വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ സീയോനിസ്റ്റുകൾ (Zionists) ആണോ?

യഹോവയുടെ സാക്ഷികൾ സീയോനിസ്റ്റുകൾ (Zionists) ആണോ?

 അല്ല. യഹോവയുടെ സാക്ഷികൾ സീയോനിസ്റ്റുകളല്ല. ബൈബിളധിഷ്‌ഠിതമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ക്രിസ്‌ത്യാനികളാണ്‌ അവർ. യഹൂദന്മാരുടെ പലസ്‌തീനിലേക്കുള്ള മടങ്ങിവരവ്‌ ബൈബിളിലെ പ്രവചനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു ചില മതങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾക്ക്‌ അങ്ങനെയൊരു വീക്ഷണമില്ല. ഈ രാഷ്‌ട്രീയ സംഭവവികാസം തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്ന്‌ അവർ വിശ്വസിക്കുന്നില്ല. വാസ്‌തവത്തിൽ, തിരുവെഴുത്തുകൾ ഒരു ഭരണകൂടത്തെ മറ്റൊന്നിന്‌ മേലായി ഉയർത്തുകയോ ഏതെങ്കിലും വംശത്തെയോ ജനതയെയോ മറ്റുള്ളവയ്‌ക്കു മേലായി വാഴ്‌ത്തുകയോ ചെയ്യുന്നില്ല. യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക മാസികയായ വീക്ഷാഗോപുരം, “രാഷ്‌ട്രീയ സീയോനിസത്തിന്‌ യാതൊരു തിരുവെഴുത്തു പിന്തുണയുമില്ല” എന്ന്‌ വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌.

 ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) സീയോനിസത്തെ (Zionism) “പലസ്‌തീനിൽ ഒരു യഹൂദ രാഷ്‌ട്രം കെട്ടിപ്പടുക്കാനും നിലനിറുത്താനുമുള്ള ലക്ഷ്യത്തിൽ പ്രവർത്തിച്ചുപോരുന്ന യഹൂദ ദേശീയവാദ പ്രസ്ഥാനം” എന്നാണ്‌ നിർവചിക്കുന്നത്‌. അതിന്‌ മത-രാഷ്‌ട്രീയ അടിവേരുകളുണ്ട്‌. യഹോവയുടെ സാക്ഷികൾ സീയോനിസത്തെ ഒരു മതോപദേശമായി ഉന്നമിപ്പിക്കുന്നില്ല. മാത്രവുമല്ല, രാഷ്‌ട്രീയ സീയോനിസത്തോടുള്ള ബന്ധത്തിൽ പൂർണമായും നിഷ്‌പക്ഷമായ നിലപാടാണ്‌ അവർക്കുള്ളത്‌.

 യഹോവയുടെ സാക്ഷികളുടെ സംഘടന മുഴുവനായും മതപരമായ ഒന്നാണ്‌. സീയോനിസം ഉൾപ്പെടെ യാതൊരു രാഷ്‌ട്രീയപ്രസ്ഥാനത്തെയും അത്‌ ഉന്നമിപ്പിക്കുന്നില്ല. രാഷ്‌ട്രീയ കാര്യങ്ങളിലുള്ള യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷനിലപാട്‌ ലോകമെങ്ങും അറിവുള്ളതാണ്‌. നിഷ്‌പക്ഷനിലപാടിൽ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകാത്തതിന്റെ പേരിൽ ചില ദേശങ്ങളിൽ സാക്ഷികൾക്ക്‌ കൊടിയ പീഡനങ്ങൾപോലും സഹിക്കേണ്ടിവന്നിട്ടുണ്ട്‌. ഭൂമിയിൽ ശാശ്വതസമാധാനം കൊണ്ടുവരാൻ മനുഷ്യന്റെ ഏതെങ്കിലും ഭരണകൂടത്തിനോ പ്രസ്ഥാനത്തിനോ ഒരിക്കലും കഴിയില്ലെന്ന്‌ യഹോവയുടെ സാക്ഷികൾക്ക്‌ അറിയാം. പകരം, സ്വർഗത്തിൽനിന്ന്‌ ഭരിക്കുന്ന ദൈവത്തിന്റെ രാജ്യത്തിനുമാത്രമേ അതു സാധിക്കൂ എന്ന്‌ അവർ ഉറച്ചു വിശ്വസിക്കുന്നു.

 ഭൂമിയിൽ എവിടെ ജീവിച്ചാലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ ദേശത്തെ ലൗകിക ഭരണകൂടങ്ങളുടെ നിയമങ്ങൾ അനുസരിക്കുന്ന പൗരന്മാരാണ്‌. വാസ്‌തവത്തിൽ അവരുടെ മതവിശ്വാസത്തിന്റെ ഒരു അടിസ്ഥാന സവിശേഷതയാണ്‌ അത്‌. അവർ ഭരണകൂടത്തോടോ അധികാരികളോടോ മത്സരിക്കുന്നില്ല; സായുധപോരാട്ടങ്ങളിൽ പങ്കെടുക്കുന്നുമില്ല.