ആരുടെ കരവിരുത്?
കാബേജ് ശലഭത്തിന്റെ V-ആകൃതി
പാറിപ്പറന്നുള്ള സഞ്ചാരം തുടങ്ങുന്നതിനു മുമ്പേ ചിത്രശലഭങ്ങൾ സൂര്യപ്രകാശത്തിൽ അതിന്റെ പേശികൾ ചൂടാക്കുന്നു. എന്നാൽ വെളുത്ത കാബേജ് ശലഭത്തിന് ഒരു പ്രത്യേകതയുണ്ട്. മഴക്കാറുളള ദിവസം മറ്റു ചിത്രശലഭങ്ങൾ പറക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഇവയ്ക്കു പറക്കാൻ കഴിയും. എന്തുകൊണ്ട്?
സവിശേഷത: പറക്കുന്നതിനു മുമ്പേ പല ചിത്രശലഭങ്ങളും ചിറക് അടച്ചുപിടിച്ചോ വിരിച്ചുപിടിച്ചോ സൂര്യപ്രകാശം കായുന്നു. എന്നാൽ വെളുത്ത കാബേജ് ശലഭം ചിറകുകൾ പിടിക്കുന്നത് V-ആകൃതിയിലാണ്. ഇങ്ങനെ ചിറകുകൾ പിടിക്കുമ്പോൾ, ഉള്ള സൂര്യപ്രകാശത്തിൽനിന്ന് ഇതിനു പരമാവധി ചൂട് കിട്ടുമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ഈ വിധത്തിൽ പേശികൾക്കു പെട്ടെന്ന് ഊർജം കിട്ടുന്നതുകൊണ്ട് മറ്റുള്ളവയ്ക്കു മുമ്പേ പറന്നുയരാൻ ഇവയ്ക്കു സാധിക്കുന്നു.
ഇംഗ്ലണ്ടിലെ എക്സ്റ്റർ സർവകലാശാലയിലെ ഗവേഷകർ കാബേജ് ശലഭത്തിന്റെ V-ആകൃതി അനുകരിച്ചുകൊണ്ട് സോളാർ പാനലുകൾ നിർമിക്കാൻ പറ്റുമോ എന്നു ഗവേഷണം നടത്തി. അങ്ങനെ ചെയ്താൽ 50 ശതമാനത്തോളം കൂടുതൽ ഊർജം ഉത്പാദിപ്പിക്കാനാകുമെന്ന് അവർ കണ്ടെത്തി.
ഈ ചിത്രശലഭത്തിന്റെ ചിറകുകളുടെ പ്രതലത്തിനു ചൂടും പ്രകാശവും നന്നായി പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ടെന്നു ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ V-ആകൃതിയും ചിറകുകളുടെ ഘടനയും അനുകരിച്ചുകൊണ്ട് വളരെ കട്ടി കുറഞ്ഞ, കാര്യക്ഷമമായ സോളാർ പാനലുകൾ ഗവേഷകർ നിർമിച്ചിട്ടുണ്ട്. ഈ ഗവേഷണവിഭാഗത്തിലെ ഒരംഗമായ പ്രൊഫസർ റിച്ചാർഡ് ഫ്രഞ്ച് കോൺസ്റ്റെന്റ്, കാബേജ് ചിത്രശലഭത്തെ “സൗരോർജം ശേഖരിക്കുന്നതിൽ വിദഗ്ധൻ” എന്നാണു വിളിക്കുന്നത്.
നിങ്ങൾക്ക് എന്തു തോന്നുന്നു? വെളുത്ത കാബേജ് ശലഭത്തിന്റെ ഈ സവിശേഷത പരിണമിച്ചുവന്നതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?