വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

നായുടെ ഘ്രാണ​ശക്തി

നായുടെ ഘ്രാണ​ശക്തി

 ഘ്രാണ​ശക്തി, അഥവാ മണം പിടി​ക്കാ​നുള്ള കഴിവ്‌, ഉപയോ​ഗിച്ച്‌ നായ്‌ക്കൾക്കു മറ്റു നായ്‌ക്ക​ളു​ടെ പ്രായ​വും ലിംഗ​വ്യ​ത്യാ​സ​വും വൈകാ​രി​ക​സ്ഥി​തി​യും തിരി​ച്ച​റി​യാൻ കഴിയു​മെന്നു ഗവേഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. സ്‌ഫോ​ട​ക​വ​സ്‌തു​ക്ക​ളും മയക്കു​മ​രു​ന്നും തിരി​ച്ച​റി​യാൻ കഴിയുന്ന വിധത്തിൽപ്പോ​ലും ഇവയെ പരിശീ​ലി​പ്പി​ച്ചെ​ടു​ക്കാ​നാ​കും. മനുഷ്യർ കാഴ്‌ച​ശക്തി ഉപയോ​ഗിച്ച്‌ ചുറ്റു​പാ​ടി​നെ​ക്കു​റിച്ച്‌ അറിയു​മ്പോൾ നായ്‌ക്കൾ ഘ്രാണ​ശ​ക്തി​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. അവർ മൂക്കു​കൊണ്ട്‌ ‘വായി​ക്കു​ന്നു.’

 സവി​ശേ​ഷത: മനുഷ്യ​ന്റേ​തി​നെ​ക്കാൾ ആയിര​ക്ക​ണ​ക്കി​നു മടങ്ങു മികച്ച​താ​ണു നായുടെ ഘ്രാണ​ശക്തി. “ഒരു പദാർഥ​ത്തി​ലെ പതിനാ​യി​രം കോടി​യിൽ ഒരംശം മാത്ര​മുള്ള കണങ്ങൾപോ​ലും തിരി​ച്ച​റി​യാൻ നായ്‌ക്കു കഴിയും. ഒരു ഒളിമ്പിക്ക്‌ നീന്തൽക്കു​ള​ത്തിൽ കലങ്ങിയ കാൽ ടീ സ്‌പൂൺ പഞ്ചസാര രുചിച്ച്‌ അറിയാൻ പറ്റുന്ന​തു​പോ​ലെ​യാണ്‌ ഇത്‌” എന്ന്‌ ഒരു സ്ഥാപനം (U.S. National Institute of Standards and Technology) പറയുന്നു.

 നായുടെ ശ്രദ്ധേ​യ​മായ ഈ ഘ്രാണ​ശ​ക്തി​ക്കു പിന്നിലെ രഹസ്യം എന്താണ്‌?

  •   നായുടെ മൂക്ക്‌ നനവു​ള്ള​താ​യ​തു​കൊണ്ട്‌ അതിന്‌ ഏറെ മെച്ചമാ​യി ഗന്ധകണങ്ങൾ പിടി​ച്ചെ​ടു​ക്കാൻ കഴിയും.

  •   നായുടെ മൂക്കി​നു​ള്ളിൽ രണ്ടു വായു​സ​ഞ്ചാ​ര​പാ​ത​യുണ്ട്‌. ഒന്നു ശ്വസന​ത്തി​നും മറ്റൊന്നു മണം പിടി​ക്കാ​നും. നായ്‌ മണം പിടി​ക്കു​മ്പോൾ, വായു ഘ്രാണ​സം​വേ​ദി​നി​ക​ളുള്ള നാസാ​ഗ​ഹ്വ​ര​ത്തി​ലേക്കു പോകു​ന്നു.

  •   നായുടെ ഘ്രാണ​ഭാ​ഗ​ത്തി​നു 130 ചതുരശ്ര സെന്റി​മീ​റ്റർ വലുപ്പ​മുണ്ട്‌. മനുഷ്യ​ന്റേ​തി​നു 5 ചതുരശ്ര സെന്റി​മീ​റ്റർ വലുപ്പമേ ഉള്ളൂ.

  •   നമുക്കു​ള്ള​തി​നെ​ക്കാൾ 50 മടങ്ങു​വരെ ഘ്രാണ​സം​വേ​ദി​നി കോശങ്ങൾ നായ്‌ക്കുണ്ട്‌.

 ഇതെല്ലാം, ഒരു ഗന്ധത്തിന്റെ ഓരോ ഘടകവും വേർതി​രിച്ച്‌ മനസ്സി​ലാ​ക്കാൻ നായെ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നമുക്ക്‌ ഒരു സൂപ്പിന്റെ മണം പിടി​ച്ചെ​ടു​ക്കാൻ പറ്റും; എന്നാൽ നായ്‌ക്ക്‌ ആ സൂപ്പിലെ ഓരോ ചേരു​വ​വരെ തിരി​ച്ച​റി​യാൻ പറ്റു​മെ​ന്നാ​ണു ചില വിദഗ്‌ധ​രു​ടെ അഭി​പ്രാ​യം.

 “മണം തിരി​ച്ച​റി​യാ​നുള്ള ഭൂമി​യി​ലെ അതിസ​ങ്കീർണ​മായ സംവി​ധാ​ന​ങ്ങ​ളിൽ ഒന്നാണ്‌” തലച്ചോ​റും മൂക്കും ഉപയോ​ഗി​ച്ചുള്ള നായുടെ മണംപി​ടി​ത്തം എന്ന്‌ ഒരു ക്യാൻസർ ഗവേഷ​ണ​സ്ഥാ​പ​ന​മായ പൈൻ സ്‌ട്രീറ്റ്‌ ഫൗണ്ടേ​ഷ​നി​ലെ ഗവേഷകർ പറയു​ന്നു. സ്‌ഫോ​ട​ക​വ​സ്‌തു​ക്ക​ളും കള്ളക്കടത്തു സാധന​ങ്ങ​ളും ക്യാൻസർ ഉൾപ്പെ​ടെ​യുള്ള രോഗ​ങ്ങ​ളും തിരി​ച്ച​റി​യാൻ പറ്റുന്ന വിധത്തി​ലുള്ള ഇല​ക്ട്രോ​ണിക്‌ “മൂക്കുകൾ” വികസി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണു ശാസ്‌ത്ര​ജ്ഞ​ന്മാർ.

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? നായുടെ ഘ്രാണ​ശക്തി പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?