​ട്ടും വിലമ​തി​ക്കു​ന്ന​താ​യി​ട്ടും എനിക്ക്‌ തോന്നു​ന്നു​ണ്ടോ?’ ഇല്ലെങ്കിൽ ഇന്നത്തെ ചിന്താ​ഗതി ഇങ്ങനെ​യാണ്‌: ഓരോ വ്യക്തി​യും തനിക്ക്‌ ഏറ്റവും നല്ലത്‌ എന്താണോ അത്‌ ചെയ്യുക—ഒരു വിവാ​ഹ​മോ​ചനം നേടുക, പുതി​യൊ​രു ജീവിതം തുടങ്ങുക.

  •   ഇന്ന്‌ വിവാ​ഹ​മോ​ച​നത്തെ മോശ​മായ ഒരു കാര്യ​മാ​യി​ട്ടല്ല ആളുകൾ കാണു​ന്നത്‌. സാമൂ​ഹി​ക​ശാ​സ്‌ത്ര​ജ്ഞ​നായ എറിക്‌ ക്ലൈ​നെൻബർഗ്‌ പറയുന്നു, “കുറച്ച്‌ നാളു​കൾക്കു മുമ്പു​വരെ . . . ഒരാൾക്ക്‌ തന്റെ വിവാ​ഹ​ജീ​വി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഇല്ല, അതു​കൊണ്ട്‌ വിവാ​ഹ​മോ​ചനം നേടാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ അങ്ങനെ​യൊ​രു തീരു​മാ​നം എടുക്കു​ന്ന​തി​ന്റെ കാരണം അയാൾ ബോധി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ ഇന്ന്‌ നേരേ തിരി​ച്ചാണ്‌, ഒരു വ്യക്തിക്ക്‌ തന്റെ വിവാ​ഹ​ജീ​വി​ത​ത്തിൽ സന്തോ​ഷ​മി​ല്ലെ​ങ്കിൽ എന്തു​കൊണ്ട്‌ വിവാ​ഹ​മോ​ചനം നേടു​ന്നില്ല എന്നതിന്റെ കാരണ​മാണ്‌ അയാൾ പറയേ​ണ്ടത്‌. കാരണം അവനവന്‌ എന്താണോ നല്ലത്‌ അതു ചെയ്യാ​നാണ്‌ ഇന്ന്‌ പല ആളുക​ളും നിർബ​ന്ധി​ക്കു​ന്നത്‌.” a

 വിവാ​ഹ​മോ​ചനം നേടു​മ്പോൾ, നിങ്ങൾ ഒരു കൂട്ടം പ്രശ്‌നങ്ങൾ ഒഴിവാ​ക്കി​യിട്ട്‌ പുതിയ ചില പ്രശ്‌നങ്ങൾ വാങ്ങു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പഠനം പറയു​ന്നത്‌ “ഗ്രേ ഡിവോ​ഴ്‌സ്‌ മിക്ക​പ്പോ​ഴും സാമ്പത്തിക ബുദ്ധി​മുട്ട്‌ വരുത്തി​വെ​ക്കും, പ്രത്യേ​കിച്ച്‌ സ്‌ത്രീ​കൾക്ക്‌.”

 ചിന്തി​ക്കേണ്ട മറ്റൊരു സംഗതി​യു​മുണ്ട്‌. വിവാ​ഹ​മോ​ചനം ചെയ്യല്ലേ എന്ന പുസ്‌തകം പറയുന്നു, “നിങ്ങൾ പുതി​യൊ​രു ജീവി​ത​മാണ്‌ ആഗ്രഹി​ക്കു​ന്ന​തെ​ങ്കി​ലും നിങ്ങൾ അപ്പോ​ഴും ആ പഴയ വ്യക്തി​ത​ന്നെ​യാണ്‌. . . . ഇണയു​മാ​യി ഒത്തു​പോ​കാൻ പറ്റാത്ത വിധത്തി​ലുള്ള സംസാ​ര​രീ​തി​യാണ്‌ നിങ്ങൾക്ക്‌ മുമ്പു​ണ്ടാ​യി​രു​ന്ന​തെ​ങ്കിൽ അതിൽ എന്തെങ്കി​ലും മാറ്റം നിങ്ങൾ വരുത്തി​യോ? അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളോട്‌ പ്രതി​ക​രി​ക്കുന്ന വിധത്തിൽ നിങ്ങൾ എന്തു മാറ്റമാണ്‌ വരുത്തി​യി​രി​ക്കു​ന്നത്‌?” b

 നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  •   മാറ്റങ്ങൾ അംഗീ​ക​രി​ക്കുക. ബന്ധങ്ങൾ എല്ലായ്‌പ്പോ​ഴും ഒരു​പോ​ലെ​യാ​യി​രി​ക്കില്ല. കുട്ടികൾ മറ്റൊ​രി​ട​ത്തേക്കു മാറി​യ​തു​കൊ​ണ്ടോ നിങ്ങളു​ടെ രണ്ടു പേരു​ടെ​യും ഇഷ്ടാനി​ഷ്ട​ങ്ങൾക്കു വ്യത്യാ​സം വന്നതു​കൊ​ണ്ടോ നിങ്ങൾ തമ്മിലുള്ള ബന്ധം പഴയതു​പോ​ലെ ആയിരിക്കണമെന്നില്ല. കാര്യ​ങ്ങ​ളെ​ല്ലാം പഴയതു​പോ​ലെ​തന്നെ ആയിരു​ന്നെ​ങ്കിൽ എന്ന്‌ ആഗ്രഹി​ക്കു​ന്ന​തി​നു പകരം ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ നിന്നു​കൊണ്ട്‌ അത്‌ മെച്ച​പ്പെ​ടു​ത്താ​നുള്ള വഴികൾ നോക്കുക.

     ബൈബിൾത​ത്ത്വം: “‘കഴിഞ്ഞ കാലം ഇപ്പോ​ഴ​ത്തെ​ക്കാൾ നല്ലതാ​യി​രു​ന്ന​തി​ന്റെ കാരണം എന്ത്‌’ എന്നു നീ ചോദി​ക്ക​രുത്‌. നീ അങ്ങനെ ചോദി​ക്കു​ന്നതു ജ്ഞാനമ​ല്ല​ല്ലോ.”—സഭാ​പ്ര​സം​ഗകൻ 7:10.

  •   ഇണയു​മാ​യുള്ള നിങ്ങളു​ടെ സൗഹൃദം കൂടുതൽ ശക്തമാ​ക്കുക. ഇണയ്‌ക്ക്‌ ചെയ്യാൻ ഇഷ്ടമുള്ള ഏതെങ്കി​ലും പുതിയ കാര്യത്തെ നിങ്ങൾക്കും ഇഷ്ടപ്പെ​ട്ടു​തു​ട​ങ്ങാ​നാ​കു​മോ? അല്ലെങ്കിൽ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെ​ടുന്ന കാര്യ​ത്തിൽ ഇണയെ​യും കൂടെ​ക്കൂ​ട്ടാ​നാ​കു​മോ? നിങ്ങൾക്കു രണ്ടു പേർക്കും ആസ്വദി​ക്കാ​നാ​കുന്ന പുതിയ എന്തെങ്കി​ലും ചെയ്യാ​നോ പഠിക്കാ​നോ കഴിയു​മോ? ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കുക എന്നതാ​യി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം. അങ്ങനെ​യാ​കു​മ്പോൾ ഒരു മുറി​യിൽ താമസി​ക്കുന്ന വെറും രണ്ടു പേർ മാത്ര​മാ​കില്ല നിങ്ങൾ.

      ബൈബിൾത​ത്ത്വം: “തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.”—1 കൊരി​ന്ത്യർ 10:24.

  •   നിങ്ങൾക്കി​ട​യി​ലുള്ള ആദരവും മര്യാ​ദ​യും നഷ്ടപ്പെ​ടാ​തെ നോക്കുക. കാലങ്ങ​ളാ​യി ഒരുമിച്ച്‌ കഴിയു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്കി​ട​യി​ലുള്ള ആദരവും മര്യാ​ദ​യും കുറയാൻ അനുവദിക്കരുത്‌. ഇണയോട്‌ ആദര​വോ​ടെ സംസാ​രി​ക്കുക. ഡേറ്റി​ങ്ങി​ന്റെ സമയത്ത്‌ നിങ്ങൾ എങ്ങനെ​യാ​യി​രു​ന്നോ അതേ വിധത്തിൽത്തന്നെ ഇപ്പോ​ഴും പെരു​മാ​റുക. “പ്ലീസ്‌,” “താങ്ക്യു” എന്നീ വാക്കു​ക​ളൊ​ക്കെ ഉപയോ​ഗി​ക്കുക. സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ കാണി​ക്കാൻ മറക്കരുത്‌. ഇണ നിങ്ങൾക്കു​വേണ്ടി ചെയ്യുന്ന കാര്യ​ങ്ങൾക്കു വിലമ​തി​പ്പു കാണി​ക്കുക.

     ബൈബിൾത​ത്ത്വം: ‘തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരാ​യി​രി​ക്കുക.’എഫെസ്യർ 4:32.

  •   പഴയ നല്ല നാളു​ക​ളെ​ക്കു​റിച്ച്‌ ഓർക്കുക. നിങ്ങളു​ടെ കല്യാ​ണ​ത്തി​ന്റെ ആൽബം ഒരുമി​ച്ചി​രുന്ന്‌ കാണു​ക​യോ നിങ്ങൾ ഒരുമിച്ച്‌ പങ്കെടു​ത്തി​ട്ടുള്ള ഏതെങ്കി​ലും പരിപാ​ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളൊ​ക്കെ നോക്കു​ക​യോ ചെയ്യുക. നിങ്ങൾക്കി​ട​യി​ലെ സ്‌നേ​ഹ​വും ആദരവും നഷ്ടപ്പെ​ടാ​തെ നോക്കാ​നോ അതു വീണ്ടെ​ടു​ക്കാ​നോ അങ്ങനെ കഴിയും.

     ബൈബിൾത​ത്ത്വം: “നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം.”—എഫെസ്യർ 5:33.

a ഒറ്റയ്‌ക്കുളള ജീവി​ത​ത്തെ​ക്കു​റിച്ച്‌ പറയുന്ന ഒരു പുസ്‌ത​ക​ത്തിൽനിന്ന്‌ (Going Solo—The Extraordinary Rise and Surprising Appeal of Living Alone).

b വിവാഹമോചനത്തിനുള്ള ഒരേ​യൊ​രു തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം ലൈം​ഗിക അധാർമി​ക​ത​യാണ്‌. (മത്തായി 19:5, 6, 9) “വിവാ​ഹ​മോ​ച​നം ബൈബിൾ അനുവ​ദി​ക്കു​ന്നു​ണ്ടോ?” എന്ന ലേഖനം കാണുക.