വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോണ​രോ​ഗം—നിങ്ങൾ അതിന്‍റെ അപകട​ത്തി​ലാ​ണോ?

മോണ​രോ​ഗം—നിങ്ങൾ അതിന്‍റെ അപകട​ത്തി​ലാ​ണോ?

അത്‌ ലോക​മെ​മ്പാ​ടും സാധാ​ര​ണ​മാ​യി​രി​ക്കുന്ന വായ്‌രോ​ഗ​ങ്ങ​ളിൽ ഒന്നാണ്‌. ആരംഭ​ദ​ശ​യിൽ യാതൊ​രു രോഗ​ല​ക്ഷ​ണ​ങ്ങ​ളും കണ്ടെന്നു​വ​രില്ല. ഇതാണ്‌ ഈ രോഗ​ത്തി​ന്‍റെ ഒരു പ്രത്യേ​കത. വായി​ലു​ണ്ടാ​കുന്ന അസുഖ​ങ്ങ​ളിൽ പെരി​യോ​ഡോ​ന്‍റൽ രോഗം ‘ഗൗരവ​മർഹി​ക്കുന്ന പൊതു​ജ​ന​പ്രശ്‌ന​മാ​യി’ ഒരു വാർത്താ​പ​ത്രിക (International Dental Journal) പട്ടിക​പ്പെ​ടു​ത്തു​ന്നു. കൂടാതെ, വായ്‌രോ​ഗ​ങ്ങൾക്ക് വേദന​യും ബുദ്ധി​മു​ട്ടു​ക​ളും ഉളവാ​ക്കാ​നും, ഭക്ഷണം കഴിക്കാ​നും ജീവിതം ആസ്വദി​ക്കാ​നും ഉള്ള ഒരു വ്യക്തി​യു​ടെ പ്രാപ്‌തി ഗണ്യമാ​യി കുറയ്‌ക്കാ​നും കഴിയു​മെന്ന് അതു കൂട്ടി​ച്ചേർക്കു​ന്നു. വളരെ വ്യാപ​ക​മാ​യി കാണുന്ന ഈ അവസ്ഥ​യെ​ക്കു​റി​ച്ചുള്ള ചർച്ച ഈ രോഗം വരാനുള്ള സാധ്യ​തകൾ കുറയ്‌ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കും.

മോണ​രോ​ഗം—ചില വസ്‌തു​തകൾ

മോണ​രോ​ഗ​ത്തി​നു വ്യത്യസ്‌ത​ഘ​ട്ട​ങ്ങ​ളുണ്ട്. ആരംഭ​ദ​ശ​യിൽ മോണ​വീ​ക്ക​മു​ണ്ടാ​കു​ന്നു. ഇതിനെ ജിൻജി​വൈ​റ്റിസ്‌ എന്നാണ്‌ പറയു​ന്നത്‌. മോണ​ക​ളി​ലു​ണ്ടാ​കുന്ന രക്തസ്രാ​വം ഈ ഘട്ടം തിരി​ച്ച​റി​യാ​നുള്ള ഒരു അടയാ​ള​മാ​യി​രു​ന്നേ​ക്കാം. പല്ലു തേയ്‌ക്കു​മ്പോ​ഴോ ഫ്‌ളോസ്‌ (ഒരു പ്രത്യേ​ക​തരം നൂൽ ഉപയോ​ഗിച്ച് പല്ലിനി​ട​യിൽനിന്ന് അവശി​ഷ്ടങ്ങൾ നീക്കം ചെയ്യൽ) ചെയ്യു​മ്പോ​ഴോ പ്രത്യേ​കി​ച്ചു കാരണം കൂടാ​തെ​ത​ന്നെ​യോ ഇതു സംഭവി​ച്ചേ​ക്കാം. അതു​പോ​ലെ, മോണ പരി​ശോ​ധി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന രക്തസ്രാ​വ​വും ജിൻജി​വൈ​റ്റി​സി​ന്‍റെ സൂചന​യാ​യി​രു​ന്നേ​ക്കാം.

മോണ​രോ​ഗം മൂർച്ഛിച്ച് അടുത്ത ഘട്ടത്തിൽ എത്തുന്ന​തി​നെ പെരി​യോ​ഡോൺടൈ​റ്റിസ്‌ എന്നു പറയുന്നു. ഈ ഘട്ടത്തിൽ, നിങ്ങളു​ടെ പല്ലുകളെ താങ്ങി​നിർത്തുന്ന അസ്ഥിക​ളും മോണ​യും നശിച്ചു​തു​ട​ങ്ങു​ന്നു. ഇത്തരത്തി​ലുള്ള മോണ​രോ​ഗം മൂർധ​ന്യാ​വ​സ്ഥ​യിൽ എത്തുന്ന​തു​വരെ ലക്ഷണങ്ങൾ കാണി​ച്ചെ​ന്നു​വ​രില്ല. എന്നിരു​ന്നാ​ലും, പെരി​യോ​ഡോൺടൈ​റ്റി​സി​ന്‍റെ ചില ലക്ഷണങ്ങൾ ഇവയാ​കാം: പല്ലിനും മോണയ്‌ക്കും ഇടയ്‌ക്കു​ള്ള വിടവു​കൾ, ആടുന്ന പല്ലുകൾ, പല്ലുകൾക്ക് ഇടയിൽ രൂപ​പ്പെ​ടുന്ന വിടവു​കൾ, വായ്‌നാ​റ്റം, പിന്നി​ലേക്കു മാറുന്ന മോണ (മോണ വളരെ​യേറെ പിന്നി​ലേക്കു വലിഞ്ഞ് പല്ലിനു നീളം​കൂ​ടു​ന്ന​താ​യി തോന്നി​ക്കുന്ന അവസ്ഥ), മോണ​യി​ലെ രക്തസ്രാ​വം എന്നിവ.

മോണ​രോ​ഗം—കാരണ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും

പല ഘടകങ്ങൾ മോണ​രോ​ഗ​ത്തി​നു കാരണ​മാ​യേ​ക്കാം. പല്ലിൽ പതിവാ​യു​ണ്ടാ​കുന്ന ബാക്‌ടീ​രി​യ​യു​ടെ ഒരു നേർത്ത ആവരണ​മായ ഡെന്‍റൽപ്ലാ​ക്കാണ്‌ ഒരു സാധാ​ര​ണ​കാ​രണം. പ്ലാക്ക് നീക്കം ചെയ്യു​ന്നി​ല്ലെ​ങ്കിൽ ബാക്‌ടീ​രിയ മോണ​വീ​ക്കം ഉണ്ടാക്കി​യേ​ക്കാം. ഇതു മൂർച്ഛി​ക്കവെ, പല്ലിൽനിന്ന് മോണ അകലാൻ തുടങ്ങു​ന്നു. അങ്ങനെ മോണയ്‌ക്കു​ള്ളിൽ, പല്ലി​നോ​ടു ചേർന്ന് ബാക്‌ടീ​രി​യ​യാൽ ആവൃത​മാ​യ പ്ലാക്ക് വളരാൻ തുടങ്ങു​ന്നു. ഇത്ര​ത്തോ​ളം ആയിക്ക​ഴി​ഞ്ഞാൽ, മോണ​വീ​ക്കം വർധിച്ച് അസ്ഥി​യെ​യും മോണ​യെ​യും നശിപ്പി​ച്ചു​തു​ട​ങ്ങു​ന്നു. മോണ​യു​ടെ മുകൾഭാ​ഗ​ത്തോ മോണയ്‌ക്കു​ള്ളി​ലോ ഉള്ള പ്ലാക്ക് കട്ടിയാ​യി കാൽക്കു​ലസ്‌ അഥവാ ടാർടർ ആയിത്തീ​രു​ന്നു. കാൽക്കു​ലസ്‌ കട്ടിയു​ള്ള​താ​യ​തി​നാ​ലും പല്ലുക​ളോ​ടു പറ്റിപ്പി​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും അത്‌ നീക്കം ചെയ്യുക അത്ര എളുപ്പമല്ല. ഈ കാൽക്കു​ല​സി​നു ചുറ്റും ബാക്‌ടീ​രി​യ​യാ​യ​തി​നാൽ, അത്‌ മോണ​കളെ ബാധി​ക്കു​ന്ന​തിൽ തുടർന്നേ​ക്കാം.

മറ്റു ചില ഘടകങ്ങൾക്കും മോണ​രോ​ഗ​ത്തി​നു കാരണ​മാ​കാൻ കഴിയും. വായുടെ ശുചി​ത്വ​ക്കു​റവ്‌, പ്രതി​രോ​ധ​വ്യ​വ​സ്ഥയെ തകാരാ​റി​ലാ​ക്കുന്ന മരുന്നു​ക​ളു​ടെ ഉപയോ​ഗം, വൈറസ്‌ രോഗ​ബാ​ധകൾ, പിരി​മു​റു​ക്കം, അനിയ​ന്ത്രി​ത​പ്ര​മേഹം, അമിത​മ​ദ്യ​പാ​നം, പുകയി​ല​യു​ടെ ഉപയോ​ഗം, ഗർഭകാ​ല​ത്തു​ണ്ടാ​കുന്ന ഹോർമോൺ വ്യതി​യാ​നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെ​ട്ടേ​ക്കാം.

മറ്റു ചില രീതി​യി​ലും മോണ​രോ​ഗം നിങ്ങളെ ബാധി​ച്ചേ​ക്കാം. മോണ​രോ​ഗം നിമി​ത്ത​മുള്ള വേദന​യും പല്ല് നഷ്ടപ്പെ​ടു​ന്ന​തും, ഭക്ഷണം ചവച്ചരച്ചു കഴിക്കു​ന്ന​തി​നും അത്‌ ആസ്വദി​ക്കു​ന്ന​തി​നും ഉള്ള നിങ്ങളു​ടെ പ്രാപ്‌തി കുറ​ച്ചേ​ക്കാം. അത്‌ നിങ്ങളു​ടെ സംസാ​ര​ത്തെ​യും മുഖത്തി​ന്‍റെ ആകൃതി​യെ​യും മാറ്റി​യേ​ക്കാം. പഠനങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നത്‌ അനുസ​രിച്ച്, വായുടെ ആരോ​ഗ്യം ശാരീ​രിക ആരോ​ഗ്യ​വും ആയി അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.

മോണ​രോ​ഗം—രോഗ​നിർണ​യ​വും ചികി​ത്സ​യും

നിങ്ങൾക്കു മോണ​രോ​ഗം ഉണ്ടോ എന്ന് എങ്ങനെ അറിയാം? ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ചില ലക്ഷണങ്ങൾ നിങ്ങളിൽ കണ്ടേക്കാം. അങ്ങനെ​യു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ മോണ​യു​ടെ ആരോ​ഗ്യം വിലയി​രു​ത്താൻ വിദഗ്‌ധ​നായ ഒരു ദന്ത ഡോക്‌ട​റെ കാണു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കും.

മോണ​രോ​ഗ​ത്തിന്‌ പ്രതി​വി​ധി​യു​ണ്ടോ? ആരംഭ​ഘ​ട്ട​ത്തി​ലാ​ണെ​ങ്കിൽ ചികി​ത്സിച്ച് ഭേദമാ​ക്കാ​നാ​യേ​ക്കും. എന്നാൽ മോണ​രോ​ഗം പെരി​യോ​ഡോൺടൈ​റ്റിസ്‌ ആയിത്തീ​രു​ന്നെന്നു വിചാ​രി​ക്കുക. അങ്ങനെ​യെ​ങ്കിൽ, അത്‌ മൂർച്ഛിച്ച് പല്ലിനു ചുറ്റു​മുള്ള അസ്ഥിക​ളെ​യും മോണ​യെ​യും നശിപ്പി​ക്കു​ന്ന​തി​നു മുമ്പ് അതു തടയുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം. നിങ്ങളു​ടെ മോണയ്‌ക്ക് ഉള്ളിലും പുറത്തു​മാ​യി പല്ലുക​ളിൽ രൂപ​പ്പെ​ട്ടി​രി​ക്കുന്ന പ്ലാക്കും കാൽക്കു​ല​സും നീക്കം ചെയ്യാൻ കഴിയുന്ന ആധുനിക ഉപകര​ണങ്ങൾ ദന്തരോ​ഗ​വി​ദഗ്‌ധ​രു​ടെ കൈവ​ശ​മുണ്ട്.

വിദഗ്‌ധ​ചി​കി​ത്സ ലഭ്യമ​ല്ലാ​തി​രി​ക്കു​ക​യോ പരിമി​ത​മാ​യി​രി​ക്കു​ക​യോ ആണെങ്കിൽ, പെട്ടെന്നു തിരി​ച്ച​റി​യാൻ കഴിയാ​ത്ത​തും എന്നാൽ അതേസ​മയം വിനാ​ശ​കാ​രി​യും ആയിരി​ക്കുന്ന ഈ രോഗം വരാ​തെ​നോ​ക്കുക എന്നതാണ്‌ അതി​നെ​തി​രെ​യുള്ള പ്രതി​രോ​ധം. നമ്മുടെ വായ ക്രമമാ​യും ഉചിത​മാ​യും സ്വയം പരിച​രി​ക്കു​ന്ന​തു​ത​ന്നെ​യാണ്‌ മോണ​രോ​ഗ​ത്തിന്‌ എതി​രെ​യുള്ള ഏറ്റവും നല്ല പ്രതി​വി​ധി.▪ (g14-E 06)