വിവരങ്ങള്‍ കാണിക്കുക

നോഹ​യു​ടെ കഥയും മഹാ​പ്ര​ള​യ​വും വെറും കെട്ടുകഥയാണോ?

നോഹ​യു​ടെ കഥയും മഹാ​പ്ര​ള​യ​വും വെറും കെട്ടുകഥയാണോ?

ബൈബി​ളി​ന്റെ ഉത്തരം

 പ്രളയം നടന്ന സംഭവ​മാണ്‌. ദുഷ്ടരെ നശിപ്പി​ക്കാ​നാ​ണു ദൈവം പ്രളയം വരുത്തി​യത്‌. എന്നാൽ നല്ല മനുഷ്യ​രെ​യും ജീവജാ​ല​ങ്ങ​ളെ​യും രക്ഷിക്കു​ന്ന​തിന്‌ ഒരു പെട്ടകം പണിയാൻ ദൈവം നോഹ​യോ​ടു പറഞ്ഞു. (ഉൽപത്തി 6:11-20) “ദൈവ​പ്ര​ചോ​ദി​ത​മാ​യി”എഴുതിയ തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ പ്രളയം ശരിക്കും നടന്നി​ട്ടു​ണ്ടെന്നു നമുക്കു വിശ്വ​സി​ക്കാം.—2 തിമൊ​ഥെ​യൊസ്‌ 3:16.

 സത്യമോ കെട്ടു​ക​ഥ​യോ?

 നോഹ ജീവി​ച്ചി​രു​ന്നി​ട്ടുള്ള വ്യക്തി​യാ​ണെ​ന്നും പ്രളയം നടന്ന സംഭവ​മാ​ണെ​ന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു. അതു വെറു​മൊ​രു കഥയോ മിത്തോ അല്ല.

  •   നോഹ ജീവി​ച്ചി​രു​ന്നി​ട്ടുള്ള വ്യക്തി​യാ​ണെന്നു ബൈബി​ളെ​ഴു​ത്തു​കാർ വിശ്വ​സി​ച്ചി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിദഗ്‌ധ​ച​രി​ത്ര​കാ​ര​ന്മാ​രും ബൈബി​ളെ​ഴു​ത്തു​കാ​രും ആയ എസ്രയും ലൂക്കോ​സും ഇസ്രാ​യേൽ ജനതയു​ടെ വംശപ​ര​മ്പ​ര​യിൽ നോഹ​യു​ടെ പേര്‌ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (1 ദിനവൃ​ത്താ​ന്തം 1:4; ലൂക്കോസ്‌ 3:36) സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രായ മത്തായി​യും ലൂക്കോ​സും നോഹ​യെ​ക്കു​റി​ച്ചും പ്രളയ​ത്തെ​ക്കു​റി​ച്ചും യേശു പറഞ്ഞതു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.—മത്തായി 24:37-39; ലൂക്കോസ്‌ 17:26, 27.

     വിശ്വാ​സ​ത്തി​ന്റെ​യും നീതി​നി​ഷ്‌ഠ​യു​ടെ​യും മാതൃ​ക​യാ​യി നോഹയെ യഹസ്‌കേൽ പ്രവാ​ച​ക​നും അപ്പോ​സ്‌ത​ല​നായ പൗലോ​സും വർണി​ച്ചി​ട്ടുണ്ട്‌. (യഹസ്‌കേൽ 14:14, 20; എബ്രായർ 11:7) ഈ ബൈബി​ളെ​ഴു​ത്തു​കാർ ഒരു സാങ്കല്‌പി​ക​ക​ഥാ​പാ​ത്ര​ത്തി​ന്റെ മാതൃക അനുക​രി​ക്കാൻ പറഞ്ഞാൽ അതിൽ എന്തെങ്കി​ലും അർഥമു​ണ്ടാ​യി​രി​ക്കു​മോ? വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ അനുക​രി​ക്കാൻ കഴിയുന്ന മാതൃ​ക​ക​ളാ​ണു നോഹ​യും വിശ്വ​സ്‌ത​രായ മറ്റു സ്‌ത്രീ​പു​രു​ഷ​ന്മാ​രും. കാരണം അവർ ജീവി​ച്ചി​രുന്ന വ്യക്തി​ക​ളാണ്‌.—എബ്രായർ 12:1; യാക്കോബ്‌ 5:17.

  •   പ്രളയ​ത്തെ​ക്കു​റി​ച്ചുള്ള വ്യക്തമായ വിശദാം​ശങ്ങൾ ബൈബിൾ തരുന്നു. പ്രളയ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം തുടങ്ങു​ന്നത്‌ ഏതെങ്കി​ലും മുത്തശ്ശി​ക്ക​ഥ​പോ​ലെ “പണ്ടുപണ്ട്‌” എന്നൊ​ന്നും പറഞ്ഞല്ല. പ്രളയ​വു​മാ​യി ബന്ധപ്പെട്ട സംഭവങ്ങൾ നടന്ന വർഷവും മാസവും തീയതി​യും ബൈബിൾ പറയു​ന്നുണ്ട്‌. (ഉൽപത്തി 7:11; 8:4, 13, 14) നോഹ പണിത പെട്ടക​ത്തി​ന്റെ അളവും ബൈബി​ളി​ലുണ്ട്‌. (ഉൽപത്തി 6:15) പ്രളയത്തെ ഒരു കെട്ടു​ക​ഥ​യാ​യല്ല, നടന്ന സംഭവ​മാ​യി​ട്ടാ​ണു ബൈബിൾ വിവരി​ക്കു​ന്ന​തെ​ന്നാണ്‌ ഇതെല്ലാം കാണി​ക്കു​ന്നത്‌.

 പ്രളയ​മു​ണ്ടാ​യത്‌ എന്തു​കൊ​ണ്ടാണ്‌?

 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ പ്രളയ​ത്തി​നു മുമ്പ്‌ “മനുഷ്യ​ന്റെ ദുഷ്ടത വളരെ​യ​ധി​കം വർധിച്ചി”രുന്നു. (ഉൽപത്തി 6:5) കൂടാതെ, അക്രമ​വും ലൈം​ഗിക അധാർമി​ക​ത​യും പെരു​കി​യതു കാരണം “സത്യ​ദൈവം നോക്കി​യ​പ്പോൾ ഭൂമി ദുഷി​ച്ചി​രി​ക്കു​ന്ന​താ​യി കണ്ടു” എന്നും ബൈബിൾ പറയുന്നു.—ഉൽപത്തി 6:11; യൂദ 6, 7.

 മിക്ക പ്രശ്‌ന​ങ്ങൾക്കും കാരണം, ഭൂമി​യി​ലെ സ്‌ത്രീ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ സ്വർഗം വിട്ട്‌ വന്ന ദുഷ്ടദൂ​ത​ന്മാ​രാ​യി​രു​ന്നെന്നു ബൈബിൾ പറയുന്നു. ഈ ദൂതന്മാർക്കു​ണ്ടായ മക്കളെ നെഫി​ലി​മു​കൾ എന്നാണു വിളി​ക്കു​ന്നത്‌. അവർ മനുഷ്യ​രെ ഉപദ്ര​വി​ക്കു​ക​യും കഷ്ടപ്പെ​ടു​ത്തു​ക​യും ചെയ്‌തു. (ഉൽപത്തി 6:1, 2, 4) ഭൂമി​യി​ലെ ദുഷ്ടത അവസാ​നി​പ്പി​ക്കാ​നും നല്ലവർക്ക്‌ ഒരു പുതിയ തുടക്കം കൊടു​ക്കാ​നും ദൈവം തീരു​മാ​നി​ച്ചു.—ഉൽപത്തി 6:6, 7, 17.

 പ്രളയം വരു​മെന്ന്‌ ആളുകൾക്ക്‌ അറിയാ​മാ​യി​രു​ന്നോ?

 അറിയാ​മാ​യി​രു​ന്നു. എന്തു സംഭവി​ക്കു​മെന്നു ദൈവം നോഹ​യോ​ടു പറഞ്ഞു. കുടും​ബാം​ഗ​ങ്ങ​ളെ​യും ജീവജാ​ല​ങ്ങ​ളെ​യും സംരക്ഷി​ക്കാൻ ഒരു പെട്ടകം പണിയാ​നുള്ള നിർദേ​ശ​വും ദൈവം കൊടു​ത്തു. (ഉൽപത്തി 6:13, 14; 7:1-4) വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റി​ച്ചുള്ള മുന്നറി​യി​പ്പു നോഹ കൊടു​ത്തെ​ങ്കി​ലും ആളുകൾ അത്‌ അവഗണി​ച്ചു. (2 പത്രോസ്‌ 2:5) “ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവ​രെ​യും തുടച്ചു​നീ​ക്കു​ന്ന​തു​വരെ അവർ ശ്രദ്ധ കൊടു​ത്തതേ ഇല്ല” എന്നു ബൈബിൾ പറയുന്നു.—മത്തായി 24:37-39.

 നോഹ​യു​ടെ പെട്ടകം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

 133 മീറ്റർ നീളവും 22 മീറ്റർ വീതി​യും 13 മീറ്റർ ഉയരവും ഉള്ള ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള ഒരു പെട്ടി​പോ​ലെ​യാ​യി​രു​ന്നു പെട്ടകം. a പശയുള്ള മേത്തരം തടി​കൊ​ണ്ടാ​ണു പെട്ടകം ഉണ്ടാക്കി​യത്‌. അതിന്റെ അകത്തും പുറത്തും ടാർ തേച്ചി​രു​ന്നു. അതിനു മൂന്നു തട്ടുക​ളും പല അറകളും ഉണ്ടായി​രു​ന്നു. ഒരു വശത്ത്‌ വാതി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ മുകളി​ലാ​യി ഒരു ജനലും ഉണ്ടായി​രു​ന്നു. വെള്ളം ഒഴുകി​പ്പോ​കാൻ കഴിയുന്ന വിധത്തിൽ നടുഭാ​ഗം ഉയർന്നും വശത്തേക്കു ചരിഞ്ഞും നിൽക്കുന്ന മേൽക്കൂ​ര​യും അതിന്‌ ഉണ്ടായി​രു​ന്നി​രി​ക്കണം.—ഉൽപത്തി 6:14-16.

 പെട്ടകം പണിയാൻ നോഹ​യ്‌ക്ക്‌ എത്ര നാൾ വേണ്ടി​വന്നു?

 പെട്ടകം പണിയാൻ നോഹ എത്ര വർഷ​മെ​ടു​ത്തെന്നു ബൈബിൾ പറയു​ന്നില്ല. എന്തായാ​ലും അനേകം വർഷങ്ങ​ളെ​ടു​ത്തി​ട്ടു​ണ്ടാ​കും. മൂത്ത മകൻ ജനിച്ച​പ്പോൾ നോഹ​യ്‌ക്ക്‌ 500 വയസ്സി​ലേറെ പ്രായ​മു​ണ്ടാ​യി​രു​ന്നു, പ്രളയ​മു​ണ്ടാ​യ​പ്പോൾ 600 വയസ്സും. bഉൽപത്തി 5:32; 7:6.

 നോഹ​യു​ടെ മക്കൾ വിവാ​ഹി​ത​രാ​യ​തി​നു ശേഷമാ​ണു പെട്ടകം പണിയാൻ ദൈവം നോഹ​യോ​ടു പറയു​ന്നത്‌. അതിന്‌ ഏതാണ്ട്‌ 50-ഓ 60-ഓ വർഷം എടുത്തി​ട്ടു​ണ്ടാ​കും. (ഉൽപത്തി 6:14, 18) അങ്ങനെ നോക്കു​മ്പോൾ, പെട്ടക​ത്തി​ന്റെ പണി തീരാൻ 40-ഓ 50-ഓ വർഷം എടുത്തി​ട്ടു​ണ്ടാ​കാ​മെന്നു ന്യായ​മാ​യും കരുതാം.

a പെട്ടകത്തിന്റെ അളവുകൾ മുഴക്ക​ണ​ക്കി​ലാ​ണു ബൈബിൾ പറയു​ന്നത്‌. “അംഗീ​കൃത എബ്രായ മുഴം 17.5 ഇഞ്ചായി​രു​ന്നു (44.45 സെന്റി​മീ​റ്റർ).”—ബൈബിൾചി​ത്ര നിഘണ്ടു (ഇംഗ്ലീഷ്‌), പരിഷ്‌ക​രിച്ച പതിപ്പ്‌, ഭാഗം 3, പേജ്‌ 1635.

b നോഹയെപ്പോലുള്ള ആളുക​ളു​ടെ ആയുസ്സി​നെ​ക്കു​റിച്ച്‌ അറിയാൻ 2010 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ആളുകൾ കൂടുതൽ കാലം ജീവി​ച്ചി​രു​ന്നു എന്നതു ശരിയാ​ണോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.