വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡെങ്കി—രൗദ്രഭാവംപൂണ്ട കൊലയാളി

ഡെങ്കി—രൗദ്രഭാവംപൂണ്ട കൊലയാളി

ഡെങ്കി​—രൗദ്രഭാവംപൂണ്ട കൊലയാളി

“ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പെരുകുന്നതു തടയാൻ (സാക്ഷികൾ) നടത്തിയ കൂട്ടായ ശ്രമത്തിന്റെ പേരിൽ യഹോവയുടെ സാക്ഷികളുടെ . . . രാജ്യഹാളിന്‌ മോറെലോസിലെ (മെക്‌സിക്കോയിലെ ഒരു സംസ്ഥാനം) ആരോഗ്യക്ഷേമ വകുപ്പിന്റെയും . . . എമിലിയാനോ സാപ്പാട്ടായിലെ നഗരസഭാ ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സർട്ടിഫിക്കറ്റ്‌ നൽകുന്നു.”

മെക്‌സിക്കോയിലെ അധികാരികൾ രോഗവാഹികളായ കൊതുകുകളെ ഭയക്കുന്നത്‌ വെറുതെയല്ല. ഡെങ്കിക്ക്‌ കാരണമായ അപകടകരമായ വൈറസുകളുടെ വാഹകരാണ്‌ ഉപദ്രവകാരികളായ ഈ കൊച്ചു വില്ലന്മാർ. 2010-ൽ മെക്‌സിക്കോയിൽ 57,000-ത്തിലധികം ജനങ്ങളാണ്‌ ഈ മാരക രോഗത്തിന്‌ ഇരയായത്‌. മെക്‌സിക്കോ മാത്രമല്ല മറ്റു നൂറിലധികം രാജ്യങ്ങൾ ഇന്ന്‌ ഡെങ്കി ഭീഷണിയിലാണ്‌. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ലോകത്തെമ്പാടുമായി ഓരോ വർഷവും അഞ്ചുകോടി ആളുകളെയാണ്‌ രോഗം ബാധിക്കുന്നത്‌; ലോകജനസംഖ്യയുടെ അഞ്ചിൽ രണ്ടുഭാഗം രോഗ ഭീഷണിയിലുമാണ്‌. അതുകൊണ്ടുതന്നെ, ഡെങ്കി പരത്തുന്ന കൊതുകുകളെ (വെളുത്ത കുത്തുകളുള്ള ഈഡിസ്‌ ഈജിപ്‌റ്റി കൊതുകുകളെ) * നിർമാർജനം ചെയ്യാനുള്ള ശ്രമത്തിലാണ്‌ ആരോഗ്യരംഗത്തുള്ളവർ.

ഉഷ്‌ണമേഖലാ മിതോഷ്‌ണമേഖലാ കാലാവസ്ഥകളിൽ ഡെങ്കി രോഗം വളരെ വ്യാപകമാണ്‌, വിശേഷിച്ച്‌ മഴക്കാലത്തും ചുഴലിക്കൊടുങ്കാറ്റ്‌, പ്രളയം തുടങ്ങിയ പ്രകൃതിവിപത്തുകൾക്കു ശേഷവും. കാരണം, വെള്ളം കെട്ടിനിൽക്കുന്നിടത്താണ്‌ ഈഡിസ്‌ പെൺകൊതുകുകൾ മുട്ടയിടുന്നത്‌. * ലാറ്റിൻ അമേരിക്കയിലും കരീബിയൻ പ്രദേശത്തും ഉള്ളവർ വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്‌ സിമന്റ്‌ ടാങ്കുകളിൽ ആയതിനാൽ അവ അടച്ച്‌ സൂക്ഷിക്കാൻ ആരോഗ്യവിദഗ്‌ധർ നിർദേശിക്കുന്നു. അല്ലെങ്കിൽ അതൊരു കൊതുക്‌ വളർത്തൽ കേന്ദ്രമായി മാറാൻ സാധ്യതയുണ്ട്‌! പഴയ ടയറുകൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ചെടിച്ചട്ടികൾ, പ്ലാസ്റ്റിക്‌ പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുമെന്നതിനാൽ അവ വീട്ടുപരിസരത്തുനിന്ന്‌ നീക്കം ചെയ്യുന്നതും കൊതുക്‌ പെരുകാതിരിക്കാൻ സഹായിക്കും.

ലക്ഷണങ്ങളും ചികിത്സയും

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയുടേതുപോലെതന്നെ ആയതിനാൽ പലപ്പോഴും തിരിച്ചറിയാതെ പോയേക്കാം. പനിയോടൊപ്പം ദേഹത്തുണ്ടാകുന്ന ചുവന്നു തിണർത്ത പാടുകൾ, കണ്ണിനുപുറകിലുള്ള വേദന, പേശീവേദന, സന്ധികൾക്കുണ്ടാകുന്ന അതികഠിനമായ വേദന എന്നിവയെല്ലാം ശ്രദ്ധിക്കണമെന്ന്‌ ലോകാരോഗ്യ സംഘടന പറയുന്നു. അഞ്ചുമുതൽ ഏഴുവരെ ദിവസം പനി നീണ്ടുനിന്നേക്കാം.

ചികിത്സയില്ലാത്ത ഒരു രോഗമാണ്‌ ഡെങ്കി. എങ്കിലും, ധാരാളം പാനീയങ്ങൾ കുടിക്കുകയും പൂർണ വിശ്രമം എടുക്കുകയും ചെയ്‌തുകൊണ്ട്‌ സുഖം പ്രാപിക്കാവുന്നതേയുള്ളൂ. എന്നാൽ രോഗിയിൽ, ഡെങ്കി ഹെമറാജിക്‌ പനിയുടെയോ ഡെങ്കി ഷോക്ക്‌ സിൻഡ്രോമിന്റെയോ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കണം. കാരണം, പനി കുറഞ്ഞ്‌ സുഖം പ്രാപിച്ചതായി തോന്നുമ്പോഴായിരിക്കും ഗുരുതരമായ ഈ അവസ്ഥയിൽ എത്തിച്ചേരുന്നത്‌. കഠിനമായ വയറുവേദന, നിറുത്താതെയുള്ള ഛർദി, മൂക്ക്‌, മോണ എന്നിവിടങ്ങളിൽ രക്തസ്രാവം, കറുത്ത മലം, ത്വക്കിനടിയിൽ കരിനീല നിറത്തിലുള്ള തടിപ്പുകൾ എന്നിവയാണ്‌ സങ്കീർണമായ ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. കൂടാതെ, ഡെങ്കി ഷോക്ക്‌ സിൻഡ്രോമിന്‌ തണുത്തു വിളറിയ തൊലി, അസ്വസ്ഥത, അമിതദാഹം, രക്തസമ്മർദം ക്രമാതീതമായി കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം.

ഡെങ്കി പരത്തുന്നത്‌ വൈറസ്‌ ആയതിനാൽ (ബാക്‌ടീരിയയല്ല) ചികിത്സയിൽ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. കൂടാതെ വേദനാസംഹാരികളായ ആസ്‌പിരിൻ, ഐബ്യുപ്രൊഫൻ മുതലായവ ഒഴിവാക്കേണ്ടതാണ്‌. കാരണം അവ രക്തസ്രാവം വർധിപ്പിച്ചേക്കാം. ഡെങ്കിപ്പനിക്കു കാരണമാകുന്ന വൈറസുകൾ നാലുതരം ഉള്ളതിനാൽ ഒരിക്കൽ രോഗം വന്നിട്ടുള്ളവർക്കുപോലും വീണ്ടും വരാൻ ഇടയുണ്ട്‌.

ഡെങ്കി പിടിപെട്ടാൽ പൂർണ വിശ്രമം എടുക്കുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും വേണം. രോഗി കൊതുകുവല ഉപയോഗിക്കുകയാണെങ്കിൽ കൊതുകു മുഖേന മറ്റുള്ളവരിലേക്ക്‌ രോഗം പകരുന്നത്‌ തടയാനായേക്കും.

കൊതുകിനെ തടയാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാനാകും? നീളൻ കയ്യുള്ള കുപ്പായങ്ങളും നീളമുള്ള ഉടുപ്പുകളും പാന്റുകളും ധരിക്കുക. കൊതുകിനെ തുരത്തുന്ന ഉപകരണങ്ങളും ഉപയോഗിക്കാം. ഏതു സമയത്തും കൊതുക്‌ കടിച്ചേക്കാമെങ്കിലും സൂര്യൻ ഉദിച്ചുകഴിഞ്ഞുള്ള രണ്ടുമണിക്കൂർ സമയത്തും ഇരുട്ട്‌ വീഴുന്നതിനു മുമ്പുള്ള രണ്ടുമണിക്കൂർ സമയത്തും ആണ്‌ ഈ കൊതുക്‌ കടിക്കാൻ കൂടുതൽ സാധ്യതയുള്ളത്‌ എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഉറങ്ങുമ്പോൾ മരുന്നുകൾ തളിച്ച കൊതുകുവലകൾ ഉപയോഗിക്കുന്നതും സംരക്ഷണം നൽകും.

ഡെങ്കിക്കെതിരെ വാക്‌സിനുകൾ ഫലപ്രദമാകുമോ എന്നത്‌ കാത്തിരുന്ന്‌ കാണുകയേ നിവൃത്തിയുള്ളൂ. പക്ഷേ ഈ പനിയടക്കമുള്ള സകലരോഗങ്ങളെയും പരിപൂർണമായി നീക്കം ചെയ്യുന്നത്‌ ദൈവരാജ്യമായിരിക്കും. ദൈവം പറയുന്നു: ഞാൻ “അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” ദൈവത്തിന്റെ ഈ വാക്കുകൾ നിവൃത്തിയേറുമ്പോൾ രോഗങ്ങൾ പൊയ്‌പ്പോകും!—വെളിപാട്‌ 21:3, 4. (g11-E 11)

[അടിക്കുറിപ്പുകൾ]

^ ഖ. 3 ചില ദേശങ്ങളിൽ, ഈഡിസ്‌ ആൽബോ പിക്‌റ്റസ്‌ കൊതുകുകളും രോഗം പരത്താറുണ്ട്‌.

^ ഖ. 4 സാധാരണഗതിയിൽ ഈഡിസ്‌ കൊതുകുകൾ മുട്ട വിരിയുന്ന സ്ഥലത്തുനിന്ന്‌ അധികം സഞ്ചരിക്കാറില്ല.

[27-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

കൊതുകുകൾ പെരുകുന്ന ഇടങ്ങൾ

1. പഴയ ടയറുകൾ

2. മഴവെള്ള പാത്തികൾ

3. ചെടിച്ചട്ടികൾ

4. പ്ലാസ്റ്റിക്‌ പാത്രങ്ങൾ

5. ഉപേക്ഷിച്ച വീപ്പകൾ, പാത്രങ്ങൾ

കൊതുകുകടി തടയാൻ

എ. നീളൻ കയ്യുള്ള കുപ്പായങ്ങളും നീളമുള്ള ഉടുപ്പുകളും പാന്റുകളും ധരിക്കുക. കൊതുകിനെ തുരത്തുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക

ബി. കൊതുകുവല ഉപയോഗിക്കുക

[26-ാം പേജിലെ ചിത്രങ്ങൾക്ക കടപ്പാട്‌]

ഉറവിടം: Courtesy Marcos Teixeira de Freitas