വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | വിവാ​ഹ​ജീ​വി​തം

അശ്ലീലം നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം തകർക്കും

അശ്ലീലം നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം തകർക്കും

 ഭാര്യ അത്‌ കണ്ടുപി​ടി​ച്ചു. താൻ ചെയ്‌ത ആ വലിയ തെറ്റിനു ഭർത്താവ്‌ ഭാര്യ​യോ​ടു ക്ഷമ ചോദി​ച്ചു. ഇനി ഒരിക്ക​ലും അത്‌ ചെയ്യില്ല എന്നു വാക്കു കൊടു​ത്തു. ആ വാക്കു പാലി​ക്കു​ക​യും ചെയ്‌തു. പക്ഷേ, കുറച്ച്‌ കാലം കഴിഞ്ഞ്‌ വീണ്ടും അത്‌ ആവർത്തി​ച്ചു. ഭാര്യ വീണ്ടും കണ്ടുപി​ടി​ച്ചു, ഭർത്താവ്‌ അവളോ​ടു ക്ഷമ ചോദി​ച്ചു.

 ഇതു​പോ​ലെ ഒരു സാഹച​ര്യ​ത്തി​ലാ​ണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ അശ്ലീലം കാണുന്ന ശീലം നിങ്ങളു​ടെ ഇണയെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്ന​തെ​ന്നും ആ ശീലത്തിൽനിന്ന്‌ പൂർണ​മാ​യും എങ്ങനെ പുറത്തു​ക​ട​ക്കാ​മെ​ന്നും നിങ്ങൾ അറിയണം. a

ഈ ലേഖന​ത്തിൽ

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 അശ്ലീലം കാണു​ന്നത്‌ വിവാ​ഹ​ബന്ധം തകർക്കും. ഇണകൾക്കു തമ്മിൽ ഒരു വെറുപ്പ്‌ തോന്നാ​നി​ട​യാ​കും. ഇണയി​ലുള്ള വിശ്വാ​സം നഷ്ടമാ​കു​ക​യും ചെയ്യും. b

 ഭർത്താ​ക്ക​ന്മാർ അശ്ലീലം കാണു​ന്നെ​ങ്കിൽ ഭാര്യ​മാർക്ക്‌ ഇങ്ങനെ​യൊ​ക്കെ തോന്നാൻ സാധ്യ​ത​യുണ്ട്‌:

  •   വഞ്ചിക്കപ്പെട്ടെന്ന തോന്നൽ. സാറ എന്നു പേരുള്ള ഒരു ഭാര്യ പറയുന്നു: “ഭർത്താവ്‌ പിന്നെ​യും​പി​ന്നെ​യും വ്യഭി​ചാ​രം ചെയ്യു​ന്ന​തു​പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌.”

  •   ഒന്നിനും കൊള്ളി​ല്ലെന്ന തോന്നൽ. ഭർത്താ​വിന്‌ അശ്ലീലം കാണുന്ന ശീലമു​ണ്ടെന്ന്‌ മനസ്സി​ലാ​യ​പ്പോൾ “താൻ കൊള്ള​രു​താ​ത്ത​വ​ളാ​ണെന്നു തോന്നി​യ​താ​യി” ഒരു ഭാര്യ പറഞ്ഞു, “ഒപ്പം വല്ലാത്ത നാണ​ക്കേ​ടും.”

  •   വിശ്വാസം നഷ്ടപ്പെ​ടും. ഹെലൻ എന്നു പേരുള്ള ഒരു ഭാര്യ പറയുന്നു: “ഭർത്താവ്‌ എങ്ങോട്ടു തിരി​ഞ്ഞാ​ലും എനിക്ക്‌ ഇപ്പോൾ സംശയ​മാണ്‌.”

  •   ഉത്‌കണ്‌ഠ. കാതറിൻ പറയുന്നു: “ഭർത്താ​വി​ന്റെ ഈ ശീല​ത്തെ​ക്കു​റി​ച്ചുള്ള ചിന്തയാ​യി​രു​ന്നു എന്റെ തല മുഴുവൻ. അത്‌ എന്റെ സമാധാ​നം കെടുത്തി.”

 ചിന്തി​ക്കാൻ: ഭാര്യയെ സ്‌നേ​ഹി​ക്കാൻ ബൈബിൾ ഭർത്താ​ക്ക​ന്മാ​രോ​ടു പറയുന്നു. (എഫെസ്യർ 5:25) പക്ഷേ, ഭർത്താ​വി​ന്റെ പ്രവൃത്തി കാരണം ഭാര്യക്ക്‌ മുകളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഒക്കെയാ​ണു തോന്നു​ന്ന​തെ​ങ്കിൽ അത്‌ ഭാര്യ​യോ​ടുള്ള സ്‌നേ​ഹ​മാ​യി​രി​ക്കു​മോ?

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 അശ്ലീലം കാണുന്ന ശീലം ഒഴിവാ​ക്കു​ന്നത്‌ അത്ര എളുപ്പമല്ല. സ്റ്റേസി പറയുന്നു: “എന്റെ ഭർത്താവ്‌ മദ്യപാ​ന​വും പുകവ​ലി​യും കഞ്ചാവി​ന്റെ ഉപയോ​ഗ​വും എല്ലാം നിറുത്തി. എന്നാൽ അശ്ലീലം കാണുന്ന ശീലം ഒഴിവാ​ക്കാൻ അദ്ദേഹ​ത്തി​നു വലിയ പാടാണ്‌.”

 നിങ്ങളു​ടെ സാഹച​ര്യം ഇതാ​ണെ​ങ്കിൽ താഴെ പറയുന്ന നിർദേ​ശങ്ങൾ ഈ ശീലത്തിൽനിന്ന്‌ പൂർണ​മാ​യും പുറത്തു​ക​ട​ക്കാൻ നിങ്ങളെ സഹായി​ക്കും.

  •   അശ്ലീലം മോശ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കുക. അശ്ലീലം കാണുന്ന ഒരാൾക്ക്‌ സ്വന്തം സന്തോ​ഷ​ത്തി​നു​വേണ്ടി എന്തും ചെയ്യാൻ തോന്നും. അത്തരം സ്വാർഥത, ഇണകൾ തമ്മിലുള്ള സ്‌നേ​ഹ​വും വിശ്വാ​സ​വും വിശ്വ​സ്‌ത​ത​യും എല്ലാം കവർന്നെ​ടു​ക്കും. ഈ ഗുണങ്ങ​ളി​ല്ലെ​ങ്കിൽ വിവാ​ഹ​ജീ​വി​ത​ത്തിൽ സന്തോഷം കാണു​മോ? അതു​പോ​ലെ അശ്ലീലം കാണു​ന്നത്‌, വിവാ​ഹ​ബന്ധം ഏർപ്പെ​ടു​ത്തിയ ദൈവ​മായ യഹോ​വ​യോ​ടുള്ള അനാദ​ര​വും ആയിരി​ക്കും.

     ബൈബിൾത​ത്ത്വം: “വിവാ​ഹത്തെ . . . ആദരണീ​യ​മാ​യി കാണണം.”—എബ്രായർ 13:4.

  •   നിങ്ങളുടെ തെറ്റിനു നിങ്ങൾ മാത്ര​മാണ്‌ ഉത്തരവാ​ദി​യെന്ന്‌ അംഗീ​ക​രി​ക്കുക. ‘എന്റെ ഭാര്യ കുറച്ചു​കൂ​ടി സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ട്ടി​രു​ന്നെ​ങ്കിൽ ഞാൻ ഇങ്ങനെ​യൊ​ന്നും ചെയ്യി​ല്ല​ല്ലോ’ എന്ന്‌ പറയരുത്‌. നിങ്ങളു​ടെ തെറ്റിനു ഭാര്യയെ കുറ്റം പറയു​ന്നത്‌ ഒരിക്ക​ലും ശരിയല്ല. ഭാര്യ നിരാ​ശ​പ്പെ​ടു​ത്തുന്ന എന്തെങ്കി​ലും ചെയ്യു​മ്പോൾ അശ്ലീലം കാണാ​നുള്ള ഒരു ഒഴിക​ഴി​വാ​യി നിങ്ങൾ അതെടു​ക്കും.

     ബൈബിൾത​ത്ത്വം: “സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്ത​രെ​യും ആകർഷിച്ച്‌ മയക്കി പരീക്ഷ​ണ​ങ്ങ​ളിൽ അകപ്പെ​ടു​ത്തു​ന്നത്‌.”—യാക്കോബ്‌ 1:14.

  •   ഇണയോടു സത്യസ​ന്ധ​മാ​യി തുറന്ന്‌ സംസാ​രി​ക്കുക. കെവിൻ എന്നു പേരുള്ള ഒരു ഭർത്താവ്‌ പറയുന്നു: “ഞാൻ എന്റെ ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ എന്നും ഭാര്യ​യോട്‌ സംസാ​രി​ക്കും. പ്രലോ​ഭനം തോന്നുന്ന എന്തെങ്കി​ലും ഒന്നുകൂ​ടെ നോക്കാൻ എനിക്കു തോന്നി​യോ, അതോ പെട്ടെന്നു ഞാൻ അതിൽനിന്ന്‌ കണ്ണുമാ​റ്റി​യോ, ഇതെല്ലാം ഞാൻ പറയും. കൂടെ​ക്കൂ​ടെ ഇങ്ങനെ തുറന്ന്‌ സംസാ​രി​ക്കു​ന്ന​തു​കൊണ്ട്‌ ഞങ്ങൾക്കി​ട​യിൽ രഹസ്യ​ങ്ങ​ളൊ​ന്നും ഇല്ല.”

     ബൈബിൾത​ത്ത്വം: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”—എബ്രായർ 13:18.

  •   ജാഗ്രതയുള്ളവരായിരിക്കുക. ചില​പ്പോൾ നമ്മൾ വിചാ​രി​ക്കും ഈ ശീലത്തെ കീഴട​ക്കി​യെന്ന്‌. പക്ഷേ വർഷങ്ങൾ കഴിഞ്ഞാ​ലും ഈ തെറ്റി​ലേക്കു വീഴാ​നുള്ള സാധ്യ​ത​യുണ്ട്‌. കെവിൻ പറയുന്നു: “ഞാൻ പത്ത്‌ വർഷം അശ്ലീലം കാണാതെ പിടി​ച്ചു​നി​ന്നു. ഞാൻ ഓർത്തു, ഇനി കുഴപ്പ​മൊ​ന്നും ഉണ്ടാകി​ല്ലെന്ന്‌. പക്ഷേ ആക്രമി​ക്കാൻ പതിയി​രി​ക്കുന്ന ഒരു മൃഗ​ത്തെ​പ്പോ​ലെ അവൻ ഉള്ളിൽ ഒളിഞ്ഞ്‌ കിടപ്പു​ണ്ടാ​യി​രു​ന്നു.”

     ബൈബിൾത​ത്ത്വം: “അതു​കൊണ്ട്‌ നിൽക്കു​ന്നു എന്നു വിചാ​രി​ക്കു​ന്നവൻ വീഴാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളട്ടെ.”—1 കൊരി​ന്ത്യർ 10:12.

  •   പ്രലോഭനം തോന്നു​ന്നെ​ങ്കിൽ ഒന്നു കാത്തി​രി​ക്കുക. പ്രലോ​ഭ​ന​ങ്ങളെ തടയാൻ നമുക്ക്‌ ഒന്നും ചെയ്യാൻ കഴി​ഞ്ഞെന്നു വരില്ല. പക്ഷേ ആ പ്രലോ​ഭ​ന​ങ്ങ​ളു​ടെ പിന്നാ​ലെ​പോ​യി തെറ്റു ചെയ്യണോ വേണ്ടയോ എന്നതു നമുക്കു തീരു​മാ​നി​ക്കാം. ഒന്നു കാത്തി​രു​ന്നാൽ അതങ്ങ്‌ മാറി​ക്കൊ​ള്ളും. ഇനി, ചിന്തകളെ മറ്റു കാര്യ​ങ്ങ​ളി​ലേക്കു തിരി​ച്ചു​വി​ടാൻ പഠിച്ചാൽ നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ വേഗത്തിൽ അതു മനസ്സിൽനിന്ന്‌ മാറും.

     ബൈബിൾത​ത്ത്വം: “വിശു​ദ്ധി​യി​ലും മാനത്തി​ലും സ്വന്തം ശരീരത്തെ വരുതി​യിൽ നിറു​ത്താൻ നിങ്ങൾ ഓരോ​രു​ത്ത​രും അറിഞ്ഞി​രി​ക്കണം. . . അനിയ​ന്ത്രി​ത​മായ കാമാ​വേ​ശ​ത്തോ​ടെ ആർത്തി​പൂണ്ട്‌ നടക്കരുത്‌.”—1 തെസ്സ​ലോ​നി​ക്യർ 4:4, 5.

  •  തെറ്റു ചെയ്യാൻ വീണ്ടും പ്രലോ​ഭി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കുക. ഇച്ഛാശക്തി മാത്രം പോരാ എന്ന പുസ്‌തകം പറയുന്നു: “തെറ്റി​ലേക്കു വീഴാൻ സാധ്യ​ത​യുള്ള ഒരു സാഹച​ര്യ​ത്തി​ലാ​യി​പ്പോ​യാൽ നിങ്ങൾ ഒരു തീപ്പെട്ടി ഉരച്ചു എന്നു പറയാം. ഒരു അൽപ്പം ഇന്ധനം​കൂ​ടി ഒഴിച്ചാൽ അത്‌ ആളിക്ക​ത്തും.”

     ബൈബിൾത​ത്ത്വം: “ദുഷ്ടമാ​യ​തൊ​ന്നും എന്നെ ഭരിക്ക​രു​തേ.”—സങ്കീർത്തനം 119:133.

  •   പ്രതീക്ഷ കൈവി​ട​രുത്‌. ചില​പ്പോൾ നഷ്ടപ്പെ​ട്ടു​പോയ ഇണയുടെ വിശ്വാ​സം വീണ്ടും നേടാൻ വർഷങ്ങൾതന്നെ എടു​ത്തേ​ക്കാം. പക്ഷേ അതിനു കഴിയു​മെ​ന്നാണ്‌ അനുഭ​വങ്ങൾ കാണി​ക്കു​ന്നത്‌.

     ബൈബിൾത​ത്ത്വം: “സ്‌നേഹം ക്ഷമ . . . ഉള്ളതാണ്‌.”—1 കൊരി​ന്ത്യർ 13:4.

a ഈ ലേഖനം ഭർത്താ​ക്ക​ന്മാ​രെ​ക്കു​റി​ച്ചാണ്‌ പറയു​ന്ന​തെ​ങ്കി​ലും, അശ്ലീലം കാണുന്ന ഭാര്യ​മാർക്കും ഇതിലെ തത്ത്വങ്ങൾ ബാധക​മാണ്‌.

b ചില ദമ്പതികൾ വിചാ​രി​ക്കു​ന്നത്‌ ഒരുമിച്ച്‌ അശ്ലീലം കാണു​ന്നത്‌ തങ്ങളുടെ ബന്ധം ശക്തി​പ്പെ​ടു​ത്തു​മെ​ന്നാണ്‌. പക്ഷേ ഇങ്ങനെ ചെയ്യു​ന്നത്‌ ഒരിക്ക​ലും ബൈബിൾത​ത്ത്വ​ങ്ങൾക്കു നിരക്കു​ന്നതല്ല.—സുഭാ​ഷി​തങ്ങൾ 5:15-20; 1 കൊരി​ന്ത്യർ 13:4, 5; ഗലാത്യർ 5:22, 23.