വിവരങ്ങള്‍ കാണിക്കുക

പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 മാതാ​പി​താ​ക്ക​ളെ പരിപാ​ലി​ക്കാ​നുള്ള പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം പ്രായ​പൂർത്തി​യായ മക്കൾക്കുണ്ട്‌. അവർ ‘സ്വന്തകു​ടും​ബ​ത്തിൽ ദൈവ​ഭക്തി കാണി​ക്കാൻ പഠിക്കട്ടെ. അവരുടെ മാതാ​പി​താ​ക്കൾക്കു . . . കടപ്പെ​ട്ടി​രി​ക്കു​ന്നതു ചെയ്യട്ടെ. അങ്ങനെ ചെയ്യു​ന്ന​താ​ണു ദൈവ​ത്തി​ന്റെ നോട്ട​ത്തിൽ സ്വീകാ​ര്യം’ എന്നാണു ബൈബിൾ പറയു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 5:4) പ്രായ​മായ മാതാ​പി​താ​ക്കൾക്കു നല്ല പരിപാ​ലനം ലഭിക്കു​ന്നുണ്ട്‌ എന്ന കാര്യം മക്കൾ ഉറപ്പു​വ​രു​ത്തു​മ്പോൾ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക എന്ന ബൈബി​ളി​ന്റെ കല്‌പന അവർ അനുസ​രി​ക്കു​ക​യാണ്‌. —എഫെസ്യർ 6:2, 3.

 പ്രായ​മാ​യ മാതാ​പി​താ​ക്കളെ നോക്കേണ്ട പ്രത്യേക വിധ​ത്തെ​ക്കു​റി​ച്ചൊ​ന്നും ബൈബിൾ പറയു​ന്നില്ല. എന്നാൽ അക്കാര്യ​ത്തിൽ മികച്ച മാതൃ​ക​ക​ളായ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. കൂടാതെ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​വർക്കുള്ള പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും അതു തരുന്നു.

 ബൈബിൾക്കാ​ല​ങ്ങ​ളിൽ എങ്ങനെ​യാണ്‌ ചില കുടും​ബാം​ഗങ്ങൾ അവരുടെ പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ച്ചത്‌?

 സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ അവർ പല വിധങ്ങ​ളിൽ അതു ചെയ്‌തി​ട്ടുണ്ട്‌.

  •   യോ​സേഫ്‌ താമസി​ച്ചി​രു​ന്നതു പ്രായ​മുള്ള തന്റെ അപ്പനായ യാക്കോ​ബിൽനിന്ന്‌ വളരെ അകലെ​യാ​യി​രു​ന്നു. എന്നാൽ സാഹച​ര്യം മാറി​യ​പ്പോൾ യാക്കോ​ബി​നെ തന്റെ അടുത്ത്‌ താമസി​പ്പി​ക്കാൻ യോ​സേഫ്‌ കാര്യങ്ങൾ ക്രമീ​ക​രി​ച്ചു. അങ്ങനെ അപ്പനു​വേണ്ട താമസ​വും ഭക്ഷണവും മറ്റും യോ​സേഫ്‌ നൽകി.—ഉൽപത്തി 45:9-11; 47:11, 12.

  •   രൂത്ത്‌ അമ്മായി​യ​മ്മ​യു​ടെ നാട്ടി​ലേക്കു താമസം​മാ​റി. അവരെ നോക്കു​ന്ന​തി​നു​വേണ്ടി രൂത്ത്‌ കഠിന​മാ​യി അധ്വാ​നി​ച്ചു.—രൂത്ത്‌ 1:16; 2:2, 17, 18, 23.

  •   യേശു തന്റെ മരണത്തി​ന്റെ തൊട്ടു​മുമ്പ്‌ വിധവ​യായ തന്റെ അമ്മയെ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ഒരാളെ ഏൽപ്പി​ക്കു​ന്നു.—യോഹ​ന്നാൻ 19:26, 27.  a

 മാതാ​പി​താ​ക്ക​ളെ പരിപാ​ലി​ക്കു​ന്ന​വർക്കു ബൈബിൾ എന്തു പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളാ​ണു നൽകു​ന്നത്‌?

 പ്രായ​മാ​യ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​മ്പോൾ ചില സമയത്ത്‌ ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ മടുപ്പ്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം. അതു തരണം ചെയ്യാൻ സഹായി​ക്കുന്ന നല്ല തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌.

  •   മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.”—പുറപ്പാട്‌ 20:12.

     ഈ തത്ത്വം എങ്ങനെ അനുസ​രി​ക്കാം? പ്രായ​മാ​യ​വർക്കും സ്വാത​ന്ത്ര്യം ആവശ്യ​മാണ്‌. സാഹച​ര്യം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം സ്വന്തം കാര്യങ്ങൾ സ്വയം തീരു​മാ​നി​ക്കാൻ അവരെ അനുവ​ദി​ക്കാം. അങ്ങനെ മക്കൾക്കു മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കാൻ കഴിയും. കഴിയു​മെ​ങ്കിൽ തങ്ങളെ എങ്ങനെ പരിപാ​ലി​ക്കണം എന്ന കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കാൻ മാതാ​പി​താ​ക്കളെ അനുവ​ദി​ക്കാ​വു​ന്ന​താണ്‌. എന്നാൽ അതോ​ടൊ​പ്പം ന്യായ​മായ സഹായം ചെയ്‌തു​കൊ​ടു​ത്തു​കൊ​ണ്ടും അവരോട്‌ ആദരവ്‌ കാണി​ക്കാം.

  •   ക്ഷമിക്കുക, മനസ്സി​ലാ​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “മനുഷ്യ​ന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പി​ക്കു​ന്നു; ദ്രോ​ഹങ്ങൾ കണ്ടി​ല്ലെന്നു വെക്കു​ന്നത്‌ അവനു സൗന്ദര്യം.”—സുഭാ​ഷി​തങ്ങൾ 19:11.

     ഈ തത്ത്വം എങ്ങനെ അനുസ​രി​ക്കാം? പ്രായ​മായ നിങ്ങളു​ടെ മാതാ​വോ പിതാ​വോ ദയയി​ല്ലാ​തെ​യോ വിലമ​തി​പ്പി​ല്ലാ​തെ​യോ നിങ്ങ​ളോട്‌ എന്തെങ്കി​ലും പറഞ്ഞെന്ന്‌ വിചാ​രി​ക്കുക. അപ്പോൾ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘അവരെ​പ്പോ​ലെ പരിമി​തി​ക​ളും ബുദ്ധി​മു​ട്ടു​ക​ളും എനിക്ക്‌ ഉണ്ടായി​രു​ന്നെ​ങ്കിൽ ഞാൻ എങ്ങനെ പെരു​മാ​റു​മാ​യി​രു​ന്നു?’ മാതാ​പി​താ​ക്കളെ മനസ്സി​ലാ​ക്കി അവരോ​ടു ക്ഷമ കാണി​ക്കു​മ്പോൾ സാഹച​ര്യം കൂടുതൽ വഷളാ​കില്ല.

  •   മറ്റുള്ള​വ​രോട്‌ ആലോ​ചി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “കൂടി​യാ​ലോ​ചി​ക്കാ​ത്ത​പ്പോൾ പദ്ധതികൾ തകരുന്നു; എന്നാൽ അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം.”—സുഭാ​ഷി​തങ്ങൾ 15:22.

     ഈ തത്ത്വം എങ്ങനെ അനുസ​രി​ക്കാം? നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്കുള്ള ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി ഒത്തു​പോ​കാൻ അവരെ എങ്ങനെ സഹായി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ ഗവേഷണം ചെയ്യുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ മാതാ​പി​താ​ക്ക​ളു​ടെ ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നു​വേണ്ടി എന്തൊക്കെ കാര്യങ്ങൾ ലഭ്യമാണ്‌ എന്ന്‌ അന്വേ​ഷി​ക്കാൻ കഴിയും. ഈ കാര്യ​ത്തിൽ അനുഭ​വ​പ​രി​ച​യ​മുള്ള മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കുക. നിങ്ങൾക്കു സഹോ​ദ​രങ്ങൾ ഉണ്ടെങ്കിൽ അവരെ​യും​കൂ​ട്ടി കുടും​ബം ഒരുമി​ച്ചി​രുന്ന്‌ ചില കാര്യങ്ങൾ ചർച്ച ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, എന്തൊ​ക്കെ​യാണ്‌ മാതാ​പി​താ​ക്ക​ളു​ടെ ആവശ്യം, അവരെ എങ്ങനെ നന്നായി നോക്കാം, ആർക്ക്‌ എന്തൊക്കെ കാര്യങ്ങൾ ചെയ്യാ​നാ​കും എന്നിവ​പ്പോ​ലു​ള്ളവ.

    പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ കുടും​ബാം​ഗ​ങ്ങൾക്ക്‌ ഒരുമി​ച്ചി​രുന്ന്‌ ചർച്ച ചെയ്യാം.

  •   എളിമ​യു​ള്ള​വ​രാ​യി​രി​ക്കുക.

     ബൈബിൾ പറയു​ന്നത്‌: “എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌.”—സുഭാ​ഷി​തങ്ങൾ 11:2.

     ഈ തത്ത്വം എങ്ങനെ അനുസ​രി​ക്കാം? നിങ്ങളു​ടെ പരിമി​തി​കൾ മനസ്സി​ലാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പലർക്കും ഇന്ന്‌ സമയവും ആരോ​ഗ്യ​വും ഒക്കെ കുറവാണ്‌. അതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്ന​തു​പോ​ലെ മാതാ​പി​താ​ക്കളെ നോക്കാൻ ഒരുപക്ഷേ കഴി​ഞ്ഞെന്നു വരില്ല. പ്രായ​മായ മാതാ​പി​താ​ക്കളെ ഒറ്റയ്‌ക്കു നോക്കാൻ നിങ്ങ​ളെ​ക്കൊണ്ട്‌ പറ്റുന്നി​ല്ലെ​ങ്കിൽ മറ്റു കുടും​ബാം​ഗ​ങ്ങ​ളു​ടെ സഹായം തേടാം. അല്ലെങ്കിൽ പ്രായ​മാ​യ​വരെ പരിപാ​ലി​ക്കു​ന്ന​തിൽ വിദഗ്‌ധ പരിശീ​ലനം നേടി​യ​വ​രു​ടെ സഹായം ചോദി​ക്കാം.

  •   സ്വന്തം ആരോ​ഗ്യ​ത്തി​ന്റെ കാര്യം മറക്കരുത്‌.

     ബൈബിൾ പറയു​ന്നത്‌: “ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. . . . വാത്സല്യ​ത്തോ​ടെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌?”—എഫെസ്യർ 5:29.

     ഈ തത്ത്വം എങ്ങനെ അനുസ​രി​ക്കാം? മാതാ​പി​താ​ക്കളെ നോക്കാ​നുള്ള ഉത്തരവാ​ദി​ത്വം നിങ്ങൾക്ക്‌ ഉണ്ടെങ്കി​ലും നിങ്ങളു​ടെ ആവശ്യ​ങ്ങ​ളും, വിവാഹം കഴിഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ കുടും​ബ​ത്തി​ലെ കാര്യ​ങ്ങ​ളും നോക്കാൻ മറക്കരുത്‌. നന്നായി ഭക്ഷണം കഴിക്കുക. ആവശ്യ​ത്തി​നു വിശ്ര​മ​വും ഉറക്കവും ലഭിക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. (സഭാ​പ്ര​സം​ഗകൻ 4:6) സാധി​ക്കു​മ്പോൾ ഒഴിവു​സ​മയം കണ്ടെത്താൻ ശ്രമി​ക്കണം. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കാ​നുള്ള മാനസി​ക​വും വൈകാ​രി​ക​വും ശാരീ​രി​ക​വും ആയ ഒരു നില നിങ്ങൾക്ക്‌ ഉണ്ടാകും.

  പ്രായ​മാ​യ മാതാ​പി​താ​ക്കളെ ഒരു പ്രത്യേക വിധത്തി​ലേ പരിപാ​ലി​ക്കാ​വൂ എന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

 പ്രായ​മാ​യ മാതാ​പി​താ​ക്കളെ മക്കൾ എങ്ങനെ പരിപാ​ലി​ക്കണം എന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ വ്യക്തമായ നിർദേശം തരുന്നില്ല. ചില കുടും​ബ​ങ്ങ​ളിൽ മക്കൾതന്നെ കഴിയാ​വു​ന്നി​ട​ത്തോ​ളം മാതാ​പി​താ​ക്കളെ വീട്ടിൽവെച്ച്‌ പരിച​രി​ക്കു​ന്നു. എന്നാൽ മറ്റു ചിലരു​ടെ സാഹച​ര്യം വ്യത്യ​സ്‌ത​മാ​യ​തു​കൊണ്ട്‌ അവർ മാതാ​പി​താ​ക്കളെ നോക്കു​ന്ന​തി​നു​വേണ്ടി ഒരു ഹോം നേഴ്‌സി​നെ ഏർപ്പാ​ടാ​ക്കു​ന്നു. അല്ലെങ്കിൽ മറ്റ്‌ എന്തെങ്കി​ലും ക്രമീ​ക​ര​ണങ്ങൾ ചെയ്യുന്നു. ഇക്കാര്യ​ത്തിൽ ഏറ്റവും നല്ല തീരു​മാ​ന​മെ​ടു​ക്കാൻ കുടും​ബാം​ഗങ്ങൾ ഒരുമി​ച്ചി​രുന്ന്‌ ചർച്ച ചെയ്യു​ന്നത്‌ നല്ലതാണ്‌.—ഗലാത്യർ 6:4, 5.

a ഇതെക്കുറിച്ച്‌ ഒരു ബൈബിൾ വ്യാഖ്യാ​നം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “യോ​സേഫ്‌ (മറിയ​യു​ടെ ഭർത്താവ്‌) മരിച്ചിട്ട്‌ അനേക​വർഷങ്ങൾ ആയിട്ടു​ണ്ടാ​കാം. തന്നെ ഇതുവരെ പരിപാ​ലി​ച്ചി​രുന്ന യേശു ഇപ്പോൾ മരിക്കാൻ പോകു​ന്നു. ഇനി മറിയ​യു​ടെ അവസ്ഥ എന്തായി​രി​ക്കും? . . . പ്രായ​മുള്ള മാതാ​പി​താ​ക്കൾക്ക്‌ ആശ്വാ​സ​വും സംരക്ഷ​ണ​വും നൽകുന്ന കാര്യ​ത്തിൽ ക്രിസ്‌തു മക്കൾക്കു നല്ല മാതൃ​ക​വെച്ചു.”—എൻഐവി, മാത്യു ഹെൻറി​യു​ടെ വ്യാഖ്യാ​നം ഒറ്റവാ​ല്യ​ത്തിൽ, പേജ്‌ 428-429.