വിവരങ്ങള്‍ കാണിക്കുക

രക്തപ്പകർച്ച​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

രക്തപ്പകർച്ച​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 നമ്മൾ രക്തം ഒഴിവാ​ക്ക​ണ​മെ​ന്നു ബൈബിൾ കല്‌പി​ക്കു​ന്നു. അതു​കൊണ്ട്‌ രക്തം അതേപ​ടി​യോ അതിന്റെ പ്രാഥ​മി​ക​ഘ​ട​ക​ങ്ങ​ളോ ഉപയോ​ഗി​ക്ക​രുത്‌. രക്തം കഴിക്കു​ന്ന​തും രക്തപ്പകർച്ച​യും ഇതിൽപ്പെ​ടും. പിൻവ​രു​ന്ന തിരു​വെ​ഴു​ത്തു​കൾ കാണുക:

  •   ഉൽപത്തി 9:4. ജലപ്ര​ള​യ​ത്തി​നു ശേഷം മൃഗങ്ങ​ളു​ടെ മാംസം കഴിക്കാൻ ദൈവം നോഹ​യെ​യും കുടും​ബ​ത്തെ​യും അനുവ​ദി​ച്ചു. പക്ഷേ രക്തം കഴിക്ക​രു​തെ​ന്നു കല്‌പി​ച്ചി​രു​ന്നു. ദൈവം നോഹ​യോ​ടു പറഞ്ഞു: “അവയുടെ പ്രാണ​നാ​യ രക്തത്തോ​ടു​കൂ​ടെ നിങ്ങൾ മാംസം തിന്നരുത്‌.” ഈ കല്‌പന അന്നുമു​തൽ എല്ലാ മനുഷ്യർക്കും ബാധക​മാണ്‌. കാരണം എല്ലാവ​രും നോഹ​യു​ടെ പിൻത​ല​മു​റ​ക്കാ​രാ​ണ​ല്ലോ.

  •   ലേവ്യ 17:14. “എല്ലാ ജീവി​ക​ളു​ടെ​യും പ്രാണൻ അതിന്റെ രക്തമാണ്‌. രക്തം കഴിക്കുന്ന ഒരുത്ത​നെ​യും ഞാൻ വെച്ചേ​ക്കി​ല്ല.” എല്ലാത്തി​ന്റെ​യും പ്രാണൻ രക്തത്തി​ലാ​ണെ​ന്നും അതു​കൊ​ണ്ടു​ത​ന്നെ അതു തനിക്ക്‌ അവകാ​ശ​പ്പെ​ട്ട​താ​ണെ​ന്നും ദൈവം കരുതു​ന്നു. ഈ നിയമം ഇസ്രാ​യേ​ല്യർക്കു മാത്രം നൽകി​യ​താ​യി​രു​ന്നെ​ങ്കി​ലും, രക്തം കഴിക്കു​ന്ന​തി​നെ ദൈവം എത്ര ഗൗരവ​ത്തോ​ടെ​യാ​ണു കാണു​ന്ന​തെന്ന്‌ ഇത്‌ വ്യക്തമാ​ക്കു​ന്നു.

  •   പ്രവൃ​ത്തി​കൾ 15:20. ‘രക്തം ഒഴിവാ​ക്കു​ക.’ നോഹ​യ്‌ക്കു കൊടുത്ത അതേ കല്‌പന ദൈവം ക്രിസ്‌ത്യാ​നി​കൾക്കും നൽകി. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ രക്തം പൂർണ​മാ​യും ഒഴിവാ​ക്കി​യി​രു​ന്ന​താ​യി ചരിത്രം തെളി​യി​ക്കു​ന്നു. ചികി​ത്സാ​പ​ര​മാ​യ ആവശ്യ​ങ്ങൾക്കു​പോ​ലും അവർ അത്‌ ഉപയോ​ഗി​ച്ചി​രു​ന്നി​ല്ല.

രക്തം ഒഴിവാ​ക്കാ​നു​ള്ള കല്‌പന ദൈവം നമുക്കു തന്നത്‌ എന്തു​കൊണ്ട്‌?

 രക്തപ്പകർച്ച ഒഴിവാ​ക്കു​ന്ന​തിന്‌ ആരോ​ഗ്യ​പ​ര​മാ​യ ചില ന്യായ​മാ​യ കാരണ​ങ്ങ​ളുണ്ട്‌. എന്നാൽ, രക്തം പാവന​മാ​യ ഒന്നിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​താ​യി ദൈവം വീക്ഷി​ക്കു​ന്നു എന്നതാണ്‌ അതിലും പ്രധാ​ന​പ്പെട്ട കാരണം.—ലേവ്യ 17:11; കൊ​ലോ​സ്യർ 1:20.