വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരി​തങ്ങൾ—ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണോ?

ദുരി​തങ്ങൾ—ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണോ?

പോളി​യോ ബാധിച്ച ലൂസിയ. നാഡീ​വ്യ​വ​സ്ഥയെ ബാധി​ക്കുന്ന ഒരു പകർച്ച​വ്യാ​ധി​യാണ്‌ പോളി​യോ. കുട്ടി​ക്കാ​ലത്ത്‌ പോളി​യോ വന്ന ലൂസിയ ഞൊണ്ടി​യാണ്‌ നടക്കു​ന്നത്‌. ലൂസി​യ​യ്‌ക്കു 16 വയസ്സു​ള്ള​പ്പോൾ അവളുടെ ജോലി​സ്ഥ​ലത്തെ ഉടമസ്ഥ ഇങ്ങനെ പറഞ്ഞു: “നിന്റെ അമ്മയെ അനുസ​രി​ക്കാ​തെ തോന്നി​യ​പോ​ലെ നടന്നതു​കൊ​ണ്ടാണ്‌ ദൈവം നിന്നെ ഇങ്ങനെ ശിക്ഷി​ച്ചത്‌.” ആ വാക്കുകൾ തന്നെ എത്ര വേദനി​പ്പി​ച്ചെന്നു വർഷങ്ങൾക്കു ശേഷവും ലൂസിയ ഓർക്കു​ന്നു.

ഡമരി​സി​നു ബ്രെയിൻ കാൻസർ ആണെന്നു അറിഞ്ഞ​പ്പോൾ അച്ഛൻ ചോദി​ച്ചു: “നീ എന്താണ്‌ ചെയ്‌തത്‌? നീ വളരെ മോശ​മായ എന്തോ ചെയ്‌തി​ട്ടുണ്ട്‌. അതു​കൊ​ണ്ടാണ്‌ ദൈവം നിന്നെ ശിക്ഷി​ക്കു​ന്നത്‌.” ഇതു കേട്ട ഡമരി​സി​ന്റെ മനസ്സി​ടി​ഞ്ഞു.

രോഗം ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണെന്ന്‌ ആളുകൾ ചിന്തി​ക്കാൻ തുടങ്ങി​യത്‌ ഇന്നോ ഇന്നലെ​യോ അല്ല. ക്രിസ്‌തു​വി​ന്റെ കാലത്ത്‌ അനേകം ആളുകൾ “രോഗ​ങ്ങളെ രോഗി​യു​ടെ​യോ അയാളു​ടെ ബന്ധുക്ക​ളു​ടെ​യോ പാപത്തി​ന്റെ ശിക്ഷയാ​യി” കണ്ടിരു​ന്നു എന്നു ബൈബിൾ നാടു​ക​ളി​ലെ രീതി​ക​ളും ആചാര​ങ്ങ​ളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ക്രിസ്‌തു​വി​നു ശേഷം നൂറ്റാ​ണ്ടു​കൾ കഴിഞ്ഞും “തങ്ങളുടെ പാപങ്ങൾക്കു ശിക്ഷയാ​യി ദൈവം പകർച്ച​വ്യാ​ധി​കൾ വരുത്തു​ന്ന​താ​യി ചിലർ വിശ്വ​സി​ച്ചി​രു​ന്നു” എന്നു മധ്യയു​ഗ​ത്തി​ലെ ചികി​ത്സ​യും പകർച്ച​വ്യാ​ധി​യും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. അങ്ങനെ​യാ​ണെ​ങ്കിൽ 14-ാം നൂറ്റാ​ണ്ടിൽ പകർച്ച​വ്യാ​ധി ബാധിച്ച്‌ യൂറോ​പ്പി​ലു​ട​നീ​ളം ദശലക്ഷങ്ങൾ മരിച്ച​പ്പോൾ ദൈവം ദുഷ്ടമ​നു​ഷ്യ​രു​ടെ മേൽ ശിക്ഷ നടപ്പാ​ക്കു​ക​യാ​യി​രു​ന്നോ? അതോ വൈദ്യ​ശാ​സ്‌ത്ര ഗവേഷകർ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ പകർച്ച​വ്യാ​ധി​ക്കു കാരണം വെറും ഒരു അണുബാധ മാത്ര​മാ​യി​രു​ന്നോ? ശരിക്കും ദൈവം ഇങ്ങനെ രോഗം വരുത്തി പാപി​കളെ ശിക്ഷി​ക്കു​മോ എന്നും ചിലർ ചിന്തി​ക്കു​ന്നു. *

ചിന്തിക്കൂ: രോഗ​ങ്ങ​ളും ദുരി​ത​ങ്ങ​ളും ദൈവം കൊടു​ക്കുന്ന ശിക്ഷയാ​ണെ​ങ്കിൽ യേശു രോഗി​കളെ എന്തിനു സുഖ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു? ദൈവ​ത്തി​ന്റെ നീതി​യും ന്യായ​വും യേശു വിലകു​റച്ച്‌ കണ്ടെന്നു വരില്ലേ? (മത്തായി 4:23, 24) യേശു ഒരിക്ക​ലും ദൈവ​ത്തിന്‌ എതിരെ പ്രവർത്തി​ക്കില്ല. ‘ഞാൻ എപ്പോ​ഴും ദൈവ​ത്തിന്‌ ഇഷ്ടമു​ള്ളതു ചെയ്യുന്നു’ എന്നും “പിതാവ്‌ എന്നോടു കല്‌പി​ച്ച​തെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌” എന്നും യേശു പറഞ്ഞു.—യോഹ​ന്നാൻ 8:29; 14:31.

ദൈവ​മാ​യ യഹോവ “അനീതി​യി​ല്ലാ​ത്തവൻ” ആണെന്നു ബൈബിൾ വ്യക്തമാ​യി പറയുന്നു. (ആവർത്തനം 32:4) ഉദാഹ​ര​ണ​ത്തിന്‌, ഒരു വിമാ​ന​ത്തിൽ യാത്ര ചെയ്യുന്ന ഒരാളെ ശിക്ഷി​ക്കാൻ ദൈവം ആ വിമാ​ന​ത്തി​ലുള്ള നിഷ്‌ക​ള​ങ്ക​രായ നൂറു​ക​ണ​ക്കിന്‌ ആളുകളെ ഒരു വിമാ​ന​ദു​ര​ന്ത​ത്തി​ലൂ​ടെ കൊന്നു​ക​ള​യില്ല. ദൈവ​ത്തി​ന്റെ നീതി​യോ​ടുള്ള ചേർച്ച​യിൽ, ദൈവം ‘ദുഷ്ടന്മാ​രു​ടെ​കൂ​ടെ നീതി​മാ​ന്മാ​രെ​യും നശിപ്പി​ച്ചു​ക​ള​യി​ല്ലെ​ന്നും’ അങ്ങനെ ചെയ്യു​ന്നത്‌ ദൈവ​ത്തി​നു “ചിന്തി​ക്കാൻപോ​ലും കഴിയില്ല” എന്നും വിശ്വ​സ്‌ത​ദാ​സ​നായ അബ്രാ​ഹാം പറഞ്ഞു. (ഉൽപത്തി 18:23, 25) ‘ദൈവം ദുഷ്ടത പ്രവർത്തി​ക്കി​ല്ലെ​ന്നും’ ‘തെറ്റു ചെയ്യി​ല്ലെ​ന്നും’ ബൈബിൾ പറയുന്നു.—ഇയ്യോബ്‌ 34:10-12.

ദുരി​ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

നമ്മുടെ ഏതെങ്കി​ലും ഒരു പാപത്തി​നു ദൈവം തരുന്ന ശിക്ഷയല്ല നമ്മൾ അനുഭ​വി​ക്കുന്ന ദുരി​തങ്ങൾ. യേശു​വും ശിഷ്യ​ന്മാ​രും ജന്മനാ അന്ധനായ ഒരാളെ കണ്ടപ്പോൾ യേശു ഇക്കാര്യം വ്യക്തമാ​ക്കി. “ശിഷ്യ​ന്മാർ യേശു​വി​നോ​ടു ചോദി​ച്ചു: ‘റബ്ബീ, ആരു പാപം ചെയ്‌തി​ട്ടാണ്‌ ഇയാൾ അന്ധനായി ജനിച്ചത്‌? ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ?’ യേശു പറഞ്ഞു: ‘ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ പാപം ചെയ്‌തി​ട്ടല്ല. ഇതു ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഇയാളി​ലൂ​ടെ വെളി​പ്പെ​ടാൻവേ​ണ്ടി​യാണ്‌.’”—യോഹ​ന്നാൻ 9:1-3.

എന്നാൽ ആളുകൾ മറിച്ചാ​ണു ചിന്തി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ അയാളോ അയാളു​ടെ മാതാ​പി​താ​ക്ക​ളോ പാപം ചെയ്‌തി​ട്ടല്ല അയാൾക്ക്‌ ഇങ്ങനെ സംഭവി​ച്ച​തെന്നു യേശു പറഞ്ഞ​പ്പോൾ ശിഷ്യ​ന്മാർക്ക്‌ ആശ്ചര്യം തോന്നി​ക്കാ​ണും. യേശു അയാൾക്കു കാഴ്‌ച കൊടു​ക്കുക മാത്രമല്ല ദുരി​തങ്ങൾ ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണെന്ന തെറ്റായ വിശ്വാ​സം തകിടം​മ​റി​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 9:6, 7) ഇന്ന്‌ ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ അനുഭ​വി​ക്കു​ന്ന​വർക്ക്‌ അതിന്‌ ഉത്തരവാ​ദി ദൈവ​മ​ല്ലെന്ന്‌ അറിയു​ന്നത്‌ ആശ്വാസം നൽകുന്നു.

തെറ്റിനുള്ള ദൈവ​ശി​ക്ഷ​യാ​ണു രോഗ​മെ​ങ്കിൽ യേശു ആളുകളെ സുഖ​പ്പെ​ടു​ത്തു​മാ​യി​രു​ന്നോ?

തിരുവെഴുത്തുകൾ ഈ ഉറപ്പ്‌ നൽകുന്നു

  • “ദോഷ​ങ്ങൾകൊണ്ട്‌ ദൈവത്തെ പരീക്ഷി​ക്കാൻ ആർക്കും കഴിയില്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല.” (യാക്കോബ്‌ 1:13) നൂറ്റാ​ണ്ടു​ക​ളാ​യി മനുഷ്യ​രെ പിടി​കൂ​ടി​യി​രി​ക്കുന്ന രോഗ​വും വേദന​യും മരണവും പോലുള്ള “ദോഷങ്ങൾ” ഉടൻതന്നെ ഇല്ലാതാ​കും.

  • യേശു​ക്രി​സ്‌തു ‘എല്ലാ രോഗി​ക​ളെ​യും സുഖ​പ്പെ​ടു​ത്തി’ (മത്തായി 8:16) തന്റെ അടുത്ത്‌ വന്നവ​രെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ ദൈവ​രാ​ജ്യ​ത്തിൽ മുഴു​മ​നു​ഷ്യർക്കു​മാ​യി താൻ എന്തു ചെയ്യു​മെന്നു ദൈവ​പു​ത്രൻ കാണി​ക്കു​ക​യാ​യി​രു​ന്നു.

  • “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”—വെളി​പാട്‌ 21:3-5.

ആരാണ്‌ ഉത്തരവാ​ദി?

പിന്നെ എന്തു​കൊ​ണ്ടാണ്‌ മനുഷ്യർ ഇത്രയ​ധി​കം വേദന​യും ദുരി​ത​വും അനുഭ​വി​ക്കു​ന്നത്‌? നൂറ്റാ​ണ്ടു​ക​ളാ​യി മനുഷ്യ​മ​ന​സ്സു​ക​ളി​ലൂ​ടെ കടന്നു​പോ​യി​രി​ക്കുന്ന ഒരു ചോദ്യ​മാ​ണിത്‌. ഉത്തരവാ​ദി ദൈവ​മ​ല്ലെ​ങ്കിൽ, പിന്നെ ആരാണ്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖന​ത്തിൽ കാണാം.

^ ഖ. 4 പണ്ടുകാലത്ത്‌ ആളുകൾ ചെയ്‌ത ചില പാപങ്ങൾക്കു ദൈവം ശിക്ഷ കൊടു​ത്തെ​ങ്കി​ലും ഇന്ന്‌ യഹോവ രോഗ​ങ്ങ​ളോ ദുരി​ത​ങ്ങ​ളോ വരുത്തി​ക്കൊണ്ട്‌ ആളുകളെ ശിക്ഷി​ക്കു​ന്ന​താ​യി ബൈബിൾ പറയു​ന്നില്ല.