വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

കൂനൻ തിമിംഗലത്തിന്റെ തുഴച്ചിറകുകൾ

കൂനൻ തിമിംഗലത്തിന്റെ തുഴച്ചിറകുകൾ

ഒരു ചരക്കുലോറിയെക്കാൾ നീളവും ഭാരവും ഉള്ള ഒരു സസ്‌തനിയെ നിങ്ങൾക്കു സങ്കൽപ്പിക്കാമോ? അത്ര ഭീമാകാരനാണ്‌ പൂർണവളർച്ചയെത്തിയ ഒരു കൂനൻ തിമിംഗലം! എന്നിട്ടും, ഈ കൂറ്റൻ സസ്‌തനിക്കു നിഷ്‌പ്രയാസം വെള്ളത്തിൽ ഊളിയിടാനും വെട്ടിത്തിരിഞ്ഞു പാഞ്ഞുപോകാനും കഴിയുന്നു. എങ്ങനെയാണ്‌ ഈ കൂനൻ അഥവാ മുഴമുതുകൻ തിമിംഗലത്തിന്‌ ഇത്ര അനായാസം ഇങ്ങനെ ചെയ്യാൻ കഴിയുന്നത്‌? ഇതിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്‌ അതിന്റെ ഇരുവശങ്ങളിലുമുള്ള തുഴച്ചിറകുകളിലെ മുഴകളിലാണ്‌.

സവിശേഷത: മിക്ക തിമിംഗലങ്ങളുടെയും കടൽസസ്‌തനികളുടെയും തുഴച്ചിറകുകളുടെ മുൻഭാഗം നീണ്ട്‌, മിനുസമേറിയതാണ്‌. എന്നാൽ, ഇവയിൽനിന്നും വ്യത്യസ്‌തമായി കൂനൻ തിമിംഗലത്തിന്റെ തുഴച്ചിറകുകളുടെ മുൻഭാഗത്തു റ്റ്യൂബർക്കൾസ്‌ എന്നു വിളിക്കുന്ന മുഴകളുണ്ട്‌. ഈ ഭീമൻ നീന്തുമ്പോൾ വെള്ളം അസംഖ്യം ചാലുകളായി പിരിഞ്ഞ്‌ ചുഴികളുണ്ടാക്കാൻ ഈ മുഴകൾ ഇടയാക്കുന്നു. അവ വെള്ളത്തിൽ ഇളക്കമുണ്ടാക്കുകയും ചെയ്യുന്നു. ഇതുനിമിത്തം അതിനു വെള്ളത്തിനു മുകളിലേക്കു കൂടുതൽ തള്ളൽ ലഭിക്കുന്നു. താഴ്‌ന്നുപോകാതെ തിമിംഗലത്തിനു ചിറകുകൾ വളരെയധികം ചെരിക്കാനും സാധിക്കുന്നു. ശരീരത്തിന്റെ മൂന്നിലൊന്നോളം നീളംവരുന്ന തുഴച്ചിറകുകളിൽ മുഴകളുള്ളതുമൂലം, അവയ്‌ക്കു ജലരോധം അനുഭവപ്പെടാതെ വെട്ടിത്തിരിയാൻപോലും കഴിയുന്നു.

ഗവേഷകർ തിമിംഗലച്ചിറകുകളുടെ പ്രവർത്തനമികവിലെ ഈ തത്ത്വം ഉപയോഗിച്ചു ബോട്ടിന്റെ ചുക്കാനുകൾ, ജല-റ്റർബൈനുകൾ, കാറ്റാടിയന്ത്രങ്ങൾ, ഹെലികോപ്‌റ്ററിന്റെ കറങ്ങുന്ന ബ്‌ളേഡുകൾ തുടങ്ങിയവയുടെ കാര്യക്ഷമത വർധിപ്പിച്ചുവരുന്നു.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? കൂനൻ തിമിംഗലത്തിന്റെ ഈ തുഴച്ചിറകുകൾ ഉളവായതു പരിണാമപ്രക്രിയയിലൂടെയാണോ? അതോ ഈ തുഴച്ചിറകുകൾ ആരുടെയെങ്കിലും രൂപകൽപ്പനയോ?