വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിമുഖം | ഫെങ്‌ലിങ്‌ യാങ്‌

ഒരു മൈ​ക്രോ​ബ​യോള​ജിസ്റ്റ് തന്‍റെ വിശ്വാ​സത്തെ​പ്പറ്റി വിവരി​ക്കു​ന്നു

ഒരു മൈ​ക്രോ​ബ​യോള​ജിസ്റ്റ് തന്‍റെ വിശ്വാ​സത്തെ​പ്പറ്റി വിവരി​ക്കു​ന്നു

തയ്‌വാ​നി​ലെ തായ്‌പെയി​ലുള്ള കേന്ദ്ര ഗവേഷണ അക്കാ​ദമി​യിൽ സീനിയർ റിസർച്ച് അസിസ്റ്റ​ന്‍റാണ്‌ ഫെങ്‌ലിങ്‌ യാങ്‌. അവരുടെ പഠനങ്ങൾ ശാസ്‌ത്രമാ​സിക​കളിൽ പ്രസി​ദ്ധീക​രിക്കാ​റുണ്ട്. മുമ്പ് അവർ പരി​ണാ​മസി​ദ്ധാ​ന്തത്തിൽ വിശ്വ​സി​ച്ചിരു​ന്നു. പക്ഷേ പിന്നീട്‌ അതിനു മാറ്റം വന്നു. അവരുടെ ശാസ്‌ത്രീ​യവീ​ക്ഷണ​ത്തെയും വിശ്വാ​സത്തെ​യും കുറിച്ച് ഉണരുക! ചോ​ദി​ച്ചറി​യു​കയു​ണ്ടായി.

നിങ്ങളുടെ പശ്ചാത്തലത്തെക്കു റിച്ചു പറയാമോ?

എന്‍റെ മാതാ​പി​താക്കൾ പാവ​പ്പെട്ടവ​രായി​രുന്നു. അമ്മയ്‌ക്കാ​ണെ​ങ്കിൽ എഴുത്തും വാ​യന​യും പോലും അറി​യില്ലാ​യി​രുന്നു. പന്നിയെ വളർത്തി​യും പച്ചക്കറി നട്ടും ആണ്‌ ഞങ്ങൾ ജീവി​ച്ചി​രു​ന്നത്‌. തായ്‌പെയ്‌ നഗര​ത്തി​നടു​ത്തുള്ള ഒരു പ്ര​ളയബാ​ധിത പ്ര​ദേശത്താ​യി​രുന്നു ഞങ്ങളുടെ താമസം. എന്നാൽ, കഠിനാ​ധ്വാ​ന​ത്തി​ന്‍റെ വില എന്‍റെ മാതാ​പി​താക്കൾ എന്നെ പഠി​പ്പി​ച്ചിരു​ന്നു. മറ്റു​ള്ള​വരെ സഹാ​യിക്ക​ണമെ​ന്നും അവർ എന്നെ പഠി​പ്പി​ച്ചു.

കുടുംബത്തിന്‍റെ മതപശ്ചാത്തലം എന്തായിരുന്നു?

ഞങ്ങൾ താ​വോ​മത​ക്കാരാ​യി​രുന്നു. മത​പര​മായ ബലി​ക​ളും മറ്റും ചെയ്‌തിരു​ന്നെങ്കി​ലും ദൈ​വത്തെ​ക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറി​യില്ലാ​യി​രുന്നു. പല​പ്പോ​ഴും ഞാൻ ഇങ്ങനെ ചിന്തി​ച്ചി​ട്ടുണ്ട്: ‘ആളുകൾ കഷ്ട​പ്പെടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടാണ്‌ ആളു​കൾക്ക് ഇത്ര സ്വാർഥത?’ ഞാൻ ഒരു​പാ​ടു പുസ്‌ത​കങ്ങൾ വായി​ച്ചു​നോ​ക്കി. താ​വോമ​തത്തെ​ക്കുറി​ച്ചും ബു​ദ്ധമ​തത്തെ​ക്കുറി​ച്ചും പൗ​രസ്‌ത്യ-പാശ്ചാത്യ ചരി​ത്രത്തെ​ക്കുറി​ച്ചും എല്ലാം. പല പള്ളി​കളി​ലും ഞാൻ പോയി. പക്ഷേ എന്‍റെ ചോ​ദ്യ​ങ്ങൾക്ക് ഉത്തരം കി​ട്ടി​യില്ല.

ശാസ്‌ത്രം പഠിക്കാനിടയായത്‌ എങ്ങനെയാണ്‌?

എനിക്ക് ഗണിതം ഇഷ്ടമാ​യി​രുന്നു. വസ്‌തുക്ക​ളുടെ ഘടനയെ നി​യന്ത്രി​ക്കുന്ന ഭൗതിക-രാസ നിയമങ്ങൾ എന്നെ വിസ്‌മയി​പ്പിച്ചി​രുന്നു. ബൃഹത്തായ ഈ പ്ര​പഞ്ചം​മുതൽ സൂക്ഷ്മജീ​വികൾവരെ എല്ലാ​റ്റി​നും അതി​ന്‍റേ​താ​യ ഘട​നയുണ്ട്. ഓരോ​ന്നി​ന്‍റെ​യും ഘടന നി​യന്ത്രി​ക്കാൻ നി​യത​മായ നിയ​മങ്ങ​ളുമുണ്ട്. ഈ നിയ​മങ്ങ​ളെക്കു​റിച്ചു മന​സ്സിലാ​ക്കാൻ ഞാൻ ആ​ഗ്രഹി​ച്ചു.

പരിണാമസിദ്ധാന്തത്തെ ഒരു വസ്‌തുതയായി വിശ്വസിച്ചു പോരാൻ കാരണമെന്തായിരുന്നു?

വാസ്‌തവത്തിൽ, മറി​ച്ചൊ​രു വി​ശദീ​കരണം എന്നെ ആരും പഠി​പ്പിച്ചി​ട്ടില്ല. ചെറിയ ക്ലാസ്സു​കൾമുതൽ സർവ​കലാ​ശാല​വരെ പരി​ണാ​മം മാ​ത്രമാണ്‌ ഞാൻ കേട്ട ഒ​രേയൊ​രു വി​ശദീ​കരണം. ഞാൻ ഒരു ജീ​വശാസ്‌ത്ര ഗവേ​ഷകയാ​യതു​കൊണ്ട് പരി​ണാ​മത്തെ അംഗീ​കരി​ക്കാ​നും പ്രതീ​ക്ഷിക്ക​പ്പെട്ടി​രുന്നു.

ഞാൻ ഒരു ജീ​വശാസ്‌ത്ര ഗവേ​ഷകയാ​യതു​കൊണ്ട് പരി​ണാ​മത്തെ അംഗീ​കരി​ക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു

ബൈബിൾ വായിക്കാൻ തുടങ്ങിയത്‌ എങ്ങനെയാണ്‌?

ഉപരിപഠനത്തിനായി ഞാൻ 1996-ൽ ജർമ​നി​യി​ലേക്കു പോയി. പിറ്റേ വർഷം സിമോൺ എന്നു പേരുള്ള ഒരു സ്‌ത്രീ​യെ കാണാൻ ഇടയായി. അവർ ഒരു യ​ഹോവ​യുടെ സാക്ഷി​യാ​യിരു​ന്നു. എന്‍റെ ചോ​ദ്യങ്ങൾക്കുള്ള ഉത്തരം ബൈ​ബിളിൽനിന്ന് കാണി​ച്ചു​തരാ​മെന്ന് അവർ പറഞ്ഞു. ജീവി​ത​ത്തി​ന്‍റെ ഉദ്ദേ​ശത്തെ​ക്കുറിച്ച് ബൈബിൾ വിശ​ദീക​രിക്കു​ന്നു​ണ്ടെന്ന് അവർ പറ​ഞ്ഞ​പ്പോൾ എനിക്ക് ജി​ജ്ഞാസ​യായി. രാവിലെ നാ​ലരയ്‌ക്ക് എഴു​ന്നേറ്റ്‌ ഒരു മണിക്കൂർ ബൈബിൾ വാ​യി​ക്കുന്ന ശീലം ഞാൻ തുടങ്ങി. പിന്നെ, വായി​ച്ചതി​നെക്കു​റിച്ച് ധ്യാ​നി​ക്കാൻ ഞാ​നൊ​ന്നു നടക്കാൻപോ​കും. പി​റ്റേവർഷമാ​യ​പ്പോ​ഴേക്കും ഞാൻ ബൈബിൾ മു​ഴുവ​നും വായിച്ചു തീർത്തു. ബൈ​ബിൾപ്രവ​ചനങ്ങ​ളുടെ കൃത്യ​ത​യിൽ ഞാൻ അതി​ശയി​ച്ചു​പോയി. ബൈബിൾ ദൈവത്തിൽനി​ന്നു​ള്ളതാ​ണെന്ന് ക്രമേണ എനിക്ക് ബോ​ധ്യ​മായി.

ജീവന്‍റെ ഉത്ഭവം സംബന്ധിച്ച് എന്താണ്‌ ചിന്തിച്ചിരുന്നത്‌?

ഞാൻ അ​തേക്കു​റിച്ച് കാ​ര്യമാ​യി ചി​ന്തി​ക്കാൻ തു​ടങ്ങി​യത്‌ 1990-കളുടെ അവസാ​ന​ത്തിലാണ്‌. ജീ​വിക​ളിലെ രാ​സഘട​നയും പ്രവർത്തന​ങ്ങളും അതുവരെ ചി​ന്തി​ച്ചിരു​ന്നതി​നെ​ക്കാ​ളൊക്കെ അതി​സ​ങ്കീർണമാ​ണെന്ന് തന്മാത്രാ ജീവ​ശാസ്‌ത്രജ്ഞർ അന്നു മനസ്സി​ലാ​ക്കിത്തു​ടങ്ങി​യതേ ഉണ്ടാ​യി​രുന്നു​ള്ളൂ. പ്രോ​ട്ടീ​നുകൾ ജീവ​കോ​ശങ്ങളി​ലെ ഏറ്റവും സങ്കീർണ​മായ രാ​സഘട​നയുള്ള തന്മാ​ത്രക​ളാ​ണെന്ന് വള​രെക്കാ​ലമാ​യി ശാസ്‌ത്ര​ജ്ഞന്മാർക്ക് അറി​വുണ്ടാ​യി​രുന്നു. എന്നാൽ ഇപ്പോൾ, പ്രോ​ട്ടീൻതന്മാ​ത്രക​ളുടെ കൂട്ടങ്ങൾ കൂ​ടി​ച്ചേർന്ന് ചലിക്കുന്ന ഭാ​ഗങ്ങ​ളോ​ടുകൂ​ടിയ അതി​സങ്കീർണയ​ന്ത്രങ്ങ​ളായി രൂ​പം​കൊ​ള്ളുന്ന​വിധം ശാസ്‌ത്ര​ജ്ഞന്മാർ കണ്ടെ​ത്തിയി​രി​ക്കുന്നു. ഇങ്ങ​നെ​യുള്ള ഒരു ‘തന്മാ​ത്രാ​യന്ത്രം’തന്നെ ചി​ല​പ്പോൾ 50-ലധികം പ്രോ​ട്ടീ​നുകൾ ചേർന്നുള്ളതാ​യിരി​ക്കാം. ഏറ്റവും ലഘുവായ കോ​ശ​ത്തിനു​പോ​ലും ഇത്ത​രത്തി​ലുള്ള പല യ​ന്ത്രങ്ങളു​ടെ ഒരു കൂ​ട്ടം​തന്നെ ആവ​ശ്യമുണ്ട്. ഊർജം ഉത്‌പാദി​പ്പി​ക്കാൻ, വിവരങ്ങൾ പകർത്താൻ, കോ​ശസ്‌ത​രങ്ങൾക്കിട​യിലെ ‘ഗതാഗതം’ നി​യന്ത്രി​ക്കാൻ, അങ്ങ​നെയെ​ല്ലാറ്റി​നും.

ഒടുവിൽ ഏതു നിഗമനത്തിൽ എത്തിച്ചേർന്നു?

ഞാൻ സ്വയം ഇങ്ങനെ ചോ​ദിക്കു​മായി​രുന്നു: ‘ഈ പ്രോ​ട്ടീൻ യ​ന്ത്രങ്ങൾക്ക് അതി​സങ്കീർണ​മായ സാ​ങ്കേതി​ക​വൈദഗ്‌ധ്യം എങ്ങനെ കൈവന്നു?’ കോ​ശങ്ങ​ളിലെ രാസ​ഘടന​യുടെ അതി​ശയി​പ്പി​ക്കുന്ന സങ്കീർണത അന്നുള്ള പല ശാസ്‌ത്രജ്ഞ​ന്മാ​രെയും അങ്ങ​നെ​തന്നെ ചി​ന്തിപ്പി​ച്ചു. അ​മേരി​ക്കൻ ഐക്യ​നാ​ടുക​ളിലെ ഒരു ജൈവര​സതന്ത്ര പ്രൊ​ഫസർ ഈ വി​ഷയ​ത്തിൽ ഒരു പുസ്‌ത​കം പു​റത്തി​റക്കി. ജീവ​കോ​ശങ്ങളി​ലെ തന്മാ​ത്രാ​യ​ന്ത്രങ്ങൾ ഇ​ത്രയ്‌ക്ക് സങ്കീർണ​മായി​രി​ക്കുന്ന​തു​കൊണ്ട് അവയ്‌ക്ക് യാദൃ​ച്ഛി​ക​മാ​യി ഉത്ഭവി​ക്കാ​നാ​വില്ല എന്നാ​യി​രുന്നു അദ്ദേഹ​ത്തി​ന്‍റെ വാദം. ഞാനും അങ്ങ​നെത​ന്നെയാണ്‌ ചി​ന്തി​ച്ചത്‌. ജീവൻ സൃഷ്ടിക്കപ്പെട്ടതായിരിക്കാനേ വഴിയുള്ളൂ എന്ന് എനിക്കു തോന്നി.

ഞാൻ സ്വയം ഇങ്ങനെ ചോ​ദിക്കു​മായി​രുന്നു: ‘ഈ പ്രോ​ട്ടീൻ യ​ന്ത്രങ്ങൾക്ക് അതി​സങ്കീർണ​മായ സാ​ങ്കേതി​ക​വൈദഗ്‌ധ്യം എങ്ങനെ കൈവന്നു?’

നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നത്‌ എന്തുകൊണ്ടാണ്‌?

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും സിമോൺ എന്നെ ബൈബിൾ പഠി​പ്പി​ക്കാൻ ഓരോ ആഴ്‌ച​യും ഏകദേശം 56 കി​ലോ​മീറ്റർ യാ​ത്രചെയ്‌തു വരു​മാ​യിരു​ന്നു. അത്‌ എന്നെ ചി​ന്തിപ്പി​ച്ചു! നാസി​ഭര​ണകാ​ലത്ത്‌ ജർമനി​യിൽ ചില സാക്ഷികൾ രാഷ്‌ട്രീ​യകാ​ര്യ​ങ്ങളിൽ നിഷ്‌പക്ഷ​രായി നിന്നതി​ന്‍റെ പേരിൽ തടങ്കൽപാ​ളയങ്ങ​ളിൽ അടയ്‌ക്ക​പ്പെട്ട​തി​നെക്കു​റിച്ച് ഞാൻ മന​സ്സിലാ​ക്കി. അവരുടെ ധൈര്യ​വും എന്നെ ചി​ന്തിപ്പി​ച്ചു. യ​ഹോവ​യുടെ സാ​ക്ഷികൾക്ക് ദൈ​വത്തോ​ടുള്ള സ്‌നേഹ​ത്തെക്കു​റിച്ച് അറി​ഞ്ഞ​പ്പോൾ അവ​രെ​പ്പോ​ലെയാ​കാൻ ഞാൻ ആ​ഗ്രഹി​ച്ചു.

ദൈവത്തിൽ വിശ്വസിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ?

ഞാൻ മു​മ്പത്തെ​ക്കാൾ സന്തു​ഷ്ടയാ​ണെന്ന് എന്‍റെ സഹ​പ്രവർത്തകർ പറ​യാറുണ്ട്. പാവപ്പെട്ട കുടും​ബ​ത്തിലെ അംഗ​മായ​തു​കൊണ്ട് മു​മ്പൊ​ക്കെ എനിക്ക് അപകർഷത തോ​ന്നി​യിരു​ന്നു. അതു​കൊണ്ട് എന്‍റെ നാടി​നെ​ക്കുറി​ച്ചോ മാ​താപി​താ​ക്കളെ​ക്കുറി​ച്ചോ ഞാൻ ആ​രോ​ടും ഒന്നും പറ​ഞ്ഞിരു​ന്നില്ല. എന്നാൽ ദൈവം ആരു​ടെ​യും സാമൂ​ഹി​കനില നോ​ക്കു​ന്നി​ല്ലെന്ന് ബൈബിൾ പഠി​ച്ച​പ്പോൾ എനിക്കു മന​സ്സിലാ​യി. യേശു വളർന്ന​തും പാവപ്പെട്ട ഒരു കു​ടും​ബത്തി​ലാ​ണല്ലോ, ഒരുപക്ഷേ ഞങ്ങളു​ടേ​തു​പോലെ! ഞാൻ ഇപ്പോൾ എന്‍റെ മാതാ​പി​താക്ക​ളുടെ കാര്യങ്ങൾ നന്നായി നോ​ക്കു​ന്നു. അവരെ എന്‍റെ സുഹൃ​ത്തു​ക്കൾക്ക് പരി​ചയ​പ്പെടു​ത്തി​ക്കൊടു​ക്കാൻ എനിക്കു സന്തോ​ഷ​മേയു​ള്ളൂ. ▪ (g14-E 01)