വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ത്തി​നു മുൻതൂ​ക്കം കൊടു​ക്കാൻ സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കു​ന്നു

സഹമനു​ഷ്യ​നെ എങ്ങനെ സ്‌നേ​ഹി​ക്കാം?

സഹമനു​ഷ്യ​നെ എങ്ങനെ സ്‌നേ​ഹി​ക്കാം?

ആദ്യമ​നു​ഷ്യ​നായ ആദാമി​ന്റെ പിൻത​ല​മു​റ​ക്കാ​രെ​ന്ന​നി​ല​യിൽ, നമ്മളെ​ല്ലാം ഒരു കുടും​ബ​ത്തിൽനി​ന്നു​ള്ള​വ​രാണ്‌. കുടും​ബാം​ഗങ്ങൾ തമ്മിൽ സ്‌നേ​ഹ​വും ബഹുമാ​ന​വും കാണി​ക്കാ​നാണ്‌ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും ഇന്ന്‌ അങ്ങനെ​യൊ​രു സ്‌നേഹം കാണു​ന്നില്ല. പക്ഷേ ഇതല്ല സ്‌നേ​ഹ​വാ​നായ ദൈവം ആഗ്രഹി​ക്കു​ന്നത്‌.

സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌

“നിന്റെ സഹമനു​ഷ്യ​നെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.”​—ലേവ്യ 19:18.

“ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക.”​—മത്തായി 5:44.

സഹമനു​ഷ്യ​നെ സ്‌നേ​ഹി​ക്കുക എന്നതിന്റെ അർഥം

ദൈവം തന്റെ വചനത്തിൽ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ 1 കൊരി​ന്ത്യർ 13:4-7 വരെയുള്ള ഭാഗങ്ങ​ളിൽ കാണാം:

“സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌.”

ചിന്തി​ക്കു​ക: മറ്റുള്ളവർ നിങ്ങ​ളോ​ടു ക്ഷമയോ​ടും ദയയോ​ടും കൂടെ ഇടപെ​ടു​ന്നു, നിങ്ങൾക്കു തെറ്റു​പ​റ്റു​മ്പോൾ ദേഷ്യ​പ്പെ​ടു​ന്നില്ല. നിങ്ങൾക്ക്‌ എന്തു തോന്നും?

“സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല.”

ചിന്തി​ക്കു​ക: മറ്റുള്ളവർ നിങ്ങളെ എപ്പോ​ഴും സംശയി​ക്കു​ക​യും നിങ്ങ​ളോട്‌ അസൂയ​യോ​ടെ ഇടപെ​ടു​ക​യും ചെയ്യുന്നു. അപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും?

സ്‌നേഹം “സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല.”

ചിന്തി​ക്കു​ക: മറ്റുള്ളവർ നിങ്ങളു​ടെ വീക്ഷണത്തെ മാനി​ക്കു​ക​യും തങ്ങളുടെ അഭി​പ്രാ​യം സ്വീക​രി​ക്ക​ണ​മെന്നു ശഠിക്കാ​തി​രി​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും?

സ്‌നേഹം “ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല.”

ചിന്തി​ക്കു​ക: തെറ്റു ചെയ്‌തവർ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​മ്പോൾ ദൈവം അവരോ​ടു ക്ഷമിക്കു​ന്നു. “ദൈവം എപ്പോ​ഴും കുറ്റം കണ്ടുപി​ടി​ക്കാൻ നോക്കു​ന്നില്ല; എന്നെന്നും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​മില്ല.” (സങ്കീർത്തനം 103:9) നമ്മൾ മറ്റുള്ള​വരെ വിഷമി​പ്പി​ച്ചി​ട്ടും അവർ അതു കാര്യ​മാ​ക്കാ​തെ നമ്മളോ​ടു ക്ഷമിക്കു​മ്പോൾ നമുക്കു സന്തോഷം തോന്നി​ല്ലേ? അതു​കൊണ്ട്‌ മറ്റുള്ളവർ നമ്മളോ​ടു മോശ​മാ​യി പെരു​മാ​റി​യാ​ലും നമ്മൾ അവരോ​ടു ക്ഷമി​ക്കേ​ണ്ട​തല്ലേ?—സങ്കീർത്തനം 86:5.

സ്‌നേഹം ‘അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല.’

ചിന്തി​ക്കു​ക: നമുക്കു ബുദ്ധി​മു​ട്ടു​കൾ ഉണ്ടാകു​മ്പോൾ മറ്റുള്ളവർ അതിൽ സന്തോ​ഷി​ക്കാൻ നമ്മൾ ആഗ്രഹി​ക്കില്ല. അതു​പോ​ലെ മറ്റുള്ള​വർക്കു ബുദ്ധി​മു​ട്ടു​കൾ ഉണ്ടായാൽ നമ്മളും അതിൽ സന്തോ​ഷി​ക്ക​രുത്‌, അവർ നമ്മളെ വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽപ്പോ​ലും.

ദൈവ​ത്തി​ന്റെ അനു​ഗ്രഹം ലഭിക്ക​ണ​മെ​ങ്കിൽ മറ്റുള്ള​വ​രു​ടെ പ്രായ​മോ ദേശമോ മതപശ്ചാ​ത്ത​ല​മോ ഒന്നും നോക്കാ​തെ അവരെ സ്‌നേ​ഹി​ക്കണം. സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കു​ന്ന​താണ്‌ അതിനുള്ള ഒരു വഴി.