വിവരങ്ങള്‍ കാണിക്കുക

പരിമി​തി​കൾ ഉള്ളപ്പോ​ഴും മറ്റുള്ള​വർക്കാ​യി. . .

പരിമി​തി​കൾ ഉള്ളപ്പോ​ഴും മറ്റുള്ള​വർക്കാ​യി. . .

 ബ്രസീ​ലിൽനി​ന്നുള്ള മരിയ ലൂസി​യ​യ്‌ക്ക്‌ ഒരു ജനിത​ക​വൈ​ക​ല്യം (അഷേഴ്‌സ്‌ സിൻ​ഡ്രോം) ഉണ്ടായി​രു​ന്നു. ആ വൈക​ല്യ​മുള്ള മിക്കവർക്കും കേൾവി​ശക്തി നഷ്ടമാ​കും, പതി​യെ​പ്പ​തി​യെ കാഴ്‌ച​യും ഇല്ലാതാ​കും. മരിയ ലൂസിയ ബധിര​യാ​യാണ്‌ ജനിച്ചത്‌. കുട്ടി​യാ​യി​രു​ന്ന​പ്പോൾത്തന്നെ ആംഗ്യ​ഭാഷ പഠിച്ചു. 30 വയസ്സാ​യ​പ്പോൾ കാഴ്‌ച​ശ​ക്തി​യും കുറഞ്ഞു​തു​ടങ്ങി. ഇത്ര​യൊ​ക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കി​ലും മരിയ തന്നെത്തന്നെ ഒറ്റപ്പെ​ടു​ത്തി​യില്ല. ഇപ്പോൾ 70 വയസ്സ്‌ കഴിഞ്ഞു. അവരുടെ ജീവിതം ഇപ്പോ​ഴും സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ളതാണ്‌.

 മരിയ ലൂസിയ 1977-ൽ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. അപ്പോൾ മരിയ​യ്‌ക്ക്‌ കാഴ്‌ച​ശക്തി നഷ്ടപ്പെ​ട്ടു​തു​ട​ങ്ങി​യി​രു​ന്നില്ല. യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി​യ​തി​നെ​ക്കു​റിച്ച്‌ മരിയ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞാൻ ഒരു ദിവസം, എന്റെകൂ​ടെ സ്‌കൂ​ളിൽ പഠിച്ച അഡ്രി​യാ​നോ​യെ കണ്ടു. അവൻ യഹോ​വ​യു​ടെ സാക്ഷി​യാ​യിട്ട്‌ അധികം നാളാ​യി​ട്ടി​ല്ലാ​യി​രു​ന്നു. ഭാവി​യിൽ ഭൂമി ഒരു പറുദീ​സ​യാ​കും, എല്ലാ മനുഷ്യർക്കും പൂർണാ​രോ​ഗ്യം കിട്ടും എന്നൊ​ക്കെ​യുള്ള ദൈവ​ത്തി​ന്റെ ഉറപ്പ്‌ അവൻ എനിക്കു കാണി​ച്ചു​തന്നു. എനിക്ക്‌ അതെല്ലാം ഒരുപാട്‌ ഇഷ്ടമായി. ഞാൻ ഒരു ബൈബിൾപ​ഠനം സ്വീക​രി​ച്ചു. പെട്ടെ​ന്നു​തന്നെ ഞാൻ റിയോ ഡി ജനൈ​റോ​യി​ലുള്ള ഒരു സഭയിൽ പോകാൻതു​ടങ്ങി. അവിടെ ചില യോഗങ്ങൾ ആംഗ്യ​ഭാ​ഷ​യി​ലേക്ക്‌ പരിഭാഷ ചെയ്‌തി​രു​ന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ എനിക്ക്‌ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ പറ്റി. 1978 ജൂ​ലൈ​യിൽ ഞാൻ സ്‌നാ​ന​മേറ്റു.”

 കുറച്ച്‌ കഴിഞ്ഞ​പ്പോൾ മരിയ മറ്റൊരു സഭയി​ലേക്കു മാറി. അവിടെ ആംഗ്യ​ഭാഷ അറിയുന്ന ആരുമു​ണ്ടാ​യി​രു​ന്നില്ല. ആദ്യ​മൊ​ക്കെ അതു വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. കാരണം മീറ്റി​ങ്ങിൽ പറയു​ന്ന​തൊ​ന്നും മരിയ​യ്‌ക്കു മനസ്സി​ലാ​യില്ല. എന്നാൽ പിന്നീട്‌ രണ്ടു സഹോ​ദ​രി​മാർ സഹായി​ക്കാൻതു​ടങ്ങി. അവർ മീറ്റി​ങ്ങി​ന്റെ സമയത്ത്‌ മരിയ​യു​ടെ കൂടെ ഇരിക്കും. എന്നിട്ട്‌ മീറ്റി​ങ്ങിൽ പറയുന്ന കാര്യങ്ങൾ ഒരു നോട്ടിൽ എഴുതി​ക്കൊ​ടു​ക്കും. മരിയ പറയുന്നു: “ഞാൻ വീട്ടിൽച്ചെന്ന്‌ ഈ നോട്ടു​കൾ വീണ്ടും​വീ​ണ്ടും നോക്കും. അങ്ങനെ ഞാൻ കാര്യങ്ങൾ മനസ്സി​ലാ​ക്കും. കുറച്ചു കഴിഞ്ഞ​പ്പോൾ ആ രണ്ടു സഹോ​ദ​രി​മാർ ആംഗ്യ​ഭാഷ പഠിച്ചു. അങ്ങനെ അവർ എന്റെ പരിഭാ​ഷ​ക​രാ​യി​ത്തീർന്നു.”

 പിന്നീട്‌ മരിയ ലൂസി​യ​യു​ടെ കാഴ്‌ച​ശക്തി തീരെ ഇല്ലാതാ​യി​ത്തു​ടങ്ങി. പരിഭാ​ഷകർ ചെയ്യുന്ന ആംഗ്യ​ങ്ങ​ളൊ​ന്നും കാണാൻ പറ്റാതാ​യി. അങ്ങനെ മരിയ ടാക്‌റ്റൈൽ ആംഗ്യ​ഭാഷ ഉപയോ​ഗി​ച്ചു​തു​ടങ്ങി. അത്‌ എന്താ​ണെന്ന്‌ മരിയ​തന്നെ പറയുന്നു: “പരിഭാഷ ചെയ്യു​ന്ന​വ​രു​ടെ കൈയു​ടെ മുകളിൽ ഞാൻ എന്റെ കൈ വെക്കും. അങ്ങനെ പരിഭാ​ഷകർ ചെയ്യുന്ന ആംഗ്യം എന്താ​ണെന്ന്‌ എനിക്ക്‌ തൊട്ട​റി​യാ​നാ​കും.”

 ഈ പരിഭാ​ഷ​ക​രോട്‌ മരിയ ലൂസി​യ​യ്‌ക്ക്‌ വളരെ​യ​ധി​കം നന്ദിയുണ്ട്‌. മരിയ പറയുന്നു: “യഹോ​വ​യിൽനി​ന്നുള്ള വിലപ്പെട്ട സമ്മാന​ങ്ങ​ളാണ്‌ അവർ. അവരുടെ സഹായ​ത്താൽ എനിക്കു മീറ്റി​ങ്ങു​ക​ളും സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നന്നായി മനസ്സി​ലാ​ക്കാ​നും അതിൽനിന്ന്‌ പ്രയോ​ജനം നേടാ​നും പറ്റുന്നു.”

 മരിയ ലൂസിയ ശുശ്രൂ​ഷ​യിൽ നല്ല ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു. ടാക്‌റ്റൈൽ ആംഗ്യ​ഭാഷ ഉപയോ​ഗിച്ച്‌ ബധിര​രായ ആളുക​ളോട്‌ സാക്ഷീ​ക​രി​ക്കും. സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള മരിയ​യു​ടെ ഈ ശ്രമം കാണു​മ്പോൾ അവർ അത്ഭുത​പ്പെ​ട്ടു​പോ​കാ​റുണ്ട്‌. കോവിഡ്‌ 19-ന്റെ സമയത്ത്‌ ബധിര​രായ ആളുകൾക്ക്‌ മരിയ ധാരാളം കത്തുകൾ എഴുതി. അതിന്‌ അനിയ​നായ ജുസേ അന്റോ​ണി​യോ​യും സഹായി​ച്ചു. അദ്ദേഹ​ത്തി​നും കേൾവി​ശ​ക്തി​യും കാഴ്‌ച​ശ​ക്തി​യും ഇല്ല. a

 എങ്ങനെ​യാണ്‌ ഈ കത്തുകൾ എഴുതു​ന്നത്‌? മരിയ പറയുന്നു: “ഞാൻ ‘L’ രൂപത്തി​ലുള്ള ഒരു പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോ​ഗി​ക്കും. അത്‌ ഉള്ളതു​കൊണ്ട്‌ പേപ്പറിൽ എഴുതു​മ്പോൾ വളഞ്ഞു​പോ​കാ​തി​രി​ക്കാ​നും ഖണ്ഡിക​ക​ളാ​യി എളുപ്പം തിരി​ക്കാ​നും എനിക്കാ​കു​ന്നു. അനിയ​നായ ജുസേ​യ്‌ക്ക്‌ നല്ല ഓർമ​ശ​ക്തി​യാണ്‌. അവൻ ചില വിഷയ​ങ്ങ​ളും ബൈബിൾവാ​ക്യ​ങ്ങ​ളും പറഞ്ഞു​ത​രും. ഞാൻ അത്‌ കത്തിൽ ഉൾപ്പെ​ടു​ത്തും. ബധിരർക്കു മനസ്സി​ലാ​കുന്ന രീതി​യി​ലാണ്‌ ഞാൻ കത്തുകൾ എഴുതു​ന്നത്‌. കാരണം എല്ലാ ബധിരർക്കും എഴുത്തു​ഭാഷ അത്രയ്‌ക്കു വശമില്ല.”

 മരിയ ലൂസി​യ​യ്‌ക്ക്‌ ഇപ്പോൾ ഒട്ടും കാഴ്‌ച​ശക്തി ഇല്ല. എങ്കിലും മരിയ വളരെ കഠിനാ​ധ്വാ​നി​യാണ്‌. അവരുടെ ഒരു പരിഭാ​ഷ​ക​യായ കരോ​ളിൻ പറയുന്നു: “മരിയ വീട്ടിലെ എല്ലാ പണിയും ചെയ്യും. വീട്‌ എപ്പോ​ഴും വൃത്തി​യാ​ക്കി എല്ലാം അടുക്കി​പ്പെ​റു​ക്കി വെക്കും. ഭക്ഷണ​മൊ​ക്കെ ഉണ്ടാക്കാ​നും അത്‌ എല്ലാവർക്കും കൊടു​ക്കാ​നും മരിയ​യ്‌ക്ക്‌ വളരെ ഇഷ്ടമാണ്‌.”

 അവരുടെ സഭയിലെ ഒരു മൂപ്പനാണ്‌ ജഫേഴ്‌സൺ. അദ്ദേഹം പറയുന്നു: “മരിയ​യ്‌ക്ക്‌ യഹോ​വ​യോട്‌ വളരെ​യ​ധി​കം സ്‌നേ​ഹ​മുണ്ട്‌. സഹോ​ദരി ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു. മറ്റുള്ള​വർക്ക്‌ പ്രയോ​ജനം ചെയ്യുന്ന കാര്യ​ങ്ങ​ളാണ്‌ എപ്പോ​ഴും ചെയ്യു​ന്നത്‌. ഒട്ടും സ്വാർഥത ഇല്ലാത്ത ഒരു വ്യക്തി​യാണ്‌ മരിയ.”—ഫിലി​പ്പി​യർ 2:4.

a മരിയ ലൂസി​യ​യ്‌ക്കു ശേഷമാണ്‌ ജുസേ അന്റോ​ണി​യോ ഒരു സാക്ഷി​യാ​യി​ത്തീർന്നത്‌. 2003-ൽ അദ്ദേഹം സ്‌നാ​ന​മേറ്റു. മരിയ​യെ​പ്പോ​ലെ അദ്ദേഹ​വും ബധിര​നാ​യാണ്‌ ജനിച്ചത്‌. പതി​യെ​പ്പ​തി​യെ കാഴ്‌ച​ശ​ക്തി​യും നഷ്ടപ്പെട്ടു.