വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

വിവാ​ഹ​മോ​ച​ന​വും മക്കളുടെ ഭാവി​യും

വിവാ​ഹ​മോ​ച​ന​വും മക്കളുടെ ഭാവി​യും

 ഒരു തരത്തി​ലും ഒരുമിച്ച്‌ ജീവി​ക്കാൻ കഴിയി​ല്ലെന്നു ചിന്തി​ക്കുന്ന ചില ദമ്പതികൾ ഇങ്ങനെ പറഞ്ഞേ​ക്കാം: “മക്കളുടെ ഭാവിക്കു നല്ലത്‌, ഞങ്ങൾ വിവാ​ഹ​മോ​ചനം ചെയ്യു​ന്ന​താണ്‌. കാരണം, വഴക്കടി​ക്കുന്ന മാതാ​പി​താ​ക്ക​ളു​ടെ​കൂ​ടെ ജീവി​ക്കു​ന്ന​തി​നെ​ക്കാൾ ഭേദം അതല്ലേ?” എന്നാൽ അതാണോ സത്യം?

 വിവാ​ഹ​മോ​ച​നം മക്കളെ എങ്ങനെ ബാധി​ക്കും?

 വിവാ​ഹ​മോ​ച​നം കുട്ടി​ക​ളു​ടെ ജീവിതം തകർത്തു​ക​ള​യു​ന്നെന്നു ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു. വിവാ​ഹ​മോ​ചി​ത​രു​ടെ മക്കൾ അനുഭ​വി​ക്കുന്ന പ്രശ്‌നങ്ങൾ:

  •   കോപം, ഉത്‌കണ്‌ഠ, വിഷാദം

  •   ദോഷം ചെയ്യുന്ന വിധത്തി​ലുള്ള പെരു​മാ​റ്റം

  •   പഠിക്കാൻ മടുപ്പു​തോ​ന്നൽ, പഠനം നിറുത്തൽ

  •   പെട്ടെന്നു രോഗങ്ങൾ വരാനുള്ള സാധ്യത

 ഇതിനു പുറമേ, വിവാ​ഹ​മോ​ച​ന​ത്തി​നു തങ്ങളാണു കാരണ​ക്കാ​രെ​ന്നോ തങ്ങൾക്ക്‌ അതു തടയാൻ കഴിഞ്ഞി​ല്ല​ല്ലോ എന്നൊക്കെ ചിന്തി​ച്ചു​കൊണ്ട്‌ പല കുട്ടി​ക​ളും സ്വയം കുറ്റ​പ്പെ​ടു​ത്തു​ന്നു.

 വിവാ​ഹ​മോ​ച​നം നേടി​യ​വ​രു​ടെ കുട്ടികൾ നേരി​ടുന്ന പ്രശ്‌നങ്ങൾ അവർ പ്രായ​പൂർത്തി​യാ​യ​തി​നു ശേഷവും തുടർന്നേ​ക്കാം. മിക്ക​പ്പോ​ഴും അവർക്ക്‌ ആത്മാഭി​മാ​നം കുറയു​ന്നു, മറ്റുള്ള​വ​രി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടു​ന്നു. ഭാവി​യിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ അവരും വിവാ​ഹ​മോ​ചനം ചെയ്യാൻ സാധ്യ​ത​യുണ്ട്‌.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന പലരും അതാണു തങ്ങളുടെ കുട്ടി​കൾക്കു നല്ലതെന്നു കരുതു​ന്നു. എന്നാൽ അതു സത്യമ​ല്ലെ​ന്നാ​ണു പഠനങ്ങൾ തെളി​യി​ക്കു​ന്നത്‌. ശിശു​പ​രി​പാ​ല​ന​രം​ഗത്തെ ഒരു വിദ​ഗ്‌ധ​യായ പെന​ലോപ്‌ ലിച്ച്‌ പറയുന്നു: “വിവാ​ഹ​മോ​ചനം കുട്ടി​ക​ളു​ടെ ജീവിതം താറു​മാ​റാ​ക്കു​ന്നു.” a

 ബൈബിൾത​ത്ത്വം: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:4.

 വിവാ​ഹ​മോ​ച​നം ചെയ്‌താൽ കുട്ടി​ക​ളു​ടെ ജീവി​ത​ത്തിൽ സന്തോ​ഷ​മു​ണ്ടാ​കു​മോ?

 ‘അതെ’ എന്നാണു ചിലരു​ടെ ഉത്തരം. എന്നാൽ മാതാ​പി​താ​ക്ക​ളു​ടെ ആവശ്യ​ങ്ങളല്ല കുട്ടി​ക​ളു​ടെ ആവശ്യ​ങ്ങ​ളെന്ന്‌ ഓർക്കുക. വിവാ​ഹ​മോ​ചനം തേടു​ന്നവർ പുതി​യൊ​രു ജീവി​ത​മാണ്‌ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ കുട്ടി​ക​ളാ​കട്ടെ, ജീവി​ത​ത്തിന്‌ അങ്ങനെ​യൊ​രു മാറ്റം ആഗ്രഹി​ക്കു​ന്നില്ല. മാതാ​പി​താ​ക്ക​ളു​ടെ കൂടെ​യാ​യി​രി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌.

 ആയിര​ക്ക​ണ​ക്കി​നു വിവാ​ഹ​മോ​ച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പരി​ശോ​ധിച്ച ശേഷം വിവാ​ഹ​മോ​ച​ന​ത്തി​ന്റെ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാർ പറയുന്നു: “തങ്ങൾ സന്തുഷ്ട​രാ​ണെന്നു കുട്ടികൾ പറയില്ല എന്നതാണ്‌ യാഥാർഥ്യം.” പകരം, “അച്ഛനും അമ്മയും വേർപി​രി​ഞ്ഞ​പ്പോൾ എന്റെ സ്വാത​ന്ത്ര്യ​വും സന്തോ​ഷ​വും എല്ലാം അവസാ​നി​ച്ചു” എന്ന്‌ അവർ തുറന്നു​പ​റ​യും. അവർ ഈ ലോകത്തെ കാണു​ന്നത്‌, “വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​തും അപകടം​പി​ടി​ച്ച​തും ആയ ഒരു സ്ഥലമാ​യി​ട്ടാണ്‌. കാരണം, അവരുടെ ജീവി​ത​ത്തി​ലെ ഏറ്റവും അടുത്ത ബന്ധം​പോ​ലും നിലനിൽക്കു​ന്ന​താ​യി അവർ കാണു​ന്നി​ല്ല​ല്ലോ.”

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം ചെയ്യു​മ്പോൾ അതു കുട്ടി​കളെ സന്തോ​ഷി​പ്പി​ക്കു​ന്നില്ല.

 ബൈബിൾത​ത്ത്വം: “തകർന്ന മനസ്സു ശക്തി ചോർത്തി​ക്ക​ള​യു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:22.

 വിവാ​ഹ​മോ​ചി​തർ മക്കളെ വളർത്തുന്ന ഉത്തരവാ​ദി​ത്വം പങ്കിട്ടു​ചെ​യ്‌താൽ കുഴപ്പ​മു​ണ്ടോ?

 മാതാ​പി​താ​ക്കൾ കുട്ടി​കളെ വളർത്തു​ന്നത്‌ ഒരുമി​ച്ചാണ്‌. എന്നാൽ വിവാ​ഹ​മോ​ചനം നേടിയ ചിലർ മക്കളെ വളർത്താ​നുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ രണ്ടിട​ത്തു​നി​ന്നു​കൊണ്ട്‌ പങ്കിട്ടു​ചെ​യ്യാൻ തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ അത്‌ എളുപ്പമല്ല. ഗവേഷ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ ഇങ്ങനെ ചെയ്യു​ന്ന​തിൽ ചില പ്രശ്‌ന​ങ്ങ​ളുണ്ട്‌:

  •   കുട്ടി​ക​ളോ​ടൊ​പ്പം കുറച്ച്‌ സമയം മാത്രമേ ചെലവ​ഴി​ക്കാൻ കഴിയു​ന്നു​ള്ളൂ

  •   രണ്ടു​പേ​രും പഠിപ്പി​ക്കു​ന്നതു വ്യത്യസ്‌ത നിലവാ​ര​ങ്ങ​ളാ​യി​രി​ക്കും

  •   കുറ്റ​ബോ​ധം​മൂ​ല​മോ ധാരാളം കാര്യങ്ങൾ ഒറ്റയ്‌ക്കു ചെയ്‌ത്‌ തളരു​ന്ന​തു​കൊ​ണ്ടോ കുട്ടി​കളെ അവരുടെ ഇഷ്ടത്തി​നു​വി​ടു​ന്നു

 അങ്ങനെ​യു​ള്ള ഒരു കുട്ടി മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ മടികാ​ണി​ച്ചേ​ക്കാം. വിവാ​ഹ​പ്ര​തി​ജ്ഞ​യ്‌ക്കു​ചേർച്ച​യിൽ മാതാ​പി​താ​ക്കൾ ഒരുമിച്ച്‌ ജീവി​ക്കാ​ത്ത​തു​കൊണ്ട്‌ അവർ ആശ്രയ​യോ​ഗ്യ​രല്ല, വാക്കു പാലി​ക്കു​ന്നില്ല. ‘അപ്പോൾപ്പി​ന്നെ അവർ പറയു​ന്നതു ഞാൻ എന്തിനു കേൾക്കണം?’ എന്നു കുട്ടി ന്യായീ​ക​രി​ച്ചേ​ക്കാം.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മക്കളെ വളർത്തുന്ന ഉത്തരവാ​ദി​ത്വം പങ്കിട്ടു​ചെ​യ്യു​ന്നതു വിവാ​ഹ​മോ​ചി​ത​രായ മാതാ​പി​താ​ക്കൾക്കു ബുദ്ധി​മു​ട്ടാണ്‌. അത്തര​മൊ​രു സാഹച​ര്യം മക്കൾക്ക്‌ അതി​ലേറെ പ്രയാ​സ​ക​ര​മാണ്‌.

 ബൈബിൾത​ത്ത്വം: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ അസ്വസ്ഥ​രാ​ക്ക​രുത്‌, അവരുടെ മനസ്സി​ടി​ഞ്ഞു​പോ​കും.”—കൊ​ലോ​സ്യർ 3:21, അടിക്കു​റിപ്പ്‌.

 വിവാ​ഹ​മോ​ച​ന​മ​ല്ലാ​തെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മറ്റ്‌ ഏതെങ്കി​ലും മാർഗ​മു​ണ്ടോ?

 വിവാ​ഹ​മോ​ച​നം ചെയ്‌ത്‌ പുതി​യൊ​രു ജീവിതം കെട്ടി​പ്പ​ടു​ക്കാൻ പെടാ​പ്പാ​ടു​പെ​ടു​ന്ന​തി​നെ​ക്കാൾ എത്രയോ എളുപ്പ​മാണ്‌ പ്രശ്‌നങ്ങൾ പരിഹ​രിച്ച്‌ ഒരുമിച്ച്‌ നിൽക്കാൻ ശ്രമി​ക്കു​ന്നത്‌. വിവാഹം കോട​തി​യിൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌ന​ങ്ങ​ളുണ്ട്‌ എന്നു​വെച്ച്‌ ആ ബന്ധം എന്നും ഒരു പരാജ​യ​മാ​ക​ണ​മെ​ന്നില്ല. . . . ദമ്പതികൾ ഒരുമി​ച്ചു​നി​ന്നാൽ എത്ര കയ്‌പേ​റിയ വിവാ​ഹ​ബ​ന്ധ​വും കാലം കഴിയു​മ്പോൾ മധുര​മു​ള്ള​താ​യി​ത്തീ​രും.” എല്ലാ വശങ്ങളും കണക്കി​ലെ​ടു​ത്താൽ മാതാ​പി​താ​ക്കൾ ഒരുമി​ച്ചു​നിൽക്കു​മ്പോൾ കുട്ടി​ക​ളാണ്‌ ഏറ്റവും സന്തോ​ഷി​ക്കു​ന്ന​തും വിജയം കണ്ടെത്തു​ന്ന​തും.

 ഇതിന്റെ അർഥം ഒരിക്ക​ലും വിവാ​ഹ​മോ​ചനം ചെയ്യരുത്‌ എന്നല്ല. ലൈം​ഗിക അധാർമി​ക​ത​യു​ടെ അടിസ്ഥാ​ന​ത്തിൽ വിവാ​ഹ​മോ​ചനം ചെയ്യാൻ ബൈബിൾ അനുവ​ദി​ക്കു​ന്നു. (മത്തായി 19:9) “വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു” എന്നും ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 14:15) ഭാര്യാ​ഭർത്താ​ക്ക​ന്മാർ എല്ലാ കാര്യ​ങ്ങ​ളും ശ്രദ്ധ​യോ​ടെ പരിഗ​ണി​ച്ചു​വേണം തീരു​മാ​ന​മെ​ടു​ക്കാൻ. അതിൽ വിവാ​ഹ​മോ​ചനം കുട്ടി​കളെ എങ്ങനെ ബാധി​ക്കും എന്നു ചിന്തി​ക്കു​ന്ന​തും ഉൾപ്പെ​ടും.

 ബന്ധം വഷളാ​യി​രി​ക്കു​മ്പോൾ ഒന്നും ചെയ്യാതെ അതു താനേ ശരിയാ​യി​ക്കൊ​ള്ളു​മെന്നു കരുത​രുത്‌. വിവാ​ഹ​ബന്ധം സന്തുഷ്ട​മാ​യി നിലനിൽക്ക​ണ​മെ​ങ്കിൽ നല്ല ഗുണങ്ങൾ വളർത്തി​യെ​ടു​ക്കണം. അതിനു സഹായി​ക്കുന്ന നല്ല നിർദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌. കാരണം ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വായ യഹോ​വ​ത​ന്നെ​യാ​ണു വിവാ​ഹ​ബ​ന്ധ​ത്തി​നും തുടക്ക​മി​ട്ടത്‌.—മത്തായി 19:4-6.

 ബൈബിൾത​ത്ത്വം: ‘നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കുന്ന യഹോവ എന്ന ഞാനാണു നിന്റെ ദൈവം.’—യശയ്യ 48:17.

a നിങ്ങളുടെ കുട്ടി​യോ​ടൊ​പ്പം—ശൈശ​വം​മു​തൽ കൗമാ​രം​വരെ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.