വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

അഗാമപ്പല്ലിയുടെ വാൽ

അഗാമപ്പല്ലിയുടെ വാൽ

തറയിൽനിന്ന്‌ കുത്തനെയുള്ള ഒരു ഭിത്തിയിലേക്ക്‌ അഗാമപ്പല്ലി അനായാസേന ചാടും. എന്നാൽ തറയ്‌ക്ക്‌ വഴുവഴുപ്പുണ്ടെങ്കിൽ പല്ലിയുടെ കാൽ തെന്നും. എങ്കിലും അത്‌ സുരക്ഷിതമായി ഭിത്തിയിൽ ലാൻഡ്‌ ചെയ്യും! എങ്ങനെയെന്നല്ലേ? വാലിലാണ്‌ അതിന്റെ സൂത്രം!

സവിശേഷത: പാദത്തിനു പിടുത്തം നൽകുന്ന പരുക്കൻ പ്രതലത്തിൽനിന്നു ചാടുമ്പോൾ പല്ലി ആദ്യം അതിന്റെ ഉടൽ നേരെയാക്കിയിട്ട്‌ വാൽ താഴ്‌ത്തിപ്പിടിക്കുന്നു. ചാടുമ്പോൾ ശരിയായ കോൺ (angle) നിലനിറുത്താൻ അത്‌ സഹായിക്കുന്നു. എന്നാൽ വഴുവഴുപ്പുള്ള പ്രതലത്തിൽനിന്നു ചാടുമ്പോൾ പല്ലിയുടെ കാൽ വഴുതിയിട്ട്‌ ചാടുന്ന കോൺ മാറിപ്പോകാൻ സാധ്യതയുണ്ട്‌. എന്നിരുന്നാലും ചാട്ടത്തിനിടെ വായുവിൽവെച്ച്‌ വാൽ മുകളിലേക്ക്‌ വെട്ടിച്ച്‌ ഉടലിന്റെ ദിശ ക്രമപ്പെടുത്തുന്നു. ഇതൊരു സങ്കീർണമായ പ്രക്രിയയാണ്‌. “ഉടൽ നെടുകെ നിറുത്താൻപോന്ന വിധം വാലിന്റെ ദിശ പല്ലി ധ്രുതഗതിയിൽ ക്രമപ്പെടുത്തണം” എന്ന്‌ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാല പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ പറയുന്നു. പ്രതലം എത്ര തെന്നിക്കിടക്കുന്നോ അതനുസരിച്ച്‌ പല്ലി വാലും ഉയർത്തണം. എങ്കിലേ ‘സുരക്ഷിതമായ ലാൻഡിങ്‌’ സാധ്യമാകൂ.

അഗാമപ്പല്ലിയുടെ വാലിന്റെ ഈ സവിശേഷത, പെട്ടെന്നൊന്നും മറിഞ്ഞുവീഴാത്തതരം റോബോട്ടിക്‌ വാഹനങ്ങൾ രൂപകൽപ്പന ചെയ്യാൻ സാങ്കേതികവിദഗ്‌ധരെ സഹായിച്ചേക്കാം. ഭൂകമ്പമോ മറ്റു ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ജീവനോടെ കുടുങ്ങിപ്പോയവരെ കണ്ടുപിടിക്കാൻ അത്തരം റോബോട്ടിക്‌ വാഹനങ്ങൾ വലിയ സഹായമായിരിക്കും. ഗവേഷകനായ തോമസ്‌ ലിബ്ബി പറയുന്നു: “ജന്തുജാലങ്ങൾക്കുള്ള മെയ്‌വഴക്കം റോബോട്ടുകൾക്കില്ല. അതുകൊണ്ട്‌ നിലതെറ്റാതിരിക്കാൻ റോബോട്ടുകളെ സഹായിക്കുന്ന എന്തും ഒരു വലിയ മുന്നേറ്റംതന്നെയാണ്‌.”

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? അഗാമപ്പല്ലിയുടെ വാൽ രൂപപ്പെട്ടത്‌ പരിണാമപ്രക്രിയയിലൂടെയാണോ? അതോ ആരെങ്കിലും അത്‌ രൂപകൽപ്പന ചെയ്‌തതാണോ? ◼ (g13-E 02)