ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ
ബൈബിളിന്റെ ഉത്തരം
ബൈബിൾ മനസ്സിലാക്കാനുള്ള പല വഴികളെക്കുറിച്ച് ബൈബിൾത്തന്നെ പറയുന്നു. നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും ബൈബിളിലുള്ള ദൈവത്തിന്റെ സന്ദേശം, “അത്ര ബുദ്ധിമുട്ടുള്ളതല്ല; അതു നിങ്ങളുടെ എത്തുപാടിന് അതീതവുമല്ല.”—ആവർത്തനം 30:11.
ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ
ശരിയായ മനോഭാവമുണ്ടായിരിക്കുക. ബൈബിളിനെ ദൈവത്തിന്റെ വചനമായി അംഗീകരിക്കുക. താഴ്മയുള്ളവരായിരിക്കുക. കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു. (1 തെസ്സലോനിക്യർ 2:13; യാക്കോബ് 4:6) എന്നാൽ കണ്ണുംപൂട്ടിയുള്ള വിശ്വാസവും പാടില്ല. നിങ്ങളുടെ “ചിന്താപ്രാപ്തി” ഉപയോഗിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നത്.—റോമർ 12:1, 2.
ജ്ഞാനത്തിനായി പ്രാർഥിക്കുക. “സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്” എന്നു സുഭാഷിതങ്ങൾ 3:5 പറയുന്നു. പകരം, ബൈബിൾ മനസ്സിലാക്കാനുള്ള ജ്ഞാനത്തിനായി ‘ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കണം.’—യാക്കോബ് 1:5.
ക്രമമായി പഠിക്കുക. ബൈബിൾ പഠനത്തിൽനിന്ന് നല്ല പ്രയോജനം കിട്ടണമെങ്കിൽ വല്ലപ്പോഴും പഠിച്ചാൽ പോരാ, ക്രമമായി പഠിക്കണം.—യോശുവ 1:8.
വിഷയംവിഷയമായി പഠിക്കുക. തിരുവെഴുത്തുകൾ പഠിക്കാനുള്ള ഫലകരമായ ഒരു മാർഗമാണ് വിഷയം തിരിച്ച് പഠിക്കുന്നത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത് എന്ന് അപഗ്രഥിച്ചുപഠിക്കുന്ന രീതിയാണ് ഇത്. ആദ്യം ബൈബിളിലെ ‘അടിസ്ഥാനപഠിപ്പിക്കലുകൾ’ പഠിച്ചുകൊണ്ട് തുടങ്ങാം. എന്നിട്ട് “പക്വതയിലേക്കു വളരാൻ” കൂടുതൽ ഗഹനമായ വിഷയങ്ങളിലേക്കു കടക്കാം. (എബ്രായർ 6:1, 2) ഇങ്ങനെ ചെയ്യുമ്പോൾ, വാക്യങ്ങൾ തമ്മിൽ താരതമ്യം ചെയ്തു പഠിക്കാനും ബൈബിളിലെ ഒരു ഭാഗം മനസ്സിലാക്കാൻ മറ്റൊരു ഭാഗം സഹായിക്കുന്നത് എങ്ങനെയെന്നു പഠിക്കാനും കഴിയും. ‘മനസ്സിലാക്കാൻ പ്രയാസമുള്ള’ ഭാഗങ്ങൾ പോലും ഇങ്ങനെ പഠിക്കുമ്പോൾ വ്യക്തമായിത്തീരും.—2 പത്രോസ് 3:16.
മറ്റുള്ളവരോടു സഹായം ചോദിക്കുക. ബൈബിളിനെക്കുറിച്ച് അറിയാവുന്നവരുടെ സഹായം തേടാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃത്തികൾ 8:30, 31) സൗജന്യമായി ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ഒരു ക്രമീകരണം യഹോവയുടെ സാക്ഷികൾക്കുണ്ട്. ബൈബിൾ യഥാർഥത്തിൽ എന്താണ് പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന് ആദ്യകാല ക്രിസ്ത്യാനികളെപ്പോലെ അവരും തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു.—പ്രവൃത്തികൾ 17:2, 3.
ബൈബിൾ മനസ്സിലാക്കാൻ നിങ്ങൾക്കു താഴെ പറയുന്ന കാര്യങ്ങൾ വേണമെന്നില്ല:
ഉന്നതവിദ്യാഭ്യാസമോ ഉയർന്ന ബുദ്ധിവൈഭവമോ. യേശുവിന്റെ 12 അപ്പോസ്തലന്മാരെ “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയിട്ടാണ് ആളുകൾ കണക്കാക്കിയിരുന്നതെങ്കിലും അവർക്കു തിരുവെഴുത്തുകൾ പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും കഴിഞ്ഞു.—പ്രവൃത്തികൾ 4:13.
പണം. പണച്ചെലവില്ലാതെ നിങ്ങൾക്കു ബൈബിൾ പഠിക്കാൻ കഴിയും. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.”—മത്തായി 10:8.