വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?

മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?

മുൻവി​ധി ഒരു വൈറ​സു​പോ​ലെ​യാണ്‌. അതു നമ്മളെ ബാധി​ക്കു​ന്നതു നമ്മൾ അറിയ​ണ​മെ​ന്നില്ല. പക്ഷേ അതു ബാധി​ച്ചാൽ, കാര്യം ഗുരു​ത​ര​മാ​കും.

ദേശം, വംശം, കുലം, ഭാഷ എന്നിവ​യു​ടെ അടിസ്ഥാ​ന​ത്തിൽ മാത്രമല്ല ആളുകൾ ഇന്നു മുൻവി​ധി കാണി​ക്കു​ന്നത്‌. മതം, സാമൂ​ഹി​ക​നില, ലിംഗം എന്നിവ​യു​ടെ അടിസ്ഥാ​ന​ത്തി​ലും അങ്ങനെ ചെയ്യുന്നു. ഇനി ചില ആളുകൾ പ്രായം, വിദ്യാ​ഭ്യാ​സം, വൈക​ല്യം, ബാഹ്യാ​കാ​രം എന്നിവ​യു​ടെ ഒക്കെ അടിസ്ഥാ​ന​ത്തിൽ ആളുകളെ മോശ​മാ​യി വിധി​ക്കു​ന്നു. ഇങ്ങനെ​യൊ​ക്കെ ആളുകൾ ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും തങ്ങൾക്കു മുൻവി​ധി​യില്ല എന്നാണ്‌ അവർ വിചാ​രി​ക്കു​ന്നത്‌.

ഇത്തരം മുൻവി​ധി നിങ്ങളെ ബാധി​ച്ചി​ട്ടു​ണ്ടോ? മറ്റുള്ള​വർക്കു മുൻവി​ധി​യു​ണ്ടോ എന്നു മനസ്സി​ലാ​ക്കാൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും. പക്ഷേ സ്വന്തം കാര്യ​ത്തി​ലോ? സത്യം പറഞ്ഞാൽ, നമുക്ക്‌ എല്ലാവർക്കും കുറച്ച്‌ മുൻവി​ധി ഉണ്ട്‌. ഒരു കൂട്ടത്തിൽപ്പെട്ട ആളുക​ളെ​ക്കു​റിച്ച്‌ മോശ​മായ ധാരണ​യാ​ണു ചിലർക്കു​ള്ള​തെ​ങ്കിൽ ആ കൂട്ടത്തി​ലുള്ള ആരെ​യെ​ങ്കി​ലും കാണു​മ്പോൾ, സ്വാഭാ​വി​ക​മാ​യും അവരുടെ പ്രതി​ക​രണം എന്തായി​രി​ക്കും? അതെക്കു​റിച്ച്‌ സാമൂ​ഹി​ക​ശാ​സ്‌ത്ര പ്രൊ​ഫ​സ്സ​റായ ഡേവിഡ്‌ വില്യംസ്‌ പറഞ്ഞത്‌ ഇതാണ്‌: “അവർ ആ വ്യക്തിയെ വേർതി​രിച്ച്‌ കാണു​ന്നത്‌ അവർപോ​ലും അറിയു​ന്നു​ണ്ടാ​കില്ല.”

ബാൾക്കൻ രാജ്യ​ത്തു​നി​ന്നുള്ള ജൊവി​ക്ക​യു​ടെ കാര്യം എടുക്കാം. അവിടെ മറ്റുള്ളവർ മാറ്റി​നി​റു​ത്തി​യി​രുന്ന ചെറിയ ഒരു കൂട്ടം ആളുക​ളു​ണ്ടാ​യി​രു​ന്നു. ‘അക്കൂട്ട​ത്തിൽ നല്ലവരാ​രും ഇല്ലെന്ന’ ചിന്തയാ​ണു തനിക്ക്‌ ഉണ്ടായി​രു​ന്ന​തെന്ന്‌ ജൊവിക്ക സമ്മതി​ക്കു​ന്നു. അദ്ദേഹം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കു​ന്നത്‌ ഒരു മുൻവി​ധി​യാ​ണെന്ന്‌ എനിക്കു തോന്നി​യില്ല. അവരെ​ക്കു​റി​ച്ചുള്ള സത്യം അതാ​ണെ​ന്നാ​ണു ഞാൻ ചിന്തി​ച്ചത്‌.”

മുൻവി​ധി​യെ​യും വർഗീ​യ​ത​യെ​യും തുടച്ചു​നീ​ക്കു​ന്ന​തി​നു​വേണ്ടി പല ഗവൺമെ​ന്റു​ക​ളും പല നിയമ​ങ്ങ​ളും കൊണ്ടു​വ​ന്നി​ട്ടുണ്ട്‌. ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും മുൻവി​ധി​ക്കു കാര്യ​മായ മാറ്റം ഒന്നുമില്ല. അത്‌ എന്താണ്‌? കാരണം നിയമ​ങ്ങൾക്ക്‌ ഒരാളു​ടെ പ്രവർത്ത​ന​ങ്ങളെ മാത്രമേ നിയ​ന്ത്രി​ക്കാൻ കഴിയൂ. ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കാ​നാ​കി​ല്ല​ല്ലോ? ഒരാളു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും ആണ്‌ മുൻവി​ധി നാമ്പി​ടു​ന്നത്‌. അതിനർഥം മുൻവി​ധി​യോ​ടു പോരാ​ടി​യിട്ട്‌ കാര്യ​മി​ല്ലെ​ന്നാ​ണോ? മുൻവി​ധി എന്ന വൈറ​സിന്‌ ഒരു മരുന്നു​ണ്ടോ?

ഉള്ളിന്റെ ഉള്ളിൽനിന്ന്‌ മുൻവി​ധി പിഴു​തെ​റി​യാൻ അനേകരെ സഹായി​ച്ചി​ട്ടുള്ള അഞ്ച്‌ വഴികൾ ഇനിയുള്ള ലേഖന​ങ്ങ​ളി​ലുണ്ട്‌.