വിവരങ്ങള്‍ കാണിക്കുക

അവരുടെ വിശ്വാ​സം അനുക​രി​ക്കു​ക | ഏലിയ

സഹിച്ചുനിന്നു, അവസാ​ന​ത്തോ​ളം

സഹിച്ചുനിന്നു, അവസാ​ന​ത്തോ​ളം

ആ വാർത്ത ഏലിയ​യു​ടെ ചെവി​യി​ലെത്തി: ആഹാബ്‌ രാജാവ്‌ മരിച്ചി​രി​ക്കു​ന്നു. ഈ വാർത്ത കേട്ട്‌ നിൽക്കുന്ന ഏലിയയെ ഒന്നു സങ്കല്‌പി​ക്കുക. താടി​യും തടവി അദ്ദേഹം നിൽക്കു​ക​യാണ്‌. എങ്ങോ​ട്ടെ​ന്നി​ല്ലാ​തെ വെറുതെ അങ്ങനെ നോക്കി​നിൽക്കു​ന്നു. കഴിഞ്ഞു​പോയ വർഷങ്ങ​ളി​ലെ പലപല സംഭവങ്ങൾ അദ്ദേഹ​ത്തി​ന്റെ മനസ്സി​ലൂ​ടെ കടന്നു​പോ​കു​ന്നു. ഏലിയ ഒരുപാട്‌ സഹിച്ചു! ആഹാബും ഇസബേൽ രാജ്ഞി​യും അദ്ദേഹത്തെ ഭീഷണി​പ്പെ​ടു​ത്തി, വേട്ടയാ​ടി. ഏലിയ മരണത്തെ മുഖാ​മു​ഖം കണ്ടു. യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ കൂട്ട​ക്കൊല ചെയ്യാൻ ഇസബേൽ കല്‌പി​ച്ച​പ്പോൾ രാജാവ്‌ വെറുതെ കൈയും​കെട്ടി നോക്കി​നി​ന്നതേ ഉള്ളൂ. അത്യാ​ഗ്രഹം മൂത്ത്‌ ഈ ദമ്പതികൾ നിഷ്‌ക​ള​ങ്ക​നും നീതി​മാ​നും ആയ നാബോ​ത്തി​നെ​യും മക്കളെ​യും കൊല്ലാൻ ഗൂഢാ​ലോ​ച​ന​യും നടത്തി. അതിന്റെ ഫലമായി ആഹാബി​നെ​യും മുഴു​കു​ല​ത്തെ​യും നശിപ്പി​ക്കും എന്ന യഹോ​വ​യു​ടെ ന്യായ​വി​ധി​സ​ന്ദേശം ഏലിയ അയാളെ അറിയി​ച്ചു. ഇപ്പോൾ ദൈവ​ത്തി​ന്റെ ആ വാക്കുകൾ സത്യമാ​യി​രി​ക്കു​ന്നു. യഹോവ പറഞ്ഞ അതേ വിധത്തിൽത്തന്നെ ആഹാബ്‌ മരിച്ചു.—1 രാജാ​ക്ക​ന്മാർ 18:4; 21:1-26; 22:37, 38; 2 രാജാ​ക്ക​ന്മാർ 9:26.

എന്നാൽ സഹിച്ചു​നിൽപ്പി​ന്റെ കാലഘട്ടം അവസാ​നി​ച്ചി​ട്ടി​ല്ലെന്ന്‌ ഏലിയ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. കാരണം ഇസബേൽ ഇപ്പോ​ഴും ജീവി​ച്ചി​രി​പ്പുണ്ട്‌. അവളുടെ ദുഷ്ടസ്വാ​ധീ​നം സ്വന്തം കുടും​ബ​ത്തി​ന്റെ മേലും രാജ്യ​ത്തി​ന്റെ മേലും ഇപ്പോ​ഴും നിലനിൽക്കു​ന്നു. മറിക​ട​ക്കാൻ ഏലിയ​യ്‌ക്കു മുന്നിൽ ഇനിയു​മുണ്ട്‌ പല കടമ്പകൾ. കൂടാതെ സഹചാ​രി​യും പിൻഗാ​മി​യും ആയ എലീശയെ പലതും പഠിപ്പി​ക്കാ​നു​മുണ്ട്‌. നമുക്ക്‌ ഇപ്പോൾ ഏലിയ​യു​ടെ ജീവി​ത​ത്തി​ലെ അവസാ​നത്തെ മൂന്നു നിയമ​നങ്ങൾ പരി​ശോ​ധി​ക്കാം. വിശ്വാ​സം അദ്ദേഹത്തെ സഹിച്ചു​നിൽക്കാൻ എങ്ങനെ സഹായി​ച്ചെന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​മ്പോൾ, ഈ കുഴപ്പം നിറഞ്ഞ കാലത്ത്‌ നമ്മുടെ വിശ്വാ​സം എങ്ങനെ ശക്തമാ​ക്കാ​മെന്നു നമുക്കു ചിന്തി​ക്കാ​നാ​കും.

അഹസ്യയെ ന്യായം​വി​ധി​ക്കു​ന്നു

ആഹാബിന്റെയും ഇസബേ​ലി​ന്റെ​യും മകനായ അഹസ്യ​യാണ്‌ ഇപ്പോൾ ഇസ്രാ​യേ​ലി​ലെ രാജാവ്‌. മാതാ​പി​താ​ക്ക​ളു​ടെ ഭോഷ​ത്ത​ത്തിൽനിന്ന്‌ പാഠം പഠിക്കു​ന്ന​തി​നു പകരം അഹസ്യ​യും അവരുടെ ദുഷിച്ച പാത പിന്തു​ടർന്നു. (1 രാജാ​ക്ക​ന്മാർ 22:52) അവരെ​പ്പോ​ലെ അഹസ്യ​യും ബാലിനെ ആരാധി​ച്ചു. ബാലാ​രാ​ധന ഒരു വ്യക്തിയെ ആലയ​വേ​ശ്യാ​വൃ​ത്തി​ക്കും എന്തിനു സ്വന്തം മക്കളെ ബലിയർപ്പി​ക്കു​ന്ന​തു​പോ​ലുള്ള അധഃപ​തിച്ച കാര്യങ്ങൾ ചെയ്യാൻ വരെ പ്രേരി​പ്പി​ച്ചി​രു​ന്നു. തന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്താ​നും യഹോ​വ​യോ​ടുള്ള കടുത്ത അവിശ്വ​സ്‌തത ഉപേക്ഷി​ക്കാൻ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അഹസ്യയെ എന്തെങ്കി​ലും പ്രേരി​പ്പി​ക്കു​മാ​യി​രു​ന്നോ?

അങ്ങനെയിരിക്കെ, അഹങ്കാ​രി​യായ ആ യുവരാ​ജാ​വി​ന്റെ ജീവി​ത​ത്തിൽ ഒരു വൻ ദുരന്തം ആഞ്ഞടിച്ചു. മുകളി​ലത്തെ മുറി​യു​ടെ അഴി തകർന്ന്‌ രാജാവ്‌ താഴെ വീണു. ഗുരു​ത​ര​മാ​യി പരി​ക്കേറ്റ്‌ കിടപ്പി​ലാ​യി. സ്വന്തം ജീവൻ അപകട​ത്തി​ലാ​യി​ട്ടും അയാൾ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരി​ഞ്ഞില്ല. പകരം ശത്രു​ദേ​ശ​മായ ഫെലി​സ്‌ത്യ​യി​ലുള്ള എക്രോൻ നഗരത്തി​ലെ ദൈവ​മായ ബാൽസെ​ബൂ​ബി​ലേക്കു തിരി​യു​ന്നു. താൻ രക്ഷപ്പെ​ടു​മോ എന്ന്‌ ആ ദൈവ​ത്തോ​ടു ചോദി​ക്കാൻ ആളെ വിടുന്നു. യഹോ​വ​യ്‌ക്ക്‌ അത്‌ ഒട്ടും ഇഷ്ടമാ​യില്ല. യഹോവ ഏലിയാ​വി​ന്റെ അടു​ത്തേക്ക്‌ ഒരു ദൂതനെ വിട്ട്‌ അവരെ തടയാൻ പറയുന്നു. ഒരു ദുർവാർത്ത​യു​മാ​യി പ്രവാ​ചകൻ അവരെ രാജാ​വി​ന്റെ അടു​ത്തേക്കു പറഞ്ഞു​വി​ട്ടു. ഇസ്രാ​യേ​ലിൽ ഒരു ദൈവ​മില്ല എന്ന വിധത്തിൽ പ്രവർത്തിച്ച അഹസ്യ ഗുരു​ത​ര​മായ പാപമാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌. അഹസ്യ ഇനി കിടക്ക​യിൽനിന്ന്‌ എഴു​ന്നേൽക്കി​ല്ലെന്ന്‌ യഹോവ ഉറപ്പിച്ചു.—2 രാജാ​ക്ക​ന്മാർ 1:2-4.

യാതൊരു പശ്ചാത്താ​പ​വു​മി​ല്ലാത്ത അഹസ്യ ആ ആളുക​ളോ​ടു ചോദി​ച്ചു: “നിങ്ങളു​ടെ അടുത്ത്‌ വന്ന്‌ സംസാ​രിച്ച ആ മനുഷ്യൻ കാണാൻ എങ്ങനെ​യി​രി​ക്കും?” പ്രവാ​ച​കന്റെ ലളിത​മായ വസ്‌ത്ര​ധാ​ര​ണ​ത്തെ​ക്കു​റിച്ച്‌ അവർ വിവരി​ച്ച​പ്പോൾ അഹസ്യ ഉടനെ ഇങ്ങനെ പറഞ്ഞു: ‘അത്‌ ഏലിയ​യാണ്‌.’ (2 രാജാ​ക്ക​ന്മാർ 1:7, 8) ലളിത​വും ദൈവ​സേ​വ​ന​ത്തിൽ കേന്ദ്രീ​കൃ​ത​വും ആയ ഏലിയ​യു​ടെ ജീവിതം ശ്രദ്ധേ​യ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ ഏലിയ​യു​ടെ വസ്‌ത്ര​ധാ​ര​ണ​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾത്തന്നെ രാജാ​വിന്‌ അത്‌ ആരാ​ണെന്നു പിടി​കി​ട്ടി​യത്‌. വസ്‌തു​വ​ക​ക​ളോട്‌ അത്യാർത്തി​യു​ണ്ടാ​യി​രുന്ന അഹസ്യ​യു​ടെ​യും അയാളു​ടെ മാതാ​പി​താ​ക്ക​ളു​ടെ​യും കാര്യ​ത്തിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌തം! ഏലിയ​യു​ടെ മാതൃക, ജീവിതം ലളിത​മാ​ക്കാ​നും പ്രാധാ​ന്യ​മേ​റിയ കാര്യ​ങ്ങ​ളിൽ കണ്ണു കേന്ദ്രീ​ക​രി​ക്കാ​നും ഉള്ള യേശു​വി​ന്റെ ഉപദേശം അനുസ​രിച്ച്‌ ജീവി​ക്കാൻ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.—മത്തായി 6:22-24.

പക മൂത്ത്‌ അഹസ്യ ഏലിയയെ പിടി​ക്കാൻ 50 പടയാ​ളി​ക​ളെ​യും അവരുടെ തലവ​നെ​യും അയച്ചു. ‘മലയുടെ * മുകളിൽ ഇരിക്കു​ക​യാ​യി​രുന്ന’ ഏലിയയെ കണ്ടപ്പോൾ “‘ഇറങ്ങി​വ​രുക’ എന്നു രാജാവ്‌ കല്‌പി​ക്കു​ന്നു” എന്ന്‌ തലവൻ ഉറക്കെ അലറി. ഏലിയ ഒരു “ദൈവ​പു​രുഷ”നാണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും ആ പടയാ​ളി​കൾ അദ്ദേഹത്തെ ഭയപ്പെ​ടു​ത്താൻ ഒരു​മ്പെട്ടു. അതിൽ അവർക്കു യാതൊ​രു കുഴപ്പ​വും തോന്നി​യില്ല. എന്നാൽ അവർക്കു തെറ്റി! ഏലിയ അവരുടെ തലവ​നോ​ടു പറഞ്ഞു: “ഓഹോ, ഞാൻ ദൈവ​പു​രു​ഷ​നാ​ണെ​ങ്കിൽ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി നിന്നെ​യും നിന്റെ 50 ആളുക​ളെ​യും ദഹിപ്പി​ച്ചു​ക​ള​യട്ടെ!” ദൈവം അങ്ങനെ​തന്നെ ചെയ്‌തു! “ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അയാ​ളെ​യും അയാളു​ടെ 50 ആളുക​ളെ​യും ദഹിപ്പി​ച്ചു​ക​ളഞ്ഞു.” (2 രാജാ​ക്ക​ന്മാർ 1:9, 10) ആളുകൾ തന്റെ ദാസ​രോട്‌ പുച്ഛ​ത്തോ​ടെ​യും അനാദ​ര​വോ​ടെ​യും ഇടപെ​ടു​ന്നത്‌ യഹോവ ചെറിയ കാര്യ​മാ​യി എടുക്കി​ല്ലെന്ന്‌ ആ പടയാ​ളി​കൾക്കു​ണ്ടായ ദാരു​ണാ​ന്ത്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നു.—1 ദിനവൃ​ത്താ​ന്തം 16:21, 22.

അഹസ്യ വീണ്ടും വേറെ 50 പേരെ​യും തലവ​നെ​യും അയച്ചു. ഇയാൾ ആദ്യത്തെ ആളെക്കാൾ വലിയ മണ്ടത്തരം കാണി​ക്കു​ന്നു. മുമ്പു പോയ 51 പേരുടെ ചാരം മലഞ്ചെ​രു​വിൽ കെട്ടട​ങ്ങി​യി​ട്ടില്ല. ഇത്ര​യൊ​ക്കെ കണ്ടിട്ടും അയാൾ ഒന്നും പഠിച്ചില്ല. ആദ്യം പോയ തലവൻ അഹങ്കാ​ര​ത്തോ​ടെ “ഇറങ്ങി​വ​രുക” എന്നാണ്‌ പറഞ്ഞ​തെ​ങ്കിൽ, ഇയാൾ “വേഗം ഇറങ്ങി​വ​രുക” എന്നാണ്‌ പറയു​ന്നത്‌. എത്ര മണ്ടത്തരം! ഇയാളു​ടെ​യും കൂട്ടരു​ടെ​യും അവസ്ഥ ആദ്യത്തെ കൂട്ടരു​ടേ​തു​പോ​ലെ​ത​ന്നെ​യാ​യി. എന്നാൽ, രാജാവു തന്നെയാ​യി​രു​ന്നു തിരു​മണ്ടൻ. അയാൾ മൂന്നാ​മ​തും ഒരു കൂട്ടം പടയാ​ളി​കളെ അയയ്‌ക്കു​ന്നു! പക്ഷേ മൂന്നാ​മത്തെ തലവൻ ബുദ്ധി​മാ​നാ​യി​രു​ന്നു. അദ്ദേഹം താഴ്‌മ​യോ​ടെ, തങ്ങളോ​ടു കരുണ കാണി​ക്ക​ണ​മെന്ന്‌ ഏലിയ​യോട്‌ അപേക്ഷി​ക്കു​ന്നു. ഇവിടെ ദൈവ​പു​രു​ഷ​നായ ഏലിയ ദൈവ​ത്തി​ന്റെ കരുണ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ഇപ്പോൾ ആ പടയാ​ളി​ക​ളോ​ടൊ​പ്പം പോകാൻ യഹോ​വ​യു​ടെ ദൂതൻ ഏലിയ​യോ​ടു പറയുന്നു. ഏലിയ അതനു​സ​രിച്ച്‌ അവരോ​ടൊ​പ്പം പോകു​ക​യും യഹോ​വ​യു​ടെ വാക്കുകൾ ആ ദുഷ്ടരാ​ജാ​വി​നോട്‌ ആവർത്തി​ക്കു​ക​യും ചെയ്യുന്നു. അതെ, ദൈവ​ത്തി​ന്റെ വാക്കുകൾ സത്യമാ​യി, അഹസ്യ മരിച്ചു. അയാളു​ടെ ഭരണത്തി​നു വെറും രണ്ടു വർഷത്തെ ആയുസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ.—2 രാജാ​ക്ക​ന്മാർ 1:11-17.

താഴ്‌മയുള്ള തലവ​നോട്‌ ഇടപെ​ട്ട​പ്പോൾ ഏലിയ യഹോ​വ​യു​ടെ കരുണ പ്രതി​ഫ​ലി​പ്പി​ച്ചു

ശാഠ്യവും മത്സരവും നിറഞ്ഞ ആളുകൾക്കി​ട​യിൽ ഏലിയ​യ്‌ക്ക്‌ എങ്ങനെ സഹിച്ചു​നിൽക്കാൻ കഴിഞ്ഞു? ഈ ചോദ്യ​ത്തിന്‌ ഇന്നും പ്രസക്തി​യുണ്ട്‌. നിങ്ങളു​ടെ പ്രിയ​പ്പെട്ട ആർക്കെ​ങ്കി​ലും എത്ര ബുദ്ധി പറഞ്ഞു​കൊ​ടു​ത്തി​ട്ടും അതൊ​ന്നും വകവെ​ക്കാ​തെ അവർ മോശ​മായ ഒരു ജീവിത രീതി​യി​ലൂ​ടെ പോകു​ന്നതു കണ്ടപ്പോൾ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും അസ്വസ്ഥത തോന്നി​യി​ട്ടു​ണ്ടോ? ആ നിരാ​ശ​ക​ളിൻമ​ധ്യേ​യും നിങ്ങൾക്ക്‌ എങ്ങനെ സഹിച്ചു​നിൽക്കാൻ കഴിയും? ഏലിയ​യിൽനിന്ന്‌ നമുക്ക്‌ ചില കാര്യങ്ങൾ പഠിക്കാ​നുണ്ട്‌. പടയാ​ളി​കൾ ഏലിയയെ കണ്ടെത്തി​യത്‌ എവി​ടെ​യാ​യി​രു​ന്നു? “മലയുടെ മുകളിൽ.” ഏലിയ അവിടെ പോയത്‌ എന്തിനാ​ണെന്ന്‌ തറപ്പി​ച്ചു​പ​റ​യാ​നാ​കില്ല. ഒരു പ്രാർഥ​നാ​പു​രു​ഷ​നാ​യ​തു​കൊണ്ട്‌ തന്റെ പ്രിയ​പ്പെട്ട ദൈവ​ത്തോ​ടു കൂടുതൽ അടുക്കാൻ ആ സ്ഥലത്തിന്റെ ഏകാന്ത​തയെ അദ്ദേഹം പ്രയോ​ജ​ന​പ്പെ​ടു​ത്തി​യ​താ​കാം. (യാക്കോബ്‌ 5:16-18) ഏലിയ​യെ​പ്പോ​ലെ നമുക്കും ദൈവ​ത്തോ​ടൊ​പ്പം തനിച്ചാ​യി​രി​ക്കാൻ സമയം കണ്ടെത്താം. ദൈവ​ത്തി​ന്റെ പേരു വിളിച്ച്‌ പ്രാർഥി​ക്കാം, പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും തുറന്നു​പ​റ​യാം. നമുക്കു ചുറ്റു​മു​ള്ളവർ ബുദ്ധി​ശൂ​ന്യ​മാ​യി സ്വയം നശിക്കാൻ ഇറങ്ങി പുറ​പ്പെ​ടു​മ്പോൾപ്പോ​ലും സഹിച്ചു​നിൽക്കാൻ ഇത്‌ നമ്മളെ സഹായി​ക്കും.

പ്രവാചകവസ്‌ത്രം കൈമാ​റു​ന്നു

ഏലിയയ്‌ക്ക്‌ ഇസ്രാ​യേ​ലി​ലെ തന്റെ നിയമനം വിട്ടു​പോ​കാ​നുള്ള സമയം വന്നെത്തി. അദ്ദേഹം ചെയ്‌തത്‌ എന്താ​ണെന്നു നോക്കൂ. ഏലിയ​യും എലീശ​യും ഗിൽഗാൽ പട്ടണത്തിൽനിന്ന്‌ പുറ​പ്പെട്ടു. ഏകദേശം 11 കിലോ​മീ​റ്റർ അപ്പുറ​മുള്ള ബഥേലി​ലേക്ക്‌ തനിച്ച്‌ പോകുക എന്നതാണ്‌ ഏലിയ​യു​ടെ ലക്ഷ്യം. അതു​കൊണ്ട്‌ എലീശ​യോട്‌ അവി​ടെ​ത്തന്നെ താമസി​ക്കാൻ അദ്ദേഹം പറയുന്നു. പക്ഷേ എലീശ ഇങ്ങനെ തറപ്പി​ച്ചു​പ​റ​യു​ന്നു: “യഹോ​വ​യാ​ണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട്‌ പോകില്ല.” അങ്ങനെ അവർ രണ്ടു പേരും ബഥേലി​ലേക്കു യാത്ര​യാ​യി. അവിടെ എത്തിയ​ശേഷം ഏകദേശം 22 കിലോ​മീ​റ്റർ അപ്പുറ​മുള്ള യരീ​ഹൊ​യി​ലേക്ക്‌ ഏലിയയെ ദൈവം അയയ്‌ക്കു​ന്നു. താൻ ഇനി ഒറ്റയ്‌ക്കു സഞ്ചരി​ക്കാൻ പോകു​ക​യാ​ണെന്ന്‌ എലീശ​യോട്‌ ഏലിയ പറയുന്നു. ഇതു കേട്ട എലീശ മുമ്പു പറഞ്ഞതു​തന്നെ ആവർത്തി​ക്കു​ന്നു. അങ്ങനെ അവർ ഒരുമിച്ച്‌ യരീ​ഹൊ​യിൽ എത്തുന്നു. ഏലിയ​യു​ടെ അടുത്ത ലക്ഷ്യം ഏതാണ്ട്‌ 8 കിലോ​മീ​റ്റർ അകലെ​യുള്ള യോർദാൻ നദിയാണ്‌. ഇപ്പോൾ മൂന്നാം വട്ടവും മുമ്പു നടന്നതു​പോ​ലെ​തന്നെ സംഭവി​ക്കു​ന്നു. ഇപ്പോ​ഴും എലീശ​യ്‌ക്കു ഏലിയയെ വിട്ട്‌ പോകാൻ ഭാവമില്ല!—2 രാജാ​ക്ക​ന്മാർ 2:1-6.

എലീശ ഇവിടെ ഒരു പ്രധാ​ന​പ്പെട്ട ഗുണം പ്രകട​മാ​ക്കു​ക​യാ​യി​രു​ന്നു—അചഞ്ചല​സ്‌നേഹം. രൂത്തിനു നൊ​വൊ​മി​യോ​ടു​ണ്ടാ​യി​രുന്ന അതേ സ്‌നേഹം, ഒരു കാര്യ​ത്തോട്‌ വിട്ടു​മാ​റാ​തെ പറ്റിനിൽക്കാൻ പ്രേരി​പ്പി​ക്കുന്ന തരം സ്‌നേഹം. (രൂത്ത്‌ 1:15, 16) എല്ലാ ദൈവ​ദാ​സർക്കും ഈ ഗുണം ആവശ്യ​മാണ്‌, പ്രത്യേ​കിച്ച്‌ ഈ കാലത്ത്‌. എലീശ​യെ​പ്പോ​ലെ നമുക്ക്‌ അതിന്റെ പ്രാധാ​ന്യം വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടോ?

തന്റെ യുവസു​ഹൃ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം ഏലിയ​യിൽ മതിപ്പു​ള​വാ​ക്കി​യി​ട്ടു​ണ്ടാ​കും. എലീശ ഇങ്ങനെ അചഞ്ചല​സ്‌നേഹം കാണി​ച്ച​തു​കൊണ്ട്‌ എന്ത്‌ അനു​ഗ്രഹം ലഭിച്ചു? ഏലിയ ചെയ്‌ത അവസാ​നത്തെ അത്ഭുതം കാണാ​നുള്ള പദവി ലഭിച്ചു. ചില ഭാഗങ്ങ​ളിൽ നല്ല ഒഴുക്കും ആഴവും ഉണ്ടായി​രുന്ന ഒരു നദിയാ​യി​രു​ന്നു യോർദാൻ. അതിന്റെ തീരത്തു​വെ​ച്ചാ​യി​രു​ന്നു ഏലിയ ആ അത്ഭുതം ചെയ്‌തത്‌. തന്റെ പ്രവാ​ച​ക​വ​സ്‌ത്ര​മെ​ടുത്ത്‌ ഏലിയ വെള്ളത്തി​ല​ടി​ച്ചു. വെള്ളം രണ്ടായി പിരിഞ്ഞു! ഈ അത്ഭുതം “50 പ്രവാ​ച​ക​പു​ത്ര​ന്മാ​രും” കണ്ടു. (2 രാജാ​ക്ക​ന്മാർ 2:7, 8) ദേശത്ത്‌ സത്യാ​രാ​ധ​ന​യ്‌ക്കു നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തി​നു പരിശീ​ലനം ലഭിച്ചു​കൊ​ണ്ടി​രുന്ന പുരു​ഷ​ന്മാ​രിൽ ചിലരാ​യി​രു​ന്നു ഇവർ. ഏലിയ​യാ​യി​രു​ന്നി​രി​ക്കാം ഈ പരിശീ​ല​ന​പ​രി​പാ​ടി​ക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. ഇപ്പോൾ ഈ പരിശീ​ലന സ്‌കൂ​ളിൽ അനേക​രുണ്ട്‌. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ്‌ താൻ മാത്രമേ ദേശത്ത്‌ വിശ്വ​സ്‌ത​നാ​യി ഉള്ളൂ എന്ന്‌ ഏലിയ​യ്‌ക്കു തോന്നിയ ഒരു സമയമു​ണ്ടാ​യി​രു​ന്നു. അന്നുമു​തൽ തന്റെ ആരാധ​ക​രു​ടെ വർധനവു കാണാൻ അവസരം നൽകി​ക്കൊണ്ട്‌ യഹോവ ഏലിയ​യു​ടെ സഹനത്തി​നു പ്രതി​ഫലം കൊടു​ത്തു.—1 രാജാ​ക്ക​ന്മാർ 19:10.

യോർദാൻ നദി കടന്ന​ശേഷം ഏലിയ എലീശ​യോ​ടു ചോദി​ക്കു​ന്നു: “പറയൂ, ദൈവം എന്നെ നിന്റെ അടുത്തു​നിന്ന്‌ എടുക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?” തനിക്കു പോകാ​നുള്ള സമയമാ​യി എന്ന്‌ ഏലിയ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. തന്റെ യുവസു​ഹൃ​ത്തി​നു ലഭിക്കാ​നി​രി​ക്കുന്ന പദവി​ക​ളും പ്രാമു​ഖ്യ​ത​യും ഓർത്ത്‌ ഏലിയ​യ്‌ക്കു അസൂയ തോന്നി​യില്ല. പകരം ഏതുവി​ധ​ത്തി​ലും എലീശയെ സഹായി​ക്കാൻ ഏലിയ അതിയായി ആഗ്രഹി​ച്ചു. എലീശ ഈ അപേക്ഷ മാത്രമേ നടത്തി​യു​ള്ളൂ: “ദയവു​ചെ​യ്‌ത്‌ അങ്ങയുടെ ആത്മാവി​ന്റെ ഇരട്ടി ഓഹരി എനിക്കു തന്നാലും!” (2 രാജാ​ക്ക​ന്മാർ 2:9) ഏലിയ​യ്‌ക്കു ലഭിച്ച പരിശു​ദ്ധാ​ത്മാ​വി​ന്റെ ഇരട്ടി കിട്ടണ​മെന്നല്ല എലീശ ഉദ്ദേശി​ച്ചത്‌. നിയമ​മ​നു​സ​രിച്ച്‌ മൂത്ത മകന്‌ അടുത്ത കുടും​ബ​നാ​ഥൻ എന്ന നിലയി​ലുള്ള തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തി​നു പിതൃ​സ്വ​ത്തി​ന്റെ കൂടുതൽ ഭാഗം അല്ലെങ്കിൽ ഇരട്ടി ഓഹരി ലഭിച്ചി​രു​ന്നു. അതു​പോ​ലെ തനിക്കും ലഭിക്ക​ണ​മെ​ന്നാണ്‌ എലീശ ആഗ്രഹി​ച്ചത്‌. (ആവർത്തനം 21:17) ഏലിയ​യു​ടെ ആത്മീയ അനന്തരാ​വ​കാ​ശി എന്ന നിലയിൽ, തന്റെ പ്രവാ​ച​ക​ദൗ​ത്യം നിർവ​ഹി​ക്കാൻ ഏലിയ​യ്‌ക്കു​ണ്ടാ​യി​രുന്ന ധൈര്യ​ത്തി​ന്റെ ആത്മാവ്‌ തനിക്കും ആവശ്യ​മാ​ണെന്ന്‌ എലീശ തിരി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​കും.

എലീശയുടെ അപേക്ഷ​യ്‌ക്ക്‌ താൻതന്നെ ഉത്തരം കൊടു​ക്കു​ന്ന​തി​നു പകരം ഏലിയ താഴ്‌മ​യോ​ടെ അത്‌ യഹോ​വ​യ്‌ക്കു വിടുന്നു. ഏലിയയെ ദൈവം എടുക്കു​ന്നത്‌ എലീശ കാണു​ക​യാ​ണെ​ങ്കിൽ എലീശ​യു​ടെ അപേക്ഷ​യ്‌ക്കുള്ള ദൈവ​ത്തി​ന്റെ മറുപടി അതെ എന്നാകു​മാ​യി​രു​ന്നു. അധികം വൈകാ​തെ, ഈ ദീർഘ​കാ​ല​സു​ഹൃ​ത്തു​ക്കൾ “സംസാ​രി​ച്ചു​കൊണ്ട്‌ നടക്കു​മ്പോൾ” ഒരു അത്ഭുതം സംഭവി​ക്കു​ന്നു.—2 രാജാ​ക്ക​ന്മാർ 2:10, 11.

വിഷമകരമായ സാഹച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാൻ ഏലിയ​യെ​യും എലീശ​യെ​യും അവരുടെ സുഹൃ​ദ്‌ബന്ധം തീർച്ച​യാ​യും സഹായി​ച്ചു

ഒരു അപൂർവ വെളിച്ചം ആകാശത്തു പരക്കുന്നു. അത്‌ അടുത്ത​ടുത്ത്‌ വരുന്നു. ഇങ്ങനെ ഒന്നു ഭാവന​യിൽ കാണാം: ജ്വലി​ക്കുന്ന എന്തോ ഒന്ന്‌ ആ രണ്ടു പുരു​ഷ​ന്മാ​രെ വേർതി​രി​ക്കു​ന്നു. ശക്തമായ കൊടു​ങ്കാറ്റ്‌ അടിച്ചാ​ലു​ണ്ടാ​കുന്ന തരം ഭീതി​പ്പെ​ടു​ത്തുന്ന ശബ്ദവും. അവർ അങ്ങനെ അമ്പരന്നു നിൽക്കു​ന്നു. അവർ കണ്ടത്‌ ഒരു രഥമാ​യി​രു​ന്നു, അഗ്നി​പ്ര​ഭ​യുള്ള ഒരു രഥം. തനിക്കു പോകാ​നുള്ള സമയമാ​യെന്ന്‌ ഏലിയ​യ്‌ക്കു അറിയാ​മാ​യി​രു​ന്നു. ഏലിയ ആ രഥത്തിൽ കയറി​പ്പോ​യോ? വിവരണം ഒന്നും പറയു​ന്നില്ല. എന്തായാ​ലും കൊടു​ങ്കാ​റ്റിൽ മുകളി​ലേക്കു പൊങ്ങി​പ്പൊ​ങ്ങി പോകു​ന്ന​തു​പോ​ലെ ഏലിയ​യ്‌ക്കു തോന്നി!

എലീശ അന്തംവിട്ട്‌ നോക്കി​നി​ന്നു. ഈ അത്ഭുത​ദൃ​ശ്യം കണ്ട എലീശ​യ്‌ക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി, തനിക്ക്‌ യഹോവ ധീരനായ ഏലിയ​യു​ടെ “ആത്മാവി​ന്റെ ഇരട്ടി ഓഹരി” നൽകു​മെന്ന്‌. പക്ഷേ, അതി​നെ​ക്കു​റി​ച്ചൊ​ന്നും ചിന്തി​ക്കാ​നുള്ള ഒരു മാനസി​കാ​വ​സ്ഥ​യി​ലാ​യി​രു​ന്നില്ല എലീശ അപ്പോൾ. തന്റെ പ്രിയ​സു​ഹൃത്ത്‌ എങ്ങോട്ടു പോകു​ക​യാ​ണെന്ന്‌ എലീശ​യ്‌ക്ക്‌ അറിയില്ല, ഇനി അദ്ദേഹത്തെ കാണാ​മെന്ന്‌ ഒരു പ്രതീ​ക്ഷ​യു​മു​ണ്ടാ​യി​രു​ന്നി​രി​ക്കില്ല. എലീശ “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രാ​യേ​ലി​ന്റെ രഥവും കുതി​ര​പ്പ​ട​യാ​ളി​ക​ളും!” എന്നു പറഞ്ഞ്‌ നിലവി​ളി​ക്കു​ന്നു. തന്റെ പ്രിയ​പ്പെട്ട ഗുരു വിദൂ​ര​ത​യി​ലേക്കു മറയു​ന്നത്‌ അദ്ദേഹം നോക്കി​നി​ന്നു. എലീശ സങ്കട​ത്തോ​ടെ വസ്‌ത്രം വലിച്ചു​കീ​റി.—2 രാജാ​ക്ക​ന്മാർ 2:12.

ഏലിയ ആകാശ​ത്തേക്ക്‌ ഉയർന്ന​പ്പോൾ നിസ്സഹാ​യ​നാ​യി തന്റെ യുവസു​ഹൃത്ത്‌ തേങ്ങി​ക്ക​ര​യു​ന്നതു കേട്ട്‌ അദ്ദേഹം ഒന്നോ രണ്ടോ കണ്ണീർക്ക​ണങ്ങൾ പൊഴി​ച്ചി​രി​ക്കു​മോ? എന്തായി​രു​ന്നാ​ലും ഇങ്ങനെ​യൊ​രു കൂട്ടു​കാ​രനെ കിട്ടി​യത്‌ ചില പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാൻ തന്നെ വളരെ സഹായി​ച്ചെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. ഏലിയ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്കു പഠിക്കാം. ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും ദൈ​വേഷ്ടം ചെയ്യു​ക​യും ചെയ്യുന്ന ആളുകളെ നമുക്കും കൂട്ടു​കാ​രാ​ക്കാം.

യഹോവ ഏലിയയെ പുതിയ നിയമ​ന​ത്തി​ലേക്കു മാറ്റുന്നു

അവസാനനിയമനം

ഏലിയ എങ്ങോട്ട്‌ പോയി​രി​ക്കും? ദൈവ​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കാൻ ഏലിയ സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ട്ടെ​ന്നാണ്‌ ചില മതങ്ങൾ പഠിപ്പി​ക്കു​ന്നത്‌. പക്ഷേ, അത്‌ ഒരിക്ക​ലും ശരിയാ​കില്ല. കാരണം നൂറ്റാ​ണ്ടു​കൾക്കു ശേഷം, തനിക്കു മുമ്പ്‌ ആരും സ്വർഗ​ത്തി​ലേക്കു പോയി​ട്ടി​ല്ലെന്ന്‌ യേശു​ക്രി​സ്‌തു പറഞ്ഞു.—യോഹന്നാൻ 3:13.

യഹോവ തന്റെ പ്രിയ​പ്ര​വാ​ച​കനെ പുതിയ നിയമ​ന​ത്തി​ലേക്കു മാറ്റു​ക​യാ​യി​രു​ന്നു. ഇത്തവണ അയൽരാ​ജ്യ​മായ യഹൂദ​യി​ലാണ്‌ നിയമനം. സാധ്യ​ത​യ​നു​സ​രിച്ച്‌ ഏഴു വർഷത്തി​നു ശേഷവും ഏലിയ അവിടെ പ്രവർത്ത​ന​നി​ര​ത​നാ​യി​രു​ന്നു എന്നതിനു ബൈബിൾരേ​ഖ​യുണ്ട്‌. അന്ന്‌ യഹൂദ ഭരിച്ചി​രു​ന്നത്‌ ദുഷ്ടരാ​ജാ​വായ യഹോ​രാ​മാണ്‌. ആഹാബി​ന്റെ​യും ഇസബേ​ലി​ന്റെ​യും മകളെ​യാ​യി​രു​ന്നു രാജാവ്‌ വിവാഹം കഴിച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ അവരുടെ ദുഷ്ടസ്വാ​ധീ​നം ഇപ്പോ​ഴും നിലനിൽക്കു​ന്നുണ്ട്‌. ഇപ്പോൾ യഹോവ, യഹോ​രാ​മിന്‌ എതി​രെ​യുള്ള ന്യായ​വി​ധി അറിയി​ച്ചു​കൊണ്ട്‌ ഒരു കത്ത്‌ എഴുതാൻ ഏലിയ​യോട്‌ നിയോ​ഗി​ക്കു​ന്നു. ഏലിയ അറിയി​ച്ച​തു​പോ​ലെ​തന്നെ യഹോ​രാ​മിന്‌ ഒരു ദാരു​ണാ​ന്ത്യം സംഭവി​ക്കു​ന്നു. എന്നാൽ അതിലും കഷ്ടം വിവരണം പറയു​ന്ന​തു​പോ​ലെ, “യഹോ​രാ​മി​ന്റെ മരണത്തിൽ ആർക്കും ദുഃഖം തോന്നി​യില്ല” എന്നതാണ്‌.—2 ദിനവൃ​ത്താ​ന്തം 21:12-20.

ഏലിയയും ഈ ദുഷ്ടമ​നു​ഷ്യ​നും തമ്മിൽ എന്തൊരു വ്യത്യാ​സം! എപ്പോൾ എങ്ങനെ ഏലിയ മരിച്ചെന്ന കാര്യം നമുക്ക്‌ അറിയില്ല. എന്നാൽ ഒരു കാര്യം നമുക്ക്‌ അറിയാം യഹോ​രാ​മി​ന്റെ മരണത്തിൽ ആരും ദുഃഖി​ക്കാൻ ഇല്ലാതി​രു​ന്ന​തു​പോ​ലെ ഒരു ശോച​നീ​യ​മായ അവസ്ഥ ഏലിയ​യ്‌ക്കു വന്നില്ല. തന്റെ സുഹൃ​ത്തി​ന്റെ വേർപാ​ടിൽ എലീശ പലപ്പോ​ഴും ദുഃഖി​ച്ചി​രി​ക്കാം. മറ്റു പ്രവാ​ച​ക​ന്മാർക്കും അങ്ങനെ​തന്നെ തോന്നി​യി​രി​ക്കണം. 1,000 വർഷത്തി​നു ശേഷവും യഹോവ ഏലിയയെ വളരെ വേണ്ടപ്പെട്ട ഒരാളാ​യി കണക്കാ​ക്കി​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ രൂപാ​ന്ത​രീ​ക​ര​ണ​ദർശ​ന​ത്തിൽ തന്റെ ഈ പ്രിയ​പ്ര​വാ​ച​കനെ ഉൾപ്പെ​ടു​ത്തി​യത്‌. (മത്തായി 17:1-9) ഏലിയ​യിൽനിന്ന്‌ പഠിക്കാ​നും ഏതു പ്രശ്‌ന​ങ്ങ​ളി​ലും സഹിച്ചു​നിൽക്കാൻ സഹായി​ക്കുന്ന തരം വിശ്വാ​സം വളർത്തി​യെ​ടു​ക്കാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​മാ​യി നല്ല സുഹൃ​ദ്‌ബ​ന്ധങ്ങൾ വളർത്തി​യെ​ടു​ക്കുക, ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധയർപ്പി​ച്ചു​കൊ​ണ്ടുള്ള ഒരു ജീവിതം നയിക്കുക, കൂടെ​ക്കൂ​ടെ ഹൃദയം തുറന്ന്‌ പ്രാർഥി​ക്കുക. ഏലിയ​യെ​പ്പോ​ലെ നിങ്ങൾക്കും സ്‌നേ​ഹ​നി​ധി​യായ യഹോ​വ​യു​ടെ ഹൃദയ​ത്തിൽ എന്നേക്കും ഒരു സ്ഥാനമു​ണ്ടാ​യി​രി​ക്കട്ടെ!

^ ഖ. 9 ഏതാനും വർഷം മുമ്പ്‌ ബാലിന്റെ പ്രവാ​ച​ക​ന്മാ​രെ തോൽപ്പി​ക്കാൻ ഏലിയയെ ദൈവം ശക്തീക​രിച്ച കർമേൽ പർവത​മാണ്‌ ഈ പർവത​മെന്നു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്നാൽ ബൈബിൾ ഇത്‌ ഏതു പർവത​മാ​ണെന്നു പറയു​ന്നില്ല.