വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിളർച്ച—കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

വിളർച്ച—കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

 ബെത്ത്‌ പറയുന്നു: “കൗമാ​ര​പ്രാ​യ​ത്തിൽ എനിക്കു വിളർച്ച​യാ​യി​രു​ന്നു. എപ്പോ​ഴും ഉറക്കം​തൂ​ങ്ങിയ അവസ്ഥ. പെട്ടെന്ന്‌ മടുക്കും, അസ്ഥികൾ വേദനി​ക്കും. എനിക്കു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഇരുമ്പ്‌ അടങ്ങിയ ഭക്ഷണസാ​ധ​നങ്ങൾ കഴിക്കാൻ ഡോക്ടർ എന്നോടു പറഞ്ഞു. എന്റെ ഭക്ഷണശീ​ല​ങ്ങ​ളി​ലും ഞാൻ മാറ്റം വരുത്തി. അപ്പോൾ എന്റെ അവസ്ഥ മെച്ച​പ്പെ​ടാൻ തുടങ്ങി.”

 ഈ ആരോ​ഗ്യ​പ്ര​ശ്‌നം ഇന്നു സർവ്വസാ​ധാ​ര​ണ​മാണ്‌. ലോകാ​രോ​ഗ്യ സംഘടന പറയു​ന്ന​ത​നു​സ​രിച്ച്‌ 200 കോടി ആളുകൾക്ക്‌—ലോക​ജ​ന​സം​ഖ്യ​യു​ടെ ഏകദേശം 30 ശതമാനം പേർക്ക്‌—വിളർച്ച​യുണ്ട്‌. വികസ്വ​ര​രാ​ജ്യ​ങ്ങ​ളിൽ വിളർച്ച​യു​ള്ള​വ​രിൽ ഏകദേശം 50 ശതമാനം ഗർഭി​ണി​ക​ളും 40 ശതമാനം കൊച്ചു​കു​ട്ടി​ക​ളും ആണ്‌.

 വിളർച്ച വലിയ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾക്കു കാരണ​മാ​യേ​ക്കാം. ഗുരു​ത​ര​മായ കേസു​ക​ളിൽ ഹൃദയ​സം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങ​ളോ ഹൃദയ​സ്‌തം​ഭ​നം​പോ​ലു​മോ ഉണ്ടാ​യേ​ക്കാം. ചില നാടു​ക​ളിൽ “20 ശതമാനം അമ്മമാ​രെ​യും മരണത്തി​ലേക്കു തള്ളിവി​ടു​ന്നത്‌”വിളർച്ച​യാ​ണെന്നു ലോകാ​രോ​ഗ്യ സംഘടന പറയുന്നു. ഇരുമ്പി​ന്റെ കുറവു​കൊ​ണ്ടു​ണ്ടാ​കുന്ന വിളർച്ച​യാണ്‌ സാധാരണ കണ്ടുവ​രു​ന്നത്‌. ഇങ്ങനെ​യുള്ള അമ്മമാർക്കു മാസം തികയാ​തെ കുട്ടികൾ ഉണ്ടാ​യേ​ക്കാം. അല്ലെങ്കിൽ ആ കുട്ടി​കൾക്കു തൂക്കം കുറവാ​യി​രി​ക്കാം. വിളർച്ച കുട്ടി​ക​ളു​ടെ വളർച്ചയെ ബാധി​ച്ചേ​ക്കാം. അവർക്ക്‌ അണുബാ​ധ​യു​ണ്ടാ​കാ​നും സാധ്യത കൂടു​ത​ലാണ്‌. എങ്കിലും ഇരുമ്പി​ന്റെ കുറവു​മൂ​ലം ഉണ്ടാകുന്ന വിളർച്ച, ഒഴിവാ​ക്കാ​നോ ചികി​ത്സിച്ച്‌ ഭേദമാ​ക്കാ​നോ കഴിയു​ന്ന​താണ്‌. a

എന്താണു വിളർച്ച?

 ആരോ​ഗ്യ​ക്കു​റ​വി​ന്റെ ലക്ഷണമാണ്‌ വിളർച്ച. വിളർച്ച​യു​ള്ള​വർക്ക്‌ ആരോ​ഗ്യ​മുള്ള ചുവന്ന രക്താണു​ക്കൾ ആവശ്യ​ത്തി​നു കാണില്ല. ഇതിനു കാരണം പലതാ​കാം. 400-ലധികം തരം വിളർച്ച​യു​ണ്ടെന്നു ശാസ്‌ത്രജ്ഞർ കണ്ടുപി​ടി​ച്ചി​ട്ടുണ്ട്‌! ചിലതു പെട്ടന്നു മാറു​ന്ന​തും മറ്റു ചിലതു നീണ്ടു​നിൽക്കു​ന്ന​തും ആണ്‌. ചിലതു നിസ്സാ​ര​വും മറ്റു ചിലതു ഗുരു​ത​ര​വും.

വിളർച്ച​യ്‌ക്കു​ള്ള കാരണങ്ങൾ

 വിളർച്ച​യ്‌ക്കു പ്രധാ​ന​പ്പെട്ട മൂന്നു കാരണ​ങ്ങ​ളുണ്ട്‌:

  •   രക്തനഷ്ടം​കൊണ്ട്‌ ശരീര​ത്തി​ലെ അരുണ​ര​ക്താ​ണു​ക്ക​ളു​ടെ എണ്ണം കുറയു​ന്നത്‌.

  •   ശരീരം ആവശ്യ​ത്തിന്‌ ആരോ​ഗ്യ​മുള്ള അരുണ​ര​ക്താ​ണു​ക്കൾ ഉത്‌പാ​ദി​പ്പി​ക്കാ​ത്തത്‌.

  •   ശരീരം അരുണ​ര​ക്താ​ണു​ക്കളെ നശിപ്പി​ക്കു​ന്നത്‌.

 ഇരുമ്പി​ന്റെ കുറവു​കൊണ്ട്‌ ഉണ്ടാകുന്ന വിളർച്ച​യാണ്‌ ലോക​ത്തി​ലെ ഏറ്റവും വ്യാപ​ക​മായ വിളർച്ച​യാ​യി കണക്കാ​ക്കു​ന്നത്‌. ശരീര​ത്തിൽ ആവശ്യ​ത്തിന്‌ ഇരുമ്പി​ല്ലെ​ങ്കിൽ ഓക്‌സി​ജൻ വഹിച്ചു​കൊ​ണ്ടു​പോ​കാൻ അരുണ​ര​ക്താ​ണു​ക്കളെ സഹായി​ക്കുന്ന ഹീമോ​ഗ്ലോ​ബിൻ ആവശ്യ​ത്തിന്‌ ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയില്ല.

ഇരുമ്പി​ന്റെ കുറവു​കൊ​ണ്ടുള്ള വിളർച്ച​യു​ടെ ലക്ഷണങ്ങൾ

 തുടക്ക​ത്തിൽ വിളർച്ച വളരെ നിസ്സാ​ര​മാ​യി​രു​ന്നേ​ക്കാം. ചില​പ്പോൾ ശ്രദ്ധി​യൽപ്പെ​ട്ട​ന്നു​പോ​ലും വരില്ല. ഇരുമ്പി​ന്റെ കുറവു​കൊ​ണ്ടുള്ള വിളർച്ച​യു​ടെ ചില ലക്ഷണങ്ങ​ളാ​ണു പിൻവ​രു​ന്നവ. എല്ലാവ​രി​ലും ഈ ലക്ഷണങ്ങ​ളെ​ല്ലാം കണ്ടെന്നു വരില്ല.

  •   വല്ലാത്ത ക്ഷീണം

  •   തണുത്ത കൈക​ളും കാലു​ക​ളും

  •   തളർച്ച

  •   വിളറിയ ചർമ്മം

  •   തലവേ​ദ​ന​യും തലകറ​ക്ക​വും

  •   നെഞ്ചു​വേദന, നെഞ്ചി​ടിപ്പ്‌, ശ്വാസം​മുട്ട്‌

  •   എളുപ്പ​ത്തിൽ പൊട്ടുന്ന നഖം

  •   വിശപ്പി​ല്ലായ്‌മ, പ്രത്യേ​കിച്ച്‌ ശിശു​ക്ക​ളി​ലും കുട്ടി​ക​ളി​ലും

  •   അന്നജം അടങ്ങിയ ഭക്ഷണം, ഐസ്‌, മണ്ണ്‌ എന്നിവ തിന്നാ​നുള്ള ആഗ്രഹം

കൂടുതൽ സാധ്യ​ത​യു​ള്ള​വർ

 സ്‌ത്രീ​കൾക്ക്‌ ആർത്തവ​സ​മ​യത്ത്‌ രക്തനഷ്ടം സംഭവി​ക്കു​ന്ന​തു​കൊണ്ട്‌ ഇരുമ്പി​ന്റെ കുറവു​കൊ​ണ്ടു​ണ്ടാ​കുന്ന വിളർച്ച വരാൻ സാധ്യത കൂടു​ത​ലാണ്‌. ഭക്ഷണത്തിൽനിന്ന്‌ ഫൊ​ളേറ്റ്‌, അഥവാ ഫോളിക്‌ ആസിഡ്‌ (ഒരുതരം വിറ്റാ​മിൻ ബി), ആവശ്യ​ത്തി​നു ലഭിച്ചി​ല്ലെ​ങ്കിൽ ഗർഭി​ണി​കൾക്കും വിളർച്ച വരാൻ സാധ്യ​ത​യുണ്ട്‌.

 മാസം തികയാ​തെ​യോ തൂക്കക്കു​റ​വോ​ടെ​യോ ജനിക്കുന്ന ശിശു​ക്കൾക്കു മുലപ്പാ​ലിൽനി​ന്നോ ഭക്ഷണത്തിൽനി​ന്നോ ആവശ്യ​ത്തിന്‌ ഇരുമ്പ്‌ കിട്ടി​യി​ല്ലെ​ങ്കിൽ വിളർച്ച വന്നേക്കാം.

 പോഷ​ക​മൂ​ല്യ​മുള്ള ഭക്ഷണങ്ങൾ കഴിക്കാത്ത കുട്ടി​കൾക്കു വിളർച്ച വന്നേക്കാം.

 സസ്യാ​ഹാ​രം മാത്രം കഴിക്കു​ന്ന​വർക്കു ഭക്ഷണത്തിൽനിന്ന്‌ ആവശ്യ​ത്തിന്‌ ഇരുമ്പി​ന്റെ അംശം ലഭിക്കാ​തെ വന്നേക്കാം. അതു വിളർച്ച​യ്‌ക്കു കാരണ​മാ​യേ​ക്കാം.

 നീണ്ടു​നിൽക്കു​ന്ന രോഗ​ങ്ങ​ളു​ള്ള​വർക്ക്‌, അതായത്‌ രക്ത സംബന്ധ​മായ രോഗങ്ങൾ, ക്യാൻസർ, വൃക്കത്ത​ക​രാർ, ചെറിയ രക്തവാർച്ച​യുള്ള അൾസ്സറു​കൾ, ചില അണുബാ​ധകൾ എന്നിവ ഉള്ളവർക്ക്‌, വിളർച്ച വന്നേക്കാം.

വിളർച്ച എങ്ങനെ ചികി​ത്സി​ക്കണം?

 എല്ലാ തരം വിളർച്ച​യും തടയാ​നോ ചികി​ത്സിച്ച്‌ ഭേദമാ​ക്കാ​നോ കഴിയില്ല. എന്നാൽ ഇരുമ്പി​ന്റെ​യോ വിറ്റാ​മി​ന്റെ​യോ കുറവു​കൊ​ണ്ടു വരുന്ന വിളർച്ച, പിൻവ​രുന്ന പോഷ​കങ്ങൾ അടങ്ങിയ ഭക്ഷണ​ക്ര​മ​ത്തി​ലൂ​ടെ തടയാ​നോ ഭേദമാ​ക്കാ​നോ കഴി​ഞ്ഞേ​ക്കും:

 ഇരുമ്പ്‌. ഇറച്ചി, പയറു​വർഗങ്ങൾ, കടുംപച്ച നിറത്തി​ലുള്ള ഇലക്കറി​കൾ എന്നിവ​യിൽ ഇരുമ്പി​ന്റെ അംശമുണ്ട്‌. b പാചക​ത്തി​നു ഇരുമ്പു​പാ​ത്രങ്ങൾ ഉപയോ​ഗി​ക്കു​ന്നതു ഭക്ഷണത്തി​ലെ ഇരുമ്പി​ന്റെ അംശം കൂട്ടാൻ സഹായി​ച്ചേ​ക്കു​മെന്ന്‌ പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു.

 ഫൊ​ളേറ്റ്‌. പഴങ്ങൾ, കടുംപച്ച നിറത്തി​ലുള്ള ഇലക്കറി​കൾ, ഗ്രീൻ പീസ്‌, വൻപയർ, വെണ്ണ, മുട്ട, മീൻ, ബദാം, നിലകടല എന്നിവ​യിൽ ഫൊ​ളേറ്റ്‌ കാണാം. വിറ്റാ​മിൻ ധാരാ​ള​മുള്ള ധാന്യ​വി​ഭ​വ​ങ്ങ​ളായ ബ്രെഡ്‌, പാസ്‌ത, അരി എന്നിവ​യി​ലും ഇതുണ്ട്‌. ഫൊ​ളേ​റ്റി​ന്റെ കൃത്രിമ രൂപമാണ്‌ ഫോളിക്‌ ആസിഡ്‌.

 വിറ്റാ​മിൻ ബി-12. ഇറച്ചി​യി​ലും പാലു​ത്‌പ​ന്ന​ങ്ങ​ളി​ലും പോഷ​ക​സ​മ്പു​ഷ്ട​മാ​ക്കിയ ചില തരം ധാന്യ​വി​ഭ​വ​ങ്ങ​ളി​ലും സോയാ ഉത്‌പ​ന്ന​ങ്ങ​ളി​ലും ഇതു കാണാം.

 വിറ്റാ​മിൻ സി. പുളി​പ്പുള്ള പഴങ്ങളി​ലും ജ്യൂസു​ക​ളി​ലും കുരു​മു​ള​കി​ലും ബ്രോ​ക്കൊ​ളി​യി​ലും തക്കാളി​യി​ലും തണ്ണിമ​ത്ത​നി​ലും സ്‌​ട്രോ​ബ​റി​യി​ലും എല്ലാം ഇതു കാണാം. വിറ്റാ​മിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പി​ന്റെ അംശം ആഗിരണം ചെയ്യാൻ സഹായി​ക്കും.

 ഓരോ പ്രദേ​ശ​ത്തും ഓരോ ഭക്ഷണമാണ്‌. അതു​കൊണ്ട്‌ വേണ്ട​പോ​ഷ​ക​ങ്ങ​ളുള്ള ഏതൊക്കെ ഭക്ഷണങ്ങ​ളാ​ണു നിങ്ങളു​ടെ പ്രദേ​ശ​ത്തു​ള്ള​തെന്നു മനസ്സി​ലാ​ക്കുക. നിങ്ങൾ ഒരു സ്‌ത്രീ​യാ​ണെ​ങ്കിൽ ഇതു വളരെ പ്രധാ​ന​മാണ്‌, പ്രത്യേ​കിച്ച്‌ നിങ്ങൾ ഗർഭി​ണി​യോ അല്ലെങ്കിൽ ഗർഭി​ണി​യാ​കാൻ തയ്യാ​റെ​ടു​ക്കു​ക​യോ ആണെങ്കിൽ. നിങ്ങളു​ടെ ആരോ​ഗ്യം പരിപാ​ലി​ക്കു​ന്ന​തി​ലൂ​ടെ കുട്ടിക്കു വിളർച്ച വരാനുള്ള സാധ്യത നിങ്ങൾ കുറയ്‌ക്കു​ക​യാണ്‌. c

a ഭക്ഷണക്രമത്തെയും അതി​നോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങ​ളെ​യും കുറിച്ച്‌ ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന വിവരങ്ങൾ പ്രധാ​ന​മാ​യും എടുത്തി​രി​ക്കു​ന്നതു മയോ ക്ലിനി​ക്കിൽനി​ന്നും ആതുര​സേ​വ​ന​വും അനുബന്ധ ആരോഗ്യ പരിപാലനവും—ഗെയ്‌ൽ സർവവി​ജ്ഞാ​ന​കോ​ശ​ത്തിൽനി​ന്നും (ഇംഗ്ലീഷ്‌) ആണ്‌. നിങ്ങൾക്കു വിളർച്ച​യു​ണ്ടെന്നു തോന്നു​ന്നെ​ങ്കിൽ ഒരു ഡോക്ടറെ കാണുക.

b ഡോക്ടറോടു ചോദി​ക്കാ​തെ ഇരുമ്പ്‌ വർധക​സാ​ധ​നങ്ങൾ കഴിക്കു​ക​യോ കുട്ടിക്കു കൊടു​ക്കു​ക​യോ ചെയ്യരുത്‌. ഇരുമ്പ്‌ അധിക​മാ​യാൽ അതു കരളിനെ ബാധി​ക്കാ​നും മറ്റു പ്രശ്‌ന​ങ്ങൾക്കു കാരണ​മാ​കാ​നും സാധ്യ​ത​യുണ്ട്‌.

c രക്തപ്പകർച്ചയിലൂടെ വിളർച്ച മാറ്റാൻ ചില​പ്പോൾ ഡോക്ടർമാർ ശ്രമി​ച്ചേ​ക്കാം. യഹോ​വ​യു​ടെ സാക്ഷികൾ ഈ ചികി​ത്സാ​രീ​തി സ്വീക​രി​ക്കില്ല.—പ്രവൃ​ത്തി​കൾ 15:28, 29.