വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ പഴയ നിയമ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ പഴയ നിയമ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

 ഉണ്ട്‌. മുഴു ബൈബി​ളും ‘ദൈവ​നി​ശ്വ​സ്‌ത​മാ​ണെ​ന്നും’ മനുഷ്യ​ന്റെ നന്മയ്‌ക്കു​വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16) അതിൽ, പഴയ നിയമം എന്നും പുതിയ നിയമം എന്നും പൊതു​വിൽ വിളി​ക്കു​ന്ന രണ്ടു ഭാഗങ്ങ​ളും ഉൾപ്പെ​ടും. യഹോ​വ​യു​ടെ സാക്ഷികൾ സാധാ​ര​ണ​യാ​യി ഈ ബൈബിൾഭാ​ഗ​ങ്ങ​ളെ യഥാ​ക്ര​മം, എബ്രായ തിരു​വെ​ഴു​ത്തു​കൾ എന്നും ക്രിസ്‌തീ​യ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ എന്നും ആണ്‌ വിളി​ക്കു​ക. അതുവഴി, ബൈബി​ളി​ന്റെ ചില ഭാഗങ്ങൾ കാലഹ​ര​ണ​പ്പെ​ട്ടു എന്നൊരു ധ്വനി നൽകാ​തി​രി​ക്കാൻ ഞങ്ങൾ ശ്രദ്ധി​ക്കു​ന്നു.

ക്രിസ്‌ത്യാ​നി​കൾ പഴയ നിയമ​വും പുതിയ നിയമ​വും ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രേര​ണ​യാൽ ക്രിസ്‌തീ​യ അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ ഇങ്ങനെ എഴുതി: “മുമ്പ്‌ എഴുത​പ്പെ​ട്ട​വ​യെ​ല്ലാം നമ്മുടെ പ്രബോ​ധ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള​താണ്‌.” (റോമർ 15:4) അതു കാണി​ക്കു​ന്നത്‌, എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ നമുക്കു​വേ​ണ്ടി വിലപ്പെട്ട ചില വിവര​ങ്ങ​ളു​ണ്ടെ​ന്നാണ്‌. വിശ്വ​സ​നീ​യ​മാ​യ ചരി​ത്ര​വും പ്രാ​യോ​ഗി​ക ഉപദേ​ശ​ങ്ങ​ളും ഉൾപ്പെടെ നമുക്കു​വേ​ണ്ടി​യു​ള്ള മറ്റു പലതും അതിലുണ്ട്‌.

  •   വിശ്വ​സ​നീ​യ​മാ​യ ചരിത്രം. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ, സൃഷ്ടി​പ്പി​നെ​ക്കു​റി​ച്ചും മനുഷ്യ​വർഗം പാപത്തിൽ വീണു​പോ​യ​തി​നെ​ക്കു​റി​ച്ചും ഉള്ള വിശദ​മാ​യ വിവര​ണ​ങ്ങൾ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ വിവരങ്ങൾ ഇല്ലായി​രു​ന്നെ​ങ്കിൽ നമ്മുടെ ചില ചോദ്യ​ങ്ങൾക്ക്‌ തൃപ്‌തി​ക​ര​മാ​യ ഉത്തരം കിട്ടു​ക​യി​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​മാ​യി, നമ്മൾ എവി​ടെ​നിന്ന്‌ വന്നു, മനുഷ്യൻ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌ തുടങ്ങിയ ചോദ്യ​ങ്ങൾ. (ഉല്‌പത്തി 2:7, 17) കൂടാതെ, നമ്മെ​പ്പോ​ലെ​ത​ന്നെ സന്തോ​ഷ​ങ്ങ​ളും വിഷമ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും ഒക്കെ അനുഭ​വി​ച്ച ആളുക​ളോട്‌ ദൈവ​മാ​യ യഹോവ ഇടപെ​ട്ടത്‌ എങ്ങനെ​യാണ്‌ എന്നുള്ള​തി​ന്റെ ചരി​ത്ര​രേ​ഖ​യും കൂടി​യാണ്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾ.—യാക്കോബ്‌ 5:17.

  •   പ്രാ​യോ​ഗി​ക ഉപദേ​ശ​ങ്ങൾ. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമായ സദൃശ​വാ​ക്യ​ങ്ങൾ, സഭാ​പ്ര​സം​ഗി എന്നീ ബൈബിൾപ്പു​സ്‌ത​ക​ങ്ങൾ കാലാ​തീ​ത​മാ​യ ജ്ഞാനോ​പ​ദേ​ശ​ങ്ങ​ളു​ടെ കലവറ​യാണ്‌. കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​ക​ര​മാ​ക്കാം (സദൃശ​വാ​ക്യ​ങ്ങൾ 15:17), ജോലി​യു​ടെ കാര്യ​ത്തിൽ എങ്ങനെ സമനില പാലി​ക്കാം (സദൃശ​വാ​ക്യ​ങ്ങൾ 10:4; സഭാ​പ്ര​സം​ഗി 4:6), യുവ​പ്രാ​യ​ത്തി​ലു​ള്ള​വർക്ക്‌ ജീവിതം ഏറ്റവും സന്തോ​ഷ​ക​ര​മാ​ക്കാൻ എങ്ങനെ കഴിയും എന്നിങ്ങ​നെ​യു​ള്ള ഉപദേ​ശ​ങ്ങൾ അവയിൽ ചിലതാണ്‌ (സഭാ​പ്ര​സം​ഗി 11:9–12:1).

 കൂടാതെ, തോറാ​യിൽ (ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങൾ) രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മോ​ശൈക ന്യായ​പ്ര​മാ​ണം പഠിക്കു​ന്ന​തും നമുക്ക്‌ ഗുണം ചെയ്യും. ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ ന്യായ​പ്ര​മാ​ണം അനുസ​രി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ലും, സന്തോ​ഷ​വും സമാധാ​ന​വും ഉള്ള ഒരു ജീവിതം നയിക്കാൻ നമ്മളെ സഹായി​ക്കു​ന്ന ഒട്ടനവധി തത്ത്വങ്ങൾ അതിലുണ്ട്‌.—ലേവ്യ​പു​സ്‌ത​കം 19:18; ആവർത്ത​ന​പു​സ്‌ത​കം 6:5-7.