വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവിരുത്‌?

ആശാരി ഉറുമ്പിന്റെ ആന്റിന ക്ലീനർ

ആശാരി ഉറുമ്പിന്റെ ആന്റിന ക്ലീനർ

 പറക്കാനും കയറിയിറങ്ങി നടക്കാനും ചുറ്റുപാടു തിരിച്ചറിയാനും കഴിയുന്ന ജീവികൾക്ക്‌ അത്യാവശ്യം വേണ്ട ഒന്നാണു വൃത്തി. ഉദാഹരണത്തിന്‌, ചുറ്റുപാടു തിരിച്ചറിയാൻ ഉറുമ്പുകളെ സഹായിക്കുന്ന അതിന്റെ രണ്ടു കൊമ്പുകൾ, അഥവാ അതിന്റെ ആന്റിന, വൃത്തിയില്ലാത്തതാണെങ്കിൽ ഉറുമ്പിനു ദിശാബോധം നഷ്ടമാകുകയും ശരിയായി ആശയവിനിമയം നടത്താനും മണം പിടിക്കാനും പറ്റാതെ വരുകയും ചെയ്യും. അതുകൊണ്ട്‌ “വൃത്തിയില്ലാത്ത ഒരു പ്രാണിയെയും നിങ്ങൾ കാണാനിടയില്ല” എന്നു ജന്തുശാസ്‌ത്രജ്ഞനായ അലക്‌സാണ്ടർ ഹാക്ക്‌മാൻ പറയുന്നു. “ശരീരത്തിൽ പറ്റുന്ന മാലിന്യങ്ങൾ എങ്ങനെ നീക്കം ചെയ്യണമെന്ന്‌ അവയ്‌ക്ക്‌ അറിയാം” എന്നും അദ്ദേഹം പറഞ്ഞു.

 സവിശേഷത: ആശാരി ഉറുമ്പുകൾ (കാനെ്പനോട്ടെസ്‌ റൂഫിഫെമർ) ആന്റിന വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സംവിധാനത്തെക്കുറിച്ച്‌ അലക്‌സാണ്ടർ ഹാക്ക്‌മാനും സംഘവും പഠനം നടത്തി. ഉറുമ്പ്‌ കാലുകൾ ഒരു പ്രത്യേകവിധത്തിൽ (ഒരു ക്ലാമ്പ്‌ പോലെ) വളച്ചുപിടിച്ചിട്ട്‌ അതിന്‌ ഇടയിലൂടെ ഓരോ ആന്റിനയും കടത്തിവിട്ട്‌ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പല വലുപ്പത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതായി അവർ കണ്ടെത്തി. കാലിലെ കട്ടിയുള്ള രോമങ്ങൾ വലുപ്പമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യും. ഉറുമ്പിന്റെ ആന്റിനയിലുള്ള രോമത്തിന്റെ വീതിക്കു തുല്യമായ വിടവുകളുള്ള ചീപ്പുപോലെ നിൽക്കുന്ന രോമങ്ങളും കാലിലുണ്ട്‌. അതു ചെറിയ മാലിന്യങ്ങൾ നീക്കം ചെയ്യും. അതിലും ചെറിയ മാലിന്യങ്ങൾ, അതായത്‌ മനുഷ്യന്റെ മുടിയുടെ വ്യാസത്തിന്റെ 80-ൽ 1 വലുപ്പമുള്ള വസ്‌തുക്കൾ, കാലിലുള്ള കൂടുതൽ ഇടതൂർന്ന മൃദുവായ രോമങ്ങൾകൊണ്ട്‌ നീക്കം ചെയ്യും.

 ആശാരി ഉറുമ്പ്‌ ആന്റിന വൃത്തിയാക്കുന്നതു കാണൂ

 ഉറുമ്പ്‌ ആന്റിന വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സംവിധാനം, വ്യവസായമേഖലയിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നു ഹാക്ക്‌മാനും സംഘവും അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്‌, വളരെ ചെറിയ മാലിന്യങ്ങൾപോലും തകരാറുണ്ടാക്കാൻ സാധ്യതയുള്ള ഇലക്ട്രോണിക്‌ സാധനങ്ങളുടെയും അർധചാലകപദാർഥങ്ങളുടെയും നിർമാണഘട്ടത്തിൽ വൃത്തി കാത്തുസൂക്ഷിക്കാൻ സമാനമായ രീതികൾ ഉപയോഗിക്കാൻ കഴിയും.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നുന്നു? ആശാരി ഉറുമ്പിന്റെ ആന്റിന വൃത്തിയാക്കാനുള്ള സംവിധാനം പരിണമിച്ച്‌ ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ?