വിവരങ്ങള്‍ കാണിക്കുക

ശരീരം തളർന്ന​പ്പോ​ഴും മനസ്സു തളരാതെ

ശരീരം തളർന്ന​പ്പോ​ഴും മനസ്സു തളരാതെ

 ഒരു യഹോ​വ​യു​ടെ സാക്ഷി​യായ വെർജീ​നി​യ​യ്‌ക്ക്‌ ഗുരു​ത​ര​മായ ഒരു രോഗം ഉണ്ടായി. ലോക്ക്‌ഡ്‌ ഇൻ സിൻ​ഡ്രോം എന്നാണ്‌ അതിന്റെ പേര്‌. അവരുടെ ശരീരം മുഴുവൻ തളർന്നു​പോ​യി. എന്നാൽ വെർജീ​നി​യ​യ്‌ക്ക്‌ കാണാ​നും കേൾക്കാ​നും കഴിയും. അവർ കണ്ണുകൾ അടയ്‌ക്കു​ക​യും തുറക്കു​ക​യും ചെയ്യും, തല ചെറു​താ​യൊ​ന്ന​ന​ക്കും അത്രേ​യു​ള്ളൂ. സംസാ​രി​ക്കാ​നോ ഭക്ഷണം കഴിക്കാ​നോ പോലും പറ്റില്ല. പക്ഷേ പണ്ട്‌ അങ്ങനെ​യാ​യി​രു​ന്നില്ല, നല്ല ആരോ​ഗ്യ​ത്തോ​ടെ ഓടി​ന​ട​ന്നി​രുന്ന ആളാണ്‌. 1997-ലെ ഒരു പ്രഭാ​ത​ത്തി​ലാ​ണു കാര്യങ്ങൾ മാറി​മ​റി​ഞ്ഞത്‌. വെർജീ​നി​യ​യ്‌ക്ക്‌ തലയുടെ പിൻഭാ​ഗ​ത്താ​യി സഹിക്കാൻ പറ്റാത്ത ഒരു വേദന​യു​ണ്ടാ​യി. പെട്ടെ​ന്നു​തന്നെ ഭർത്താവ്‌ അവരെ ഹോസ്‌പി​റ്റ​ലിൽ എത്തിച്ചു. അന്നു വൈകു​ന്നേരം അബോ​ധാ​വ​സ്ഥ​യി​ലായ വെർജീ​നി​യ​യ്‌ക്ക്‌ പിന്നെ ബോധം തിരി​ച്ചു​കി​ട്ടു​ന്നത്‌ രണ്ടാഴ്‌ച കഴിഞ്ഞാണ്‌. അപ്പോൾ അവർ ഐസിയു-യിൽ വെന്റി​ലേ​റ്റ​റിൽ ആയിരു​ന്നു, ശരീരം മുഴുവൻ തളർന്നു​പോയ അവസ്ഥയിൽ. കുറേ ദിവസ​ത്തേക്ക്‌ വെർജീ​നി​യ​യ്‌ക്ക്‌ ഒന്നും ഓർമ​യി​ല്ലാ​യി​രു​ന്നു, താൻ ആരാ​ണെ​ന്നു​പോ​ലും.

 പിന്നെ എന്താണു സംഭവി​ച്ച​തെന്ന്‌ വെർജീ​നിയ വിശദീ​ക​രി​ക്കു​ന്നു: “പതി​യെ​പ്പ​തി​യെ എന്റെ ഓർമകൾ തിരി​ച്ചു​കി​ട്ടി. ഞാൻ ദൈവ​ത്തോ​ടു കരഞ്ഞു പ്രാർഥി​ച്ചു. ഞാൻ മരിച്ചു​പോ​യാൽ, വെറും ഒൻപതു വയസ്സു മാത്ര​മുള്ള എന്റെ മോന്‌ അമ്മയി​ല്ലാ​താ​യി പോകു​മ​ല്ലോ എന്നായി​രു​ന്നു എന്റെ ചിന്ത. മനസ്സിനു ധൈര്യം കിട്ടാൻ എന്നെ​ക്കൊണ്ട്‌ കഴിയു​ന്നത്ര ബൈബിൾ വാക്യങ്ങൾ ഓർത്തെ​ടു​ക്കാൻ ഞാൻ ശ്രമിച്ചു.

 “കുറച്ച്‌ ദിവസം കഴിഞ്ഞ​പ്പോൾ ഡോക്ടർമാർ എന്നെ ഐസിയു-യിൽ നിന്നു മാറ്റി. പിന്നീ​ടുള്ള ആറു മാസം ഞാൻ പലപല ആശുപ​ത്രി​ക​ളി​ലാ​യി​രു​ന്നു. വീട്ടിൽ വന്നപ്പോ​ഴും എനിക്കു വലിയ മാറ്റ​മൊ​ന്നും ഉണ്ടായി​രു​ന്നില്ല. പൂർണ​മാ​യും തളർന്ന അവസ്ഥ തന്നെയാ​യി​രു​ന്നു. എനിക്ക്‌ എന്തു ചെയ്യണ​മെ​ങ്കി​ലും മറ്റുള്ള​വ​രു​ടെ സഹായം വേണം. ഞാൻ ആകെ തകർന്നു​പോ​യി. എന്നെ​ക്കൊണ്ട്‌ ആർക്കും, യഹോ​വ​യ്‌ക്കു​പോ​ലും ഒരു ഗുണവു​മി​ല്ല​ല്ലോ എന്നു ഞാൻ ചിന്തിച്ചു. എന്റെ മോന്റെ കാര്യം പോലും നോക്കാൻ പറ്റുന്നി​ല്ല​ല്ലോ എന്ന വിഷമ​വും എനിക്കു​ണ്ടാ​യി​രു​ന്നു.

 “എന്റെ​പോ​ലെ ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടായി​രുന്ന ചില സാക്ഷി​ക​ളു​ടെ അനുഭ​വങ്ങൾ ഞാൻ വായിച്ചു. അവർ യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ എനിക്ക്‌ അതിശയം തോന്നി. അങ്ങനെ, നിരാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നു പകരം യഹോ​വ​യ്‌ക്കു​വേണ്ടി എനിക്ക്‌ എന്തു ചെയ്യാ​നാ​കും എന്നു ഞാൻ ചിന്തിച്ചു. അസുഖം വരുന്ന​തി​നു മുമ്പ്‌ ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ എനിക്കു കുറച്ച്‌ സമയമേ കിട്ടി​യി​രു​ന്നു​ള്ളൂ. എന്നാൽ, ഇപ്പോൾ എനിക്ക്‌ ഒരുപാ​ടു സമയമുണ്ട്‌, ശരിക്കും പറഞ്ഞാൽ ദിവസം മുഴു​വ​നു​മുണ്ട്‌. അതു​കൊണ്ട്‌, എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തൊ​ക്കെ ഞാൻ യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്യാൻ തുടങ്ങി.

 “ഞാൻ കമ്പ്യൂട്ടർ ഉപയോ​ഗി​ക്കാൻ പഠിച്ചു. എന്റെ കമ്പ്യൂ​ട്ട​റിൽ ഒരു സോഫ്‌റ്റ്‌വെയർ ഉണ്ട്‌. ഞാൻ തല അനക്കു​ന്ന​ത​നു​സ​രിച്ച്‌ ആ സോഫ്‌റ്റ്‌വെയർ ടൈപ്പ്‌ ചെയ്യാൻ എന്നെ സഹായി​ക്കും. പക്ഷേ, അത്‌ ഒട്ടും എളുപ്പമല്ല. കുറച്ചു​ക​ഴി​യു​മ്പോൾ ഞാൻ മടുത്തു​പോ​കും. എന്നാലും, ബൈബിൾ പഠിക്കാ​നും കത്തുക​ളി​ലൂ​ടെ​യും ഇ-മെയി​ലി​ലൂ​ടെ​യും മറ്റുള്ള​വ​രോ​ടു സന്തോ​ഷ​വാർത്ത പറയാ​നും അങ്ങനെ എനിക്കു കഴിയു​ന്നു. വേറൊ​രു പ്രശ്‌നം എന്റെ അടുത്തു​ള്ള​വ​രോ​ടു ഞാൻ എങ്ങനെ സംസാ​രി​ക്കും എന്നതാണ്‌. അതിന്‌ എനിക്ക്‌ എല്ലാ അക്ഷരങ്ങ​ളും ഉള്ള ഒരു ബോർഡ്‌ ഉണ്ട്‌. ഓരോ അക്ഷരങ്ങൾവെച്ച്‌ അവർ എന്നെ തൊട്ടു​കാ​ണി​ക്കും. അവർ കാണി​ക്കുന്ന അക്ഷരം തെറ്റാ​ണെ​ങ്കിൽ ഞാൻ എന്റെ കണ്ണു മിഴി​ക്കും. ഇനി അതു ശരിയാ​ണെ​ങ്കിൽ ഞാൻ കണ്ണ്‌ അടയ്‌ക്കും. അങ്ങനെ ഓരോ അക്ഷരങ്ങ​ളാ​യി തിര​ഞ്ഞെ​ടുത്ത്‌ വാക്കു​ക​ളും, വാക്കുകൾ കൂട്ടി​ച്ചേർത്തു വാചക​ങ്ങ​ളും ഉണ്ടാക്കും. എന്റെ അടുത്ത്‌ സ്ഥിരം വരാറുള്ള സഹോ​ദ​രി​മാർ ഇക്കാര്യ​ത്തിൽ മിടു​ക്ക​രാണ്‌. എനിക്കു പറയാ​നു​ള്ളത്‌ അവർ പെട്ടെന്ന്‌ ഊഹി​ച്ചെ​ടു​ക്കും. ചില​പ്പോൾ അവർ ഊഹി​ക്കു​ന്നതു തെറ്റി​പ്പോ​കും. അപ്പോൾ അതിലെ കോമ​ഡി​യോർത്ത്‌ ഞങ്ങൾ കുറെ ചിരി​ക്കും.

അക്ഷരങ്ങൾ എഴുതിയ ഒരു ബോർഡ്‌ ഉപയോ​ഗിച്ച്‌ ആശയവി​നി​മയം നടത്തുന്നു

 “സഭയിലെ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തും എനിക്കു വലിയ ഇഷ്ടമാണ്‌. ഞാൻ മീറ്റി​ങ്ങു​ക​ളൊ​ന്നും മുടക്കാ​റില്ല. ഇപ്പോൾ അത്‌ വീഡി​യോ കോൺഫ​റൻസിങ്‌ വഴിയാണ്‌. എനിക്കു പറയാ​നുള്ള ഉത്തരങ്ങൾ ഞാൻ മുന്നമേ ടൈപ്പ്‌ ചെയ്യും. എന്നിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയു​ടെ സമയത്ത്‌ വേറൊ​രാൾ അത്‌ എനിക്കു​വേണ്ടി വായി​ക്കും. പിന്നെ, ഞങ്ങൾ സഹോ​ദ​രങ്ങൾ കുറച്ചു​പേർ ഒരുമി​ച്ചി​രുന്ന്‌ എല്ലാ മാസവും JW പ്രക്ഷേ​പ​ണ​വും കാണും. a

 “ഞാൻ ഇങ്ങനെ തളർന്നു കിടക്കാൻ തുടങ്ങി​യിട്ട്‌ ഇപ്പോൾ 23 വർഷമാ​യി. ചില​പ്പോ​ഴൊ​ക്കെ എനിക്കു ഭയങ്കര വിഷമം തോന്നും. പക്ഷേ, അപ്പോൾ ഞാൻ പ്രാർഥി​ക്കും, സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഇരിക്കും, ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ നോക്കും. അപ്പോൾ എന്റെ വിഷമം കുറയും. സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ സഹായം ഉള്ളതു​കൊണ്ട്‌ കഴിഞ്ഞ ആറു വർഷമാ​യിട്ട്‌ എനിക്കു സഹായ മുൻനി​ര​സേ​വനം ചെയ്യാ​നാ​കു​ന്നു. എന്റെ മകൻ അലക്‌സാൻ​ഡ്രോ​യ്‌ക്ക്‌ നല്ലൊരു മാതൃ​ക​യാ​യി​രി​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമി​ച്ചി​രു​ന്നു. ഇപ്പോൾ അവന്റെ കല്യാണം കഴിഞ്ഞു. അവനും ഭാര്യ​യും സാധാരണ മുൻനി​ര​സേ​വനം ചെയ്യുന്നു. അലക്‌സാൻഡ്രോ സഭയിൽ ഒരു മൂപ്പനു​മാണ്‌.

 “ഞാൻ എപ്പോ​ഴും പറുദീ​സ​യിൽ ആയിരി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കും. പറുദീ​സ​യിൽ ഒരുപാ​ടു കാര്യങ്ങൾ ചെയ്യാ​നുണ്ട്‌. ആദ്യം എനിക്ക്‌ എന്റെ ശബ്ദത്തിൽ യഹോ​വ​യെ​ക്കു​റിച്ച്‌ പറയണം. പിന്നെ, പ്രകൃ​തി​ഭം​ഗി​യൊ​ക്കെ ആസ്വദിച്ച്‌ ഒരു അരുവി​യു​ടെ സൈഡിൽക്കൂ​ടെ ഇങ്ങനെ നടക്കണം. ഇരുപ​തി​ല​ധി​കം വർഷമാ​യി ഒരു ട്യൂബി​ലൂ​ടെ വെള്ളം​പോ​ലത്തെ ഭക്ഷണമാണ്‌ ഞാൻ കഴിക്കു​ന്നത്‌. പറുദീ​സ​യിൽ ഒരു മരത്തിൽനിന്ന്‌ ആപ്പിൾ പറിച്ച്‌ കടിച്ചു​തി​ന്നാൻ എനിക്കു എന്തു കൊതി​യാ​ണെ​ന്നോ! ഒരു ഇറ്റലി​ക്കാ​രി​യായ ഞാൻ ഇവിടു​ത്തെ പിസ്സ പോലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാൻ കാത്തി​രി​ക്കു​ക​യാണ്‌.

 “‘രക്ഷയുടെ ഈ പ്രത്യാ​ശ​യാണ്‌’ എന്റെ മനസ്സിനു ബലം നൽകു​ന്നത്‌. (1 തെസ്സ​ലോ​നി​ക്യർ 5:8) ഞാൻ പുതിയ ഭൂമി​യിൽ ആയിരി​ക്കു​ന്ന​താ​യി ചിന്തി​ക്കു​മ്പോൾ എനിക്കു സന്തോഷം തോന്നു​ന്നു. എനിക്ക്‌ ഇപ്പോൾ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടെങ്കി​ലും അന്ന്‌ യഹോവ അതെല്ലാം മാറ്റി തരും. യഹോവ തന്റെ രാജ്യ​ത്തി​ലൂ​ടെ തരാനി​രി​ക്കുന്ന ആ ‘യഥാർഥ​ജീ​വ​നാ​യി’ ഞാൻ നോക്കി​യി​രി​ക്കു​ക​യാണ്‌.”—1 തിമൊ​ഥെ​യൊസ്‌ 6:19; മത്തായി 6:9, 10.

a JW പ്രക്ഷേ​പ​ണ​ത്തി​ലേ​ക്കുള്ള ലിങ്ക്‌ jw.org-ൽ കാണാ​നാ​കും.