വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം

നിങ്ങളു​ടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാ​ണോ?

നിങ്ങളു​ടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാ​ണോ?

നിങ്ങൾക്ക് എപ്പോ​ഴും തിരക്കാ​ണോ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. “എല്ലായി​ട​ത്തും എല്ലാവ​രും തിരക്കി​ലാ​ണെന്നു തോന്നു​ന്നു” എന്ന് സാമ്പത്തി​ക​ശാ​സ്‌ത്രം (ഇംഗ്ലീഷ്‌) എന്ന മാസിക റിപ്പോർട്ട് ചെയ്യുന്നു.

മുഴുവൻ സമയ ജോലി​ക്കാ​രു​ടെ ഇടയിൽ 2015-ൽ ഒരു സർവേ നടത്തി. എട്ടു രാജ്യ​ങ്ങ​ളി​ലാ​യി നടത്തിയ ആ സർവേ​യിൽ പങ്കെടുത്ത പലരും ജോലി​സ്ഥ​ല​ത്തെ​യും വീട്ടി​ലെ​യും കാര്യങ്ങൾ നടത്തി​ക്കൊ​ണ്ടു​പോ​കു​ന്നത്‌ വളരെ ബുദ്ധി​മു​ട്ടാ​ണെന്നു പറഞ്ഞു. എന്തായി​രു​ന്നു കാരണം? ജോലി​സ്ഥ​ല​ത്തെ​യോ വീട്ടി​ലെ​യോ ഉത്തരവാ​ദി​ത്വ​ങ്ങൾ, കുതി​ച്ചു​യ​രുന്ന ജീവി​ത​ച്ചെ​ല​വു​കൾ, ദൈർഘ്യ​മേ​റിയ ജോലി​ദി​വ​സങ്ങൾ എന്നിവ​യാ​യി​രു​ന്നു അവയിൽ ചിലത്‌. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളിൽ മുഴുവൻ സമയ ജോലി​ക്കാർ ആഴ്‌ച​യിൽ ശരാശരി 47 മണിക്കൂർ ജോലി ചെയ്യുന്നു. അതിൽ അഞ്ചിൽ ഒരാൾ 60 മണിക്കൂ​റോ അതി​ലേ​റെ​യോ ജോലി ചെയ്യു​ന്നു​ണ്ട​ത്രേ!

36 രാജ്യ​ങ്ങ​ളിൽ നടത്തിയ മറ്റൊരു സർവേ​യിൽ പങ്കെടുത്ത 25 ശതമാ​ന​ത്തി​ല​ധി​കം ആളുകൾക്ക് അവരുടെ വിശ്ര​മ​സ​മ​യ​ത്തു​പോ​ലും വളരെ തിരക്ക് അനുഭ​വ​പ്പെ​ട്ട​താ​യി പറഞ്ഞു. ഇതു​പോ​ലെ പലപല പ്രവർത്ത​നങ്ങൾ കുത്തി​ത്തി​രു​കിയ ഒരു പട്ടിക കുട്ടി​ക​ളെ​പ്പോ​ലും ബാധി​ച്ചേ​ക്കാം.

സമയം അനുവ​ദി​ക്കു​ന്ന​തി​ല​ധി​കം കാര്യങ്ങൾ തുടർച്ച​യാ​യി ചെയ്യാൻ ശ്രമി​ച്ചാൽ നമ്മൾ വല്ലാതെ സമ്മർദ​ത്തി​ലാ​കും. നമ്മൾ തിരക്കി​ന്‍റെ ഇരകളാ​യെന്നു വരാം. എന്നാൽ സമനി​ല​യുള്ള ഒരു ജീവിതം നയിക്കാൻ നമുക്കു കഴിയു​മോ? ഈ കാര്യ​ത്തിൽ നമ്മുടെ വീക്ഷണ​ങ്ങൾക്കും തിര​ഞ്ഞെടുപ്പുകൾക്കും ലക്ഷ്യങ്ങൾക്കും ഒക്കെയുള്ള പങ്ക് എന്താണ്‌? അനേക​രും ഒരുപാട്‌ കാര്യങ്ങൾ ഏറ്റെടു​ത്തു ചെയ്യു​ന്ന​തി​ന്‍റെ നാലു കാരണങ്ങൾ ആദ്യമാ​യി പരി​ശോ​ധി​ക്കാം.

1 കുടും​ബ​ഭ​ദ്ര​ത​യ്‌ക്കുള്ള ആഗ്രഹം

“ആഴ്‌ച​യിൽ ഏഴു ദിവസ​വും എനിക്ക് ജോലി​ത്തി​ര​ക്കാണ്‌. എന്‍റെ കുട്ടികൾക്ക് ഏറ്റവും മികച്ചതു കൊടു​ക്കാ​നാണ്‌ ഞാൻ ഇത്രയ്‌ക്കു കഷ്ടപ്പെ​ടു​ന്നത്‌. ചെറു​പ്പ​ത്തിൽ എനിക്കി​ല്ലാ​യി​രുന്ന സാധനങ്ങൾ അവർക്കെ​ങ്കി​ലും കിട്ടാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.” ഗ്യാരി എന്ന പിതാ​വി​ന്‍റെ വാക്കു​ക​ളാണ്‌ ഇത്‌. ലക്ഷ്യങ്ങ​ളൊ​ക്കെ കൊള്ളാം. എന്നാൽ ഏതു കാര്യ​ങ്ങൾക്ക് മുൻതൂ​ക്കം കൊടു​ക്ക​ണ​മെന്ന് അറിയു​ന്നത്‌ പ്രധാ​ന​മാണ്‌. ചില പഠനങ്ങൾ കാണി​ക്കു​ന്നത്‌ പണത്തി​നും വസ്‌തു​വ​ക​കൾക്കും ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കുന്ന കുട്ടി​കൾക്കും മാതാ​പി​താ​ക്കൾക്കും സന്തോ​ഷ​വും സംതൃ​പ്‌തി​യും ആരോ​ഗ്യ​വും താരത​മ്യേന കുറവാണ്‌ എന്നാണ്‌.

വസ്‌തുവകകൾക്കു പ്രാധാ​ന്യം കൊടു​ക്കുന്ന കുടും​ബ​ത്തിൽ വളരുന്ന കുട്ടി​കൾക്കു സന്തോഷം കുറവാണ്‌

കുട്ടി​ക​ളു​ടെ ഭാവി വിജയ​ത്തി​നുള്ള തത്രപ്പാ​ടിൽ ചില മാതാ​പി​താ​ക്ക​ളും മക്കളും ജീവിതം പലപല കാര്യ​ങ്ങൾകൊണ്ട് തിരക്കു പിടി​ച്ച​താ​ക്കി​യി​രി​ക്കു​ന്നു. ലക്ഷ്യങ്ങൾ നല്ലതാ​ണെ​ങ്കി​ലും അത്തരം മാതാ​പി​താ​ക്ക​ളും മക്കളും ഒരുപാട്‌ ദുരിതം അനുഭ​വി​ക്കു​ന്നു എന്ന് ഒന്നാമത്‌ കുടും​ബം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

2 ‘കൂടു​ത​ലു​ള്ള​താണ്‌ മെച്ചം’ എന്ന വിശ്വാ​സം

വരുന്ന പുതി​യ​പു​തിയ സാധനങ്ങൾ വാങ്ങി​ച്ചി​ല്ലെ​ങ്കിൽ നമുക്ക് എന്തൊ​ക്കെ​യോ നഷ്ടമാ​കു​മെന്ന് വരുത്തി​ത്തീർക്കാൻ പരസ്യ​ലോ​കം ശ്രമി​ക്കു​ന്നു. സാമ്പത്തി​ക​ശാ​സ്‌ത്രം (ഇംഗ്ലീഷ്‌) എന്ന മാസിക പറയുന്നു: ‘വിപണി നിറയെ സാധന​ങ്ങ​ളാ​യ​തു​കൊണ്ട് എന്തു വാങ്ങണം, എന്തു കഴിക്കണം, എന്തു കാണണം എന്നൊക്കെ ഒട്ടും സമയം പാഴാ​ക്കാ​തെ തീരുമാനിക്കാൻ ഉപഭോക്താക്കൾ നിർബ​ന്ധി​ത​രാ​കു​ന്നു.’

സാങ്കേ​തി​ക​വി​ദ്യ​യി​ലുള്ള മുന്നേറ്റം ജോലി​ക്കാർക്കു ധാരാളം ഒഴിവു​സ​മയം കിട്ടാൻ ഇടയാ​ക്കു​മെ​ന്നാണ്‌ 20-‍ാ‍ം നൂറ്റാ​ണ്ടി​ന്‍റെ ആരംഭ​ത്തിൽ ഒരു പ്രമുഖ സാമ്പത്തി​ക​വി​ദ​ഗ്‌ധൻ പറഞ്ഞത്‌. എന്നാൽ അദ്ദേഹ​ത്തിന്‌ തെറ്റി! ന്യൂ​യോർക്കു​കാർ (ഇംഗ്ലീഷ്‌) എന്ന മാസി​ക​യു​ടെ എഴുത്തു​കാ​രി​യായ എലിസ​ബത്ത്‌ കോൾബേർട്ട് പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “പുതി​യ​പു​തിയ സാധന​ങ്ങ​ളു​ടെ ആവശ്യം” തോന്നി​യിട്ട് ആളുകൾ “നേരത്തേ (ജോലി) നിറു​ത്തു​ന്ന​തി​നു പകരം” അവ വാങ്ങാ​നാ​യി കൂടുതൽ സമയം ജോലി ചെയ്യുന്നു.

3 മറ്റുള്ള​വ​രു​ടെ പ്രതീ​ക്ഷകൾ നിറ​വേ​റ്റാ​നുള്ള ശ്രമം

തൊഴി​ലു​ട​മ​യു​ടെ മുഖം കറുക്കാ​തി​രി​ക്കാൻ ചില തൊഴി​ലാ​ളി​കൾ മരിച്ച് പണി​യെ​ടു​ക്കു​ന്നു. സമയം കഴിഞ്ഞി​ട്ടും കുറച്ചു​കൂ​ടി ജോലി ചെയ്യാൻ ഒരാൾ തയ്യാറ​ല്ലെ​ങ്കിൽ അയാൾ എന്തോ തെറ്റു ചെയ്യു​ന്ന​തു​പോ​ലെ​യാണ്‌ ചില സഹപ്ര​വർത്ത​ക​രു​ടെ പെരു​മാ​റ്റം. സാമ്പത്തിക അരക്ഷി​താ​വസ്ഥ ഉള്ളതു​കൊണ്ട് ആളുകൾ ഏതു സമയത്തും എത്ര നേരവും ജോലി ചെയ്യാൻ തയ്യാറാ​കു​ന്നു.

പല കുടും​ബ​ങ്ങ​ളും നിലത്തു​നിൽക്കാൻ നേരമി​ല്ലാ​തെ കാര്യങ്ങൾ ചെയ്യു​ന്നതു കാണു​മ്പോൾ ചില മാതാ​പി​താ​ക്ക​ളെ​ങ്കി​ലും സമ്മർദ​ത്തി​ലാ​യേ​ക്കാം. അവരെ​പ്പോ​ലെ ജീവി​ച്ചി​ല്ലെ​ങ്കിൽ തങ്ങളായിട്ട് കുട്ടികൾക്ക് എന്തോ ‘നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യു​ക​യാ​ണെന്ന്’ പല മാതാ​പി​താ​ക്ക​ളും വിചാ​രി​ക്കു​ന്നു.

4 ആത്മസം​തൃ​പ്‌തി​ക്കും സ്ഥാനത്തി​നും വേണ്ടി

ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന ടിം പറയുന്നു: “എനിക്ക് എന്‍റെ ജോലി വലിയ ഇഷ്ടമാ​യി​രു​ന്നു. ജോലി സമയത്ത്‌ കഠിന​മാ​യി ഞാൻ അധ്വാ​നി​ച്ചു. ഞാൻ ആരാ​ണെന്നു തെളി​യി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു.”

ടിമ്മി​നെ​പ്പോ​ലെ, സ്വന്തം പ്രതി​ച്ഛാ​യ​യ്‌ക്കും ജോലി​ത്തി​ര​ക്കി​നും തമ്മിൽ ശക്തമായ ബന്ധമു​ണ്ടെന്നു ചിന്തി​ക്കു​ന്ന​വ​രാണ്‌ പലരും. അതിന്‍റെ ഫലം? മുമ്പ് പറഞ്ഞ എലിസ​ബത്ത്‌ കോൾബേർട്ട് പറയുന്നു: “തിരക്കുള്ള ജീവിതം ഇന്നു സമൂഹ​ത്തിൽ സ്ഥാനം പിടി​ച്ചി​രി​ക്കു​ന്നു.” അവർ കൂട്ടി​ച്ചേർക്കു​ന്നു: “നിങ്ങൾക്ക് എത്ര തിരക്കു​ണ്ടോ നിങ്ങൾ അത്രയും പ്രധാ​ന​പ്പെട്ട ആളാ​ണെന്നു തോന്നും.”

സമനി​ല​യു​ള്ള​വ​രാ​യി​രി​ക്കാൻ പഠിക്കുക

പരി​ശ്ര​മ​ത്തെ​യും അധ്വാ​ന​ശീ​ല​ത്തെ​യും ബൈബിൾ പ്രശം​സി​ച്ചു പറയുന്നു. (സുഭാ​ഷി​തങ്ങൾ 13:4) അതു​പോ​ലെ​ത​ന്നെ​യാ​ണു സമനി​ല​യെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നത്‌. “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.

സമനി​ല​യു​ള്ള ഒരു ജീവിതം മാനസി​ക​വും ശാരീ​രി​ക​വും ആയ ആരോ​ഗ്യ​ത്തി​നു പ്രധാ​ന​മാണ്‌. എന്നാൽ ജോലി​സ​മയം വെട്ടി​ക്കു​റ​യ്‌ക്കുക എന്നത്‌ നടക്കുന്ന കാര്യ​മാ​ണോ? തീർച്ച​യാ​യും. അതിനുള്ള നാലു നിർദേ​ശങ്ങൾ ഇതാ:

1 നിങ്ങളു​ടെ മൂല്യ​ങ്ങ​ളും ലക്ഷ്യങ്ങ​ളും തിരി​ച്ച​റി​യു​ക

സാമ്പത്തി​ക​ഭ​ദ്ര​ത​യെ​ക്കു​റിച്ച് ഒരു പരിധി​വരെ ചിന്തി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. എന്നാൽ സാമ്പത്തി​ക​ഭ​ദ്ര​ത​യ്‌ക്ക് എത്ര പണം വേണം? വിജയ​ത്തി​ന്‍റെ അളവു​കോൽ എന്താണ്‌? ഒരാളു​ടെ വരുമാ​ന​മോ സ്വത്തോ വെച്ചാ​ണോ അത്‌ അളക്കു​ന്നത്‌? മറ്റൊരു വശം, അധിക​വി​ശ്ര​മ​വും അധിക​വി​നോ​ദ​വും പോലും നമ്മളെ വല്ലാത്ത തിരക്കി​ലാ​ക്കി​യേ​ക്കാം.

മുമ്പ് പറഞ്ഞ ടിം പറയുന്നു: “ഞാനും ഭാര്യ​യും ഞങ്ങളുടെ ജീവി​ത​ത്തെ​ക്കു​റിച്ച് ആഴമായി ചിന്തിച്ചു. ലളിത​ജീ​വി​തം നയിക്കാൻ തീരു​മാ​നി​ച്ചു. ഇപ്പോ​ഴത്തെ സാഹച​ര്യ​ങ്ങ​ളും പുതിയ ലക്ഷ്യങ്ങ​ളും അടങ്ങുന്ന ഒരു ചാർട്ട് ഉണ്ടാക്കി. മുമ്പെ​ടുത്ത തീരു​മാ​ന​ങ്ങ​ളു​ടെ ഫലങ്ങ​ളെ​ക്കു​റി​ച്ചും ഇപ്പോൾ വെച്ചി​രി​ക്കുന്ന ലക്ഷ്യങ്ങ​ളിൽ എത്താൻ ഇനി എന്തൊക്കെ ചെയ്യണം എന്നതി​നെ​ക്കു​റി​ച്ചും ഞങ്ങൾ ചർച്ച ചെയ്‌തു.”

2 ഉപഭോ​ക്തൃ​സം​സ്‌കാ​ര​ത്തി​ന്‍റെ സ്വാധീ​നം കുറയ്‌ക്കു​ക

“കണ്ണിന്‍റെ മോഹം” നിയ​ന്ത്രി​ക്കാൻ ബൈബിൾ ഉപദേ​ശി​ക്കു​ന്നു. (1 യോഹ​ന്നാൻ 2:15-17) എന്നാൽ ആ ആഗ്രഹ​ങ്ങളെ ഊതി​ക്ക​ത്തി​ക്കു​ന്ന​താണ്‌ ഇന്നത്തെ പരസ്യങ്ങൾ. അതിന്‍റെ ഫലമായി ആളുകൾ വലിയ വില കൊടുത്ത്‌ ധാരാളം സമയം വിനോ​ദ​പ​രി​പാ​ടി​ക​ളിൽ ഏർപ്പെ​ടു​ന്നു. ചിലർ അധിക​സ​മയം ജോലി ചെയ്യാൻ നിർബ​ന്ധി​ത​രാ​കു​ന്നു. എല്ലാ പരസ്യ​ങ്ങ​ളും ഒഴിവാ​ക്കാൻ പറ്റില്ല എന്നതു ശരിയാണ്‌. എന്നാൽ അത്‌ കാണു​ന്നത്‌ നിയ​ന്ത്രി​ക്കാൻ പറ്റും. നിങ്ങൾക്ക് ശരിക്കും ആവശ്യ​മു​ള്ള​തെ​ന്തെന്ന് ചിന്തിച്ചു നോക്കുക.

നിങ്ങളു​ടെ കൂട്ടു​കാർക്ക് നിങ്ങളെ ശക്തമായി സ്വാധീ​നി​ക്കാ​നുള്ള കഴിവു​ണ്ടെന്ന കാര്യം മറക്കരുത്‌. അവർ എപ്പോ​ഴും വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടാൻ വെമ്പലു​ള്ള​വ​രാ​ണോ, വിജയം അളക്കു​ന്നത്‌ അതിന്‍റെ പേരി​ലാ​ണോ? അങ്ങനെ​യെ​ങ്കിൽ നല്ല ലക്ഷ്യങ്ങ​ളുള്ള കൂട്ടു​കാ​രെ കണ്ടുപി​ടി​ക്കു​ന്ന​താ​യി​രി​ക്കും ബുദ്ധി. “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—സുഭാ​ഷി​തങ്ങൾ 13:20.

3 ജോലിക്ക് പരിധി​കൾ വെക്കുക

നിങ്ങളു​ടെ ജോലി​യെ​ക്കു​റി​ച്ചും മുൻഗ​ണ​ന​ക​ളെ​ക്കു​റി​ച്ചും തൊഴി​ലു​ട​മ​യോ​ടു പറയുക. വല്ലപ്പോ​ഴും അവധി​യെ​ടു​ക്കു​ന്ന​തിൽ കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തില്ല. ജീവി​ക്കാൻ ഒരു ജോലി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ജോലി​ക്കാ​ര്യ​ങ്ങ​ളും വീട്ടിലെ കാര്യ​ങ്ങ​ളും അതതു സ്ഥാനത്തു നിറു​ത്തു​ന്ന​വ​രും ഇടയ്‌ക്കൊ​ക്കെ അവധി എടുക്കു​ന്ന​വ​രും മനസ്സി​ലാ​ക്കുന്ന ഒരു കാര്യ​മുണ്ട്: തങ്ങൾ ജോലി​സ്ഥ​ലത്ത്‌ ഇല്ലെങ്കി​ലും ആകാശം ഒന്നും ഇടിഞ്ഞു​വീ​ഴില്ല എന്ന്.”

മുമ്പ് പറഞ്ഞ ഗ്യാരി, സാമ്പത്തി​ക​മാ​യി കുഴപ്പ​മി​ല്ലാത്ത സ്ഥിതി​യി​ലാണ്‌. അതു​കൊണ്ട് ജോലി​സ​മയം കുറയ്‌ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. അദ്ദേഹം പറയുന്നു: “ജീവിതം ലളിത​മാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ഞാൻ കുടും​ബാം​ഗ​ങ്ങ​ളോ​ടു സംസാ​രി​ച്ചു. ക്രമേണ ഞങ്ങൾ അങ്ങനെ ചെയ്യാൻ തുടങ്ങി. ഓരോ ആഴ്‌ച​യും ഏതാനും ദിവസങ്ങൾ മാത്രം ജോലി ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച് എന്‍റെ തൊഴി​ലു​ട​മ​യോ​ടു സംസാ​രി​ച്ചു. അദ്ദേഹം അതിനു സമ്മതിച്ചു.”

4 കുടും​ബ​ത്തോ​ടൊ​പ്പം സമയം ചെലവി​ടു​ക

ഭർത്താ​വും ഭാര്യ​യും ഒരുമിച്ച് സമയം ചെലവ​ഴി​ക്കണം. കുട്ടി​കൾക്കും മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ആയിരി​ക്കാൻ സമയം കിട്ടണം. അതു​കൊണ്ട് തിരക്കുള്ള കുടും​ബ​ങ്ങ​ളു​ടെ താളത്തി​നൊത്ത്‌ നീങ്ങാൻ ശ്രമി​ക്ക​രുത്‌. ഗ്യാരിക്ക് പറയാ​നു​ള്ളത്‌ ഇതാണ്‌, “വിശ്ര​മി​ക്കാ​നാ​യി കുറച്ചു സമയം മാറ്റി​വെക്കൂ. അത്ര പ്രാധാ​ന്യ​മി​ല്ലാത്ത കാര്യങ്ങൾ ഉപേക്ഷി​ക്കൂ.”

കുടും​ബം ഒരുമി​ച്ചാ​യി​രി​ക്കു​മ്പോൾ ടി.വി-യോ മൊ​ബൈ​ലോ മറ്റ്‌ ഉപകര​ണ​ങ്ങ​ളോ നിങ്ങൾക്കി​ട​യിൽ വേലി​ക്കെ​ട്ടു​കൾ തീർക്കാ​തി​രി​ക്കട്ടെ. ഒരു നേര​മെ​ങ്കി​ലും കുടും​ബം ഒരുമി​ച്ചു ഭക്ഷണം കഴിക്കുക. എല്ലാവ​രോ​ടും വർത്തമാ​നം പറയാൻ ആ അവസരം ഉപയോ​ഗി​ക്കുക. ഈ ചെറിയ ഉപദേശം മാതാ​പി​താ​ക്കൾ അനുസ​രി​ച്ചാൽ അവരുടെ കുട്ടികൾ സന്തോ​ഷ​മു​ള്ള​വ​രും മിടു​ക്ക​രായ സ്‌കൂൾ കുട്ടി​ക​ളും ആകും.

ഭക്ഷണവേളകളിൽ കുടും​ബം ഒരുമി​ച്ചു വർത്തമാ​നം പറയുക

ചുരു​ക്ക​ത്തിൽ, നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: “ജീവി​ത​ത്തിൽ എന്തു നേടാ​നാ​ണു ഞാൻ ശ്രമി​ക്കു​ന്നത്‌? എന്‍റെ കുടും​ബ​ത്തിന്‌ എന്തു ലഭിക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?” കൂടുതൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ ഒരു ജീവി​ത​മാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ പ്രാ​യോ​ഗി​ക​മെന്നു തെളി​ഞ്ഞി​രി​ക്കുന്ന ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​കൾക്കു ചേർച്ച​യിൽ മുൻഗ​ണ​നകൾ വെക്കുക.