വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്‌!

ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്‌!

ഇണയും നിങ്ങളോടൊപ്പം യഹോവയെ സേവിച്ചിരുന്നെങ്കിൽ എന്ന്‌ വർഷങ്ങളായി ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ?

ഇനി, നന്നായി പുരോഗമിച്ചുവന്ന ഒരു ബൈബിൾവിദ്യാർഥി സത്യത്തിനുവേണ്ടി നിലപാടെടുക്കാതെ വന്നപ്പോൾ നിങ്ങൾക്ക്‌ നിരുത്സാഹം തോന്നിയിട്ടുണ്ടോ?

ബ്രിട്ടനിൽനിന്നുള്ള ചില അനുഭവങ്ങൾ വായിക്കുക. ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കാൻ അതു നിങ്ങളെ സഹായിക്കും. സത്യത്തോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ലാത്തവരെ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ, ആലങ്കാരികമായി ‘അപ്പത്തെ വെള്ളത്തിന്മേൽ എറിയാൻ’ എങ്ങനെ കഴിയുമെന്നും നിങ്ങൾ കാണും.—സഭാ. 11:1.

സ്ഥിരോത്സാഹം അനുപേക്ഷണീയം

നിങ്ങളുടെ ഭാഗത്തു വേണ്ട ഒരു അനിവാര്യഗുണമാണ്‌ സ്ഥിരോത്സാഹം. നിങ്ങൾ യഹോവയോടും സത്യത്തോടും പറ്റിനിൽക്കേണ്ടതുണ്ട്‌. (ആവ. 10:20) ഹ്യൊർഹിന ചെയ്‌തത്‌ അതാണ്‌. 1970-ൽ അവർ യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അവളുടെ ഭർത്താവ്‌ കിര്യാക്കോസിന്‌ കടുത്ത ദേഷ്യമായിരുന്നു. അദ്ദേഹം അവളുടെ ബൈബിൾപഠനം നിറുത്താൻ ശ്രമിച്ചു. സാക്ഷികളെ വീട്ടിൽ കയറ്റുകപോലുമില്ലായിരുന്നു കിര്യാക്കോസ്‌. വീട്ടിലെങ്ങാനും സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ കണ്ടാൽ അതും എടുത്ത്‌ കളയുമായിരുന്നു.

ഹ്യൊർഹിന യോഗങ്ങൾക്കു പോയിത്തുടങ്ങിയപ്പോൾ കിര്യാക്കോസിന്റെ ദേഷ്യം ഇരട്ടിച്ചു. ഒരു ദിവസം അദ്ദേഹം തർക്കിക്കാനായി മാത്രം രാജ്യഹാളിലെത്തി. കിര്യാക്കോസ്‌ ഇംഗ്ലീഷിനെക്കാൾ നന്നായി ഗ്രീക്ക്‌ സംസാരിക്കുമെന്ന്‌ മനസ്സിലാക്കിയ ഒരു സഹോദരി മറ്റൊരു സഭയിലുള്ള ഒരു ഗ്രീക്ക്‌ സഹോദരനെ ഫോൺചെയ്‌തു വരുത്തി. ആ സഹോദരന്റെ പരിഗണനയോടെയുള്ള പെരുമാറ്റം അദ്ദേഹത്തെ ആകർഷിച്ചു. ഏതാനും മാസം അവർ ഒരുമിച്ച്‌ ബൈബിൾ പഠിക്കുകപോലും ചെയ്‌തു. പക്ഷേ കിര്യാക്കോസ്‌ പിന്നെ പഠനം നിറുത്തി.

പിന്നെയും മൂന്നു വർഷത്തേക്ക്‌ ഹ്യൊർഹിനയ്‌ക്ക്‌ കടുത്ത എതിർപ്പു സഹിക്കേണ്ടിവന്നു. സ്‌നാനമേറ്റാൽ സഹോദരിയെ ഉപേക്ഷിക്കുമെന്ന്‌ കിര്യാക്കോസ്‌ ഭീഷണിപ്പെടുത്തി. അദ്ദേഹം തന്നെ ഉപേക്ഷിച്ചു പോകാനിടയാകരുതേയെന്ന്‌ സ്‌നാനമേൽക്കുന്ന ആ ദിവസം സഹോദരി യഹോവയോട്‌ ഉള്ളുരുകി പ്രാർഥിച്ചു. സഹോദരിയെ സമ്മേളനസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകാൻ സാക്ഷികൾ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ പൊയ്‌ക്കോളൂ, ഞങ്ങൾ ഞങ്ങളുടെ കാറിൽ വന്നുകൊള്ളാം.” അദ്ദേഹം രാവിലത്തെ പരിപാടിയിൽ സംബന്ധിച്ചു, ഭാര്യ സ്‌നാനമേൽക്കുന്നതിന്‌ സാക്ഷിയാകുകയും ചെയ്‌തു.

സാക്ഷികളുമായി സമ്പർക്കത്തിൽ വന്ന്‌ ഏതാണ്ട്‌ 40 വർഷങ്ങൾക്കുശേഷം, ഭർത്താവ്‌ സ്‌നാനമേറ്റുകാണാനുള്ള ഹ്യൊർഹിനയുടെ ആഗ്രഹം സഫലമായി!

അതിനുശേഷം കിര്യാക്കോസിന്റെ എതിർപ്പ്‌ അൽപ്പം കുറഞ്ഞു. കാലക്രമേണ അദ്ദേഹം വലിയ മാറ്റങ്ങൾ വരുത്തി. സാക്ഷികളുമായി സമ്പർക്കത്തിൽ വന്ന്‌ ഏതാണ്ട്‌ 40 വർഷങ്ങൾക്കുശേഷം, തന്റെ ഭർത്താവ്‌ സ്‌നാനമേറ്റുകാണാനുള്ള ഹ്യൊർഹിനയുടെ ആഗ്രഹം സഫലമായി! കിര്യാക്കോസിനെ സഹായിച്ചത്‌ എന്തായിരുന്നു? അദ്ദേഹം പറയുന്നു: “ഹ്യൊർഹിനയുടെ നിശ്ചയദാർഢ്യത്തിൽ എനിക്കു വളരെ മതിപ്പുതോന്നി.” സഹോദരി പറയുന്നു: “എന്റെ ഭർത്താവ്‌ എന്തൊക്കെ ചെയ്‌താലും ഞാൻ ഒരിക്കലും എന്റെ ദൈവത്തെ സേവിക്കുന്നത്‌ നിറുത്താൻപോകുന്നില്ലായിരുന്നു. അക്കാലമത്രയും ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചുപോന്നു. ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.”

പുതിയ വ്യക്തിത്വത്തിന്റെ മൂല്യം

ക്രിസ്‌തീയവ്യക്തിത്വം വളർത്തിയെടുക്കുന്നതാണ്‌ ഇണയെ വിശ്വാസത്തിലേക്ക്‌ ആകർഷിക്കുന്നതിൽ ഉൾപ്പെടുന്ന മറ്റൊരു ഘടകം. അപ്പൊസ്‌തലനായ പത്രോസ്‌ ക്രിസ്‌തീയഭാര്യമാരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അങ്ങനെ, അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തവരായിട്ടുണ്ടെങ്കിൽ ഭയാദരവോടെയുള്ള നിങ്ങളുടെ നിർമലമായ നടപ്പു കണ്ടിട്ട്‌ ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.” (1 പത്രോ. 3:1, 2) ആ ഉദ്‌ബോധനം അനുസരിച്ച ഒരാളാണ്‌ ക്രിസ്റ്റീൻ, വർഷങ്ങൾ എടുത്തെങ്കിലും അതു ഫലം കണ്ടു. 20-ലേറെ വർഷങ്ങൾക്കുമുമ്പ്‌ ക്രിസ്റ്റീൻ ഒരു സാക്ഷിയായപ്പോൾ ഭർത്താവ്‌ ജോൺ തന്റെ ജീവിതത്തിൽ ദൈവത്തിന്റെ ആവശ്യമില്ലെന്നു ചിന്തിച്ച വ്യക്തിയായിരുന്നു. ജോണിന്‌ മതകാര്യങ്ങളിൽ ഉൾപ്പെടാൻ താത്‌പര്യമില്ലായിരുന്നു. പക്ഷേ തന്റെ ഭാര്യക്ക്‌ അവളുടെ പുതിയ വിശ്വാസം ഏറെ വിലപ്പെട്ടതാണെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. “അത്‌ അവളെ സന്തോഷവതിയാക്കിയെന്ന്‌ എനിക്കു കാണാനായി. ഉൾക്കരുത്തും ആത്മവിശ്വാസവും അവൾ നേടിയെടുത്തു. ജീവിതത്തിലെ പ്രതിസന്ധികളിൽ അത്‌ എനിക്കു തുണയായി,” അദ്ദേഹം പറയുന്നു.

തന്റെ മതം സ്വീകരിക്കാൻ ക്രിസ്റ്റീൻ ഒരിക്കലും ഭർത്താവിനെ നിർബന്ധിച്ചില്ല. അദ്ദേഹം പറയുന്നു: “എന്നെ എന്റെ വഴിക്കു വിടുന്നതാണ്‌ നല്ലതെന്ന്‌ ക്രിസ്റ്റീൻ ആദ്യംമുതൽതന്നെ മനസ്സിലാക്കിയിരുന്നു. ഞാൻ എന്റേതായ രീതിയിൽ സാവകാശം കാര്യങ്ങൾ പഠിക്കാനായി അവൾ ക്ഷമയോടെ കാത്തിരുന്നു.” ജോണിന്‌ താത്‌പര്യമുള്ള, പ്രകൃതിയോടും ശാസ്‌ത്രത്തോടും ബന്ധപ്പെട്ട വിഷയങ്ങൾ വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വരുമ്പോൾ സഹോദരി അതു കാണിച്ചുകൊണ്ട്‌ അദ്ദേഹത്തോടു പറയും: “ഈ ലേഖനം ചിലപ്പോൾ ജോണിന്‌ ഇഷ്ടമാകും.”

കുറെക്കാലം കഴിഞ്ഞ്‌ ജോൺ ജോലിയിൽനിന്ന്‌ വിരമിച്ചു. അദ്ദേഹം പൂന്തോട്ടനിർമാണത്തിലേക്കും മറ്റും തിരിഞ്ഞു. മനസ്സ്‌ കുറച്ചൊക്കെ സ്വസ്ഥമായതോടെ ജീവിതത്തെക്കുറിച്ചുള്ള ഗഹനമായ ചോദ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ നേരംകിട്ടി. ‘നാം ഇവിടെ വന്നത്‌ കേവലം യാദൃച്ഛികമായ ചില സംഭവപരമ്പരകളുടെ ഫലമായാണോ? അതോ ഒരു ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടതാണോ?’ എന്നൊക്കെ അദ്ദേഹം ചിന്തിച്ചുതുടങ്ങി. ഒരു ദിവസം, ഒരു സഹോദരൻ ജോണുമായുള്ള സംസാരത്തിനിടെ ‘ഒരു അധ്യയനം തുടങ്ങിയാലോ?’ എന്ന്‌ അദ്ദേഹത്തോടു ചോദിച്ചു. “ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നതിനാൽ ഞാൻ അതിനു സമ്മതിച്ചു,” ജോൺ പറയുന്നു.

ക്രിസ്റ്റീൻ പ്രതീക്ഷ കൈവിടാതിരുന്നത്‌ എത്ര നന്നായി! ജോൺ സത്യം സ്വീകരിക്കണമേയെന്നുള്ള നീണ്ട 20 വർഷത്തെ ക്രിസ്റ്റീന്റെ പ്രാർഥനകൾക്കൊടുവിൽ അദ്ദേഹം സ്‌നാനമേറ്റു. ഇപ്പോൾ അവർ ഒരുമിച്ച്‌ തീക്ഷ്‌ണതയോടെ യഹോവയെ സേവിക്കുന്നു. ജോൺ പറയുന്നു: “രണ്ടു കാര്യങ്ങളാണ്‌ വിശേഷാൽ എന്റെ ഹൃദയത്തെ സ്‌പർശിച്ചത്‌. ദയയോടും സൗഹൃദത്തോടും കൂടെയുള്ള പെരുമാറ്റമാണ്‌ യഹോവയുടെ സാക്ഷികളുടേത്‌. ഇനി, യഹോവയുടെ സാക്ഷിയാണ്‌ ഇണ എങ്കിൽ വിശ്വസിക്കാനും ആശ്രയിക്കാനും കൊള്ളാവുന്ന, ത്യാഗമനസ്ഥിതിയുള്ള ഒരു ജീവിതസഖിയാണ്‌ നിങ്ങളുടേത്‌.” 1 പത്രോസ്‌ 3:1-ലെ ഉദ്‌ബോധനം ക്രിസ്റ്റീൻ അനുസരിച്ചു, അതിനു സത്‌ഫലമുണ്ടായി!

വർഷങ്ങൾക്കു ശേഷം വിത്തു വളർന്നു ഫലം കായ്‌ക്കുന്നു

എന്തെങ്കിലുമൊക്കെ കാരണത്താൽ ആദ്യതാത്‌പര്യം നഷ്ടപ്പെട്ട ബൈബിൾവിദ്യാർഥികളുടെ കാര്യമോ? “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുത്‌” എന്ന്‌ ശലോമോൻ രാജാവ്‌ എഴുതി. കാരണം, അവൻ പറയുന്നു: “ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” (സഭാ. 11:6) സത്യത്തിന്റെ ചില വിത്തുകൾ പൊട്ടിമുളയ്‌ക്കാൻ നിരവധി വർഷങ്ങളെടുത്തേക്കാം. എന്നിരുന്നാൽപ്പോലും, ദൈവത്തോട്‌ അടുത്തുചെല്ലേണ്ടതിന്റെ പ്രാധാന്യം ഒടുവിൽ ഒരു വ്യക്തി തിരിച്ചറിഞ്ഞേക്കാം. (യാക്കോ. 4:8) അങ്ങനെ ഒരു ദിവസം പുളകംകൊള്ളിക്കുന്ന ഒരു വാർത്ത നിങ്ങളെ തേടിയെത്തും.

ഇന്ത്യയിൽനിന്ന്‌ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ആലീസിന്റെ അനുഭവം നോക്കൂ. 1974-ൽ ആലീസ്‌ ബൈബിൾ പഠിക്കാൻ ആരംഭിച്ചു. ഹിന്ദി സംസാരിച്ചിരുന്ന ആലീസ്‌ തന്റെ ഇംഗ്ലീഷ്‌ മെച്ചപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു. ഏതാനും വർഷത്തേക്ക്‌ അധ്യയനം തുടർന്നു. ആലീസ്‌ ഒരു ഇംഗ്ലീഷ്‌ സഭയിൽ ചില യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്‌തു. പഠിക്കുന്നതു സത്യമാണെന്ന്‌ അറിയാമായിരുന്നെങ്കിലും അതിനെ ഒരു നേരമ്പോക്കായി മാത്രമാണ്‌ ആലീസ്‌ കണ്ടത്‌. പോരാത്തതിന്‌, പണമുണ്ടാക്കണമെന്ന്‌ ആലീസിന്‌ വലിയ ആഗ്രഹമായിരുന്നു, പാർട്ടികൾ ഒരു ഹരവും. അങ്ങനെ പതുക്കെ അധ്യയനം നിലച്ചു.

വർഷങ്ങൾ കടന്നുപോയി. ആലീസിന്‌ പണ്ട്‌ അധ്യയനമെടുത്ത സ്റ്റെല്ലയ്‌ക്ക്‌ 30-ഓളം വർഷത്തിനു ശേഷം ഒരു ദിവസം ഒരു കത്തുകിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “1974-ലെ ആ പഴയ ബൈബിൾവിദ്യാർഥിനിയെ ഓർമയില്ലേ? ഞാൻ ഇക്കഴിഞ്ഞ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സ്‌നാനമേറ്റു! എന്റെ ജീവിതത്തിൽ സഹോദരി ചെലുത്തിയ സ്വാധീനം വലുതാണ്‌. എന്റെയുള്ളിൽ സത്യം നട്ടത്‌ സഹോദരിയാണ്‌. ദൈവത്തിനു ജീവിതം സമർപ്പിക്കാൻ അപ്പോൾ ഞാൻ ഒരുങ്ങിയിരുന്നില്ലെങ്കിലും എന്റെ മനസ്സിലും ഹൃദയത്തിലും സത്യം ഞാൻ സൂക്ഷിച്ചുവെച്ചിരുന്നു.”

ആലീസ്‌ സ്റ്റെല്ലയ്‌ക്ക്‌ അയച്ച കത്തിൽ ഇങ്ങനെ എഴുതി: “1974-ലെ ആ പഴയ ബൈബിൾവിദ്യാർഥിനിയെ ഓർമയില്ലേ? ഞാൻ ഇക്കഴിഞ്ഞ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സ്‌നാനമേറ്റു!”

ആകട്ടെ, എന്താണുണ്ടായത്‌? 1997-ൽ ഭർത്താവിന്റെ മരണത്തെത്തുടർന്ന്‌ താൻ കടുത്തനിരാശയിലായെന്ന്‌ ആലീസ്‌ പറയുന്നു. അപ്പോൾ അവൾ ദൈവത്തോടു പ്രാർഥിച്ചു. പത്തു മിനിട്ടായില്ല, പഞ്ചാബി സംസാരിക്കുന്ന രണ്ടു സാക്ഷികൾ അവളുടെ വീട്ടിലെത്തി, മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ? എന്ന ലഘുലേഖ അവൾക്കു കൊടുത്തിട്ടുപോയി. പ്രാർഥനയ്‌ക്ക്‌ ഉത്തരം കിട്ടിയതായി ആലീസിനു തോന്നി. എങ്ങനെയും യഹോവയുടെ സാക്ഷികളെ കണ്ടെത്തണമെന്ന്‌ അവൾ തീരുമാനിച്ചു. പക്ഷേ അവരെ എങ്ങനെ കണ്ടുപിടിക്കും? ഒരു പഴയ ഡയറി അവൾ പരതി. അതിൽ പണ്ട്‌ സ്റ്റെല്ല കൊടുത്ത, പഞ്ചാബി സഭയുടെ മേൽവിലാസം ഉണ്ടായിരുന്നു. ആലീസ്‌ രാജ്യഹാളിൽ പോയി, പഞ്ചാബി ഭാഷക്കാരായ സഹോദരങ്ങൾ അവളെ ഹാർദമായി സ്വാഗതം ചെയ്‌തു. “അവർ നൽകിയ സ്‌നേഹം അവിടെനിന്നു പോന്നിട്ടും എന്റെ മനസ്സിൽ ജ്വലിച്ചുനിന്നു, എന്റെ ദുഃഖത്തിനു വലിയ ശമനം ലഭിച്ചു,” ആലീസ്‌ പറയുന്നു.

ആലീസ്‌ യോഗങ്ങൾക്ക്‌ പതിവായി സംബന്ധിക്കാൻ തുടങ്ങി, ബൈബിൾപഠനം പുനരാരംഭിച്ചു. ഒപ്പം, പഞ്ചാബി ഭാഷ ഒഴുക്കോടെ വായിക്കാനും എഴുതാനും പഠിക്കുന്നുമുണ്ടായിരുന്നു. 2003-ൽ അവൾ സ്‌നാനമേറ്റു. സ്റ്റെല്ലയ്‌ക്കുള്ള കത്തിന്റെ അവസാനം ഇങ്ങനെയായിരുന്നു: “29 വർഷം മുമ്പ്‌ എന്റെയുള്ളിൽ സത്യത്തിന്റെ വിത്തുകൾ പാകിയതിനും എനിക്ക്‌ ഒരു നല്ല മാതൃക വെച്ചതിനും ഞാൻ നന്ദി പറയട്ടെ.”

“29 വർഷം മുമ്പ്‌ എന്റെയുള്ളിൽ സത്യത്തിന്റെ വിത്തുകൾ പാകിയതിനും എനിക്ക്‌ ഒരു നല്ല മാതൃക വെച്ചതിനും ഞാൻ നന്ദി പറയട്ടെ.”—ആലീസ്‌

ഈ അനുഭവങ്ങൾ നൽകുന്ന പാഠം എന്താണ്‌? ഒരു വ്യക്തിക്ക്‌ ആത്മീയവിശപ്പും ആത്മാർഥതയും താഴ്‌മയും ഉണ്ടെങ്കിൽ നാം പ്രതീക്ഷിക്കുന്ന വേഗത്തിലല്ലെങ്കിലും സത്യത്തിന്റെ വിത്ത്‌ ആ വ്യക്തിയുടെ ഹൃദയത്തിൽ വളരാൻ യഹോവ ഇടയാക്കും. യേശുവിന്റെ ഉപമയിലെ വാക്കുകൾ ഓർക്കുക: “വിത്ത്‌ എങ്ങനെ മുളച്ചു വളരുന്നു എന്ന്‌ (വിതക്കാരൻ) അറിയുന്നില്ല. ആദ്യം നാമ്പ്‌, പിന്നെ കതിർ, ഒടുവിൽ കതിർ നിറയെ ധാന്യമണികൾ; ഇങ്ങനെ, മണ്ണ്‌ സ്വയം ഫലം വിളയിക്കുന്നു.” (മർക്കോ. 4:27, 28) “സ്വയം” നടക്കുന്ന അത്തരം വളർച്ച ക്രമാനുഗതമായിട്ടാണ്‌. ഇത്‌ എങ്ങനെ നടക്കുന്നു എന്ന്‌ ഉൾപ്പെട്ടിരിക്കുന്ന രാജ്യപ്രസാധകൻ അറിയുന്നില്ല എന്നതാണ്‌ വാസ്‌തവം. അതുകൊണ്ട്‌ സമൃദ്ധമായി വിതച്ചുകൊണ്ടേയിരിക്കുക. വിളവും സമൃദ്ധമായിത്തന്നെ കൊയ്യാനാകും.

പ്രാർഥനയുടെ പ്രാധാന്യം ഒരിക്കലും മറന്നുകളയരുത്‌. ഹ്യൊർഹിനയും ക്രിസ്റ്റീനും യഹോവയോട്‌ നിരന്തരം പ്രാർഥിച്ചു. “പ്രാർഥനയിൽ ഉറ്റിരിക്കു”കയും പ്രതീക്ഷ കൈവെടിയാതിരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ വെള്ളത്തിന്മേൽ എറിഞ്ഞ ‘അപ്പം’ ‘ഏറിയനാൾ കഴിഞ്ഞിട്ട്‌’ നിങ്ങൾക്കു തിരികെക്കിട്ടിയേക്കാം.—റോമ. 12:12; സഭാ. 11:1.