വിവരങ്ങള്‍ കാണിക്കുക

വാക്കു​ക​ളി​ല്ലാത്ത പരിഭാഷ!

വാക്കു​ക​ളി​ല്ലാത്ത പരിഭാഷ!

യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കിയ വിവരങ്ങൾ ഇംഗ്ലീ​ഷിൽനിന്ന്‌ 900-ത്തിലധി​കം ഭാഷക​ളി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പരിഭാഷ ശ്രമക​ര​മായ ഒരു ജോലി​യാണ്‌. അത്‌ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കാ​ണെ​ങ്കിൽ കുറെ​യേറെ ജോലി​കൾകൂ​ടി ചെയ്യേ​ണ്ടി​വ​രും. പല ബധിര​രും കൈക​ളും മുഖഭാ​വ​ങ്ങ​ളും ഉപയോ​ഗി​ച്ചാണ്‌ ആശയവി​നി​മയം നടത്തു​ന്നത്‌. അതു​കൊണ്ട്‌ ആംഗ്യ​ഭാ​ഷ​യി​ലെ പരിഭാ​ഷകർ അക്ഷരങ്ങ​ളിൽനിന്ന്‌ വീഡി​യോ​യി​ലേ​ക്കാ​ണു പരിഭാഷ ചെയ്യു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷികൾ ഇതേ വിധത്തിൽ 90-ലധികം ആംഗ്യ​ഭാ​ഷ​ക​ളിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

ആരാണ്‌ പരിഭാ​ഷകർ?

സാക്ഷി​ക​ളാ​യ എല്ലാ പരിഭാ​ഷ​ക​രെ​യും​പോ​ലെ ആംഗ്യ​ഭാ​ഷ​യി​ലെ പരിഭാ​ഷ​ക​രും അവരുടെ ഭാഷ നന്നായി അറിയാ​വു​ന്ന​വ​രാണ്‌. അവരിൽ പലരും ചെറുപ്പം മുതൽ ആംഗ്യ​ഭാഷ ഉപയോ​ഗിച്ച്‌ പരിച​യ​മുള്ള ബധിര​രോ ബധിര​രുള്ള കുടും​ബ​ങ്ങ​ളിൽ വളർന്നു​വന്ന കേൾവി​ശ​ക്തി​യു​ള്ള​വ​രോ ആയിരി​ക്കാം. ഈ പരിഭാ​ഷകർ നന്നായി ബൈബിൾ പഠിക്കു​ന്ന​വ​രു​മാണ്‌.

പുതിയ പരിഭാ​ഷ​കർക്ക്‌ പരിഭാ​ഷ​യു​ടെ തത്ത്വങ്ങൾ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന വിപു​ല​മായ പരിശീ​ലനം ലഭിക്കും. ഉദാഹ​ര​ണ​ത്തിന്‌ ആൻഡ്രു പറയുന്നു: “ചെറു​പ്പ​ത്തിൽ ബധിരർക്കുള്ള സ്‌കൂ​ളിൽ പഠിക്കു​ക​യും ആംഗ്യ​ഭാഷ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തി​രു​ന്നെ​ങ്കി​ലും പരിഭാ​ഷ​കർക്കുള്ള പരിശീ​ലനം ഭാഷയു​ടെ വ്യാക​ര​ണ​ഘടന മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചു. ഒരാശയം കൃത്യ​മാ​യി അവതരി​പ്പി​ക്കു​ന്ന​തിന്‌ ആംഗ്യ​ങ്ങ​ളും മുഖഭാ​വ​ങ്ങ​ളും ശരീര​ച​ല​ന​ങ്ങ​ളും എങ്ങനെ മികച്ച രീതി​യിൽ ഉപയോ​ഗി​ക്കാ​മെന്നു മറ്റു പരിഭാ​ഷകർ എന്നെ പഠിപ്പി​ച്ചു.”

ഗുണ​മേ​ന്മ​യു​ള്ള പരിഭാഷ ഉറപ്പാ​ക്കു​ന്നു

പരിഭാ​ഷ​കർ ഒരു ടീമാ​യി​ട്ടാണ്‌ പ്രവർത്തി​ക്കു​ന്നത്‌. ഓരോ ടീമം​ഗ​ത്തി​നും ഓരോ ഉത്തരവാ​ദി​ത്വ​ങ്ങ​ളുണ്ട്‌. ഒരാൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു, മറ്റേയാൾ പരിഭാ​ഷ​യു​ടെ കൃത്യത ഉറപ്പാ​ക്കു​ന്നു, അടുത്ത​യാൾ ഭാഷയു​ടെ തനിമ​യും വ്യാക​ര​ണ​വും പരി​ശോ​ധി​ക്കു​ന്നു. പരിഭാ​ഷ​യെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യം അറിയാൻ പല സ്ഥലങ്ങളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലും ഉള്ള ബധിര​രായ കുറച്ച്‌ പേരെ ആ വീഡി​യോ​കൾ കാണി​ക്കാ​റുണ്ട്‌. ഇതു പരിഭാഷ മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കു​ന്നു. ഇതിലൂ​ടെ ആംഗ്യ​ങ്ങ​ളും മുഖഭാ​വ​ങ്ങ​ളും സ്വാഭാ​വി​ക​മാ​ണെ​ന്നും പുറത്തി​റ​ക്കുന്ന വീഡി​യോ​യി​ലെ വിവരങ്ങൾ കൃത്യ​വും വ്യക്തവും ആണെന്നും ഉറപ്പാ​ക്കാൻ കഴിയു​ന്നു.

ഫിന്നിഷ്‌ ആംഗ്യ​ഭാഷ പരിഭാ​ഷാ​ക്കൂ​ട്ടം പരിഭാഷ ചെയ്യേണ്ട ഭാഗം ചർച്ച ചെയ്യുന്നു

ഈ പരിഭാ​ഷകർ ആംഗ്യ​ഭാ​ഷ​യി​ലുള്ള സഭാ​യോ​ഗ​ങ്ങ​ളാണ്‌ സാധാരണ കൂടു​ന്നത്‌. സാക്ഷി​ക​ള​ല്ലാത്ത ബധിരരെ ഇവർ ബൈബിൾ പഠിപ്പി​ക്കാ​റു​മുണ്ട്‌. അതു​കൊണ്ട്‌ ആളുകൾ സാധാരണ ഉപയോ​ഗി​ക്കുന്ന ഭാഷയു​മാ​യി പരിഭാ​ഷകർ എപ്പോ​ഴും പരിചി​ത​രാ​യി​രി​ക്കും.

ഒരു ബ്രസീ​ലി​യൻ ആംഗ്യ​ഭാഷ പരിഭാ​ഷകൻ പരിഭാ​ഷ​യു​ടെ ആദ്യഘട്ട വീഡി​യോ റെക്കോർഡ്‌ ചെയ്യുന്നു

എന്തിന്‌ ഇത്രയ​ധി​കം ശ്രമം?

“എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള” ആളുകൾ ബൈബി​ളി​ന്റെ ആശ്വാ​സ​വും പ്രത്യാ​ശ​യും തരുന്ന സന്ദേശ​ത്തോ​ടു പ്രതി​ക​രി​ക്കു​മെന്നു ബൈബിൾ പറയുന്നു. (വെളി​പാട്‌ 7:9) ഇതിൽ ആംഗ്യ​ഭാ​ഷ​ക്കാ​രും ഉൾപ്പെ​ടു​ന്നു.

ഈ വിലപ്പെട്ട സേവന​ത്തി​നാ​യി സമയവും കഴിവും ഉപയോ​ഗി​ക്കാൻ പരിഭാ​ഷ​കർക്കു സന്തോ​ഷ​മാണ്‌. ഒരു പരിഭാ​ഷ​ക​നായ ടോണി പറയുന്നു: “ഒരു ബധിര​നാ​യ​തു​കൊണ്ട്‌ ബധിരർ നേരി​ടുന്ന ബുദ്ധി​മു​ട്ടു​കൾ എനിക്കു നന്നായി അറിയാം. കഴിയു​ന്നത്ര ബധിരരെ കണ്ട്‌ ബൈബി​ളിൽനി​ന്നുള്ള യഥാർഥ​പ്ര​ത്യാ​ശ അവരെ അറിയി​ക്ക​ണ​മെന്നു ഞാൻ എപ്പോ​ഴും ആഗ്രഹി​ച്ചി​രു​ന്നു.”

ഒരു ആംഗ്യ​ഭാഷ പരിഭാ​ഷാ​ക്കൂ​ട്ട​ത്തിൽ സേവി​ക്കുന്ന അമാൻഡ പറയുന്നു: “ബധിര​രർക്കു​വേണ്ടി ബൈബിൾവി​വ​രങ്ങൾ പരിഭാഷ ചെയ്യു​മ്പോൾ മുമ്പത്തെ ജോലി​യിൽ ചെയ്‌തി​രു​ന്ന​തി​നെ​ക്കാൾ വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു.”

നിങ്ങളു​ടെ ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​കൾ എങ്ങനെ കണ്ടെത്താം?

jw.org വെബ്‌​സൈ​റ്റിൽനിന്ന്‌ ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​കൾ കണ്ടെത്തു​ന്ന​തിന്‌, “ആംഗ്യ​ഭാ​ഷ​യി​ലു​ള്ള വിവരങ്ങൾ കണ്ടെത്താൻ” എന്ന ഭാഗം നോക്കുക.