വിവരങ്ങള്‍ കാണിക്കുക

പബ്ലിക്‌ ടെലി​ഫോ​ണി​ലൂ​ടെ​യുള്ള ബൈബിൾപ​ഠ​നങ്ങൾ

പബ്ലിക്‌ ടെലി​ഫോ​ണി​ലൂ​ടെ​യുള്ള ബൈബിൾപ​ഠ​നങ്ങൾ

 ബ്രസീ​ലി​ലെ ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌ ഡയാനി. അവർ ഒരു മുഴു​സമയ സുവി​ശേ​ഷ​ക​യും കൂടി​യാണ്‌. ഒരിക്കൽ ടെലി​ഫോ​ണി​ലൂ​ടെ ബൈബി​ളി​ലെ കാര്യങ്ങൾ സംസാ​രി​ക്കു​ന്ന​തിന്‌ ഇടയിൽ ഡയാനി, ചെറു​പ്പ​ക്കാ​രായ ഒരു ദമ്പതി​കളെ പരിച​യ​പ്പെട്ടു. അവർ ഒരു ഉൾനാടൻ ഗ്രാമ​ത്തി​ലേക്കു താമസം മാറു​ക​യാ​ണെ​ന്നും അവിടെ കറന്റോ ഇന്റർനെ​റ്റോ ഇല്ലെന്നും ഡയാനി​യോ​ടു പറഞ്ഞു. അതുമാ​ത്രമല്ല, അവിടെ യഹോ​വ​യു​ടെ സാക്ഷി​ക​ളും ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌ ബൈബിൾചർച്ചകൾ തുടരു​ന്ന​തി​നാ​യി ആ ദമ്പതികൾ ആ ഗ്രാമ​ത്തി​ലെ പബ്ലിക്‌ ടെലി​ഫോ​ണി​ന്റെ നമ്പർ ഡയാനി​ക്കു കൊടു​ത്തു. വിളി​ക്കാൻവേണ്ടി അവർ മൂന്നു​പേ​രും ഒരു ദിവസ​വും സമയവും പറഞ്ഞൊ​ത്തു.

 പറഞ്ഞ സമയത്തു​തന്നെ ഡയാനി വിളിച്ചു. ആ ദമ്പതികൾ ഫോൺ എടുക്കു​ക​യും ചെയ്‌തു. തുടർന്നുള്ള രണ്ട്‌ ആഴ്‌ച​ക​ളി​ലാ​യി മൂന്നു പ്രാവ​ശ്യം അവർ ഫോണി​ലൂ​ടെ ബൈബിൾചർച്ചകൾ നടത്തി.

 അതിനു ശേഷം ആ ദമ്പതികൾ ഫോൺ എടുത്തില്ല. എങ്കിലും, ഡയാനി നിരു​ത്സാ​ഹ​പ്പെ​ട്ടു​പോ​യില്ല. അവർ തുടർന്നും ആഴ്‌ച​യിൽ മൂന്നു തവണ ആ ഫോണി​ലേക്കു വിളിച്ചു. ഫോൺ എടുക്കുന്ന ആളുക​ളോ​ടു ഡയാനി ബൈബിൾവി​ഷ​യങ്ങൾ സംസാ​രി​ച്ചു. അതിന്റെ ഫലമായി ആ ഗ്രാമ​ത്തി​ലുള്ള മറ്റു പലരു​മാ​യി ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ ഡയാനി​ക്കു കഴിഞ്ഞു.

 ഒരു ദിവസം ഡയാനി​യും ഭർത്താ​വും ഒരു ചെറു​പ്പ​ക്കാ​ര​നു​മാ​യി ഫോണി​ലൂ​ടെ ബൈബിൾപ​ഠനം നടത്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ ആ ഗ്രാമ​ത്തി​ലെ ഒരു സഭാ​നേ​താവ്‌ അവരുടെ ചർച്ച കേട്ടു. അവരുടെ ആ സംഭാ​ഷണം വ്യക്തമാ​യി കേൾക്കാൻവേണ്ടി അദ്ദേഹം ആ ബൈബിൾവി​ദ്യാർഥി​യു​ടെ അടുത്ത്‌ പോയി നിന്നു. എന്നിട്ട്‌ അദ്ദേഹം, ‘ഞാനും അവരോട്‌ ഒന്നു സംസാ​രി​ച്ചോ​ട്ടെ?’ എന്ന്‌ ആ ബൈബിൾവി​ദ്യാർഥി​യോ​ടു ചോദി​ച്ചു. ഇതുവരെ കേട്ട കാര്യങ്ങൾ തനിക്ക്‌ വളരെ ഇഷ്ടപ്പെ​ട്ടെ​ന്നും തനിക്കും ഒരു ബൈബിൾപ​ഠനം വേണ​മെ​ന്നും അദ്ദേഹം ഡയാനി​യോ​ടും ഭർത്താ​വി​നോ​ടും പറഞ്ഞു.

 അങ്ങനെ ഡയാനി​യും ഭർത്താ​വും സഭാ​നേ​താ​വി​ന്റേത്‌ അടക്കം ആ ഗ്രാമ​ത്തിൽ ആറു ബൈബിൾപ​ഠ​നങ്ങൾ നടത്താൻതു​ടങ്ങി. അതിൽ ചില വിദ്യാർഥി​കൾ ആ ടെലി​ഫോ​ണി​ലൂ​ടെ മീറ്റി​ങ്ങു​കൾക്കും പങ്കെടു​ത്തു. അവരിൽ ഒരാൾ ഒരു ബെഞ്ചു​വരെ ഉണ്ടാക്കി, വിദ്യാർഥി​കൾക്ക്‌ ഇരുന്ന്‌ പഠിക്കാൻ.

 ഒറ്റപ്പെട്ട ആ ഗ്രാമ​ത്തിൽ രാജ്യ​സ​ന്ദേശം എത്തിക്കാൻ അവസരം കിട്ടി​യ​തിൽ ഡയാനി​ക്കും ഭർത്താ​വി​നും ഒരുപാ​ടു സന്തോ​ഷ​മുണ്ട്‌. ഡയാനി പറയുന്നു: “എത്ര ഒറ്റപ്പെട്ട പ്രദേ​ശ​ത്താ​ണു താമസി​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും ആളുക​ളു​ടെ അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ യഹോ​വ​യ്‌ക്കാ​കും.”