വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

പൈലറ്റ്‌ തിമിം​ഗ​ല​ത്തി​ന്റെ സ്വയം വൃത്തി​യാ​ക്കുന്ന ചർമം

പൈലറ്റ്‌ തിമിം​ഗ​ല​ത്തി​ന്റെ സ്വയം വൃത്തി​യാ​ക്കുന്ന ചർമം

 കപ്പലിന്റെ അടിത്ത​ട്ടിൽ പറ്റിപ്പി​ടി​ച്ചി​രി​ക്കുന്ന കക്കകളും മറ്റു കടൽജീ​വി​ക​ളും കപ്പൽജീ​വ​ന​ക്കാർക്കു വലി​യൊ​രു തലവേ​ദ​ന​യാണ്‌. അവ കപ്പലിന്റെ വേഗം കുറയ്‌ക്കു​ന്നു, ഇന്ധന​ച്ചെ​ലവ്‌ കൂട്ടുന്നു. അതു​കൊണ്ട്‌ അവയെ​ല്ലാം നീക്കം ചെയ്യാ​നാ​യി രണ്ടു മൂന്നു വർഷം കൂടു​മ്പോൾ കപ്പൽ കരയ്‌ക്ക്‌ അടുപ്പി​ക്കേണ്ടി വരുന്നു. പരിഹാ​ര​ത്തി​നാ​യി ശാസ്‌ത്ര​ജ്ഞ​ന്മാർ നോക്കു​ന്നതു പ്രകൃ​തി​യി​ലേ​ക്കാണ്‌.

 സവി​ശേ​ഷത: നീളൻ ചിറകുള്ള പൈലറ്റ്‌ തിമിം​ഗ​ല​ത്തി​ന്റെ (ഗ്ലോ​ബെ​സെ​ഫെല മെലാസ്‌) ചർമത്തി​നു സ്വയം വൃത്തി​യാ​ക്കാ​നുള്ള പ്രാപ്‌തി​യു​ണ്ടെന്നു പഠനങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു. അതിന്റെ ചർമത്തിൽ അതിസൂ​ക്ഷ്‌മ​മായ ചെറു​വ​ര​മ്പു​ക​ളുണ്ട്‌. കടൽജീ​വി​ക​ളു​ടെ ലാർവ​കൾക്കു പറ്റിപ്പി​ടി​ച്ചി​രി​ക്കാൻ പറ്റാത്തത്ര ചെറു​താണ്‌ അവ. ഈ വരമ്പു​കൾക്ക്‌ ഇടയി​ലുള്ള വിടവു​ക​ളിൽ ആൽഗക​ളെ​യും ബാക്ടീ​രി​യ​ക​ളെ​യും തുരത്താൻ ശക്തിയുള്ള ഒരുതരം വഴുവ​ഴുത്ത ദ്രാവ​ക​മുണ്ട്‌. തിമിം​ഗ​ല​ത്തി​ന്റെ ചർമം പൊഴിഞ്ഞ്‌ പുതിയ ചർമം വരു​മ്പോൾ അതിനും ഇതേ പ്രത്യേ​ക​ത​യു​ണ്ടാ​യി​രി​ക്കും.

 പൈലറ്റ്‌ തിമിം​ഗ​ല​ത്തി​ന്റെ ഈ ശുദ്ധീ​ക​ര​ണ​പ​രി​പാ​ടി പകർത്താ​നുള്ള നീക്കത്തി​ലാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാർ. മുമ്പ്‌ ഒരുതരം പെയിന്റ്‌ അടിച്ചാ​യി​രു​ന്നു കടൽജീ​വി​ക​ളെ​യും കക്കക​ളെ​യും അകറ്റി​നി​റു​ത്തി​യി​രു​ന്നത്‌. എന്നാൽ അത്‌ അവയ്‌ക്കു ദോഷം ചെയ്യു​ന്ന​തു​കൊണ്ട്‌ അത്തരം പെയി​ന്റു​കൾ ഇപ്പോൾ നിരോ​ധി​ച്ചി​രി​ക്കു​ക​യാണ്‌. ഇതിനു പകരം ഗവേഷകർ നിർദേ​ശി​ച്ചി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നോ? ലോഹം​കൊ​ണ്ടുള്ള ഒരുതരം വല കപ്പലിന്റെ അടിത്ത​ട്ടിൽ പിടി​പ്പി​ക്കുക. എന്നിട്ട്‌ പ്രകൃ​തി​ക്കു ദോഷം ചെയ്യാത്ത ഒരു രാസവ​സ്‌തു ചെറിയ സുഷി​ര​ങ്ങ​ളി​ലൂ​ടെ അതി​ലേക്കു കടത്തി​വി​ടുക. ഈ രാസവ​സ്‌തു​വിൽ കടൽവെള്ളം തട്ടു​മ്പോൾ അതു കട്ടിയുള്ള, വഴുവ​ഴുത്ത ദ്രാവ​ക​മാ​യി മാറുന്നു. അതു കപ്പലിനു ചുറ്റും ഒരു ആവരണം തീർക്കും. കാല​ക്ര​മേണ ഏകദേശം 0.03 ഇഞ്ച്‌ ഘനമുള്ള ഈ ആവരണം അതിൽ പറ്റിപ്പി​ടി​ച്ചി​രി​ക്കുന്ന ചെറു​ജീ​വി​കൾ സഹിതം ഇളകി​പ്പോ​കും. അപ്പോൾ വീണ്ടും വഴുവ​ഴുത്ത ദ്രാവകം പുറ​പ്പെ​ടു​വി​ച്ചു​കൊണ്ട്‌ ഈ സംവി​ധാ​നം കപ്പലിനു ചുറ്റും പുതിയ ആവരണം തീർക്കും.

കപ്പലിന്റെ വേഗത കുറയ്‌ക്കുന്ന കടൽജീ​വി​കളെ നീക്കം ചെയ്യാൻ പ്രയാ​സ​മാണ്‌

 ഈ സംവി​ധാ​ന​ത്തി​ലൂ​ടെ ഈ പ്രശ്‌നം 100 മടങ്ങ്‌ കുറയ്‌ക്കാൻ സാധി​ക്കു​മെന്നു പരീക്ഷ​ണ​ത്തി​ലൂ​ടെ തെളി​ഞ്ഞി​ട്ടുണ്ട്‌. ഷിപ്പിംഗ്‌ കമ്പനി​കൾക്കു വലിയ നേട്ടം ഇതിലൂ​ടെ ലഭിക്കും. കാരണം കപ്പലിന്റെ അടിത്തട്ട്‌ വൃത്തി​യാ​ക്കാൻ കരയി​ലേക്കു കയറ്റു​ന്നത്‌ ധാരാളം പണച്ചെ​ല​വുള്ള ഒരു കാര്യ​മാണ്‌.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? പൈലറ്റ്‌ തിമിം​ഗ​ല​ത്തി​ന്റെ സ്വയം വൃത്തി​യാ​ക്കുന്ന ചർമം പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?