വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​രാ​ജ്യം എന്നായി​രി​ക്കും ഭൂമി​യിൽ ഭരണം തുടങ്ങുന്നത്‌?

ദൈവ​രാ​ജ്യം എന്നായി​രി​ക്കും ഭൂമി​യിൽ ഭരണം തുടങ്ങുന്നത്‌?

ദൈവരാജ്യം ഭരണം തുടങ്ങുന്നത്‌ എപ്പോഴാണെന്നറിയാൻ യേശു​വി​ന്റെ വിശ്വ​സ്‌ത​രായ ചില ശിഷ്യ​ന്മാർ ആഗ്രഹി​ച്ചു. എന്നാൽ ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കുന്ന കൃത്യ​സ​മയം അവർക്ക്‌ അറിയാൻ കഴിയില്ല എന്നാണ്‌ യേശു അവർക്ക്‌ മറുപടി കൊടു​ത്തത്‌. (പ്രവൃ​ത്തി​കൾ 1:6, 7) എന്നാൽ ചില സംഭവങ്ങൾ ഒരുമിച്ച്‌ നടക്കു​ന്നതു കാണു​മ്പോൾ ‘ദൈവ​രാ​ജ്യം അടുത്ത്‌ എത്തി​യെന്ന്‌’ മനസ്സി​ലാ​ക്കി​ക്കൊ​ള്ളാൻ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞി​രു​ന്നു. അപ്പോ​ഴാ​യി​രി​ക്കും ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കാ​നുള്ള സമയം.​—ലൂക്കോസ്‌ 21:31.

എന്തൊക്കെ സംഭവങ്ങൾ നടക്കും എന്നാണ്‌ യേശു പറഞ്ഞത്‌?

യേശു പറഞ്ഞു: “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴുന്നേൽക്കും. വലിയ ഭൂകമ്പ​ങ്ങ​ളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മാരക​മായ പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകും.” (ലൂക്കോസ്‌ 21:10, 11) കൈവി​ര​ലി​ലെ ഓരോ രേഖയും ചേരു​മ്പോൾ വിരല​ട​യാ​ളം ലഭിക്കു​ന്ന​തു​പോ​ലെ ഈ സംഭവങ്ങൾ എല്ലാം കൂടി​ച്ചേ​രു​മ്പോൾ വ്യക്തമായ ഒരു അടയാളം ലഭിക്കും. വിരല​ട​യാ​ളം ഒരു വ്യക്തിയെ തിരി​ച്ച​റി​യി​ക്കു​ന്ന​തു​പോ​ലെ ഒരേ സമയത്ത്‌ നടക്കുന്ന ഈ സംഭവങ്ങൾ “ദൈവ​രാ​ജ്യം അടുത്ത്‌ എത്തി​യെന്നു” മനസ്സി​ലാ​ക്കാൻ സഹായി​ക്കും. എപ്പോ​ഴെ​ങ്കി​ലും ഈ സംഭവങ്ങൾ ഒരേ സമയത്ത്‌ ലോക​മെ​ങ്ങു​മാ​യി നടന്നി​ട്ടു​ണ്ടോ? തെളി​വു​കൾ നോക്കാം.

1. യുദ്ധങ്ങൾ

മനുഷ്യചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തി​ലുള്ള ഒരു യുദ്ധം 1914-ൽ പൊട്ടി​പ്പു​റ​പ്പെട്ടു. ഈ വർഷത്തെ, ചരി​ത്ര​ത്തി​ലെ വഴിത്തി​രി​വായ വർഷം എന്ന്‌ ചരി​ത്ര​കാ​ര​ന്മാർ പരാമർശി​ക്കാ​റുണ്ട്‌. കാരണം, ആദ്യമാ​യാണ്‌ ഒരു ലോക​മ​ഹാ​യു​ദ്ധം നടക്കു​ന്നത്‌. ആ യുദ്ധത്തി​ലാണ്‌ ആദ്യമാ​യി യുദ്ധടാ​ങ്കു​ക​ളും വിമാ​ന​ത്തിൽനിന്ന്‌ വർഷി​ക്കുന്ന ബോം​ബു​ക​ളും മെഷീൻഗ​ണ്ണു​ക​ളും വിഷവാ​ത​ക​ങ്ങ​ളും മറ്റു മാരകാ​യു​ധ​ങ്ങ​ളും ഉപയോ​ഗി​ച്ചത്‌. പിന്നീട്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധം നടന്നു. ആ യുദ്ധത്തി​ലാണ്‌ അണുവാ​യു​ധം പിറവി​യെ​ടു​ക്കു​ന്നത്‌. 1914 മുതൽ ഒരു സ്ഥലത്ത്‌ അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത്‌ യുദ്ധം നിത്യ​സം​ഭ​വ​മാ​യി മാറി​യി​രി​ക്കു​ന്നു. ആ യുദ്ധങ്ങൾ ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ജീവ​നെ​ടു​ത്തി​രി​ക്കു​ന്നു.

2. ഭൂകമ്പങ്ങൾ

ഓരോ വർഷവും “സാമാ​ന്യം വലിയ അളവിൽ നാശന​ഷ്ടങ്ങൾ വരുത്തി​വെ​ക്കുന്ന” ഏതാണ്ട്‌ 100 ഭൂകമ്പങ്ങൾ ഉണ്ടാകു​ന്നു​ണ്ടെന്ന്‌ ഒരു സർവവി​ജ്ഞാ​ന​കോ​ശം അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ ഒരു ഭൂഗർഭ സർവ്വേ റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ ഇതുവ​രെ​യുള്ള കണക്കു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നോക്കു​മ്പോൾ (ഏകദേശം 1900 മുതലുള്ള കണക്കനു​സ​രിച്ച്‌) ഓരോ വർഷവും നമ്മൾ 16 വലിയ ഭൂകമ്പങ്ങൾ പ്രതീ​ക്ഷി​ക്ക​ണ​മെ​ന്നാണ്‌. എന്നാൽ ചിലർ വിചാ​രി​ക്കു​ന്നതു ഭൂകമ്പ​ങ്ങ​ളു​ടെ കാര്യ​ത്തിൽ വർധന ഉണ്ടായി​ട്ടില്ല അതു രേഖ​പ്പെ​ടു​ത്താ​നുള്ള ഉപകര​ണങ്ങൾ ഉള്ളതു​കൊണ്ട്‌ നമുക്ക്‌ അതു തിരി​ച്ച​റി​യാൻ പറ്റുന്നന്നേ ഉള്ളൂ എന്നാണ്‌. പക്ഷേ ലോക​മെ​ങ്ങും മുമ്പെ​ന്ന​ത്തെ​ക്കാ​ളും വലിയ ഭൂകമ്പങ്ങൾ ഉണ്ടാകു​ന്നുണ്ട്‌ എന്നതും അത്‌ അനേക​രു​ടെ ജീവൻ കവരുന്നു എന്നതും ഒരു സത്യമാണ്‌.

3. ഭക്ഷ്യക്ഷാമങ്ങൾ

ലോകമെങ്ങും ഭക്ഷ്യക്ഷാ​മ​ത്തിന്‌ ഇടയാ​ക്കുന്ന കാര്യ​ങ്ങ​ളാണ്‌ യുദ്ധം, ക്ഷാമം, അഴിമതി, സാമ്പത്തിക തകർച്ച, കൃഷി നോക്കിനടത്തുന്നതിലെ പിടിപ്പുകേട്‌, മോശം കാലാ​വ​സ്ഥയെ അതിജീ​വി​ക്കാൻവേണ്ട കാര്യങ്ങൾ ചെയ്യാ​ത്തത്‌ എന്നിവ​യൊ​ക്കെ. ലോക​ഭ​ക്ഷ്യ​പ​രി​പാ​ടി (World Food Programme) “2018-ലെ റിപ്പോർട്ടിൽ” ഇങ്ങനെ പറഞ്ഞു: “ലോക​മെ​ങ്ങും 82 കോടി 10 ലക്ഷം ആളുകൾക്ക്‌ ആവശ്യ​ത്തി​നു ഭക്ഷണം ലഭിക്കു​ന്നില്ല. അതിൽ 12 കോടി 40 ലക്ഷം പേർ മുഴു​പ്പ​ട്ടി​ണി​യി​ലാണ്‌.” ഓരോ വർഷവും വികല​പോ​ഷണം കാരണം 30 ലക്ഷത്തി​ല​ധി​കം കുട്ടി​ക​ളാണ്‌ മരിക്കു​ന്നത്‌. 2011-ൽ ലോക​മെ​ങ്ങും ഉള്ള കുട്ടി​ക​ളു​ടെ ഏതാണ്ട്‌ പകുതി​യോ​ളം പേർ മരിക്കാൻ കാരണം അതായി​രു​ന്നു.

4. മാരകമായ രോഗങ്ങൾ, പകർച്ചവ്യാധികൾ

ലോകാരോഗ്യ സംഘട​ന​യു​ടെ ഒരു പ്രസി​ദ്ധീ​ക​രണം ഇങ്ങനെ പറയുന്നു: “21-ാം നൂറ്റാണ്ട്‌ വലിയ പകർച്ച​വ്യാ​ധി​കൾകൊണ്ട്‌ ഇതി​നോ​ടകം ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നു. പഴയ രോഗ​ങ്ങ​ളായ കോളറ, പ്ലേഗ്‌, മഞ്ഞപ്പിത്തം എന്നിവ വീണ്ടും പ്രത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു. പുതിയ രോഗ​ങ്ങ​ളായ സാർസ്‌, മേഴ്‌സ്‌, എബോള, സിക്ക, പാൻഡ​മിക്ക്‌ ഇൻഫ്‌ളു​വൻസ എന്നിവ രംഗ​പ്ര​വേശം ചെയ്‌തി​രി​ക്കു​ന്നു.” ഏറ്റവും പുതിയതായി കോവിഡ്‌-19-ഉം എത്തി. ശാസ്‌ത്ര​ജ്ഞ​ന്മാ​രും ഡോക്ടർമാ​രും രോഗ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരുപാട്‌ പഠിച്ചി​ട്ടു​ണ്ടെ​ങ്കി​ലും രോഗങ്ങൾ പൂർണ​മാ​യി ഭേദമാ​ക്കാൻ അവർക്കു ഇതുവരെ കഴിഞ്ഞി​ട്ടില്ല.

5. ലോകമെങ്ങും നടക്കുന്ന സുവി​ശേ​ഷ​വേല

അടയാളത്തിന്റെ മറ്റൊരു വശത്തെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാനായി ഭൂലോകത്തെങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) ലോക​ത്തിൽ ഇത്രയ​ധി​കം പ്രശ്‌നങ്ങൾ ഉണ്ടെങ്കി​ലും 80 ലക്ഷത്തി​ല​ധി​കം ആളുകൾ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങു​മാ​യി 240 ദേശങ്ങ​ളിൽ 1,000-ത്തിലധി​കം ഭാഷക​ളിൽ പ്രസം​ഗി​ക്കു​ന്നു. ഇങ്ങനെയൊരു സംഭവം മനുഷ്യചരിത്രത്തിൽ ഇതിനുമുമ്പ്‌ ഉണ്ടായി​ട്ടില്ല.

അടയാ​ള​ത്തി​ന്റെ അർഥവും നമ്മളും

യേശു പറഞ്ഞ അടയാ​ള​ത്തി​ന്റെ വിവിധ വശങ്ങൾ നമുക്കു ചുറ്റും നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ കാര്യ​ത്തിൽ നമ്മൾ താത്‌പ​ര്യം എടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? അതിന്റെ കാരണം യേശു പറഞ്ഞു: “ഇതെല്ലാം സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടുത്ത്‌ എത്തി​യെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക.”​—ലൂക്കോസ്‌ 21:31.

ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കിയെന്നു ദൈവരാജ്യം ഉറപ്പുവരുത്തും

യേശു പറഞ്ഞ അടയാ​ള​വും ബൈബി​ളി​ന്റെ കാല​രേ​ഖ​യും പരി​ശോ​ധി​ച്ചാൽ ദൈവം തന്റെ രാജ്യം 1914-ൽ a സ്വർഗത്തിൽ സ്ഥാപിച്ചു എന്ന്‌ നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും. അന്ന്‌ ദൈവം തന്റെ മകനായ യേശു​ക്രി​സ്‌തു​വി​നെ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​ക്കി. (സങ്കീർത്തനം 2:2, 4, 6-9) പെട്ടെ​ന്നു​തന്നെ ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കും. അത്‌ എല്ലാ മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും നീക്കി ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മനുഷ്യർക്കു എന്നും ജീവി​ക്കാ​നാ​യി കൊടു​ക്കും.

യേശു പഠിപ്പിച്ച മാതൃ​കാ​പ്രാർഥ​ന​യി​ലെ വാക്കുകൾ പെട്ടെ​ന്നു​തന്നെ നിറ​വേ​റും. “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.” (മത്തായി 6:10) 1914-ൽ രാജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യതു മുതൽ ഇന്നു വരെ എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ അതു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌? മനുഷ്യ​രെ ആ സ്വർഗീ​യ​ഗ​വൺമെന്റ്‌ ഭരിക്കു​മ്പോൾ നമുക്ക്‌ എന്തൊക്കെ കാര്യങ്ങൾ പ്രതീ​ക്ഷി​ക്കാം?

a 1914-നെക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ജീവിതം ആസ്വദിക്കാം പുസ്‌ത​ക​ത്തി​ന്റെ 32-ാം പാഠം കാണുക.