ചില പ്രാർഥനകൾ ദൈവം കേൾക്കാത്തതിന്റെ രണ്ടു കാരണങ്ങൾ ഏതെല്ലാം?
ബൈബിളിന്റെ ഉത്തരം
ദൈവം ഉത്തരം തരാത്ത ചില പ്രാർഥനകൾ ഉണ്ട്. ചിലരുടെ പ്രാർഥന ദൈവം കേൾക്കാത്തതിന്റെ രണ്ടു കാരണങ്ങൾ നോക്കാം.
1. ദൈവത്തിന്റെ ഇഷ്ടത്തിന് എതിരായ പ്രാർഥന
തന്റെ ഇഷ്ടത്തിന് അഥവാ ബൈബിളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് എതിരായ അപേക്ഷകൾക്കു ദൈവം ഉത്തരം തരില്ല. (1 യോഹന്നാൻ 5:14) ഉദാഹരണത്തിന്, അത്യാഗ്രഹം പാടില്ല എന്ന് ബൈബിൾ പറയുന്നു. ചൂതാട്ടം അത്യാഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരിന്ത്യർ 6:9, 10) അതുകൊണ്ട് ലോട്ടറി അടിക്കാൻവേണ്ടി പ്രാർഥിച്ചാൽ ദൈവം ആ പ്രാർഥനയ്ക്ക് ഉത്തരം തരില്ല. നിങ്ങളുടെ ആജ്ഞയ്ക്കായി കാത്തുനിൽക്കുന്ന ‘കുപ്പിയിലെ ഭൂതത്തെപ്പോലെയല്ല’ ദൈവം! ശരിക്കും അതിന് ദൈവത്തോടു നമ്മൾ നന്ദി പറയുകയാണ് വേണ്ടത്. കാരണം, മറ്റുള്ളവർ ദൈവത്തോട് ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ ഒരുപക്ഷേ, നമ്മളെ ഭയപ്പെടുത്തിയേക്കാം!—യാക്കോബ് 4:3.
2. ദൈവത്തിന് എതിരെ മത്സരിക്കുന്നവരുടെ പ്രാർഥന
തങ്ങളുടെ പ്രവൃത്തികൾകൊണ്ട് ദൈവത്തെ വേദനിപ്പിക്കുന്ന ആളുകളുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം കൊടുക്കുന്നില്ല. ഉദാഹരണത്തിന്, ദൈവത്തെ സേവിക്കുന്നെന്ന് അവകാശപ്പെടുകയും അതേസമയം ദൈവത്തോടു മത്സരിക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചെയ്തവരോട് ദൈവം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കില്ല; നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.” (യശയ്യ 1:15) അവർ തങ്ങളുടെ വഴികൾക്ക് മാറ്റം വരുത്തുകയും ദൈവവുമായി ‘കാര്യങ്ങൾ പറഞ്ഞ് നേരെയാക്കുകയും’ ചെയ്താൽ ദൈവം അവരുടെ പ്രാർഥന കേൾക്കുമായിരുന്നു.—യശയ്യ 1:18.