വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂറ്റൻ കെട്ടിടങ്ങളും സ്‌മാരകങ്ങളും ഉള്ള നഗരമായിരുന്നു നിനെവെ

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

യോന​യു​ടെ കാലത്തി​നു ശേഷം നിനെ​വെക്ക്‌ എന്തു സംഭവി​ച്ചു?

ബി.സി. ഏഴാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും അസീറിയ ലോക​ത്തി​ലെ ഏറ്റവും വലിയ സാമ്രാ​ജ്യ​മാ​യി മാറി​യി​രു​ന്നു. ബ്രിട്ടീഷ്‌ മ്യൂസി​യ​ത്തി​ന്റെ ഒരു വെബ്‌​സൈറ്റ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “പടിഞ്ഞാറ്‌ സൈ​പ്രസ്‌ മുതൽ കിഴക്ക്‌ ഇറാൻ വരെ വ്യാപി​ച്ചു​കി​ട​ക്കുന്ന ഒരു പ്രദേ​ശ​മാ​യി​രു​ന്നു അസീറി​യ​യ്‌ക്കു​ണ്ടാ​യി​രു​ന്നത്‌. ഒരു കാലത്ത്‌ ഈജി​പ്‌തും അതിന്റെ ഭാഗമാ​യി​രു​ന്നു.” അതിന്റെ തലസ്ഥാ​ന​മായ നിനെവെ ലോക​ത്തി​ലെ ഏറ്റവും വലിയ നഗരമാ​യി​രു​ന്നു. കൂറ്റൻ സ്‌മാ​ര​കങ്ങൾ, മനോ​ഹ​ര​മായ പൂന്തോ​ട്ടങ്ങൾ, ആഡംബര കൊട്ടാ​രങ്ങൾ, വലിയ ഗ്രന്ഥശാ​ലകൾ എന്നിവ​യെ​ല്ലാം ആ നഗരത്തി​ന്റെ സവി​ശേ​ഷ​ത​ക​ളാ​യി​രു​ന്നു. പുരാതന നിനെ​വെ​യിൽനി​ന്നുള്ള ചില ചുവ​രെ​ഴു​ത്തു​കൾ കാണി​ക്കു​ന്നത്‌, മറ്റ്‌ അസീറി​യൻ രാജാ​ക്ക​ന്മാ​രെ​പ്പോ​ലെ​തന്നെ അശൂർബാ​നി​പ്പാൽ രാജാ​വും തന്നെത്തന്നെ “ലോക​ത്തി​ന്റെ രാജാവ്‌” എന്നു വിശേ​ഷി​പ്പി​ച്ചി​രു​ന്നു എന്നാണ്‌. അദ്ദേഹ​ത്തി​ന്റെ ഭരണകാ​ലത്ത്‌ അസീറി​യ​യെ​യും നിനെ​വെ​യെ​യും പരാജ​യ​പ്പെ​ടു​ത്താൻ ആർക്കും കഴിയി​ല്ലെന്നു കരുതി​യി​രു​ന്നു.

അക്കാലത്ത്‌ ലോക​ത്തി​ലെ ഏറ്റവും വലിയ സാമ്രാ​ജ്യ​മാ​യി​രു​ന്നു അസീറിയൻ ലോകശക്തി

എന്നാൽ അസീറിയ അതിന്റെ പ്രതാ​പ​ത്തി​ലി​രുന്ന സമയത്ത്‌ യഹോ​വ​യു​ടെ പ്രവാ​ച​ക​നായ സെഫന്യ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “(യഹോവ) അസീറി​യയെ നശിപ്പി​ക്കും; നിനെ​വെയെ ശൂന്യ​മാ​ക്കും, വരണ്ട മരുഭൂ​മി​പോ​ലെ​യാ​ക്കും.” കൂടാതെ യഹോ​വ​യു​ടെ മറ്റൊരു പ്രവാ​ച​ക​നായ നഹൂം പ്രവചി​ച്ചു: “സ്വർണ​വും വെള്ളി​യും കൊള്ള​യ​ടി​ക്കുക! . . . നഗരം ശൂന്യ​വും വിജന​വും ആയി നശിച്ചു​കി​ട​ക്കു​ന്നു! . . . “നിന്നെ കാണു​ന്ന​വ​രെ​ല്ലാം ഓടി​മ​റ​യും.” (സെഫ. 2:13; നഹൂം 2:9, 10; 3:7) ആ പ്രവച​നങ്ങൾ കേട്ട​പ്പോൾ ആളുകൾ ഇങ്ങനെ ചിന്തി​ച്ചി​രി​ക്കാം: ‘അതു നടക്കുന്ന കാര്യ​മാ​ണോ? ശക്തയായ അസീറി​യയെ ആർക്കെ​ങ്കി​ലും കീഴട​ക്കാ​നാ​കു​മോ?’ അതു നശിക്കും എന്നത്‌ അവിശ്വ​സ​നീ​യ​മാ​യി തോന്നി.

നിനെവെ നശിച്ചുകിടക്കുന്ന പാഴിടമായി മാറി

പക്ഷേ, അതുതന്നെ സംഭവി​ച്ചു! ബി.സി. ഏഴാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ ബാബി​ലോ​ണ്യ​രും മേദ്യ​രും കൂടി അസീറി​യയെ കീഴടക്കി. ഒടുവിൽ, നിനെ​വെ​യിൽ ആൾത്താ​മസം ഇല്ലാതാ​യി, ആളുക​ളു​ടെ ഓർമ​യിൽനി​ന്നു​തന്നെ ആ പേര്‌ അപ്രത്യ​ക്ഷ​മാ​യി! ദ മെ​ട്രോ​പോ​ളി​റ്റൻ മ്യൂസി​യം ഓഫ്‌ ആർട്ടിന്റെ ഒരു​പ്ര​സി​ദ്ധീ​ക​രണം പറയു​ന്ന​ത​നു​സ​രിച്ച്‌, “വർഷങ്ങൾകൊണ്ട്‌ ആ പ്രദേശം നശിച്ചു​കി​ട​ക്കുന്ന ഒരു പാഴി​ട​മാ​യി മാറി. പ്രധാ​ന​മാ​യും ബൈബി​ളി​ലൂ​ടെ​യാണ്‌ ആളുകൾ ഇന്ന്‌ നിനെ​വെ​യെ​ക്കു​റിച്ച്‌ അറിയു​ന്നത്‌.” ദ ബിബ്ലിക്കൽ ആർക്കി​യോ​ളജി സൊ​സൈറ്റി പറയു​ന്ന​ത​നു​സ​രിച്ച്‌ “അസീറി​യ​യു​ടെ തലസ്ഥാ​ന​മായ ഈ നഗരം യഥാർഥ​ത്തിൽ ഉണ്ടായി​രു​ന്നോ എന്നു​പോ​ലും പലർക്കും അറിയി​ല്ലാ​യി​രു​ന്നു.” എന്നാൽ 1845-ൽ പുരാ​വ​സ്‌തു​ഗ​വേ​ഷ​ക​നായ ഓസ്റ്റൺ ഹെൻറി ലെയാഡ്‌ നിനെവെ സ്ഥിതി​ചെ​യ്‌തി​രുന്ന പ്രദേ​ശത്ത്‌ ഖനനം ചെയ്‌ത്‌ പരി​ശോ​ധി​ക്കാൻതു​ടങ്ങി. അങ്ങനെ നിനെ​വെ​യു​ടെ പ്രതാ​പ​ത്തി​നും പ്രശസ്‌തി​ക്കും തെളി​വേ​കുന്ന പലതും അവി​ടെ​നിന്ന്‌ കണ്ടെത്താ​നാ​യി.

നിനെ​വെ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ എത്ര കൃത്യ​മാ​യി​ട്ടാ​ണു നിറ​വേ​റി​യത്‌! അത്‌ ഇന്നത്തെ രാഷ്‌ട്രീ​യ​ശ​ക്തി​ക​ളെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളും കൃത്യ​മാ​യി നിറ​വേ​റു​മെ​ന്നുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നു.—ദാനി. 2:44; വെളി. 19:15, 19-21.