വിവരങ്ങള്‍ കാണിക്കുക

അവർ ഒരു പർപ്പിൾ ട്രയാം​ഗിൾ ധരിച്ചി​രു​ന്നു

അവർ ഒരു പർപ്പിൾ ട്രയാം​ഗിൾ ധരിച്ചി​രു​ന്നു

 ഫ്രാൻസി​ലെ ഒരു സ്‌കൂ​ളി​ലാ​ണു മോഡ്‌ ജോലി ചെയ്‌തി​രു​ന്നത്‌. ക്ലാസിന്റെ സമയത്ത്‌ വൈക​ല്യ​മുള്ള കുട്ടി​കളെ സഹായി​ക്കു​ന്ന​താ​യി​രു​ന്നു മോഡി​ന്റെ ജോലി. ഒരിക്കൽ അധ്യാ​പകൻ നാസി തടങ്കൽപ്പാ​ള​യ​ത്തെ​ക്കു​റി​ച്ചും അവിടെ നടന്നി​രുന്ന കൂട്ട​ക്കൊ​ല​യെ​ക്കു​റി​ച്ചും കുട്ടി​കളെ പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. നാസി​ക്യാ​മ്പി​ലെ തടവു​കാ​രു​ടെ യൂണി​ഫോ​മിൽ പ്രത്യേക നിറത്തി​ലുള്ള തുണി​ക്ക​ഷണം തുന്നി​ച്ചേർക്കു​മാ​യി​രു​ന്നു. അതിന്റെ നിറവും ആകൃതി​യും എന്തിനാണ്‌ അവരെ തടവി​ലാ​ക്കി​യ​തെന്നു തിരി​ച്ച​റി​യി​ക്കു​മാ​യി​രു​ന്നു.

 യൂണി​ഫോ​മിൽ പർപ്പിൾ ട്രയാം​ഗിൾ തുന്നി​ച്ചേർത്ത തടവു​കാ​രെ​ക്കു​റിച്ച്‌ അധ്യാ​പകൻ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഇവർ സ്വവർഗ​ഭോ​ഗി​ക​ളാ​യി​രു​ന്നി​രി​ക്കാം.” ഇതു കേട്ട മോഡ്‌ ക്ലാസ്‌ കഴിഞ്ഞ​പ്പോൾ അധ്യാ​പ​ക​നോട്‌, പർപ്പിൾ ട്രയാം​ഗിൾ യഹോ​വ​യു​ടെ സാക്ഷി​കളെ തിരി​ച്ച​റി​യി​ക്കാ​നാ​ണു നാസികൾ ഉപയോ​ഗി​ച്ചി​രു​ന്ന​തെന്നു പറഞ്ഞു. a അതെക്കു​റിച്ച്‌ പറയുന്ന ചില പുസ്‌ത​കങ്ങൾ കൊണ്ടു​വ​രാ​മെ​ന്നും പറഞ്ഞു. അധ്യാ​പകൻ അതിനു സമ്മതിച്ചു. എന്നിട്ട്‌ ആ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കുട്ടി​കൾക്കു പറഞ്ഞു​കൊ​ടു​ക്കാ​നും മോഡി​നോട്‌ ആവശ്യ​പ്പെട്ടു.

 ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ വേറൊ​രു അധ്യാ​പിക മറ്റൊരു ക്ലാസിൽ പഠിപ്പി​ച്ച​പ്പോൾ തടവു​കാ​രു​ടെ വസ്‌ത്ര​ത്തി​ലെ വ്യത്യസ്‌ത അടയാ​ള​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു ചാർട്ട്‌ കാണിച്ചു. പർപ്പിൾ ട്രയാം​ഗിൾ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യാ​ണു കുറി​ക്കു​ന്ന​തെന്ന്‌ ആ ചാർട്ടിൽ കൃത്യ​മാ​യിട്ട്‌ കൊടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു. ആ ക്ലാസിനു ശേഷം ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അടങ്ങിയ പുസ്‌തകം തരാ​മെന്നു മോഡ്‌ അധ്യാ​പി​ക​യോ​ടു പറഞ്ഞു. അതെക്കു​റിച്ച്‌ കുട്ടി​ക​ളോ​ടു സംസാ​രി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ആ അധ്യാ​പിക ചെയ്‌തു.

സാക്ഷീകരിക്കാൻ ഉപയോ​ഗിച്ച പുസ്‌ത​ക​ങ്ങ​ളു​മാ​യി മോഡ്‌

 ആദ്യത്തെ ക്ലാസിൽ 15 മിനിട്ട്‌ സംസാ​രി​ക്കാ​നാ​ണു മോഡ്‌ തയ്യാറാ​യത്‌. എന്നാൽ അധ്യാ​പിക പറഞ്ഞു: “സംസാ​രി​ക്കാൻ കൂടുതൽ സമയ​മെ​ടു​ത്തോ​ളൂ.” നാസി തടങ്കൽപ്പാ​ള​യ​ത്തിൽ കഴിയുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള ഒരു വീഡി​യോ മോഡ്‌ കാണി​ക്കാൻ തുടങ്ങി. 800 സാക്ഷി​ക്കു​ട്ടി​കളെ അവരുടെ മാതാ​പി​താ​ക്ക​ളു​ടെ അടുത്തു​നിന്ന്‌ നാസികൾ പിടി​ച്ചു​കൊ​ണ്ടു​പോ​കുന്ന ഭാഗം വന്നപ്പോൾ മോഡ്‌ വീഡി​യോ നിറു​ത്തി​യിട്ട്‌ അതിലെ മൂന്നു കുട്ടി​ക​ളു​ടെ അനുഭ​വങ്ങൾ വായി​ച്ചു​കേൾപ്പി​ച്ചു. വീഡി​യോ മുഴുവൻ കണ്ടശേഷം, ഓസ്‌ട്രി​യ​യി​ലെ 19 വയസ്സുള്ള ഗേർഹാർട്ട്‌ ഷ്‌​റ്റൈ​നാ​ഷ​റി​ന്റെ കത്തു വായി​ച്ചു​കൊണ്ട്‌ മോഡ്‌ അവസാ​നി​പ്പി​ച്ചു. 1940-ൽ നാസി​ക​ളു​ടെ കൈക​ളാൽ വധശിക്ഷ അനുഭ​വി​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ഗേർഹാർട്ട്‌ മാതാ​പി​താ​ക്കൾക്ക്‌ അവസാ​ന​മാ​യി എഴുതിയ കത്തായി​രു​ന്നു അത്‌. b

 ഏതാണ്ട്‌ അതേ രീതി​യിൽത്തന്നെ മോഡ്‌ രണ്ടാമത്തെ ക്ലാസി​ലും കാര്യങ്ങൾ അവതരി​പ്പി​ച്ചു. മോഡ്‌ കാണിച്ച ധൈര്യം കാരണം ആ രണ്ടു അധ്യാ​പ​ക​രും നാസി തടങ്കൽപ്പാ​ള​യ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​മ്പോ​ഴെ​ല്ലാം യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ പറയാൻ മറക്കാ​റില്ല.

a രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ ബിബെൽഫോർഷർ (ബൈബിൾവി​ദ്യാർഥി​കൾ) എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. നാസി​ഭ​ര​ണ​കൂ​ടത്തെ പിന്തു​ണ​യ്‌ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ അവരെ തടവി​ലാ​ക്കി​യി​രു​ന്നു.

b ജർമൻസൈന്യത്തിൽ ചേരാൻ വിസമ്മ​തി​ച്ച​തു​കൊണ്ട്‌ ഗേർഹാർട്ട്‌ ഷ്‌​റ്റൈ​നാ​ഷ​റി​നെ വധശി​ക്ഷ​യ്‌ക്കു വിധിച്ചു. യാത്രാ​മൊ​ഴി​യിൽ അവൻ ഇങ്ങനെ എഴുതി: “ഞാൻ ഇപ്പോ​ഴും ഒരു കുട്ടി​യാണ്‌. കർത്താവ്‌ ശക്തി തന്നാൽ മാത്രമേ എനിക്കു പിടി​ച്ചു​നിൽക്കാ​നാ​കൂ. അതിനാ​യാ​ണു ഞാൻ അപേക്ഷി​ക്കു​ന്ന​തും.” പിറ്റേന്നു രാവിലെ ഗേർഹാർട്ടി​ന്റെ വധശിക്ഷ നടപ്പാക്കി. ഗേർഹാർട്ടി​ന്റെ കല്ലറയ്‌ക്കൽ ഒരു വാചകം എഴുതി​വെ​ച്ചി​ട്ടുണ്ട്‌. ആ വാക്കുകൾ ഇതാണ്‌: “ദൈവ​മ​ഹ​ത്ത്വ​ത്തി​നാ​യി വെടിഞ്ഞ ജീവൻ.”