വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

ഗാന്നെറ്റ്‌ കടൽവാ​ത്ത​യു​ടെ മുങ്ങാം​കു​ഴി!

ഗാന്നെറ്റ്‌ കടൽവാ​ത്ത​യു​ടെ മുങ്ങാം​കു​ഴി!

 മണിക്കൂ​റിൽ 190 കിലോ​മീ​റ്റർ വേഗത്തിൽ വന്ന്‌ കടലിന്റെ മടിത്ത​ട്ടി​ലേക്ക്‌ ഊളി​യി​ട്ടി​റ​ങ്ങാൻ കഴിവുള്ള വലിയ കടൽപ്പ​ക്ഷി​ക​ളാ​ണു ഗാന്നെറ്റ്‌ കടൽവാ​ത്തകൾ. ഇവ വെള്ളത്തിൽ വന്നിടി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന ആഘാതം ഗുരു​ത്വാ​കർഷ​ണ​ശ​ക്തി​യു​ടെ 20 മടങ്ങി​ലും അധിക​മാ​യേ​ക്കാം. യാതൊ​രു ക്ഷതവും ഏൽക്കാതെ കോരി​ത്ത​രി​പ്പി​ക്കുന്ന ഈ അഭ്യാ​സ​പ്ര​ക​ട​നങ്ങൾ കാണി​ക്കാൻ ഇവയ്‌ക്ക്‌ എങ്ങനെ കഴിയു​ന്നു?

 സവി​ശേ​ഷത: വെള്ളത്തി​ലേക്കു പതിക്കു​ന്ന​തി​നു മുമ്പ്‌ ഗാന്നെറ്റ്‌ പക്ഷികൾ അവയുടെ ചിറകു​കൾ ശരീര​ത്തി​നു പിന്നി​ലേക്കു മടക്കി​വെ​ക്കു​ന്നു. അങ്ങനെ അവ ഒരു അമ്പിന്റെ രൂപത്തി​ലാ​കു​ന്നു. കൂടാതെ, കണ്ണുകൾക്കു ക്ഷതമേൽക്കാ​തി​രി​ക്കാൻ കണ്ണിലെ ചർമ്മപാ​ളി​കൾ അവയെ സഹായി​ക്കു​ന്നു. അതു​പോ​ലെ വെള്ളത്തി​ലേക്കു വീഴു​ന്ന​തി​ന്റെ ആഘാതം തടയാൻ അവയുടെ കഴുത്തി​ലെ​യും നെഞ്ചി​ലെ​യും ചില അവയവങ്ങൾ എയർബാ​ഗു​പോ​ലെ വികസി​ച്ചു​കൊണ്ട്‌ ഒരു കുഷ്യ​നാ​യി പ്രവർത്തി​ക്കു​ന്നു.

 വെള്ളത്തി​ലേ​ക്കു പതിക്കു​ന്ന​തി​നു മുമ്പ്‌ ഈ പക്ഷികൾ അവയുടെ ചുണ്ട്‌, തല, കഴുത്ത്‌ എല്ലാം​കൂ​ടി ഒരു കോണാ​കൃ​തി​യി​ലാ​ക്കു​ന്നു. അങ്ങനെ​യാ​കു​മ്പോൾ വെള്ളത്തി​ന്റെ മർദം മുഴു​വ​നും ഒരു പേശി​യിൽ മാത്രം വരാതെ കഴുത്തി​ലെ മുഴുവൻ പേശി​ക​ളി​ലേ​ക്കും വ്യാപി​ക്കും. വെള്ളത്തിൽ മുങ്ങി​യാൽ ഉടനെ വെള്ളത്തിന്‌ അടിയി​ലുള്ള കാര്യങ്ങൾ കാണാൻ കഴിയും​വി​ധം അവയ്‌ക്കു കണ്ണുകൾ ക്രമ​പ്പെ​ടു​ത്താ​നാ​കും.

 എത്ര ആഴത്തിൽ ഈ പക്ഷികൾക്കു മുങ്ങാം​കു​ഴി​യി​ടാ​നാ​കും? പറന്നി​റ​ങ്ങുന്ന ആക്കത്തിൽ അവയ്‌ക്ക്‌ 11 മീറ്റർ താഴേ​യ്‌ക്കു പോകാൻ കഴിയും. എന്നാൽ പകുതി മടക്കിയ ചിറകു​ക​ള​ടി​ച്ചും പരന്ന ആകൃതി​യി​ലുള്ള കാൽപ്പാ​ദ​ങ്ങൾകൊണ്ട്‌ തുഴഞ്ഞും അവയ്‌ക്കു സമു​ദ്ര​ത്തിന്‌ അടിയി​ലേക്ക്‌ 25 മീറ്ററി​ലും അധികം​വരെ പോകാ​നാ​കും. ഇനി, അവയ്‌ക്ക്‌ ഒട്ടും ആയാസം​കൂ​ടാ​തെ തിരിച്ച്‌ വെള്ളത്തി​നു മുകളി​ലേക്കു വന്ന്‌ വീണ്ടും പറന്നു​യ​രാൻ കഴിയും.

 ഗാന്നെറ്റ്‌ കടൽവാ​ത്ത​യു​ടെ മുങ്ങാം​കു​ഴി കാണുക

 ഈ പക്ഷികളെ അനുക​രി​ച്ചു​കൊണ്ട്‌ രക്ഷാ​പ്ര​വർത്ത​ന​ത്തി​നാ​യി ഗവേഷകർ മനുഷ്യ​നിർമിത ഗാന്നെ​റ്റു​കളെ നിർമ്മി​ച്ചി​ട്ടുണ്ട്‌. ഈ റോ​ബോ​ട്ടു​കളെ ഉണ്ടാക്കി​യതു പറക്കാ​നും മുങ്ങാം​കു​ഴി​യി​ടാ​നും വെള്ളത്തിന്‌ അടിയിൽനിന്ന്‌ വീണ്ടും പറന്നു​യ​രാ​നും കഴിയും​വി​ധ​മാ​യി​രു​ന്നു. എന്നാൽ പരീക്ഷ​ണ​സ​മ​യത്ത്‌ ഈ റോ​ബോ​ട്ടു​ക​ളിൽ ഒന്ന്‌ പല പ്രാവ​ശ്യം തകർന്നു​പോ​യി. കാരണം എന്തായി​രു​ന്നു? വെള്ളത്തിൽ അതിശ​ക്ത​മാ​യി വന്നടി​ച്ച​തു​കൊണ്ട്‌. ഇതിൽനി​ന്നും ഗവേഷകർ ഒരു കാര്യം മനസ്സി​ലാ​ക്കി: “ഗാന്നെറ്റ്‌ കടൽവാ​ത്ത​യെ​പ്പോ​ലെ അതിവി​ദ​ഗ്‌ധ​മാ​യി വെള്ളത്തി​ലേക്കു മുങ്ങാം​കു​ഴി​യി​ടാൻ“ ഒരു മനുഷ്യ​നിർമിത ഗാന്നെ​റ്റി​നാ​വില്ല.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? അതിവി​ദ​ഗ്‌ധ​മാ​യി മുങ്ങാം​കു​ഴി ഇടാനുള്ള ഗാന്നെറ്റ്‌ കടൽവാ​ത്ത​യു​ടെ കഴിവ്‌ പരിണ​മി​ച്ചു​വ​ന്ന​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?