കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കുട്ടികളെ നോക്കാൻ ഏൽപ്പിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജോലിക്കു പോകുന്ന മാതാപിതാക്കൾ സ്കൂളിൽ പോകാൻ പ്രായമാകാത്ത തങ്ങളുടെ കുഞ്ഞുങ്ങളെ ഡേ കെയർ സെന്ററുകളിൽ ഏൽപ്പിക്കാറുണ്ട്. ഏതാണ്ട് ഒരു ക്ലാസ്റൂംപോലെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾ അല്ലെങ്കിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ഉണ്ട്. എന്നാൽ നിങ്ങളുടെ കുഞ്ഞിനെ ഡേ കെയർ സെന്ററിലാക്കണോ?
മനസ്സിൽപ്പിടിക്കേണ്ട കാര്യങ്ങൾ
ഡേ കെയറിൽ വിടുന്നത് കുട്ടിക്കു നിങ്ങളോടുള്ള അടുപ്പത്തിനു ദോഷം ചെയ്യുമോ? സാധ്യതയുണ്ട്. ആദ്യ വർഷങ്ങളിൽ, കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ കഴിവുകൾ അതിവേഗം വികസിക്കുന്നു, ഇത് കുഞ്ഞ് മറ്റുള്ളവരുമായി അടുപ്പമുണ്ടാക്കുന്നതിനെ നന്നായി സ്വാധീനിക്കും. അതുകൊണ്ട് കുഞ്ഞിന്റെ ജീവിതത്തിലെ ഈ പ്രധാനപ്പെട്ട സമയത്ത് അവനോടൊപ്പം ആയിരിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.—ആവർത്തനം 6:6, 7.
കുഞ്ഞുങ്ങളെ ഡേ കെയറിൽ ആക്കാൻ ആലോചിക്കുന്ന മാതാപിതാക്കൾ കുട്ടിയുമായി എങ്ങനെ ഒരു നല്ല അടുപ്പം നിലനിറുത്തുമെന്നു ചിന്തിക്കണം.
ഡേ കെയർ നിങ്ങൾക്കു കുഞ്ഞിന്റെമേലുള്ള സ്വാധീനം കുറയ്ക്കുമോ? സാധ്യതയുണ്ട്. “സ്കൂൾപ്രായമാകാത്ത കുട്ടികൾ എത്രമാത്രം മറ്റു കുട്ടികളുമായി ഒരുമിച്ചായിരിക്കുന്നോ, അത്രമാത്രം അവരുടെ സ്വാധീനത്തിലാകാനും ഇടയുണ്ട്” എന്ന് മക്കളെ പിന്തുണയ്ക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
കുഞ്ഞിനെ ഡേ കെയറിൽ വിടാൻ ആലോചിക്കുന്ന മാതാപിതാക്കൾ, കുട്ടിയുടെ ജീവിതത്തിൽ നല്ല മൂല്യങ്ങൾ വളർത്തുന്നതിൽ തുടർന്നും തങ്ങൾക്കുതന്നെ ആയിരിക്കുമോ പ്രധാനപങ്ക് എന്നു ശരിക്കും ചിന്തിക്കണം.
ഡേ കെയറിൽ വിടുന്നത് പിന്നീട് സ്കൂളിൽ നന്നായി പഠിക്കാൻ കുട്ടിയെ സഹായിക്കുമോ? സഹായിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. മറ്റു ചിലർ കരുതുന്നത്, ഡേ കെയറിൽ വിടുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ്, അല്ലെങ്കിൽ ഒട്ടുംതന്നെ പ്രയോജനമില്ലെന്നാണ്. “ജീവിതവിജയത്തിന്റെ അടിസ്ഥാനം സ്കൂൾ വിദ്യാഭ്യാസം മാത്രമാണെന്നോ, എത്ര നേരത്തേ സ്കൂളിൽ വിടുന്നോ അത്രയും മെച്ചമാണെന്നോ മാതാപിതാക്കൾ ചിന്തിക്കരുത്. അങ്ങനെ ചെയ്താൽ, കുട്ടി ജനിച്ചതു മുതൽ നിങ്ങൾ അവനു കൊടുത്തുകൊണ്ടിരുന്ന ‘വിദ്യാഭ്യാസത്തിന്റെ’ മൂല്യം നിങ്ങൾ വിലകുറച്ച് കാണുകയായിരിക്കും,” എന്നു കുട്ടികളുടെ മനശ്ശാസ്ത്രജ്ഞനായ പെനലോപ് ലിച്ച് എഴുതുന്നു.
കുഞ്ഞുങ്ങളെ ഡേ കെയറിൽ ആക്കാൻ ആലോചിക്കുന്ന മാതാപിതാക്കൾ അതു പ്രയോജനം ചെയ്യുന്നതാണോ, അതു ആവശ്യമുള്ളതു തന്നെയാണോ എന്നു ചിന്തിക്കണം.
നിങ്ങളിൽ ഒരാൾക്കു ജോലി വേണ്ടെന്നുവെച്ച് കുട്ടിയോടൊപ്പം വീട്ടിൽ ആയിരിക്കാൻ കഴിയുമോ? ചില കുടുംബങ്ങളിൽ, രണ്ടു പേരും ജോലിക്കു പോകുന്നത് കൂടുതൽ പണം സമ്പാദിച്ചുകൂട്ടാൻ വേണ്ടി മാത്രമാണ്. പക്ഷേ ശരിക്കും അത് ഒരു നേട്ടമാണോ?
ഡേ കെയറിനെക്കുറിച്ച് ആലോചിക്കുന്ന മാതാപിതാക്കൾ, തങ്ങൾ രണ്ടു പേരും ജോലിക്കു പോകുന്നതിനു പകരം ചെലവുകൾ കുറച്ചിട്ട് ഒരാൾക്കു വീട്ടിൽ ആയിരിക്കാൻ കഴിയുമോ എന്നു ചിന്തിക്കണം.
കുഞ്ഞുങ്ങളെ ഡേ കെയറിൽ ആക്കാൻ തീരുമാനമെടുക്കുന്നതിനു മുമ്പ് മാതാപിതാക്കൾ അതിന്റെ ഗുണവും ദോഷവും ശ്രദ്ധയോടെ കണക്കിലെടുക്കണം. അങ്ങനെ ചിന്തിച്ചതിനുശേഷം, ഡേ കെയറിൽ വിടുന്നതാണ് നല്ലതെന്നു തോന്നുന്നെങ്കിലോ?
നിങ്ങൾക്കു ചെയ്യാനാകുന്നത്
“വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 14:15) ഈ തത്ത്വം മനസ്സിൽപ്പിടിച്ചുകൊണ്ട്, കുട്ടികളെ പരിപാലിക്കാൻ ഏതു മാർഗം സ്വീകരിക്കുന്നതിനു മുമ്പും നന്നായി ചിന്തിക്കുക.
കുട്ടികളെ പരിപാലിക്കാനുള്ള വ്യത്യസ്ത മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുക
ചില മാതാപിതാക്കൾ, ഒന്നോ അതിൽ കൂടുതലോ പരിപാലകരും ഏതാനും കുട്ടികളും ആയി ഒരു വീട്ടിൽ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിൽ തങ്ങളുടെ കുഞ്ഞിനെ ആക്കാൻ തീരുമാനിച്ചേക്കാം.
ഇനി മറ്റു ചില മാതാപിതാക്കൾ, ഒരു ബന്ധുവിനെയോ അല്ലെങ്കിൽ ആയയെയോ മറ്റോ സ്വന്തം വീട്ടിൽ നിറുത്തി കുഞ്ഞിനെ നോക്കാൻ ഏൽപ്പിക്കും.
നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്തായാലും അതിനു ഗുണവും ദോഷവും ഉണ്ട്. മക്കളെ ഏതെങ്കിലും തരത്തിലുള്ള ഡേ കെയർ സെന്ററിൽ ആക്കിയിട്ടുള്ള മറ്റ് മാതാപിതാക്കളോടു നിങ്ങൾക്ക് ഒന്ന് ആലോചിച്ചുകൂടേ? ബൈബിൾ പറയുന്നു: “ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്.”—സുഭാഷിതങ്ങൾ 13:10.
ഇനി, നിങ്ങൾ കുഞ്ഞിനെ ഒരു ഡേ കെയർ സെന്ററിൽ വിടാനാണ് തീരുമാനിക്കുന്നതെങ്കിലോ? എങ്കിൽ . . .
ആ സ്ഥാപനത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുക
അവർക്കു ലൈസൻസുണ്ടോ? നിയമപരമായാണോ പ്രവർത്തിക്കുന്നത്? യോഗ്യത തെളിയിക്കുന്ന രേഖകൾ ഉണ്ടോ, ആ സ്ഥാപനത്തെക്കുറിച്ച് പൊതുവെയുള്ള അഭിപ്രായം എന്താണ്?
സുരക്ഷിതമാണോ? വൃത്തിയും വെടിപ്പും ഉണ്ടോ
കുട്ടികൾക്ക് അവിടെ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുള്ളത് a
കുട്ടികളെ പരിപാലിക്കുന്നവരെക്കുറിച്ച് നന്നായി മനസ്സിലാക്കുക
അവർ പരിശീലനം കിട്ടിയവരാണോ? അതിൽ കൊച്ചുകുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള പരിശീലനവും പ്രഥമ ശുശ്രൂഷ, ഹൃദയാഘാതമുണ്ടായാൽ ചെയ്യേണ്ട പ്രാഥമിക ചികിത്സ (CPR) തുടങ്ങിയവയ്ക്കുള്ള പരിശീലനവും ഉൾപ്പെടുന്നു.
നിങ്ങൾ കുഞ്ഞിനെ ഏൽപ്പിക്കാൻ പോകുന്ന ആളുകൾ എങ്ങനെയുള്ളവരാണ്? അവർക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ? ഈ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്.
അവിടത്തെ പരിപാലകർ കൂടെക്കൂടെ ജോലി മതിയാക്കി പോകുന്നതുകൊണ്ട് പുതിയ ആളുകളെ നിയമിക്കേണ്ടിവരുന്നുണ്ടോ? അങ്ങനെ വന്നാൽ കുഞ്ഞിന് എപ്പോഴും പുതിയപുതിയ ആളുകളുമായി പൊരുത്തപ്പെടേണ്ടിവരും.
അവിടെ ഒരു പരിപാലകന് എത്ര കുഞ്ഞുങ്ങളെയാണ് നോക്കാനുള്ളത്? ഒരുപാട് കുട്ടികളെ നോക്കാനുണ്ടെങ്കിൽ, നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ ശ്രദ്ധ കിട്ടാൻ സാധ്യതയില്ല. പക്ഷേ എത്രമാത്രം ശ്രദ്ധ കുട്ടിക്ക് ആവശ്യമാണ് എന്നത്, അവന്റെ പ്രായവും കഴിവുകളും അനുസരിച്ചിരിക്കും.
കുഞ്ഞിനെ നോക്കുന്ന ആളുകൾ, കുഞ്ഞിനെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠകൾ കേൾക്കാൻ മനസ്സുള്ളവരാണോ? അവരും കാര്യങ്ങൾ തുറന്നുപറയുമോ?
a ഉദാഹരണത്തിന്, കുട്ടികളെ ഏറെസമയം ടെലിവിഷന്റെ മുന്നിൽ ഇരുത്തുമോ? അതോ, മാനസികവും ശാരീരികവും ആയി ഉണർവ് നൽകുന്ന കളികളും മറ്റും അവിടെയുണ്ടോ?