വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എനിക്കു മതിയായി!”

“എനിക്കു മതിയായി!”

“എനിക്കു മതിയായി!”

അവഗണനയുടെ ബാക്കിപത്രമെന്നോണം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു വീട്‌. കൊഴിഞ്ഞുപോയ വർഷങ്ങളിൽ പല പ്രാതികൂല്യങ്ങളെയും അത്‌ അതിജീവിച്ചിട്ടുണ്ട്‌. എന്നാൽ ഇപ്പോഴാകട്ടെ അതിന്‌ ബലക്ഷയം സംഭവിച്ചിരിക്കുന്നു, ഏതു നിമിഷവും അത്‌ നിലംപൊത്തിയെന്നുവരാം!

ഇന്നുള്ള പല ദാമ്പത്യങ്ങളും ഏതാണ്ട്‌ ഇതുപോലെയാണെന്നു പറയാം. നിങ്ങളുടെ ദാമ്പത്യവും തകർച്ചയുടെ പാതയിലാണെന്ന്‌ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുക, ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്‌ സാധാരണമാണ്‌. വിവാഹിതരാകുന്നവർക്ക്‌ ‘നിരവധി ക്ലേശങ്ങൾ’ നേരിടേണ്ടിവന്നേക്കാമെന്ന വസ്‌തുതയോട്‌ ബൈബിളും യോജിക്കുന്നു.—1 കൊരിന്ത്യർ 7:28, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

അതിന്റെ സത്യതയ്‌ക്ക്‌ അടിവരയിട്ടുകൊണ്ട്‌ ഒരു സംഘം ഗവേഷകർ വിവാഹത്തെ വിശേഷിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌: “ഏറ്റവും അപകടം പിടിച്ചതെങ്കിലും സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ചര്യപോലെ ഏറ്റെടുക്കുന്ന ഉദ്യമം.” “അതിരറ്റ സന്തോഷത്തോടും വലിയവലിയ പ്രതീക്ഷകളോടും കൂടെ തുടങ്ങുന്ന ആ ബന്ധം പലപ്പോഴും നിരാശയുടെയും വേദനയുടെയും നിലയില്ലാക്കയത്തിലേക്ക്‌ കൂപ്പുകുത്തുന്നു,” എന്നും അവർ കൂട്ടിച്ചേർക്കുന്നു.

നിങ്ങളുടെ ദാമ്പത്യം ഏതവസ്ഥയിലാണ്‌? താഴെപ്പറയുന്ന ഏതെങ്കിലും പ്രശ്‌നങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ പിടിച്ചുലയ്‌ക്കുന്നുണ്ടോ?

● കൂടെക്കൂടെയുള്ള വാക്കുതർക്കങ്ങൾ

● മുറിപ്പെടുത്തുന്ന സംസാരം

● അവിശ്വസ്‌തത

● വിദ്വേഷം

നിങ്ങളുടെ വിവാഹബന്ധം തകർച്ചയുടെ വക്കിലാണെങ്കിൽ എന്തു ചെയ്യാനാകും? വിവാഹമോചനമാണോ പരിഹാരം?

[3-ാം പേജിലെ ചതുരം/ചിത്രം]

‘അപൂർവമായിരുന്നത്‌ ഇപ്പോൾ സർവസാധാരണം’

പല രാജ്യങ്ങളിലും വിവാഹമോചനങ്ങളുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു. ഐക്യനാടുകളിലെ കാര്യംതന്നെ എടുക്കുക. കുറെ വർഷങ്ങൾക്കുമുമ്പ്‌ അവിടെ വിവാഹമോചനങ്ങൾ അത്ര സാധാരണമായിരുന്നില്ല. എന്നാൽ 1960-നുശേഷം “മോചനനിരക്ക്‌ അതിശീഘ്രമാണ്‌ കുതിച്ചുയർന്നത്‌” എന്ന്‌ ദ ഡിവോഴ്‌സ്‌ കൾച്ചർ എന്ന പുസ്‌തകത്തിൽ ബാർബറ ഡഫോ വൈറ്റ്‌ഹെഡ്‌ പറയുന്നു. “ഏതാണ്ട്‌ ഒരു ദശകംകൊണ്ട്‌ ആ നിരക്ക്‌ നേരെ ഇരട്ടിയായി; തുടർന്ന്‌ 1980-കളുടെ ആരംഭമായപ്പോഴേക്ക്‌ വികസിത പാശ്ചാത്യ രാജ്യങ്ങളിൽവെച്ച്‌ ഏറ്റവുമധികം വിവാഹമോചനം നടക്കുന്ന രാജ്യമായി മാറി അത്‌. വിവാഹമോചനനിരക്കിൽ ഉണ്ടായ ഈ കുതിച്ചുകയറ്റത്തിന്റെ അനന്തരഫലം എന്തായിരുന്നു? അമേരിക്കൻ സമൂഹത്തിൽ അപൂർവമായിരുന്ന വിവാഹമോചനം വെറും മൂന്നുപതിറ്റാണ്ടുകൊണ്ട്‌ സർവസാധാരണമായിത്തീർന്നു.”